"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 12, വ്യാഴാഴ്‌ച

വീടില്ലാത്തവര്‍ക്ക് ഏത് വീട് ? - ജോണ്‍ കെ എരുമേലി


ഇന്ത്യയിലെ പ്രാന്തവത്കരിക്കപ്പെട്ട നിന്ദിതരും പീഡിതരുമായ ജനതയെ വിവിധ മതങ്ങളില്‍ ചേരാന്‍ പ്രേരിപ്പിച്ചത് 'സവര്‍ണ യജമാനന്മാരില്‍' നിന്നു നേരിടേണ്ടി വന്ന മനുഷ്യത്വ രഹിതമായ നടപടികള്‍ മൂലമാണ്. ഡോ. അംബേഡ്കറുടെ നേതൃത്വത്തില്‍ അധഃസ്ഥിത ജനതയുടെ ബുദ്ധമതത്തിലേ ക്കുള്ള കൂട്ടായ പരിവര്‍ത്തനം സവര്‍ണ മേധാവിത്വത്തിനെതിരേയുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. പ്രലോഭനങ്ങള്‍ക്കോ സമ്മര്‍ദ്ദങ്ങള്‍ക്കോ വിധേയമാകാതെ നടന്ന ഈ മുന്നേറ്റം തികച്ചും സാത്മ പ്രചോദിതമായി രുന്നു. ഈ അടുത്തകാലത്തും രാജ്യം ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമാണ് 1981 ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് നൂറുകണക്കിന് ദലിതര്‍ ഇസ്ലാം മതത്തിലേക്ക് മാറിയ സംഭവം.

വിദേശികള്‍ക്ക് ഇന്ത്യയില്‍ ഭരണാധികാരം സ്ഥാപിക്കാന്‍ ലഭിച്ച അവസരം മുതലാക്കിക്കൊണ്ടാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവിടെ എത്തിയത്. അവര്‍ അന്ന് ഇവിടത്തെ ദലിത് - പിന്നോക്ക വിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് ചേര്‍ത്തതാണ് മതംമാറ്റ പ്രക്രിയയിലെ ഏറ്റവും നിര്‍ണായകവും ചരിത്രപരവുമായ സംഭവം. ഭരണാധികാരത്തിന്റെ സ്വാധീനത്തിനുപരി, ഹിന്ദു സവര്‍ണ മേധാവിത്വം ഇവിടെ അടിച്ചേല്പിച്ചിരുന്ന വര്‍ണവ്യവസ്ഥിതിയും അതില്‍ നിന്നും സംജാതമായിരുന്ന സാമൂഹ്യ സാഹചര്യങ്ങളും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് ഇതിന് ഏറെ സഹായകമായി. ഭൗതികവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ മേഖലകളേയും അവര്‍ അതിന് മുതലാക്കി. ഈ സമയത്ത് പ്രാന്തവത്കരിക്കപ്പെട്ട അടിസ്ഥാന ജനതക്ക് എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. പോഷകാഹാരമില്ല. സുരക്ഷിതമായി കഴിയാന്‍ ഭവനങ്ങളില്ല. നല്ല വസ്ത്രങ്ങളില്ല. അക്ഷരം പഠിക്കാനുള്ള അവകാശമില്ല. സവര്‍ണ തമ്പുരാക്കന്മാരെ തീണ്ടാനോ തൊടാനോ അവരുടെ ദൃഷ്ടിയില്‍ പെടാനോ പാടില്ല. അതുപോലെ സവര്‍ണ സൃഷ്ടിയായ ദൈവങ്ങളെ കാണാനോ ദേവാലയങ്ങളില്‍ പോകാനോ അവകാശമില്ല. പ്രധാനവീഥികളിലൂടെ നടക്കാന്‍ പാടില്ല. ഇങ്ങനെയുള്ള ഒട്ടനവധി വിലക്കുകളെയാണ് സവര്‍ണര്‍ അയിത്തം കല്പിച്ചിരുന്ന അടിസ്ഥാന ജനത നേരിട്ടത്. അതുകൊണ്ടുതന്നെ പുതുതായി അവര്‍ക്ക് തുറന്നുകിട്ടിയ വെളിച്ചം സ്വീകരിക്കാന്‍ തയ്യാറായി. ഇത് ദീര്‍ഘനാള്‍ അനുഭവിച്ചുവന്ന അടിച്ചമര്‍ത്തലില്‍ നിന്നും മോചനം ലഭിക്കുമെന്ന ആഗ്രഹത്തിലായിരുന്നു.

