"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 13, വെള്ളിയാഴ്‌ച

പുസ്തകം: ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല - ടി കെ നാരായണന്‍


പ്രസാധനം: ബഹുജന്‍ സാഹിത്യ അക്കാദമി, കോഴിക്കോട്.
ഫോണ്‍: 0495 - 3229302, 9388650467
വില: 35 രൂപ.

മറ്റെല്ലാ സമൂഹ ചികിത്സകരേയും പോലെ ഇന്ത്യയില്‍ ഇന്നെല്ലാത്തരത്തിലും വ്യഭിചരിക്കപ്പെടുന്ന കാള്‍ മാര്‍ക്‌സ്. പക്ഷ്, മാര്‍ക്‌സിന്റെ ആ പഴയ ഇടിമുഴക്കം ഇന്നും - 'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുനിന്‍; നിങ്ങളുടെ അടിമച്ചങ്ങലകള്‍ എടുത്തു മാറ്റുവിന്‍'. മാര്‍ക്‌സ് ഇത് പറഞ്ഞപ്പോള്‍ ഉള്ളകം മുഴുവന്‍ ആത്മാര്‍ത്ഥതയായിരുന്നു. നിലവിലുള്ള വ്യവസ്ഥിതി യോടുള്ള അടങ്ങാത്ത അമര്‍ഷമായിരുന്നു. സമത്വമാര്‍ന്ന ഒരു പൊന്‍പുലരി പൊട്ടിവിടരുമെന്ന ഊഷ്മളമായ പ്രതീക്ഷയായിരുന്നു.

ഇത്രയുംകൂടി മാര്‍ക്‌സ് കൂട്ടിച്ചേര്‍ത്തു: നേടാനുള്ളത് പുതിയൊരു ലോകം. നഷ്ടപ്പെടാനുള്ളതോ കൈവിലങ്ങുകള്‍ മാത്രം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കൈവിലങ്ങുകള്‍ ജാതികളല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടാണ് ഇന്ത്യയുടെ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടികളായി നില്‍ക്കുന്നത് ജാതികളാണെന്ന് മാര്‍ക്‌സ് വിലയിരുത്തിയത്.

എന്നാല്‍ കാലം കുറേ കഴിഞ്ഞപ്പോള്‍ 'മഹാത്മാവിന്റെ' പ്രാകൃത വേഷം കെട്ടി നടന്ന ഒരിന്ത്യക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു - അയിത്തജാതി ക്കാരേ, നിങ്ങള്‍ ദൈവത്തിന്റെ മക്കളാണ്. അടിമച്ചങ്ങലകളണിയാന്‍ നിങ്ങള്‍ ജന്മനാ വിധിക്ക പ്പെട്ടിരിക്കുന്നു. അതണിയുമ്പോള്‍ നിങ്ങള്‍ക്കെ ന്തൊരു ഭംഗി! അതുകൊണ്ടല്ലേ, ബ്രാഹ്മണന്‍ പോലും എന്റെ ആശ്രമത്തില്‍ തോട്ടിപ്പണി ചെയ്യുന്നത്! അതിനാല്‍ നിങ്ങളെന്നും തോട്ടിപ്പണിയെടുത്ത് ദൈവത്തെ സേവിക്കുക. കാരണം തോട്ടിപ്പണി മഹത്തായ ഒരു കര്‍മ്മമാണ്. ഇമ്മാതിരിപ്പണിക്ക് കടുകിട കോട്ടം തട്ടിക്കരുത്. ഇതനുസരിച്ച് ജീവിച്ചാല്‍ ദൈവം നിങ്ങളെയെല്ലാം കനിഞ്ഞനുഗ്രഹിക്കും.

നമ്മുടെ പ്രിയങ്കരനായ ഗാന്ധിയമ്മാവനാണ് ഇത് മൊഴിഞ്ഞത്. നിലവിലുള്ള സാമൂഹ്യ സമ്പ്രദായത്തിന് ഒരിളക്കവും തട്ടാതെ കാത്തു സൂക്ഷിക്കണം. അതാണ് ഗാന്ധിയുടെ ഉള്ളിലിരിപ്പ്. അപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി സ്വാതന്ത്ര്യ സമരം നയിച്ചത് നിലവിലുള്ള ക്രമത്തിനെതിരല്ലേ? ചോദ്യം ന്യായമാണ്. ബ്രിട്ടീഷുകരെ കെട്ടുകെട്ടി ക്കേണ്ടത് ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ വളര്‍ച്ചക്ക് അത്യാവശ്യമായിരുന്നു. ഗാന്ധിയുടെ ജാതി (വാണിജ്യം തൊഴിലാക്കിയ വൈശ്യരുടെ) താല്പര്യത്തെ മുന്‍നിര്‍ത്തിയുള്ള ആദര്‍ശവാദം ഇതിനനുഗുണമായി ഭവിക്കുകയാണ് ചെയ്തത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്ത് ബിര്‍ളമാരും ഗാന്ധിമാരും കൈകോര്‍ത്തു പിടിച്ച് മുന്നേറിയതിന്റേയും ഗാന്ധി തേച്ചുമിനുക്കി എടുത്ത 'തിലക്' ഫണ്ടിലേക്കും 'കസ്തൂര്‍ബാ' ഫണ്ടിലേക്കും 'ഹരിജന്‍' ഫണ്ടിലേക്കും മറ്റും ബിര്‍ളമാര്‍ പണം വാരിക്കോരി ചൊരിഞ്ഞതിന്റെയും ഗാന്ധി തോര്‍ത്തുടുത്തുകൊണ്ട് കൊട്ടാര സദൃശമായ ബിര്‍ളാ ഹൗസില്‍ താമസമുറപ്പിച്ചതിന്റെയും ഗുട്ടന്‍സ് ഇതാണ്.

