"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

പൊട്ടിച്ചെറിഞ്ഞ കല്ലയും മാലയും - തിലകമ്മ പ്രേംകുമാര്‍


തിലകമ്മ പ്രേംകുമാര്‍ 
എന്താണ് കല്ലയും മാലയും? അത് അടിമത്തത്തിന്റെ അടയാളമായി അടിയാള സ്ത്രീകള്‍ ധരിച്ചിരുന്ന ആഭരണങ്ങളാണ്. മാറുമറയ്ക്കുവാനും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുവാനും പൊതു നിരത്തിലൂടെ നടക്കുവാനും സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത്, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുംഅവര്‍ണ്ണന് അവകാശമില്ലായിരുന്നു. തൊട്ടുകൂടായ്മ യുടെയും തീണ്ടിക്കൂടായ്മ യുടെയും പേരില്‍ മാറ്റിനിര്‍ത്തിയിരുന്ന ഒരു ജനതയെ മനുഷ്യരായി കരുതുന്നതിനോ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നതിനോ സവര്‍ണ്ണ വര്‍ഗ്ഗം അനുവദിച്ചിരുന്നില്ല. ഈ അവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി അക്ഷീണം പ്രയത്‌നിച്ച മഹാത്മ അയ്യന്‍കാളി അന്നത്തെ അവര്‍ണ്ണ യുവാക്കളുടെ  . ''മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക'' എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. അത് അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവു മായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയോ ഗാന്ധിജിയുടെയോ സമരമുറ പിന്‍തുടര്‍ന്നിരുന്നുവെങ്കില്‍ നമുക്ക് ഒന്നും നേടാന്‍ കഴിയുമായിരുന്നില്ല. അവര്‍ണ്ണന്റെ ജീവന് തെരുവുനായുടെ വിലപോലും കല്‍പ്പിക്കാതിരുന്ന കാലത്ത് അവന്‍ നിരാഹാരം കിടന്നാല്‍ ആരു തിരിഞ്ഞുനോക്കാന്‍?

കൊല്ലം ജില്ലയില്‍ പെരിനാട് എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട കലാപമാണ് ''പെരിനാട് ലഹള'' (കല്ലമാല കലാപം) എന്നറിയപ്പെട്ടുന്നത്. അവര്‍ണ്ണന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിയിരുന്ന പ്രക്ഷോഭങ്ങളെ ''ലഹള'' എന്ന് വിളിച്ചാണ് അവര്‍ണ്ണര്‍ അധിക്ഷേപിച്ചിരുന്നത്. പെരിനാട് കലാപത്തിന് ഒരു നൂറ്റാണ്ടു മുന്‍പുതന്നെ തെക്കന്‍ തിരുവിതാംകൂറില്‍ മറ്റൊരു സമരം നടന്നിരുന്നു. പ്രസിദ്ധമായ 'ചാന്നാര്‍ ലഹള'' യായിരുന്നു അത്. ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ക്കു മാറുമറയ്ക്കുവാന്‍ അവകാശ മില്ലായിരുന്നു. ഇതിനെതിരെ നീണ്ട 36 വര്‍ഷം സവര്‍ണ്ണരുമായി നടന്ന കലാപമാണ് 'മാറുമറയ്ക്കല്‍ സമരം' തിരുവിതാംകൂറില്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ടകാലത്ത് തങ്ങളുടെ കൈവശമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന എല്ലാ ജാതിയില്‍പ്പെട്ട സ്ത്രീകളും മാറുമറയ്ക്കണമെന്ന് ടിപ്പുസുല്‍ത്താന്‍ ഉത്തരവിടുകയുണ്ടായി. 1859- ജൂലാ 26-ന് ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ചതനുസരിച്ച് ജാക്കറ്റ് ധരിച്ച് കല്‍ക്കുളം ചന്തയില്‍ എത്തിയ ചാന്നാട്ടികളെ നായന്മാര്‍ സംഘമായി ചെന്ന് പിടിച്ചുനിര്‍ത്തി ജാക്കറ്റ് വലിച്ചുകീറി അപമാനിച്ചു.

