"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ദലിതര്‍ക്ക് ഏത് മതം സ്വീകരിക്കുവാനും സംഘ് പരിവാറിന്റെ സമ്മതം ആവശ്യമില്ല - രമേഷ് നന്മണ്ട


രമേഷ് നന്മണ്ട 
ഘര്‍ വാപ്പസി എന്ന പേരില്‍ സംഘ് പരിവാര്‍ പുനര്‍ മതപരിവര്‍ത്തനം എന്ന ഒരു അജണ്ട നടപ്പിലാക്കി ക്കൊണ്ടിരിക്കുകയാണല്ലോ. വീട്ടിലേക്ക് മടങ്ങുക അഥവാ തറവാട്ടിലേക്ക് മടങ്ങുക എന്നൊക്കെയാണ് ഇതിന് അര്‍ത്ഥമായി പറയുന്നത്. എന്നാല്‍ മത പരിവര്‍ത്തന നിരോധന നിയമം കൊണ്ട് വരിക എന്നത് അവരുടെ അജണ്ടയുമാണ് .ഇവതമ്മില്‍ ഒരു ആശയപൊരുത്തമില്ലായ്മ പ്രത്യക്ഷത്തില്‍ കാണാമെങ്കുലും സംഘ്പരിവാര്‍അജണ്ട മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരിക എന്നത് തന്നെയാണ് അതിന് അനുകൂലമായ ഒരുഅന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നത് തന്നെയാണ് ഇപ്പോള്‍ നടക്കുന്ന സംഘ് പരിവാര്‍ അജണ്ടയുടെ ലക്ഷ്യവും. പുനര്‍ മത പരിവര്‍ത്തന ത്തിനെതിരെ ശബ്ദമുയരുമ്പോള്‍ 'എന്നാല്‍പിന്നെനമുക്ക് എല്ലാവര്‍ക്കും കൂടെ ചേര്‍ന്ന് മതപരിവര്‍ത്തനം തടയുന്ന നിയമം കൊണ്ടു വരാം' എന്നതാണ് അവരുടെ ഭാഷ്യം. 

ഇന്ത്യയിലെ ഏതൊരു പൗരനും ഏത് മതം സ്വീകരിക്കുവാനും മതമില്ലാതെ ജീവിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുമ്പോള്‍തന്നെ, നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചു മുള്ള മത പരിവര്‍ത്തനം

അത് നിരോധിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഘര്‍ വാപ്പസി എന്നപേരില്‍ നിര്‍ബന്ധിച്ചും,ബി പി എല്‍ റേഷന്‍ കാര്‍ഡ്,മറ്റാനുകൂല്ല്യങ്ങള്‍ എന്നിവ കൊടുക്കാം, സംവരണം കിട്ടും എന്നല്ലാമുള്ള പ്രലോഭനങ്ങളിലൂടെയാണ് മത പരിവര്‍ത്തനം നടക്കുന്നത് . ഹിന്ദുത്വത്തിലേക്ക് തിരിച്ചുവരുന്നവര്‍ ഏതുജാതിയില്‍ ചേരുമെന്നത് ~ഒരുവലിയ പ്രശ്‌നമാണ്. ഏതുജാതിയില്‍ വേണമെങ്കിലും ചേരാമെന്ന് ഭംഗിക്കുവേണ്ടി പറയുന്നുവെങ്കിലും, ജാതിയിലെ അംഗത്വം ജന്മം കൊണ്ട് മാത്രമാണ് എന്നയാ ഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

