"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 14, ശനിയാഴ്‌ച

നൂറുതികയുന്ന തൊണ്ണൂറാമാണ്ടിലെ സ്വാതന്ത്ര്യ പ്രക്ഷോഭം - ഡോ. ജോര്‍ജ് കെ അലക്‌സ്


അയ്യന്‍കാളി 
ചരിത്രം മനുഷ്യനെ വിവേകിയാക്കുന്നു എന്ന ഫ്രാന്‍സിസ് ബേക്കണിന്റെ വചനം കാലാതീതമാണ്. വിവേകിയായ മനുഷ്യനു മാത്രമേ ചരിത്രത്തെ തന്റെ അസ്ത്വിത്വത്തിന്റെ മൂലധനമാ ക്കാനാവൂ. വിവേകശൂന്യനായ മനുഷ്യനാവട്ടെ ചരിത്രത്തെ തിരസ്‌കരിക്കുന്നവനാണ്. 'ഇന്നിനെ നിങ്ങള്‍ക്ക് തിരിച്ചറിയണ മെങ്കില്‍ ഇന്നലെകളെ അറിയണം' എന്ന പേള്‍ എസ് ബക്കിന്റെ വാക്കുകള്‍ മലയാളികള്‍ ഓര്‍ത്തുവെക്കുന്നത് നല്ലതാണ്. ആധുനിക കേരളത്തിന്റെ കഥ തൊണ്ണൂറാമാണ്ടിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ചരിത്രം വായിക്കാതെ മലയാളിക്ക് മനസിലാവില്ല. 

മലയാളവര്‍ഷം 1090 ആമാണ്ട് (ക്രിസ്തുവര്‍ഷം 1914-1915) കേരളം പുകഞ്ഞു കത്തിയ വര്‍ഷമാണ്. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടത്തിന്റെ വര്‍ഷമാണ്. നൂറാം വര്‍ഷത്തിലെത്തി നില്ക്കുന്ന കേരളത്തിലെ മനുഷ്യാവകാശ പ്രക്ഷോഭങ്ങളുടെ സൂക്ഷ്മ ചരിത്രം നമുക്ക് എങ്ങനെയാണ് വിസ്മരിക്കാനാവുക. കേരളത്തിന്റെ ഇന്നലെകള്‍ ചിലരുടെയെങ്കിലും ആത്മാഭിമാനത്തെ വ്രണിതമാക്കുന്നതാ യിരിക്കും. ഇന്നലെകളെ പഴിക്കുന്നതും, ഇന്നലെകളെ അഹംബോധ ത്തോടെ നെഞ്ചേറ്റുന്നതും ഫാസിസ്റ്റുകളാണ്. ഇന്നലെയെന്നത് മനുഷ്യ പരിണാമത്തിലെ ഒരു മുഹൂര്‍ത്തമായി കണക്കാക്കി ആത്മ സംയമനത്തോടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് കരണീയം.

കേരളത്തെ പൗരാവകാശത്തിന്റെ ബാലപാഠങ്ങള്‍ 19 - 20 നൂറ്റാണ്ടുകളില്‍ പഠിപ്പിച്ച രണ്ട് മഹാരഥന്മാരെയാണ് കേരളചരിത്രം ബോധപൂര്‍വം തമസ്‌കരിച്ചത്. അതിലൊരാള്‍ 1840 - 1870 കാലഘട്ടത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനും ആധുനിക വിദ്യാഭ്യാസത്തിനുമായി പോരാട്ടം നയിച്ച മലങ്കരയിലെ മെത്രാപ്പോലീത്തയായിരുന്ന പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസാണ്. അന്നത്തെ ബ്രിട്ടീഷ് റെസിഡന്‍സിന്റെ ഉറ്റ മിത്രമായിരുന്നതുകൊണ്ട് കേരളത്തെ ആധുനികവത്കരി ക്കുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ കേരളചരിത്ര രചയിതാക്കള്‍ ബോധപൂര്‍വം തമസ്‌കരിച്ചു. രണ്ടാമനാവട്ടെ തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും അതിരുകളെ ലംഘിച്ചുകൊണ്ട് തിരുവിതാംകൂറിന്റെ നിയമനിര്‍മ്മാണ സഭയില്‍ മനുഷ്യാവകാശ പ്പോരാട്ടങ്ങള്‍ക്ക് തിരിതെളിച്ച അയ്യന്‍കാളിയാണ്. മഹാനായ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ കേരളത്തിലെമ്പാടും പൊട്ടിപ്പുറപ്പെട്ട മനുഷ്യാവകാശപ്പോരാട്ടത്തെയാണ് കേരള ചരിത്രത്തില്‍ പുലയ ലഹള എന്ന് ഇകഴ്ത്തി കെട്ടിയിട്ടുള്ളത്. ആ പുലയ ലഹളയുടെ പരിണിത ഫലമാണ് ആധുനിക കേരളത്തിന്റെ നിര്‍മ്മിതി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.

