"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

പുനര്‍മതപരിവര്‍ത്തനം (ഘര്‍ വാപ്പസി) സംവാദം; സ്വന്തം തറവാട് ഏത് ? - വി സി സുനില്‍


ഏതൊരു സമൂഹത്തിനും അസ്തിത്വപരവും, പൈതൃകവുമായി ലഭിച്ച സദാചാര സ്വത്വാധിഷ്ഠിത പാരമ്പര്യ വിശ്വാസാരാധനാ സങ്കല്പങ്ങള്‍ മൂര്‍ത്തികള്‍, സാമൂഹിക ബന്ധങ്ങളെ ആത്മീയമായി ചിട്ടപ്പെടുത്തുന്ന നിയമങ്ങള്‍ ഉണ്ടായിരിക്കും. മരണഭീതി, ആത്മാവിന്റെ രക്ഷ, രോഗങ്ങളാലുണ്ടാകുന്ന പീഡിതാവസ്ഥ, പ്രകൃതിപരമായ നാശങ്ങള്‍, മാനസിക ദുര്‍ബ്ബലാവസ്ഥ ഇവയൊക്കെ മനുഷ്യനെ ആത്മീയ വിശ്വാസത്തി ലേക്കടുപ്പിച്ചു. സെമിറ്റിക് മതങ്ങളുടെ വരവോടെ ജീവനുളള ദൈവങ്ങള്‍ ആഗോളപ്രചാരം നേടി. ലോകത്തെമ്പാടുമുളള ആത്മീയ-മതസങ്കല്‍പ്പങ്ങള്‍ പാരമ്പര്യ വിശ്വാസക്രമങ്ങളുടെ താളം തെറ്റിച്ചു. ദൈവങ്ങളുടെ ആധുനികവത്കൃത പരിഷ്‌കാരങ്ങള്‍ ലോകസമൂഹങ്ങളുടെ ഘടനയെതന്നെ മാറ്റിക്കളഞ്ഞു.

ഇന്നത്തെ സാമ്പത്തികാധിനിവേശവും, മുന്‍കാലത്തെ രാഷ്ട്രീയാധിനിവേശവും പോലെ ഒരു കാലത്ത് മത-ആത്മീയ അധിനിവേശവും അധികാര വാഴ്ചയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. അത് പുതിയ രീതിയില്‍ ഇന്നും തുടരുന്നു. അതാണ് 'ഘര്‍വാപസി'. സാമൂഹിക ജീര്‍ണ്ണതകളെ മാറ്റി മറിച്ച് മൂല്യപരമായ ജീവിതം നയിക്കാനാണ് എക്കാലത്തും മത-ആത്മീയ പരിഷ്‌കാരങ്ങളിലൂടെ ശ്രമിച്ചിരുന്നത്. 17, 18-ാം നൂറ്റാണ്ടുകളിലെ ഭക്തിപ്രസ്ഥാനം അതിനുദാഹരണമാണ്. യേശുക്രിസ്തുവിന്റെ ജീവിത കഥയും മറ്റൊരു ഉദാഹരണമാണ്. ചരിത്രനായകന്മാരും, രക്തസാക്ഷികളുമൊക്കെ ദൈവങ്ങളായി മാറി. ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ശ്രീനാരായണഗുരുപോലും ദൈവമായി മാറുകയാണ്. നാളെ മഹാത്മാ അയ്യന്‍കാളിയും ദൈവമായി മാറിയേക്കാം. പൊയ്കയില്‍ അപ്പച്ചനെ ദൈവമാക്കി മാറ്റിയതുപോല. ക്രിസ്തുമതത്തില്‍ പുണ്യവാളന്മാരും പുണ്യവാളത്തികളുമായി മാറുന്നതുപോലെയാണ്. മുന്‍ ചെന്ന ഉപദൈവ ങ്ങളുടെ വളര്‍ച്ചയും, ജീവിച്ചിരിക്കുന്ന ആള്‍ ദൈവങ്ങളും.

ദൈവം /ലോകനിയന്താവ് എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന മഹനീയ തേജസ്സ്/അത്ഭുതം ഇത്രയേ ഉണ്ടായിരുന്നുളളൂ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ആ അവസ്ഥയെ ന്യൂനികരിക്കലുമാണ് ഇതിലൂടെ ചെയ്യുന്നത്.