സത്യസന്ധതയുടെ, വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുത്തുന്ന ധിഷണാപരമായ സത്യസന്ധതയുടെ പ്രതീകമായിരുന്നു മാര്‍ക്‌സ്, ലെനിനും. കാപട്യത്തിന്റെ തലതൊട്ടപ്പനായിരുന്നു ഗാന്ധി., നെഹ്‌റുവും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സഹജമായ സാമര്‍ത്ഥ്യവും. ഇങ്ങനെ കണ്ണില്‍ പൊടിയിട്ടു കിട്ടിയ ജനസ്വാധീനവും, ജനാധിപത്യ വിരുദ്ധമായ ഒരു തരം സമ്മര്‍ദ്ദ തന്ത്രവുമാണ് ഗാന്ധിയുടെ കൈമുതല്‍. ഈ ജനസ്വാധീനത്തെ മുതലെടുത്തുകൊണ്ട് അദ്ദേഹം എഴുന്നെള്ളിച്ച പോഴത്തങ്ങള്‍ക്കും കാട്ടിക്കൂട്ടിയ വിക്രിയകള്‍ക്കും കയ്യും കണക്കുമില്ല. 'സത്യം' 'സത്യം' 'ദൈവം സത്യം' 'സത്യം ദൈവം' എന്നൊക്കെ നാഴികക്ക് നാല്പത് വട്ടം ഉരുവിട്ട ഗാന്ധിയുടെ കൂടെപ്പിറപ്പായിരുന്നു കൗശലവും വഞ്ചനയും. ആട്ടിന്‍ തോലിട്ട ചെന്നായ എന്ന് നമ്മളൊക്കെ പറയാറില്ലെ. സംശയം വേണ്ട അതുതന്നെ ഗാന്ധി. ഏടുകള്‍ മറിച്ചു നോക്കുമ്പോള്‍ നിങ്ങള്‍ക്കൊക്കെ മനസ്സിലാകും. എന്നിട്ടും ബോധ്യം വരുന്നില്ലെങ്കില്‍ What Congress and Gandhi have done to the Untouchables എന്നൊരുഗ്രന്‍ ഗ്രന്ഥമുണ്ടല്ലോ, അതൊന്നു വായിച്ചു നോക്കുക. കോണ്‍ഗ്രസിനേയും ഗാന്ധിയേയും തുറന്നുകാട്ടുന്ന ചരിത്രപരമായ ഒരു പ്രമാണമാണത്.

ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും കടുത്ത കപടനാട്യക്കാരനായ ഈ ഗാന്ധിയുടെ മേല്‍ നാമെല്ലാംകൂടി അണിയിച്ചിരിക്കുന്ന പൊയ്മുഖങ്ങള്‍ ഒന്നൊന്നായി പിച്ചിച്ചീന്തുന്ന ഒരു ധീര സംരംഭമാണ് ഈ കൃതി പുരോഗമന മുഖംമൂടിയിട്ട പ്രൊഫ. ജി കുമാരപിള്ള യെപ്പോലുള്ളവര്‍ ഗാന്ധിസത്തിന് 'ജയജയ' പാടി നടക്കുന്ന ഇക്കാലത്ത് ഈ അനാവരണ ത്തിന് പ്രത്യേകം പ്രസക്തിയുണ്ട്.

ഈ തുറന്നുകാട്ടലിന് തുനിയുന്നത് 'ദലിതിസ'ത്തിന്റെ പ്രമുഖ വക്താവായ ടി കെ നാരായണനാണ്. ഗാന്ധിസത്തിന്റെ പ്രഗത്ഭ വിമര്‍ശകനായ അംബേഡ്കറെ പലതവണ ചെന്നു കാണുകയും കണ്ടു സംസാരിക്കുകയും ചെയ്തിട്ടുള്ള ഒരു ദലിത് ബുദ്ധിജീവിയാണദ്ദേഹം. അംബേഡ്കറുടെ Gandhi and Gandhism എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ലഘുഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് ഇതൊരു സ്വതന്ത്ര കൃതിയാണെന്ന് പറയാന്‍ വയ്യ. അംബേഡ്കറുടെ ആശയങ്ങള്‍ സ്വന്തം ഭാഷയിലാക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിട്ടുള്ളത്.

ഗ്രന്ഥകാരന്‍ പറയുന്നത് മുഴുവന്‍ വിഴുങ്ങരുത്. പരിശോധിച്ച് വിമര്‍ശിക്കുക. അങ്ങനെ ഗാന്ധിസത്തെക്കുറിച്ച് ജീവത്തായ ഒരു ചര്‍ച്ച ഉരുത്തിരിഞ്ഞു വരട്ടെ. ഇത് പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല.

- ഗോപിനാഥ് മേപ്പയില്‍
(അവതാരിക)