പെരിന്നാട്ടും പുലയരും നായന്മാരുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. പെരിനാട്, ചെന്നിത്തല, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ അരങ്ങേറിയ തൊഴില്‍ തര്‍ക്കങ്ങളില്‍ ജന്മിമാരുടെ ക്രൂരവും നിന്ദ്യവുമായ ഇടപെടലുകളാണ് സായുധകലാപമായി മാറിയത്. അവിടെ പുലയരുടെ മേലുള്ള നായര്‍ ജന്മിമാരുടെ മര്‍ദ്ദനം സഹിക്കാതെ ഗോപാലദാസന്‍, വിശാഖം തേവന്‍ തുടങ്ങിയ സമുദായ സ്‌നേഹികള്‍ പുലയരെ സംഘടിപ്പിക്കുവാന്‍ തുടങ്ങി. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പലയിടങ്ങളിലും ഒത്തുചേര്‍ന്ന് ചെറിയ ചെറിയ യോഗങ്ങള്‍കൂടി. അതു മനസ്സിലാക്കിയ നായന്മാര്‍ ഗോപാലദാസനെയും കൂട്ടരെയും വകവരുത്തുവാന്‍ തീരുമാനിച്ചു. അതിനായി 'കല്ലേരി കൂരി നായര്‍' എന്ന ചട്ടമ്പിയെ ഏര്‍പ്പാടാക്കി. അങ്ങനെ പെരിനാട് വച്ചു നടന്ന ഒരു വലിയ യോഗത്തില്‍ നായര്‍ പ്രമാണിമാര്‍ ഇരച്ചുകയറുകയും ഗോപാലദാസ നെയും കൂട്ടരെയും ആക്രമിക്കുകയും ചെയ്തു. പുലയരും ശക്തമായി തിരിച്ചടിച്ചു. പുലയകുടിലുകളും ജന്മിമാരുടെ ഭവനങ്ങളും അഗ്നിക്കിരയാ ക്കപ്പെട്ടു. പലരും നാടുവിട്ടുപോയി. സ്ത്രീകള്‍ ബലാത്സംഗത്തിനിര യാക്ക പ്പെട്ടു. ജന്മിമാരുടെ കൂട്ടുപിടിച്ച് പോലീസുകാരും പുലയരെ ആക്രമി ക്കുകയും പ്രതികളാക്കുകയും ചെയ്തു.

തെക്കന്‍ തിരുവിതാംകൂറില്‍ അയ്യന്‍കാളിയുടെ ആഹ്വാനം അനുസരിച്ച് സ്ത്രീകള്‍ കല്ലയും മാലയും ഉപേക്ഷിച്ച് റൗക്കധരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പെരിനാട് പോലുള്ള സ്ഥലങ്ങളില്‍ അതിന് അനുവദിച്ചില്ലെന്നു മാത്രമല്ല, മാറുമറച്ച സ്ത്രീകളുടെ റൗക്ക വലിച്ചുകീറുകയും അവരെ ഉപദ്രവി ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ അവസ്ഥയില്‍നിന്ന് മോചനം ഉണ്ടാക്കാന്‍ മഹാത്മാ അയ്യന്‍കാളിക്ക് മാത്രമേ സാധിക്കുകയു ള്ളൂവെന്ന് മനസ്സിലാക്കിയ ഗോപാലദാസനും കൂട്ടരും വെങ്ങാനൂര് ചെന്ന് അദ്ദേഹത്തെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. അപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അയ്യന്‍കാളി അടുത്ത ദിവസം തന്നെ എത്തിക്കൊ ള്ളാമെന്നു പറഞ്ഞ് അവരെ തിരിച്ചയച്ചു. തെക്കേവിളയിലെ കുടുംബ സ്വത്തായ നാലര ഏക്കറോളം വരുന്ന ഭൂമിയില്‍നിന്ന് കുറേഭാഗം മുക്കം കുഴിയില്‍ നാട്ടുകാര്‍ക്ക് 500 രൂപയ്ക്ക് ഒറ്റിവച്ച് പിറ്റേന്നുതന്നെ അദ്ദേഹം പെരിനാട്ടേക്ക് പുറപ്പെട്ടു.