ലോകം വളര്‍ന്നതോടുകൂടി സ്വാര്‍ത്ഥതയോടെ സ്ഥാപിത താത്പര്യങ്ങളിലേക്കും ഓരോ വ്യാഖ്യാനങ്ങളിലേക്കും ദൈവങ്ങളെ പുനര്‍ സൃഷ്ടിച്ചു. ദുര്‍ബ്ബലനായ മനുഷ്യന് ആത്മാവിന്റെ രക്ഷയും ആവശ്യങ്ങളെ സാക്ഷാത്കരിക്കുന്നതിന് ആശ്രയിക്കുന്നതിന് ഒരു അത്താണിയും വേണമല്ലോ. ജനങ്ങളെ അടിച്ചമര്‍ത്താനും, നിയന്ത്രിക്കാനും ഉപയോഗിക്കാനും ദൈവങ്ങളും മതങ്ങളും അധികാരകേന്ദ്രങ്ങള്‍ക്ക് പ്രയോജനകരമായി വര്‍ത്തിച്ചു. പ്രകൃത്യാരാധനയ്ക്കും, തനത് ഗോത്രവിശ്വാസ സങ്കല്‍പ്പങ്ങള്‍ക്കും ജീവനുളള പരിഷ്‌കൃതനായ ദൈവത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആനുകൂല്യങ്ങളും അത്ഭുതങ്ങളും ചൊരിഞ്ഞ് സ്വാര്‍ത്ഥനായ മനുഷ്യനെ ചാക്കിട്ടു പിടിച്ചു. ജീവിതാ വസ്ഥകളും, സാഹചര്യങ്ങളും ആദായമുളള മതങ്ങളിലേക്കും ദൈവങ്ങളിലേക്കും പോകാന്‍ അവനെ പ്രേരിപ്പിച്ചു.

മാനുഷിക മൂല്യതത്വങ്ങളുടെ ധാര്‍മ്മികതയ്ക്ക് ആവിഷ്‌ക്കാര രൂപഭാവം നല്‍കിയ മനോഹര രൂപമാണ് ദൈവരൂപങ്ങളെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ദൈവരൂപങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തി. കലയുടെ സംഗീതവും, വര്‍ണ്ണചിത്രങ്ങളും മീഡിയയും മനുഷ്യനെ ആകര്‍ഷിക്കാന്‍ തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തി. ഉപരിവര്‍ഗ്ഗ വിശ്വാസാദര്‍ശങ്ങള്‍ ഉറപ്പിക്കാന്‍ വ്യവസ്ഥാപിതവര്‍ഗ്ഗം ദൈവങ്ങളെയും മതങ്ങളെയും ഉപയോഗപ്പെടുത്തി. ഇത് പൈതൃകവിശ്വാസങ്ങളെയും പ്രാപഞ്ചിക-പ്രകൃതി വിശ്വാസങ്ങളെയും മാനവിക ആദര്‍ശ ങ്ങളെയും, തിരസ്‌ക്കരിക്കുന്ന അവസ്ഥയിലെത്തിച്ചു. മൂലധന സമാഹരണത്തിനും ക്രയവിക്രയങ്ങള്‍ക്കും അധികാരത്തിനും വേണ്ടി മതങ്ങളെയും, ദൈവങ്ങളെയും ഉപയോഗിക്കുന്ന തന്ത്രം അധികാരശക്തികള്‍ പ്രയോഗത്തിലെത്തിച്ചു. സ്വതന്ത്രചിന്തയെ നിഷേധിച്ചു. സ്വാതന്ത്ര്യത്തെ/വിമോചനത്തെ മനുഷ്യകൂട്ടായ്മയില്‍ നിന്ന് അകറ്റി നിര്‍ത്തി.

മനുനിയമത്തില്‍ ബ്രാഹ്മണനു മാത്രമാണ് ദൈവവുമായി ബന്ധമുണ്ടായിരുന്നത്. അതുകൊണ്ട് ദൈവം പറയുന്നത് ബ്രാഹ്മണനു മാത്രമേ അറിയുമായിരുന്നുളളൂ. ദൈവ വചനം ബ്രാഹ്മണന്റെ വാക്കുകളാണ്. അങ്ങനെ ദൈവത്തിന്റെ രഹസ്യചിന്തകളെ മോഷ്ടിക്കുന്ന ആളായ ബ്രാഹ്മണന്‍ ദൈവത്തിന്റെ സ്വന്തം ആളായി. ഇന്നത്തെ പുരോഹിത ശ്രേഷ്ഠന്മാര്‍ക്കു മാത്രമേ ദൈവവുമായി ഏറ്റവും അടുത്ത ബന്ധമുള്ളൂ.

