"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

മതവും മതപരിവര്‍ത്തനവും ഇന്ത്യയില്‍ നിരോധിക്കണം - കുന്നുകുഴി എസ്. മണി


കുന്നുകുഴി എസ് മണി 
മനുഷ്യന് ജീവിക്കുവാന്‍ മതത്തിന്റെ ആവശ്യമില്ല. മതം ലോകത്തെ ഒരു കളള നാണയമാണ്. മതം എന്നാല്‍ അഭിപ്രായം എന്നേ അര്‍ത്ഥമുളളൂ. പക്ഷെ മതംകൊണ്ട് ലോകത്ത് ജോലിയെടുക്കാതെ സഹജീവികളെ ചൂഷണം ചെയ്ത് കോടിക്കണക്കിന് ജനങ്ങളാണ് പൗരോഹിത്യത്തിന്റെ പേരില്‍ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ മതം ഒരു ചൂഷണോപാധിയാണ്.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന മതങ്ങള്‍ ആജീവിക, ജൈന, ബുദ്ധമതങ്ങളാണ്. ഹിന്ദു ഒരു മതമല്ല. അങ്ങിനെ ഒരു മതം ആരെങ്കിലും എന്നെങ്കിലും സ്ഥാപിച്ചതായി ഒരു രേഖയുമില്ല. ഇന്ത്യന്‍ ജനതയെ വിദേശീയര്‍ സിന്ധുക്കള്‍ എന്നാണ് വിളിച്ചിരുന്നത്. കാലക്രമേണ സിന്ധുക്കള്‍ ലോപിച്ച് ഹിന്ദുക്കളായും തീര്‍ന്നതാണ്. ആര്യബ്രാഹ്മണ കൂട്ടങ്ങള്‍ അതിനെ ഹിന്ദുമതമായി ഇന്ത്യാക്കാരുടെ മേല്‍ ആരോപിക്കുകയായിരുന്നു. അടിച്ചേല്‍പ്പിച്ച ആരോപണം സാധിതമാക്കുവാന്‍ വേദങ്ങളെയും ഉപനിഷത്തുകളെയും കൂട്ടുപിടിച്ചുകൊണ്ട് ഇല്ലാത്ത ദൈവങ്ങളെയും ഉണ്ടാക്കി വച്ചു. എല്ലാം സാങ്കല്‍പ്പികമായിരുന്നു. നിയന്തവാദാധിഷ്ഠിതമായ ആ ജീവിക മതത്തിന്റെ പ്രകൃതിദത്ത ആചാരങ്ങളെ ഹൈന്ദവമതക്കെട്ടില്‍പ്പെടുത്തി അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സൃഷ്ടിച്ചെടുത്തുവെന്നതാണ് സത്യത്തില്‍ സംഭവിച്ചത്.

സ്വയം പൗരോഹിത്വം സ്വീകരിച്ച ആര്യബ്രാഹ്മണകൂട്ടങ്ങള്‍ തങ്ങള്‍ ദൈവത്തിന്റെ വക്രത്തില്‍ നിന്നും ജനിച്ചവരാണെന്നും തങ്ങള്‍ക്കു മാത്രമേ ദൈവവേല ചെയ്യാന്‍ അവകാശമുളളുവെന്നും പറഞ്ഞു പരത്തുകയും ഇന്ത്യയിലെ ആദിമനിവാസികളെ നീചന്മാരെന്നു മുദ്രകുത്തുകയും അവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് സ്വന്തമാക്കുകയും സമൂഹത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു. ഈ നില തുടരുമ്പോഴാണ് ക്രൈസ്തവമതവും ഇസ്ലാം മതവും എല്ലാം കടല്‍ കടന്ന് ഇന്ത്യയിലെത്തുന്നത്. 