പെരിനാട്ടിലെത്തിയ അയ്യന്‍കാളി, അവിടെ മിഷനറി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന 'എഡ്മണ്ട്' എന്ന യൂറോപ്യന്‍ പാതിരിയുമായി ചേര്‍ന്ന് കുടിലകള്‍ നഷ്ടപ്പെട്ട പുലയരെ 
മിഷന്‍ സ്‌കൂളില്‍ പുനഃരധിവസി പ്പിച്ചു. പിന്നീട് ദിവാനെ നേരില്‍ കണ്ട് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി. പുലയരുടെ ആത്മധൈര്യം വീണ്ടെടുക്കാനും നാടുവിട്ടുപോയവരെ മടക്കിക്കൊണ്ടു വരുവാനും ഒരു സമാധാന സമ്മേളനം വിളിച്ചു കൂട്ടുവാനും തീരുമാനിച്ചു. എന്നാലത് വീണ്ടുമൊരു സംഘര്‍ഷത്തന് വഴിയൊരുക്കുമെന്നു ഭയന്ന് സര്‍ക്കാര്‍ അനുമതി കൊടുത്തില്ല. ഗോപാലസ്വാമി എന്ന പോലീസ് ഓഫീസറുടെ സഹായ ത്തോടെ യോഗം സംഘര്‍ഷ രഹിതമായി നടത്താമെന്ന ഉറപ്പിന്‍മേല്‍ ദിവാന്‍ അനുവാദം നല്‍കി.

പൊതുയോഗത്തിനുള്ള സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്ത കടമ്പ. പുലയര്‍ക്ക് സമ്മേളനം നടത്തുന്നതിന് ആര് സ്ഥലം നല്‍കാന്‍? ഒടുവില്‍ കൊല്ലം റെയില്‍വേസ്റ്റേഷന് സമീപമുള്ള മൈതനാത്ത് സര്‍ക്കസ് നടത്തിക്കൊണ്ടിരുന്ന രത്‌നാഭായി എന്ന തീയ്യ സ്ത്രീ അവിടെ യോഗം നടത്തുവാന്‍ സമ്മതിച്ചു. ചങ്ങനാശ്ശേരി പരമേശ്വരപിള്ളയായിരുന്നു യോഗാദ്ധക്ഷന്‍. 1915 ഡിസംബര്‍ 19-ാം തീയതി ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ നാലായിരത്തില്‍പ്പരം ആളുകള്‍ പങ്കെടുത്തുവെന്ന് മലയാളി ദിനപ്പത്രം അക്കാലത്ത് റിപ്പോര്‍ട്ടു ചെയ്തു.

പുലയരും നായന്മാരുമായി സാമൂദായിക വിരോധമില്ലെന്നും അന്യോന്യം സ്‌നേഹത്തോടെ പെരുമാറുമെന്നും നായന്മാരുടെ പ്രതിനിധിയായ അദ്ധ്യക്ഷന്‍ പരമേശ്വരന്‍പിള്ള ഉറപ്പു നല്‍കി. പുലയസ്ത്രീകള്‍ ധരിക്കുന്ന കല്ലയും മാലയും ഉപേക്ഷിക്കണമെന്നും തെക്കന്‍ തിരുവിതാംകൂറിലെ പുലയ സ്ത്രീകള്‍ ഈ പ്രാകൃത വേഷം ഉപേക്ഷിച്ച് റൗക്കയിട്ടാണ് അവര്‍ അര്‍ദ്ധനഗ്നത മറക്കുന്നതെന്നും ഇവിടുത്തെ സ്ത്രീകളെ അതിന് അനുവദിക്കണമെന്നു അയ്യന്‍കാളി നായന്മാരോടായി ആവശ്യപ്പെടുക യുണ്ടായി.