ദുര്‍ബ്ബലനായ മനുഷ്യന്‍ മതാധികാരത്തിനും, ഭരണകൂടാധികാരത്തിനും പിടിയില മരുന്നതിന്റെ ഏറ്റവും പുതിയ കാഴ്ചയാണ്. ഹിന്ദുത്വവാദത്തിലധിഷ്ഠിതമായ ഘര്‍വാപസി. ഒരിക്കലും ഹിന്ദുവല്ലാതിരുന്ന/ഹിന്ദുവിന്റെ ഇരയായിരുന്ന ദലിതന്‍ ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന തെറ്റിദ്ധരിക്കപ്പെട്ട പൊതുസംജ്ഞയില്‍ ഹിന്ദുക്കളായി മാറി. അവര്‍ ജാതി വ്യവസ്ഥയുടെ ചാതുര്‍വണ്ണ്യത്തിലേക്ക് തിരിച്ചു ചെല്ലണം. ഇക്കാലത്തും ഹിന്ദുമതത്തില്‍ നീതിയുണ്ടോ? ജനാധിപത്യാവകാശമായ സാമൂഹ്യനീതിക്ക് ഹിന്ദുമതത്തില്‍-മനു നിയമത്തില്‍ എന്തു സ്ഥാനമാണുളളത്. പ്രലോഭനങ്ങളും, ആനുകൂല്യങ്ങളും മാത്രമാണ് സംഘടിത മതങ്ങള്‍ നല്‍കുന്നത്. ക്രിസ്തുമതത്തിലെ ജാതി വിവേചനവും നീതിയില്ലായ്മയും പ്രത്യാശാ നഷ്ടവും ഇപ്പോഴത്തെ മതപരിവര്‍ത്തനത്തിന് കാരണമായിത്തീരുന്നുണ്ട്. ഹിന്ദുമതത്തില്‍ ചേര്‍ന്നാല്‍ മാത്രമേ ഒരു രാജ്യത്തിലെ പൗരന് ആനുകൂല്യം ലഭിക്കൂ എന്ന ഭരണവ്യ വസ്ഥ മതഭീകരതയാണ്. മതേതരരാജ്യമായ ഇന്ത്യയില്‍ മതഭരണം നടത്തുക എന്നത് ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമാണ്. ആനുകൂല്യങ്ങള്‍ക്കു വേണ്ടി, നേട്ടങ്ങള്‍ക്കുവേണ്ടി ദൈവങ്ങളെ തെരഞ്ഞെടുക്കുന്നത് അല്‍പ്പത്വമാണ്. ദൈവനിന്ദയാണ്. ജീവിതാവസ്ഥയെ മാറ്റി മറിക്കാന്‍ മതദൈവങ്ങളെ മാറി മാറി പരീക്ഷിക്കുന്നത് കണ്ട് ഒരു പക്ഷെ ദൈവങ്ങള്‍ കൂട്ടമായി ചിരിക്കുന്നുണ്ടാവാം... മനുഷ്യരെ കണ്ട്.....