രാജ്യത്ത് സംഘര്‍ഷങ്ങളും സാമുദായിക സ്പര്‍ദ്ധയും, കലാപങ്ങളും സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.ഹിന്ദുത്വത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നും ലക്ഷക്കണക്കിന് അടിമകള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വിവിധ മതങ്ങളിലേക്ക് പോയിട്ടുണ്ട്. ഘര്‍വാപസി എന്നത് സ്വന്തം തറവാട്ടിലേക്ക് തിരിച്ചുവരിക എന്നതാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ അതിന്റെ ഭൂമി ശാസ്ത്രപരമായ അര്‍ത്ഥത്തിലെടുത്താല്‍ വിദേശികളയ ആര്യന്‍മാര്‍ എവിടെ നിന്നാണോ വന്നത് അവിടേക്കുതന്നെ തിരിച്ചു പോവണമെന്ന് ആരങ്കിലും പറഞ്ഞാല്‍ അതിനെ കുറ്റം പറയാന്‍ കഴിയുമോ? മറ്റൊന്ന് ,ദലിതര്‍ഒരിക്കലും ഹിന്ദുത്വ തറവാട്ടിലായിരുന്നില്ല എന്നതാണ്. ഹിന്ദുത്വമെന്നാല്‍ ജാതിയും ,ചാതുര്‍വര്‍ണ്ണ്യവുമാണ്. ദലിതര്‍ അതിന് പുറത്തുള്ളവരായിരുന്നു. അഥവാ ഔട്ട് കാസ്റ്റസ് .അഥവാ ജാതിക്ക് ,ഹിന്ദുത്വത്തിന് പുറത്തുള്ളവര്‍. അതുകൊണ്ടാണ് ഡോ:ബാബാ സാഹെബ് അംബേദ്ക്കര്‍ ദലിതര്‍ ഹിന്ദുക്കളല്ലാ എന്ന് അടിവരയിട്ട് പറഞ്ഞത് . എന്നാല്‍ ഇന്ന് അവര്‍ സര്‍ക്കാര്‍രേഖകളില്‍ ഹിന്ദുക്കള്‍ എന്ന് പരാമര്‍ശിക്കപ്പെടുന്നു. 1861ല്‍ ഇംഗ്ലീഷ്‌കാരുടെ ഭരണത്തില്‍ നടന്ന ആദ്യത്തെ ജനസംഖ്യാകണക്കെടുപ്പില്‍ മുസ്ലിം -ക്രൈസ്തവ - യഹൂദ-പാര്‍സി മതവിശ്വാസികളല്ലാത്ത എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളായി എണ്ണി. ഈചരിത്ര വസ്തുതയുടെ അടിസ്ഥാനത്തില്‍ ദലിതരെ 1861ല്‍ അവരറിയാതെ തന്നെ ഹിന്ദുക്കളാക്കി മാറ്റുകയാണുണ്ടായത്. (അതിന് നിര്‍ബന്ധം പോലും വേണ്ടി വന്നിരുന്നില്ല. എന്നാല്‍പോലും ചരിത്രപരമായോ സാമൂഹ്യമായോ സാംസ്‌കാരികമായോ ദലിതര്‍ ഹിന്ദുക്കളല്ല എന്ന വസ്തുതയാണ് ഡോക്ടര്‍ അംബേദ്കര്‍ ചൂണ്ടിക്കാണിച്ചത്.)

മതപരിവര്‍ത്തനം ദലിതരെ സംബന്ധിച്ചേടത്തോളം ഒരുവിമോചന വിപ്ലവമാണ് . ഹിന്ദുത്വം ഉപേക്ഷിച്ചുകൊണ്ടുമാത്രമെ ദലിതര്‍ക്ക് മോചനം നേടാന്‍കഴിയൂ. ദലിതര്‍ കൂട്ടത്തോടെ ഹിന്ദു മതം ഉപേക്ഷിക്കുക തന്നെ വേണം .ഡോക്ടര്‍ അംബേദ്ക്കര്‍ 12 ലക്ഷം വരുന്ന തന്റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും ഡോക്ടര്‍ അംബദ്ക്കറുടെ മാര്‍ഗ്ഗം പിന്‍തുടര്‍ന്ന് കൊണ്ട് പതിനായിര ക്കണക്കിന് ദലിതര്‍ ബുദ്ധിസം സ്വീകരിച്ചു കൊണ്ടിരിക്കുന്നു.സംഘ് പരിവാര്‍ എത്ര പരിശ്രമിച്ചാലും അതിനെ തടയാന്‍ കഴിയാത്ത വിധം അംബേദ്ക്കറൈറ്റുകള്‍ രാജ്യമെമ്പാടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് .ദലിതര്‍ക്ക് ഏത് മതം സ്വീകരിക്കുവാനും സംഘ് പരിവാറിന്റെ സമ്മതം ആവശ്യമില്ല.

രമേഷ് നന്മണ്ട
സംസ്ഥാന കണ്‍വീനര്‍,
ബഹുജന്‍ സമാജ് പാര്‍ട്ടി