സവര്‍ണത നിര്‍മ്മിച്ച എല്ലാ അധീശത്വങ്ങളേയും അട്ടിമറിക്കുന്ന വമ്പിച്ച പരിപാടികളാണ് വിദേശ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവിടെ പ്രായോഗികമാക്കിയത്. ഒറ്റയടിക്ക് ഈ ജനവിഭാഗങ്ങളെ മതം മാറ്റുകയല്ല, ഇവര്‍ ചെയ്തത്. അധഃസ്ഥിതര്‍ക്ക് പഠിക്കാന്‍ സ്‌കൂളുകളും പ്രാര്‍ത്ഥിക്കാന്‍ പള്ളികളും സ്ഥാപിച്ചു. അങ്ങനെ അവര്‍ അക്ഷരം പഠിച്ചതോടുകൂടി പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ബൈബിള്‍ വായനയിലൂടെയും പഠനത്തിലൂടെയും ക്രിസ്തുമതാശയങ്ങള്‍ അവര്‍ പഠിച്ചു. നല്ല വസ്ത്രങ്ങള്‍ നല്‍കി. ഇതേ ചരിത്രഘട്ടത്തില്‍ മറ്റു പല നവോത്ഥാന നായകരും അവരുടെ പ്രസ്ഥാനങ്ങളും സവര്‍ണാധിപത്യ ത്തിനെതിരേ രംഗത്തു വരുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളും ഈ പ്രക്രിയകളെ സഹായിച്ചിട്ടുണ്ടെന്നുള്ള കാര്യവും ഇവിടെ സ്മരണീയമാണ്. എങ്ങനെയായാലും പല തരത്തില്‍ ഉഴുതുമറിക്കപ്പെട്ട മണ്ണിലാണ് ക്രിസ്തന്‍ മിഷനറിമാര്‍ അവരുടെ ആശയങ്ങളുടെ വിത്തു വിതച്ചത്. പ്രലോഭനങ്ങളേക്കാളുപരി പ്രയോഗങ്ങള്‍ക്കു ഇവര്‍ മുന്‍തൂക്കം നല്‍കി. മതാശയങ്ങളിലേക്ക് ഇവരെ അടുപ്പിക്കുവാന്‍ മനസുള്ള ആളുകളെയാണ് ഇവര്‍ ആദ്യം പാകപ്പെടുത്തിയത്. അത് വിജയം കാണുകയും ചെയ്തു. അതോടെ ദലിത് പിന്നോക്ക ജനവിഭാഗങ്ങലില്‍ നിന്നും ധാരാളമാളുകള്‍ ക്രിസ്തുമതത്തിലേക്ക് ഒഴുകി. ഇത് ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തില്‍ സംഭവിച്ച വലിയൊരു പരിവര്‍ത്തനമാണ്. അതിനെ കാണാതിരിക്കാന്‍ കഴിയില്ല.

ഇന്നിപ്പോള്‍ ഘര്‍വാപസി അഥവാ വീട്ടിലേക്കുള്ള മടക്കം പരിപാടിയിലൂടെ പ്രാന്തവത്കരിക്കപ്പെട്ട ജനതയേയും മറ്റു വിഭാഗങ്ങളേയും ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ബി ജെ പി, സംഘപരിവാര്‍, ആര്‍എസ്എസ് പ്രസ്ഥാനങ്ങളും അതിന്റെ പോഷക സംഘടനകള്‍ക്കും ഇങ്ങനെ ഒരു ചരിത്രമുണ്ടോ? മറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാതി സംഘര്‍ഷങ്ങളേയും ജാതിവിവേചന നിലപാടുകളേയും പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന പരിപാടിയില്‍ പോലും സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും അധികാരവുമാണ് ഇവര്‍ പ്രയോഗിച്ചു വരുന്നത്. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റാന്‍ പാടില്ല എന്ന ഭരണഘടനാ നിയമം അറിയാത്തവരല്ല ഇപ്പോഴത്തെ പരിപാടിയുടെ വക്താക്കള്‍. എന്നാല്‍ ഭരണഘടനയേയും ജനാധിപത്യ മൂല്യങ്ങളേയും ഇവര്‍ അവഗണിക്കുകയും ലംഘിക്കുകയുമാണ്. വീട്ടിലേക്കുള്ള മടക്കം എന്ന ആശയം തന്നെ ചരിത്രപരമായ വിരോധാഭാസമാണ്. മുന്‍പ് ഈ വീട്ടില്‍ ഇവര്‍ക്ക് അംഗീകാരമോ പ്രവേശനമോ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് ഏത് വീട്ടിലേക്കാണ് മടങ്ങേണ്ടത് എന്നത് പ്രധാന ചോദ്യമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ പലഭാഗത്തായി നടക്കുന്ന ദുരഭിമാനക്കൊലകള്‍ സവര്‍ണാധിപത്യത്തിന്റെ അക്രമണോത്സുകത യെയാണ് തുറന്നുകാട്ടുന്നത്. അവിടെയെല്ലാം ആക്രമണത്തിന് ഇരയാകുന്നത് ദലിതരും മറ്റു പിന്നോക്ക വിഭാഗക്കാരുമാണ്. ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തിലാണ് ഏത് വീട് എന്നത് പ്രസക്തമാകുന്നത്.

ഒരു കാലത്ത് വീടിന്റെ പിന്നാമ്പുറങ്ങളില്‍ പോലും എത്തിനോക്കാന്‍ അവകാശമില്ലാതിരുന്ന ഒരു ജനതക്ക് പെട്ടന്നവിടേക്ക് കടന്നുചെല്ലാന്‍ കഴിയില്ല. അതുകൊണ്ടാണ് ആഗ്രയില്‍ നാം കണ്ടതുപോലെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കാന്‍ ഈ കാമ്പയിന്‍ പരിപാടി സംഘപരിവാര്‍ നിര്‍ബന്ധിതമാക്കുന്നത്. ഇവിടെ ബലപ്രയോഗങ്ങളും കടന്നാക്രമണങ്ങളും സ്വാഭാവികമാണ്. അങ്ങനെ ഘര്‍വാപസി മറ്റൊരു മതസംഘര്‍ഷത്തിന് കളമൊരുക്കാനുള്ള സാധ്യതയെ കാണാതിരിക്കാന്‍ കഴിയില്ല.

കടപ്പാട് 'ഓറ' മാസിക 2015 ഫെബ്രുവരി ലക്കം.