കേവലം ഒരു നൂറ്റാണ്ടിനു മുമ്പ് മാത്രമാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ തുടക്കം കുറിക്കുന്നത്. ഡോ. അംബേദ്ക്കര്‍ ഹിന്ദുവായി ജനിച്ചതാന്‍ (അദ്ദേഹത്തിന്റെ തെറ്റായ തോന്നലാണ് ജനിച്ചതെന്ന്). ഹിന്ദുവായി മരിക്കില്ല എന്നു പറഞ്ഞുകൊണ്ട് ബുദ്ധമതത്തിലേക്കാണ് സ്വാതന്ത്ര്യാനന്തരം മതപരിവര്‍ത്തനത്തന് വിധേയമായത്. തന്റെ വംശസംസ്‌കാരത്തിന് എന്തെങ്കിലും സാമ്യം ഉള്ളത് ബുദ്ധമതത്തിലാണെന്ന് അദ്ദേഹം ചരിത്രപരമായി പഠിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നതാണ് ക്രൈസ്തവ മതപരിവര്‍ത്തനത്തിന് ആക്കംകൂട്ടിയത്. ഹിന്ദുമതത്തിന്റെ പീഢനങ്ങളേറ്റ തദ്ദേശിയര്‍ക്ക് പുതിയൊരു ജീവിതപരിവര്‍ത്തനം ഉണ്ടാക്കാനാണ് ക്രിസ്തുമതത്തില്‍ ചേര്‍ന്നത്. അന്നവര്‍ ഹിന്ദുമതത്തിന്റെ ഭാഗവുമായിരുന്നില്ല ആ പരിവര്‍ത്തനം നടക്കുമ്പോള്‍. ക്രൈസ്തവ മിഷനറിമാരുടെ ശ്രമഫലമായി മനുഷ്യാവകാശം നേടാന്‍ തദ്ദേശീയര്‍ ക്രിസ്തുമതം സ്വീകരിച്ചു. (ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ്) ഒരുഘട്ടത്തില്‍ ഈഴവരടക്കമുള്ളവര്‍ സാമൂഹകാന്തസ്സിനും മനുഷ്യജീവികളായി ജീവിക്കാനും കൂട്ടമായി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ പരിശോധിക്കാന്‍ ക്ഷേത്രപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ക്ഷേത്രപ്രവേശന വിളംബരം നടത്തുകയം ക്രൈസ്തവ മിഷന്റെ പ്രവര്‍ത്തനംപോലെ ഹിന്ദുമിഷന്‍ പ്രവര്‍ത്തിക്കുകയും തദ്ദേ ശീയരെ ഹിന്ദുമതത്തിലേക്കു ചേര്‍ത്തു അതിനുമുമ്പ് ആരാണ് ഹിന്ദുക്കളായിരുന്നത്? ഭരണഘടന സ്ഥാപിതമായപ്പോള്‍ ഏതു മതത്തിലും ഇന്‍ഡ്യക്കാര്‍ക്ക് ചേരാന്‍ അനുവാദം നല്‍കിയപ്പോള്‍ ധനവും പ്രചരണവുമുപയോഗിച്ച് ജനങ്ങളെ മതങ്ങളില്‍ ചേര്‍ക്കുകയാണുണ്ടായത്. അതുപോല ഗവ .സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാനും. ഇന്നത്തെ രാഷ്ട്രീയക്കാര്‍ പാര്‍ട്ടികളില്‍ ചേര്‍ക്കുന്നതുപോലെ.

മഹാത്മാ അയ്യന്‍കാളി ഒരിക്കലും ഹിന്ദുമതത്തിന്റെ വക്താവായിട്ടില്ല. അദ്ദേഹം അന്നത്തെ സവര്‍ണ്ണ ഹിന്ദുത്വവാദികളെ എതിരിടുകയാണ് ചെയ്തത്. ഒരിക്കലും മതസങ്കല്‍പ്പം പുലര്‍ത്താത്ത മഹാനായ സാധുജനപരിപാലകനെ വര്‍ഗ്ഗസ്‌നേഹിയെ കേരളത്തിലെ പട്ടികജാതി മഹാസഭാനേതാക്കള്‍ ആരോടോ പണം പറ്റി ഹിന്ദുത്വത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്. ചരിത്രത്തെ വളച്ചൊടിക്കലാണ്. അദ്ദേഹം ഇന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെങ്കില്‍ ഇങ്ങനെയുള്ള നേതാക്കളോട് പെരുമാറുന്നത് എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ?

