"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 10, ചൊവ്വാഴ്ച

പുസ്തകം: ചേരരാജാക്കന്മാരുടെ രാഷ്ട്രീയ ചരിത്രം - ബെച്ചന്‍ പൂശാലി


ഏതൊരു ആധുനിക ഗ്രന്ഥങ്ങളുടേയും അവതാരികാവതരണം ആ ഗ്രന്ഥത്തിന്റെ ഉള്ളടക്കം കാച്ചിക്കുറുക്കിയ തായിരിക്കണമെന്ന അലിഖിത നിയമത്തിന് വിധേയമാക്കപ്പെടുമ്പോള്‍ ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ബെച്ചന്‍ പൂശാലിയുടെ വളരെ നാളത്തെ പരിശ്രമവും കഠിനാധ്വാനവും എത്രമാത്രമെന്ന് ഈ ആഖ്യാന പാരായണത്തില്‍ക്കൂടി അനുവാചകര്‍ക്ക് ശരിക്കും ബോധ്യപ്പെടും എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എക്കാലവും മറയ്ക്കപ്പെടുവാനും അല്ലെങ്കില്‍ നിജപ്പെടുത്തുവാന്‍ പറ്റാത്ത വിധം വര്‍ഗശത്രുക്കള്‍ ഇരുട്ടിലേക്ക് തള്ളിവിട്ട ഒരു മനുഷ്യവര്‍ഗ ചരിത്രം അതിന്റേതായ അവഗാഹതയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ നടത്തിയ യത്‌നത്തെ ശ്ലാഘിക്കാതിരിക്കുവാന്‍ വയ്യ.

തകര്‍ക്കപ്പെട്ട ചേരവംശ സാമ്രാജ്യത്തിന്റെ ചരിത്രച്ചുരുളുകള്‍ പിന്നോട്ടഴിക്കുമ്പോള്‍ കൊടും ക്രൂരതകളുടേയും കൂട്ടക്കൊലപാതക പരമ്പരകളുടേയും ഞെട്ടിപ്പിക്കുന്ന - ദുഃഖിപ്പിക്കുന്ന ദുരൂഹതകള്‍ നിറഞ്ഞ പൈശാചികത്വത്തിന്റെ ഭീകരവും വികൃതവുമായ ആര്യമുഖം ഇന്നും നമ്മള്‍ കാണുന്നു. ഒരു ഉന്നത സംസ്‌കാരത്തെ ചവിട്ടിയരച്ച് കൊടും പഴുതറകളില്‍ അടച്ച് ആ സംസ്‌കാരത്തിന്റെ ഉടമകളായിരുന്ന ഉന്നത കുല വംശജരുടെ പിന്‍ഗാമികളായി ഇന്നും ഈ മണ്ണില്‍ അലഞ്ഞു തിരിയുന്ന ഗതികിട്ടാ നിസ്സഹായാത്മാക്കളെ പോലെ ജീവിത സാഹചര്യങ്ങള്‍ തടയപ്പെട്ടു കഴിയുമ്പോള്‍ അവരുടെ ഉള്ളിന്റെ ഉള്ളിലേക്ക് കഴിഞ്ഞകാല പ്രാചീനതയുടെ അവഗണനകളും തെറ്റുകളുടെ കൂമ്പാരവും തുറന്നുവിട്ടു വീണ്ടും വീണ്ടും വിഢിവേഷം കെട്ടിക്കുവാന്‍ കാലിക ശോഭയോടെ നിറഞ്ഞു നില്‍ക്കുന്ന ചാതുര്‍വര്‍ണ്യ മനുവാദി പക്ഷക്കാരായ അഭിനവ ചരിത്രകാരന്മാരുടെ പൊയ്മുഖം വലിച്ചു ചീന്തിക്കൊണ്ട് നിത്യചരിത്രത്തിന്റെ പളുങ്കു കവാടങ്ങളിലേക്ക് അനുവാചകരെ ആനയിക്കുവാന്‍ അനായാസേന ഈ ചരിത്രം സഹായിക്കും എന്നുള്ളത് നിസ്സംശയമാണ്. കുഴിച്ചു മൂടപ്പെട്ട ഒരു അടിസ്ഥാന ജനതയുടേയും തമസ്‌കരിക്കപ്പെട്ട ചരിത്രത്തേയും മനസ്സിലാക്കുവാന്‍ ധൈര്യ സമേതം വിളിക്കുന്ന ഒരു ചരിത്ര ഖ്യാതാവിനെ 'ശ്രീ ബെച്ചന്‍ പൂശാലി'യെയാണ് ചരിത്ര കൃതി രചനയിലൂടെ പരിചയപ്പെടുത്തുന്നത്. തഴക്കവും വഴക്കവും അക്കാദമിക് പാരമ്പര്യവും പറഞ്ഞ് വിഢിത്തരങ്ങളും ചരിത്രമെഴുതി അടിച്ചേല്‍പ്പിക്കുന്ന ഒരു വിഭാഗം ചരിത്ര രചയിതാക്കളുടെ വങ്കത്തരങ്ങളേയും ഈ ചരിത്രഗ്രന്ഥം തുറന്നു കാണിക്കുന്നു. ചരിത്ര രചനയില്‍ ഇരുത്തം വന്ന ഒരു രചയിതാവിന്റെ സിംഹാസനത്തിന് അര്‍ഹന്‍ തന്നെയാണ് ഈ ഗ്രന്ഥ രചയിതാവ് എന്ന് തറപ്പിച്ചു പറയാന്‍ കഴിയും എന്ന് ഈ ചരിത്ര വ്യാഖ്യാനം വായിച്ചു കഴിയുമ്പോള്‍ പഠനത്വരയുള്ള അനുവാചകര്‍ക്ക് നന്നേ ബോധ്യപ്പെടും.