അയ്യന്‍കാളി ആവശ്യപ്പെട്ട കാര്യങ്ങല്‍ സമ്മതമാണെന്ന് അദ്ധ്യക്ഷന്‍ പറഞ്ഞതും സദസ്സ് കരഘോഷങ്ങളാല്‍ മുഖരിതമായി. പുലയസ്ത്രീകളുടെ ഇടയില്‍നിന്ന് രണ്ടുപേരെ വേദിയിലേക്ക് വിളിച്ച് നിങ്ങള്‍ ധരിച്ചിരി ക്കുന്ന കല്ലയും മാലയും പൊട്ടിച്ചെറിയാന്‍ അയ്യന്‍കാളി നിര്‍ദ്ദേശിച്ചു. അവര്‍ അങ്ങനെ ചെയ്യുന്നതുകണ്ട് അവിടെ എത്തിയിരുന്ന എല്ലാ പുലയസ്ത്രീകളും അവരുടെ ആഭരണങ്ങള്‍ പൊട്ടിച്ച് കളയുകയും കയ്യില്‍ കരുതിയിരുന്ന റൗക്ക ധരിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് നാലടിയോളം ഉയരത്തില്‍ കല്ലയും മാലയും കുന്നുകൂടിയെന്ന് ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പെരിനാട് കലാപത്തിന്റെ യഥാര്‍ത്ഥഫലം പുലയസ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യമായിരുന്നു. അടിമത്തത്തിന്റെ അടയാളമായ ഈ പ്രാകൃത ആഭരണങ്ങള്‍ പൊട്ടിച്ചെറിഞ്ഞതിലൂടെ നമ്മള്‍ അടിമത്തത്തില്‍നിന്നും സ്വതന്ത്രരായോ? ഇതിന്റെ 100-ാം വാര്‍ഷികം നമ്മള്‍ ആഘോഷിക്കുമ്പോള്‍ ചിന്തിക്കണം നമ്മുടെ യുവതലമുറ ഇന്നെവിടെ എത്തി നില്‍ക്കുന്നു. ജാതി അടിമത്തത്തിന് അടിയറവുവെയ്ക്കുകയല്ലേ ചെയ്തത്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

1912ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായതു മുതല്‍ തന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ ഓരോന്നായി അദ്ദേഹം പിടിച്ചുവാങ്ങി. തരിശുഭൂമി പതിച്ചു നല്‍കുക, സ്‌കൂളിലെ ഉച്ചക്കഞ്ഞി, അരനാഴി അരി, സൗജന്യ വിദ്യാഭ്യാസം, വിദ്യാഭ്യാസ ആനുകൂല്യം, സര്‍ക്കാര്‍ ഉദ്യോഗം, കോടതി ചെലവ് സൗജന്യമാക്കല്‍ എന്തെല്ലാം കാര്യങ്ങളാണ് സ്വന്തം സമുദായത്തിനുവേണ്ടി ആ മഹാത്മാവ് ചെയ്തത്.

സംവരണ ആനുകൂല്യത്തില്‍ ഭരിക്കുന്ന നമ്മുടെ ഇന്നത്തെ ജനപ്രതിനിധികള്‍, അവരുടെ സമുദായത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ? അവര്‍ രാഷ്ട്രീയപാര്‍ട്ടിയുടെ റബ്ബര്‍ സ്റ്റാമ്പായിട്ടല്ലേ പ്രവര്‍ത്തിക്കുന്നത്. ത്രിതല പഞ്ചായത്തുകളില്‍നിന്നും പട്ടികജാതി വികസന വകുപ്പില്‍നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ എത്രമാത്രം നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ട്. പട്ടികജാതി സംവരണ ആനുല്യത്തിനെക്കാള്‍ എത്രയോ ഇരട്ടി ആനുകൂല്യങ്ങളാണ് നൂനപക്ഷ സംവരണം എന്ന പേരില്‍ ഇവിടുത്തെ സമ്പന്നരായ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു സമുദായങ്ങള്‍ക്കും കിട്ടുന്നത്. നമ്മളെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു. നമ്മുടെ യുവതലമുറ പ്രതികരണശേഷി ഇല്ലാത്തവരായി മാറിക്കഴിഞ്ഞു.


മഹാത്മാ അയ്യന്‍കാളിയുടെ ജീവചരിത്രം ഹൃദ്യസ്ഥമാക്കിയാലേ ഓരോ പുലയനും ജീവിത പന്ഥാവില്‍ പ്രതികരണശേഷിയുള്ളവരാകാന്‍ കഴിയൂ. ഒരു നിരക്ഷരനായ പുലയന്‍ എങ്ങനെ 'മഹാത്മാവായി'' അത് വായിച്ചുതന്നെ അറിയണം. നമ്മുടെ യൂവാക്കളുടെ മനസ്സിലുള്ള അപകര്‍ഷതയെ ആട്ടിപ്പായിച്ച്, സ്വന്തം സമുദായത്തിന്റെ ഉയര്‍ച്ചക്കായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. ''കുരുവിയുടെ ചിറകുകള്‍ കൊണ്ട് കഴുകനെപ്പോലെ പറക്കാന്‍ ശ്രമിക്കുക. 

തിലകമ്മ പ്രേംകുമാര്‍ 9567586625