പൊയ്കയില്‍ അപ്പച്ചനാണെങ്കില്‍ ബൈബിള്‍ ചുട്ടെരിച്ചു. തന്റെ വംശവുമായി യാതൊരു ബന്ധവും ബൈബിളിനില്ലെന്ന് പ്രഖ്യാപിച്ചു. ആനുകൂല്യം നേടുന്നതിനും സാമൂഹ്യവളര്‍ച്ചയ്ക്കുമായി ഹിന്ദുമത പരിവര്‍ത്തനം തദ്ദേശീയര്‍ തുടങ്ങുന്ന കാലത്ത് ഹിന്ദുമിഷന്‍ സഹായത്തോടെ അപ്പച്ചനെ ശ്രീ കുമാരഗുരുദേവനാക്കി ഹൈന്ദവവത്ക രിച്ചു. ഹിന്ദുവും- ക്രിസ്ത്യനുമല്ലാതെ പ്രത്യക്ഷത്തില്‍ രക്ഷ ലഭിക്കുന്ന അപ്പച്ചനുയര്‍ത്തിയ മഹത്തായ ആത്മീയ വംശപൈതൃകത്തെ മലിനപ്പെടുത്തി. ചരിത്രനിഷേധികളായി മാറി. ചരിത്രമില്ലാത്ത ജനതയ്ക്ക് ചരിത്രമുണ്ടാക്കാന്‍ ശ്രമിച്ച അപ്പച്ചന്റെ ദര്‍ശനങ്ങളെ വികലമക്കി. അപ്പച്ചനിന്ന് ഉയിര്‍ത്തെഴുന്നേറ്റാല്‍ ജഞഉടകാരോട് ഒരിക്കലും പൊറുക്കില്ല എന്നത് സത്യമാണ്. ഒരു ഘട്ടത്തില്‍ പാമ്പാടി ജോണ്‍ ജോസഫാണെങ്കില്‍ ചരിത്രപരമായി ഹിന്ദുവും- ക്രിസ്ത്യനുമല്ലാത്ത ചേരമവംശാവലിക്കാണ് പ്രാമുഖ്യം നല്‍കിയത്. അത് തദ്ദേശീയ ജനതകളുടെ തനത് സ്വത്വത്തെ (കറലിശേ്യേ)യെകുറിക്കുന്ന ഒരു വംശനാമമായിരുന്നു.

ഇന്ത്യയിലെ തദ്ദേശീയ സമൂഹത്തില്‍നിന്ന് ഉയിര്‍കൊണ്ട ഒരു മഹത്‌നേതാവും തന്റെ വംശത്തെ അധിനിവേശ മത ആത്മീയതയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കാത്തതിനു കാരണം അവര്‍ക്ക് ഈ സമൂഹം ജനത എന്താണെന്ന് അറിയാമായിരുന്നു അതുകൊണ്ടാണ്. ഇവരുടെ പ്രയത്‌നത്തിലൂടെ വിദ്യാഭ്യാസവും ജീവിതവളര്‍ച്ചയുമുണ്ടായ ഇന്നത്തെ, ഇവരുടെ അനുയായികളാണെന്നു നടിക്കുന്ന കപടനേതാക്കള്‍ക്ക് തന്റെ വംശപൈതൃകത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. കാരണം ഇവരൊക്കെ തന്നെ തന്റെ പൂര്‍വ്വികരെ വന്ദിക്കുന്നവരല്ല/ നിന്ദിക്കുന്നവരാണ്. ചരിത്രമറിയാവുന്നവര്‍ സ്വാര്‍ത്ഥനേട്ടത്തിനു സ്വയവും സമൂഹത്തെയും വില്‍ക്കുകയാണ്... മാന്യതയുടെ കുപ്പായങ്ങളൊക്കെ വലിച്ചുകീറണം.

ഇവരുടെയൊക്കെ പിന്‍മുറക്കാരനാണെന്ന് ആത്മാഭിമാനബോധവും സ്വത്വബോധവുമുള്ള വ്യക്തികള്‍ സമകാലികമായി കരുതുന്ന ഒരു നേതാവേയുള്ളൂ... അത് മഹാനായ കാന്‍ഷി റാംജിയാണ്. ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹം പറഞ്ഞത്. ക്ഷേത്രമല്ല, ഗവണ്മെന്റ് കാശുകൊടുത്ത് നിര്‍മ്മിക്കേണ്ടത്, ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വിസ്സര്‍ജ്ജനം ചെയ്യാന്‍ കക്കൂസുകളാണ് എന്നാണ്.