ബെച്ചന്‍ പൂശാലി 
ചേരവംശ സാമ്രാജ്യത്തിന്റെ പൂര്‍വകാല ചരിത്രം അതിന്റെ മിഴിവ് ഒട്ടും കുറവ് വരാതെ അവതരിപ്പിക്കുന്നതിന് നടത്തിയിരിക്കുന്ന കഠിന പരിശ്രമത്തിന്റെ തെളിവാണ് സംഘകാല സാഹിത്യ കൃതികളില്‍ നിന്നും എടുക്കപ്പെട്ടിട്ടുള്ള ചരിത്ര വസ്തുതകള്‍ ബി സി 4000 മുതല്‍ അങ്ങോട്ടുള്ള ചരിത്രം പഠിക്കുവാനോ അറിയുവാനോ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഗ്രന്ഥം തീര്‍ച്ചയായും ഉപകരിക്കും. ചേര ചോള പാണ്ഡ്യ രാജാക്കന്മാരുടെ ഏറ്റുമുട്ടലുകളും ചോരയില്‍ ചാലിച്ചെഴുതിയ നിഗൂഢ ചരിത്ര ഗ്രന്ഥങ്ങളും ഈ ഗ്രന്ഥത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. പൂര്‍വകാലത്ത് ഈ രാജ്യത്തിന്റെ അവകാശികളും ഭരണാധികാരികളുമായിരുന്ന ചേരവംശം എങ്ങനെ ഇന്നത്തെ അവസ്ഥയിലായെന്ന് പരിണാമഗുപ്തി ചാതുര്യത്തോടെ അവതരിപ്പിക്കപ്പെടുന്ന ഗ്രന്ഥകാരന്റെ ചാതുര്യവും ചരിത്രപരമായ അവഗാഹവും എത്രമാത്രമെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇതിനൊരു അവതാരിക എഴുതുക എന്നത് അഭിമാനാര്‍ഹമാണെന്നു കരുതിയത്. ചേരനാടിന്റേയും ചേര സാമ്രാജ്യത്തിന്റേയും ചേര ചക്രവര്‍ത്തിമാരുടേയും രാജാക്കന്മാരുടേയും ചേരജനങ്ങളുടേയും ജീവിതം - ആഹാരരീതി - വസ്ത്രധാരണം - ആഭരണങ്ങള്‍ - ഭൗമശാസ്ത്രം - ഗണിതശാസ്ത്രം - ജ്യോതിശാസ്ത്രം - ഇതിലുപരി ഏറ്റവും വലിയ മനുഷ്യത്വം... ഇവകളെല്ലാം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെടുന്നു.

സംഘകാല കൃതികളുടെ രചയിതാക്കളായ അതുല്യ സാഹിത്യകാരന്മാര്‍ മുതല്‍ ഇന്ന് ചരിത്ര പണ്ഡിതന്മാരുടെ സ്ഥാനങ്ങളില്‍ ഇരുപ്പുറപ്പിക്കുന്ന ഒട്ടുമിക്ക ചരിത്രകാരന്മാരേയും ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. ചരിത്ര വസ്തുക്കളുടേയും അവയുടെ പാരമ്പര്യകാല ദൈര്‍ഘ്യങ്ങളു ടേയും മനുഷ്യ സംസ്‌കാരത്തിന് പ്രദാനം ചെയ്യുന്ന വിവിധ ഭൗമ ഖനനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ നടത്തപ്പെട്ട പട്ടണം ഉദ്ഖനന ത്തിന്റേയും വിശദമായ അറിവുകള്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്ക പ്പെടുന്നു. അങ്ങനെ പഴന്തമിഴില്‍ നിന്ന് - ചെന്തമിഴില്‍ നിന്ന് - മലയാളത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്ന മഹാചരിത്രത്തിന്റെ അവതാരകനാകാനുള്ള അവസരം ലഭിച്ചത് ഭാഗ്യമാണെന്നു കരുതി ചാതുര്യത്തോടെ പ്രിയ വായനക്കാരിലേക്ക്.... 

വിനയപുരസ്സരം
ടി ജെ ജോണ്‍
(കെടാവിളക്ക് മാനേജിങ് എഡിറ്റര്‍)