അയ്യന്‍കാളിയെ അറിയുക

മഹാനായ അയ്യന്‍കാളി ഇന്ന് കേരളത്തിലൊരു നാടോടിക്കഥയാണ്. കാരണം അയ്യന്‍കാളിയുടെ ജീവിതത്തിന്റേയും പ്രവര്‍ത്തനങ്ങളുടേയും യഥാര്‍ത്ഥ ചരിത്രം ഇനിയും സ്ഫുടരൂപത്തില്‍ പുറത്തു വന്നിട്ടില്ല. അയ്യന്‍കാളിയുടെ മരണശേഷം മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് ടി എച്ച് പി ചെന്താരശ്ശേരി രചിച്ച അയ്യന്‍കാളി എന്ന ജീവചരിത്ര കൃതി പുറത്തുവന്നത്. ഒട്ടേറെ പരിമിതികളില്‍ നിന്നുകൊണ്ട് അയ്യന്‍കാളി യെക്കുറിച്ച് ശേഖരിച്ചിട്ടുള്ള ആ വിവരങ്ങള്‍ക്ക് ഒരു നാടോടി വിജ്ഞാനീയത്തിനപ്പു റത്തേക്ക് (Folklore) സഞ്ചരിക്കാനും കഴിഞ്ഞിട്ടില്ല. പക്ഷെ ആ ജീവചരിത്രം കേരള ചരിത്ര രചയിതാക്കള്‍ തമസ്‌കരിച്ച ഒരു ചരിത്ര പുരുഷന്റെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ കഥയാണ്.

കേരളത്തിലെ വിവിധ ജനസമുദായങ്ങള്‍ ഘട്ടംഘട്ടമായാണ് ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മുക്തമായത്. 1840 - 1870 ലെ മാത്യൂസ് മാര്‍ അത്താനാസോസിന്റെ പോരാട്ടങ്ങളാണ് നസ്രാണികളെ അമ്പലങ്ങളുടേയും ഊരായ്മയുടേയും തടവറയില്‍ നിന്നും പുറത്തു കൊണ്ടു വന്നത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലാണ് ഈഴവര്‍ ജാതിപിശാചിന്റെ കൈകളില്‍ നിന്നും മുക്തരായത്. ഈഴവരും നസ്രാണികളും ഒരു ചരിത്രഘട്ടത്തില്‍ ജാതിവിവേചന ത്തിന്റെ ഇരകളായിരുന്നുവെങ്കിലും തങ്ങളനുഭവിച്ച പാരതന്ത്ര്യത്തിന്റെ പതിന്മടങ്ങ് വിവേചനം അനുഭവിച്ച പുലയരോട് തരിമ്പും സഹാനുഭൂതി കാട്ടിയില്ല. 1892 ലാണ് അയ്യന്‍കാളി തന്റെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിനു മുമ്പുതന്നെ നസ്രാണികളും ഈഴവരും പുലയരും കേരള നവോത്ഥാന ത്തിന്റെ വിളക്ക് തെളിച്ചെങ്കിലും കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം 1929 ല്‍ 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' എന്ന നാടകവുമായി എത്തിയ വി ടി ഭട്ടതിരിപ്പാടിനാണ് കേരളീയ സാംസ്‌കാരിക ചരിത്ര രചയിതാക്കള്‍ നല്‍കിയിട്ടുള്ളത്. അത് ബ്ഹ്മണ്യത്തിന്റെ മഹത്വം!