കച്ചവടത്തിന്റെ പേരില്‍ കടല്‍ കടന്നെത്തിയ ക്രൈസ്തവ-ഇസ്ലാം വ്യാപാരികളാണ് ഇന്ത്യയില്‍ അയിത്തവും അനാചാരങ്ങളും കൊണ്ട് പൊറുതിമുട്ടിയ ആദിമജനങ്ങളെ അതില്‍ നിന്നും രക്ഷിക്കുവാന്‍ അവരുടെ മതത്തില്‍ ചേര്‍ത്തത്. അത് മതപരിവര്‍ത്തന ത്തിന് വിധേയരായവര്‍ അയിത്തം തുടങ്ങിയ അനാചാരങ്ങളില്‍ നിന്നും മോചിക്കപ്പെട്ടപ്പോള്‍ വ്യാപകമായി മതപരിവര്‍ത്തനം തന്നെ നടന്നു. ഇവരില്‍ 90 ശതമാനവും ദലിതരായിരുന്നു. ദലിതരെ മതപരിവര്‍ത്തനത്തിന് എറിഞ്ഞുകൊടുത്തത് ആര്യ ബ്രാഹ്മണരുടെ ഹിന്ദുമതമായിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്തിനെപ്പോലുളള ഹൈന്ദവ കൂട്ടായ്മകള്‍ ഘര്‍വാപസിയുമായി നാണമില്ലാതെ കൂട്ട മതപരിവര്‍ത്തനത്തിനായി നടക്കുന്നത്. പോരാത്തതുകൊണ്ട് ഹിന്ദുമതത്തില്‍ ആളെ കൂട്ടാന്‍ ഓരോ ഹൈന്ദവ സ്ത്രീയും നാലു മക്കളെ വീതം പ്രസവിക്കണമെന്നാണ് ഒരു ബി.ജെ.പി. എം.പി.യുടെ ആഹ്വാനം. ഇന്ത്യയില്‍ കുടുംബാസൂത്രണം നിയമമാക്കിയിരി ക്കുമ്പോള്‍ എങ്ങിനെയാണ് നാല് കുട്ടികളെ പ്രസവിക്കാന്‍ കഴിയുക? ബി.ജെ.പി. ഭരിക്കുമ്പോള്‍ നിയമം മാറ്റാന്‍ കഴിയും. എങ്കിലും മുസ്ലീങ്ങളെപ്പോലെ പെറ്റുപെരുകാന്‍ ഹൈന്ദവ കൂട്ടായ്മകള്‍ പുതിയനിയമം കൊണ്ടു വരുമോ ആവോ. കാത്തിരുന്ന് കാണേണ്ട പുകിലുകളാണവ. വേണ്ടി വന്നാല്‍ ഡോ. അംബേദ്കറുടെ ഭരണഘടനയെ തന്നെ ഉടച്ചുവാര്‍ക്കാനും ഹിന്ദുത്വവാദികള്‍ ശ്രമിച്ചുവെന്ന് വന്നേക്കാം. കേരളത്തില്‍ കൂട്ടമതപരിവര്‍ത്തനം വി.എച്ച്.പി.യുടെ ഘര്‍വാപസി വരും മുമ്പുതന്നെ വ്യാപകമാണ്. ഈ മതപരിവര്‍ത്തനമെല്ലാം ദലിതരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മറ്റൊരു സമുദായക്കാരനും മതപരിവര്‍ത്തനത്തിന് കഴുത്ത് നീട്ടാറില്ല. 

പെന്തക്കോസ്തുകാരാണ് വ്യാപമായി കേരളത്തിലെ ദലിത് കോളനികള്‍ കേന്ദ്രീകരിച്ച് ദളിതരെ മതം മാറ്റിക്കൊണ്ടിരി ക്കുന്നത്. നിര്‍ബന്ധമതമാറ്റം കുറ്റകരമായിട്ടും സര്‍ക്കാര്‍ പെന്തക്കോസ്തുകാര്‍ക്കെതിരെ ഒരു നടപടിക്കും മുതിരാറില്ല. അപ്പോള്‍ സര്‍ക്കാരും ചേര്‍ന്നാണ് ദലിതനെ നിര്‍ബന്ധിച്ച് കൂട്ട മതംമാറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നിപ്പോള്‍ തിരിച്ചായി മതം മാറ്റം. വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ച ദലിതരെ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതം മാറ്റാനാണ് വി.എച്ച്.പി. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പെന്തക്കോസ്ത് ക്രൈസ്തവര്‍ പ്രാര്‍ത്ഥിച്ച് മതം മാറ്റുമ്പോള്‍ ഹൈന്ദവര്‍ പൂജയും ഹോമവും നടത്തിഹിന്ദു മതത്തില്‍ ചേര്‍ക്കുന്നു. ഈ മാറ്റക്രിയകള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. മതം സ്വീകരിക്കാനും, മാറാനും, മാറ്റാനും ഒരു വേദഗ്രന്ഥത്തിലും പറയുന്നില്ല. പക്ഷെ മനുഷ്യന്‍ ചെയ്യുന്നു.

മനുഷ്യന് ജീവിക്കണമെങ്കില്‍ മതം അത്യന്താപേക്ഷിതമായ ഘടകമല്ല. മനുഷ്യന്‍ ജനിക്കുന്നത് ഒരു മതക്കെട്ടിലുംപ്പെട്ടല്ല. ജനിച്ചുകഴിയുമ്പോഴാണ് അവന്‍ ഇന്ന മതമെന്നു പറയുന്നതും കേള്‍ക്കുന്നതുമെല്ലാം. അതുകൊണ്ടു തന്നെ അഭിപ്രായമെന്ന മതത്തെയും മതങ്ങളിലേക്കു പരിവര്‍ത്തനത്തേയും നിരോധിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. മതവും മതപരിവര്‍ത്തനവും ആവശ്യമില്ലാത്ത ഘടകങ്ങളാണ് ദലിതര്‍ മുഴുവന്‍ പ്രകൃതിദത്ത മതക്കാരാണ്.. അവരെ ആര്‍ക്കും ഒരു മതക്കെട്ടിലും തളച്ചിടാന്‍ കഴിയില്ല. നിയമങ്ങള്‍ക്ക് അതീതമാണ് പ്രകൃതിമതം.