ഉത്തര്‍പ്രദേശില്‍ സ്വന്തമായി കക്കൂസില്ലാത്ത/വിസ്സര്‍ജ്ജിക്കാന്‍പോയ രണ്ട് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് കെട്ടിത്തൂക്കിക്കൊന്ന സംഭവം നടന്നത് നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ തുടക്കത്തിലാണെന്ന് ഓരോ ഇന്ത്യക്കാരനും ഈ മതപരിവര്‍ത്തന സംവാദം നടക്കുമ്പോള്‍ ഓര്‍മ്മിക്കണം. ഹിന്ദു- ക്രിസ്ത്യന്‍- മുസ്ലീം ഫണ്ടമെന്റലിസ്റ്റുകളായി തദ്ദേശീയരെ വീണ്ടും ഭിന്നിപ്പിക്കുന്ന ഫാസിസ്റ്റുശക്തികളേയും അതിന് ഒത്താശനല്‍കി അടിയറവെയ്ക്കുന്ന ദലിത് നേതാക്കളേയും പുതിയ തലമുറ സ്വത്വബോധത്തോടെ എതിര്‍ക്കണം. ദലിത് ക്രൈസ്തവര്‍ക്കു സംവരണം നേടിയെടുക്കാന്‍ ശേഷിയില്ലാത്ത ദലിത് ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും അതിനു വേണ്ടരീതിയില്‍ ആത്മാര്‍ത്ഥമായി പിന്തുണ നല്‍കാന്‍ തയ്യാറാകാത്ത സഭാ നേതൃത്വങ്ങളുടെയും സഭയിലെ ജാതി വിവേചനവും സാമൂഹ്യ നീതി നിക്ഷേധവും സാമ്പത്തിക വിവേചന വുമായണ് ദലിത് ക്രൈസ്തവര്‍ ആനുകൂല്യത്തിനുവേണ്ടി ഇന്ന് ഹിന്ദുമതത്തിലേക്ക് പോകാന്‍ കാരണം. ഇതു നിശബ്ദമായി വര്‍ഷങ്ങളായി തുടരുന്ന പ്രക്രിയ ആയിരുന്നു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചതുകൊണ്ടാണ് ഇതു വിവാദമായത്. ഇതു ഒര്‍ത്ഥത്തില്‍ ദലിത് ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ യും സഭകളുടെയും പരാജയമെന്ന് വിലയിരുത്തേണ്ടിവരും.

ഇന്ത്യയിലെ ബ്രാഹ്മണ മനുവാദികളയ സംഘപരിവാര ശക്തികള്‍ ഉയര്‍ത്തുന്ന ഘര്‍വാപസിയുടെ പശ്ചാത്തലത്തില്‍ സൈന്ധവ സംസ്‌ക്കാര ജനയിതാക്കളായ തദ്ദേശിയ ആദിമനജനത തങ്ങളുടെ തനത് സാംസ്‌കാരിക സ്വത്വത്തെക്കുറിച്ചും പൈതൃക വിശ്വാസ ങ്ങളെ സംബന്ധിച്ചും ആധിപത്യ മത-ആത്മീയ വിശ്വാസങ്ങളെ തകര്‍ത്ത്, അധിനിവേശ മത-ആത്മീയ സങ്കപ്പങ്ങളെ പ്രതിരോധിച്ച് ബദല്‍ ആത്മീയ-അധികാര മണ്ഡലം സ്വയാര്‍ജ്ജിതമായി സ്ഥാപിക്കണം. തങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-ജീവിത വികസനത്തിന് പുതിയ ആത്മീയ അജണ്ട സാമൂഹികമായ സ്വന്തം അന്തസ്സും, അസ്തിത്വവും ആഭിജാതമായ സാംസ്‌കാരിക ജീവിത ക്രമവും രൂപപ്പെടുത്തേണ്ടതാണ്.

നാനാവിധങ്ങളായ മത-ആത്മീയ വിഷയങ്ങളിലേക്ക് അടിമപ്പെട്ട് ചേക്കേറിയ തദ്ദേശീയ ആദിമജനത തങ്ങളുടെ യഥാര്‍ത്ഥമായ സ്വന്തം തറവാട്ടിലേക്ക്, സ്വന്തം പൈതൃക സംസ്‌കാരത്തിലേക്കും മാനവികവും സാര്‍വ്വലൗകികവും മാനവവാദ ആത്മീയതയിലേക്കും തിരിച്ചുവരുന്ന തരത്തിലുളള സ്വതന്ത്രചര്‍ച്ചകള്‍ രൂപപ്പെടുത്താനുദ്ദേശിച്ചാണ് ഈ തുറന്ന സംവാദം.

ചീഫ് എഡിറ്റര്‍
സൈന്ധവമൊഴി