മതത്തിന്റെയോ ജാതിയുടെയോ അതിര്‍ത്തി നിലനിര്‍ത്താതെ മനുഷ്യാവകാശ പോരാട്ടത്തിന് തിരിതെളിച്ച മഹാനാണ് അയ്യന്‍കാളി. ശ്രീനാരായണഗുരു, സദാനന്ദസ്വാമികള്‍ തുടങ്ങിയവരൊക്കെ മതാത്മകമായ ഒരു ബോധമണ്ഡലത്തില്‍ നിന്നുകൊണ്ട് പരിഷ്‌കാരങ്ങള്‍ നടത്തിയപ്പോള്‍ പൗരാവകാശങ്ങളുടെ ഭാഷയില്‍ ആദ്യമായി കേരളീയ സമൂഹത്തോട് സംസാരിച്ച പച്ച മനുഷ്യനാണ് അയ്യന്‍കാളി. അയാള്‍ നിരക്ഷരരാണ്. മതാത്മകമായ ഒരു പ്രവൃത്തിയും ആ ജീവിതത്തില്‍ നമുക്ക് കാണാനാവില്ല. 1812 ല്‍ പുലയ സമുദായത്തിന്റെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിലെത്തി. പൗരാവകാശത്തിന്റെ ഭാഷ മാത്രം ഉപയോഗിച്ച് പൊതു സമൂഹവുമായി സംവാദത്തിലേര്‍പ്പെട്ട രാഷ്ട്രീയ വ്യക്തിത്വമാണ് അയ്യന്‍കാളിയുടേത്. മതാത്മകമായി നടന്ന ഒരു സമരത്തിലും അയ്യന്‍കാളി ഉണ്ടായിരുന്നില്ല. അമ്പലം വെക്കലും അമ്പലപ്രവേശനവും അയ്യന്‍കാളിയുടെ സമരപദ്ധതിയിലുണ്ടായിരുന്നില്ല. അയ്യന്‍കാളി ഉയര്‍ത്തിയ പൗരാവകാശ പ്രക്ഷോഭങ്ങളുടെ ജ്വലിക്കുന്ന ഏടാണ് തൊണ്ണൂറാമാണ്ടിലെ സ്വാതന്ത്ര്യ പ്രക്ഷോഭം.

തൊണ്ണൂറാമാണ്ട് പ്രക്ഷോഭത്തില്‍ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിനുള്ള അവകാശം, സഞ്ചാര സ്വാതന്ത്ര്യം, വസ്ത്രധാരണത്തിനുള്ള അവകാശം എന്നിവയാണവ. ഈ അവകാശങ്ങളെ ആധുനിക സമൂഹം ഇന്ന് പൗരാവകാശങ്ങളായാണ് ഗണിക്കുന്നത്. അയിത്തക്കാരായ ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട് കേരളത്തിലെ സവര്‍ണ സമുദായങ്ങള്‍ സ്വീകരിച്ച പ്രതിലോമ പരമായ നിലപാടുകള്‍ക്കെതിരേയുള്ള അധഃസ്ഥിതരുടെ സ്വാതന്ത്ര്യ പ്രക്ഷോഭമായിരുന്നു ഈ കാലഘട്ടത്തില്‍ കാണുവാന്‍ കഴിഞ്ഞത്. വെങ്ങാനൂര്‍, നെടുമങ്ങാട്, ബാലരാമപുരം, നെയ്യാറ്റിന്‍കര, മണക്കാട്, കഴക്കൂട്ടം, പെരിനാട്, പുല്ലാട് തുടങ്ങിയ ദലിത് അധിവാസ മേഖലകളിലൊക്കെത്തന്നെ വലിയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ഈ കാലഘട്ടത്തില്‍ നടന്നു. ഇന്നത്തെ തിരുവല്ല - കോഴഞ്ഞേരി റോഡ് അധഃസ്ഥിതര്‍ക്കായി തുറക്കപ്പെട്ടു എന്നത് ഇതില്‍ അതിപ്രധാനമാണ്.

