"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 1, ഞായറാഴ്‌ച

കൃഷ്ണാതി ആശാന്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി


എറണാകുളം പട്ടണത്തിന്റെ വടക്ക് കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മുളവ്കാട് എന്ന തുരുത്തില്‍ കല്ലച്ചാംമുറി ചാത്തന്റെയും കാളിയുടേയും മകനായി 1877 ഓഗസ്റ്റ് 6 ന് ഇവരുടെ ആറാമത്തെ മകനായി കൃഷ്ണാതി ആശാന്‍ ജനിച്ചു. പഴയ കുന്നത്തുനാട്ടിലെ ഐക്കര യജമാന്‍ എന്നറിയപ്പെടുന്ന ചെറുമ രാജാവിന്റെ പിന്‍തലമുറക്കാരാണ് കല്ലച്ചം മുറിക്കാര്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആ കുടുംബത്തിലെ കാരണവന്മാര്‍ക്ക് കൊച്ചി രാജിവ് 'ഐക്കരകുറുപ്പ്' എന്ന സ്ഥാനപേര് നല്‍കി ആദരിച്ചിരുന്നു. സാമന്യം സമ്പത്തും ആള്‍ശേഷിയുമൊക്കെയുണ്ടായിരുന്നു ആ കുടുംബത്തിന്. പുലയരടക്കമുള്ളഅയിത്തജാതികാര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നതിനാല്‍ കൃഷ്ണാതിയ്ക്കും സ്‌കൂളില്‍ ചേര്‍ന്ന് വിദ്യാഭ്യാസം നടത്തുന്നതിന് കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം രഹസ്യമായി സംസ്‌കൃതവും, സാഹിത്യവും പഠിച്ചു. അന്നത്തെ കാലത്ത് സങ്കല്പിക്കാന്‍ പോലും കഴിയാതിരുന്ന കൃത്യങ്ങളായിരുന്നു അത്. തന്റെ സമൂഹത്തെ വിമോചിപ്പിച്ച് പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഏകഉപാധി സംഘടനയാണെന്ന് ബോദ്ധ്യപ്പെട്ട കൃഷ്ണാതി കൊച്ചിയിലെ പുലയരെ സംഘടിപ്പിച്ച് 1913 മെയ് 25ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌ക്കൂളില്‍ വച്ച് പുലയരുടെ ഒരു യോഗം വിളിച്ചുകൂട്ടി. പുലയര്‍ മഹാസഭ രൂപീകരണത്തിന് കെ.പി.കുറുപ്പനും, ടി.കെ. കൃഷ്ണമേനോനും ഒട്ടേറെ സഹായങ്ങള്‍ ചെയ്തു. അന്ന് കരയില്‍ പുലയര്‍ക്ക് സമ്മേളിക്കാന്‍ അവകാശമില്ലാതിരുന്നതിനാല്‍ ബോള്‍ഗാട്ടിയിലെ കടല്‍പ്പരപ്പില്‍ നാടന്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയാണ് യോഗം ചേര്‍ന്നത്. എന്റെ ഭൂമിയില്‍ തൊട്ടുകൂടാത്തവര്‍ യോഗം ചേരാന്‍ പാടില്ലെന്ന് കൊച്ചിരാജാവ് വിലക്കിയിരുന്നു. ഒട്ടേറെ ധീവര സമുദായങ്ങളുടെ പിന്തുണയും കൃഷ്ണാതി ആശാന്‍ സമ്പാദിച്ചിരുന്നു. ഒരിക്കല്‍ എറണാകുളത്ത് വച്ച് ഒരു കാര്‍ഷിക വ്യവസായിക പ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന പുലയരെ അങ്ങോട്ട് പ്രവേശിപ്പിച്ചില്ല. കൃഷ്ണാതി ആശാന്‍ കൊച്ചി രാജാവിന് നിവേദനം നല്‍കിയത് വഴിയാണ് അന്നുവരെ എറണാകുളത്തേക്ക് പ്രവേശനം ഇല്ലാതിരുന്ന പുലയര്‍ക്ക് പ്രവേശനം ലഭിച്ചത്. പുലയര്‍ മഹാസഭയുടെ കല്ലച്ചാമ്മുറി വീടും നല്ലച്ചാന്‍ മുറിയെന്ന വീടും ഒട്ടേറെ ബന്ധപ്പെട്ടിരിക്കുന്നു. കൊച്ചി രാജാവ് കല്പിച്ചു കൊടുത്ത ഐക്കര യജമാന്‍ എറണാകുളം തൊട്ട് ആലുവ വരെയും പറവൂരും ഉള്‍പ്പെടുന്നു. ഏഴുകരകളും അവയില്‍പ്പെടുന്ന കുടുംബങ്ങളുടെ മീതെയും അധികാരം ഉണ്ടായിരുന്ന വില്ലിംങ്ങ്ടണ്‍ ദ്വീപ് കൃഷ്ണാതി ആശാനും കരാറു പണിക്കാരനായ അദ്ദേഹം ഇതുപോലെ ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് ഏറ്റെടുത്ത് നടത്തിയിരുന്നു. അവസാനം മനുഷ്യസ്‌നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒന്നാണ് ഹിന്ദുമതം എന്ന് പ്രഖ്യാപിച്ചുകൊണ്ട് 1918 ല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന് സി.കെ.ജോണ്‍ എന്ന് പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായി. ഈ കാലത്ത് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രലോഭനങ്ങളിലും, മതപ്രചാരത്തിലും അകപ്പെട്ട് പുലയര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേര്‍ന്നു കൊണ്ടിരുന്ന കാലമായിരുന്നു. പക്ഷെ അവിടെയും നിരാശയായിരുന്നു ഫലം. ജാതി ഉപജാതി ചിന്തകള്‍ ക്രിസ്തുമതത്തിലും രൂക്ഷമായിരുന്നു. കൃഷ്ണാതിയുടെ സഹോദരന്മാരായ കെ.കെ.ഫ്രാന്‍സിസ്, കെ.കെ.മേരി ഇവരെല്ലാം ക്രിസ്തുമതലംഭികളായി. 

മുളവുകാട്ടിലെ സെന്റ്‌ജോണ്‍സ് എന്നറിയപ്പെടുന്ന പള്ളി കൃഷ്ണാതി സംഭാവന നല്‍കിയ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പള്ളി ഇന്ന് സി.എസ്.ഐ സഭയ്ക്ക് കീഴിലും അതിപ്പോഴും പുലയപള്ളിയായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. കൃഷ്ണാതിയുടെ മകനായ അന്തരിച്ച സാമുവലിന്റെ പ്രസ്താവനയനുസരിച്ച് അതിന്റെ ഉടമാവകാശത്തിന്റെ രേഖകളും മാറ്റപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഒട്ടേറെ പുലയപള്ളികള്‍ കേരളത്തിലുണ്ട്. കൃഷ്ണാതിയുടെ മതംമാറ്റം കൊച്ചി പുലയര്‍ മഹാസഭയ്ക്കും പുലയര്‍ക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയത്. 1877 ല്‍ ജനിച്ച അദ്ദേഹം 1937 ല്‍ അന്തരിച്ചു.