തിരുവല്ല - കോഴഞ്ഞേരി റോഡ്

കേരളത്തില്‍ നടന്നിട്ടുള്ള മനുഷ്യാവകാശ സമരങ്ങളില്‍ അതിപ്രധാനമാണ് തിരുവല്ല - കോഴഞ്ചേരി റോഡ് അയിത്ത ജാതിക്കാര്‍ക്കായി തുറക്കപ്പെട്ടു എന്നത്. ചരിത്ര പുസ്തകങ്ങള്‍ അവഗണിച്ചുകളഞ്ഞ ആ പ്രക്ഷോഭത്തിന് ക്ഷേത്രപ്രവേശന വിളംബരത്തേക്കാള്‍ ചരിത്രപ്രാധാന്യമുണ്ട്. ഇപ്പോള്‍ നൂറു വയസു പൂര്‍ത്തിയാവു കയാണ് ആ പ്രക്ഷോഭത്തിന്. 1913 - 14 കാലഘട്ടത്തില്‍ അയിത്ത ജാതിയില്‍ പെട്ട ആളുകള്‍ക്ക് തിരുവല്ല - കോഴഞ്ചേരി റോഡിലൂടെ സഞ്ചരിക്കുന്നതിന് അനുമതിയുണ്ടായിരുന്നില്ല. അക്കാലത്ത് കോഴഞ്ചേരിയില്‍ നിന്നും തിരുവല്ലക്കു പോകേണ്ട അയിത്ത ജാതിക്കാര്‍ 'പൊടിപ്പാറ, തോട്ടപ്പുഴ, തന്നൂര്‍ മുതലായ സ്ഥലങ്ങളിലെ ഊടുവഴികളിലൂടെ ചെന്ന് മണിമലയാറ്റിലെ പുത്തന്‍ പറമ്പില്‍ കടവ് നീന്തിക്കടന്ന് ഇരുവള്ളിപ്രവഴി വേണം തിരുവല്ലക്കു പോകുവാന്‍' ( ടി എച്ച് പി ചെന്താരശ്ശേരി). ഈ അസ്വാതന്ത്ര്യം നീക്കുവാന്‍ വേണ്ടിയുള്ള സമരത്തിന് നേതൃത്വം കൊടുത്തവരാണ് വെള്ളിക്കര മത്തായി ആശാന്‍, തലക്കേരില്‍ കണ്ടന്‍കാളി, കൊമ്പാടി അണിഞ്ചന്‍ എന്നിവര്‍. വഴിനടപ്പ് അവകാശം സ്ഥാപിച്ച് കിട്ടാതെ വന്നപ്പോള്‍ അവര്‍ അന്ന് പ്രജാസഭാ മെമ്പറായിരുന്ന അയ്യന്‍കാളിയെ കാണുകയും അയ്യന്‍കാളി അന്നത്തെ ദിവാന്‍ പി രാജഗോപാലാചാരിയെ കാണുകയും ഉണ്ടായി. തുടര്‍ന്നാണ് തിരുവല്ല - കോഴഞ്ചേരി റോഡിലൂടെ അയിത്ത ജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള അവകാശം ലഭിക്കുന്നത്. കേരളത്തിലെ അയിത്ത ജാതിക്കാര്‍ വഴിനടപ്പിനു വേണ്ടി നടത്തിയിട്ടുള്ള ഇത്തരം പോരാട്ടങ്ങള്‍ കേരളത്തിലെ വിവേക ശൂന്യരായ ഒരു ജനതയെ ചകിതരാക്കിയതില്‍ അത്ഭുതത്തിന് അവകാശമില്ല.

വെള്ളിക്കര മത്തായി എന്ന ദലിത് ക്രൈസ്തവന്‍ ഈ സമരത്തെ ത്തുടര്‍ന്നാണ് വെള്ളിക്കര ചോതി എന്ന് പേരുമാറ്റി പ്രജാസഭാ മെമ്പറായത്. ഇന്നും ഹൈന്ദവനായ ദലിതനു മാത്രമേ ദലിതരെ പ്രതിനിധീകരിക്കാന്‍ അവകാശമുള്ളൂ എന്നത് ഭാരതത്തിന്റെ മതേതര സങ്കല്പത്തിന് വിരുദ്ധമാണ്. മതവും ജാതിയും ഭിന്നങ്ങളാ ണെന്നും ഹൈന്ദവത ഇന്ന് സംസ്‌കാരമല്ല, മതമാണെന്നും നാം തിരിച്ചറിയണം. അറബികള്‍ ഹിന്ദു എന്ന പദം ഉപയോഗിച്ചത് ഭൂമിശാസ്ത്ര മേഖല എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ ബ്രിട്ടീഷുകാരുടെ സെന്‍സസ് റിപ്പോര്‍ട്ടു കളിലൂടെയാണ് ഹിന്ദു മതമായി മാറുന്നത്. ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളും ഭക്തി പ്രസ്ഥാനങ്ങളും ഹിന്ദു എന്ന ഭൂമിശാസ്ത്ര പരികല്പനയെ വ്യാപകമായി മതവത്കരിച്ചു. വിവേകാനന്ദന്‍ ഇന്ത്യക്കു നല്‍കിയ സംഭാവനയും അതുതന്നെയാണ്. 1881 ലെ സെന്‍സസ് റിപ്പോര്‍ട്ടാണ് ദലിത് സമൂഹത്തെ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ ഭാഗമാക്കിയത്. ഇന്ന് ഇന്ത്യയില്‍ വ്യാപകമായിരിക്കുന്ന നിര്‍ബന്ധിത ഹൈന്ദവ വത്കരണത്തിന്റെ വേര് ഒരു നൂറ്റാണ്ടു പിന്നിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നുകൂടി ഓര്‍ത്തുവെക്കാവുന്നതാണ്.

വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി.

വഴിനടപ്പ് അവകാശം സ്ഥാപിച്ചു കിട്ടിയതിനെ തുടര്‍ന്നാണ് വള്ളിക്കര മത്തായിയുടെ നേതൃത്വത്തില്‍ തന്നെ പുല്ലാട്ട് സ്‌കൂളില്‍ അയിത്ത ജാതിക്കാരുടെ കുട്ടികള്‍ക്ക് പ്രവേശനം കിട്ടുന്നതിനുള്ള പോരാട്ടം ആരംഭിച്ചത്. അന്ന് അഞ്ചാം ക്ലാസു കഴിഞ്ഞ് വിദ്യാഭ്യാസ സൗകര്യമുള്ളത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമായിരുന്നെന്ന് ചെന്താരശ്ശേരി രേഖപ്പെടുത്തുന്നു. ടി ടി തേവന്‍, പൈങ്കന്‍, എം ടി തേവന്‍ എന്നീ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പുല്ലാട് സ്‌കൂളില്‍ പ്രവേശനം ലഭിച്ചെങ്കിലും അയിത്ത ജാതിക്കാര്‍ സ്‌കൂളില്‍ പ്രവേശിച്ചത് സവര്‍ണ വിഭാഗങ്ങളെ പ്രകോപിതരാക്കി. ഊന്നുപാറപ്പണിക്കര്‍ എന്നൊരു മാടമ്പിയുടെ നേതൃത്വത്തില്‍ സവര്‍ണര്‍ സംഘടിച്ചു. അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം നല്‍കിയതില്‍ പ്രതിഷേധിച്ച് സവര്‍ണ ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ചു. കോപാകുലരായ സവര്‍ണര്‍ സ്‌കൂളിന് തീവെക്കുകയും ചെയ്തു. പിന്നീട് ഈ സ്‌കൂള്‍ തീവെച്ച സ്‌കൂള്‍ എന്നാണ് അറിയപ്പെടുന്നത്. അയിത്ത ജാതിക്കാര്‍ തങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി കേരളത്തില്‍ നടത്തിയ സുദീര്‍ഘമായ പോരാട്ടങ്ങളുടെ ചരിത്രത്തലെ ഒരു ചെറിയ ഏടു മാത്രമാണ് പുല്ലാട്ട് സ്‌കൂള്‍ തീവെയപ്. അന്ന് ആ സ്‌കൂളില്‍ പ്രവേശനം ലഭിച്ച ടി ടി തേവനാണ് പിന്നീട് ടി ടി കേശവന്‍ ശാസ്ത്രി എന്ന പേരില്‍ കേരള നിയമ സഭാ സ്പീക്കര്‍ ആയിത്തീര്‍ന്നത്.


കല്ലയും മാലയും 
പെരിനാട് പ്രക്ഷോഭം

അന്തസായി വസ്ത്രധാരണം നടത്തുവാനുള്ള അവകാശത്തിനായി അയിത്ത ജാതിക്കാരായ സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭമാണ് പെരിനാട് പ്രക്ഷോഭം. കൊല്ലം ജില്ലയിലെ പെരിനാട് ജന്മിത്തേര്‍വാഴ്ചയുടെ തട്ടകമായിരുന്നു. അയിത്ത ജാതിക്കാര്‍ ധരിച്ചിരുന്ന കല്ലയും മാലയും ഉപേക്ഷിച്ച് അന്തസായി വസ്ത്രധാരണം നിര്‍വഹിക്കണമെന്ന് ഒരു നിര്‍ദ്ദേശം അയ്യന്‍കാളി ആയിടക്ക് പുറപ്പെടുവിച്ചു. പെരിനാട്ടിലെ അയിത്തക്കാര്‍ അത് സഹര്‍ഷം സ്വീകരിച്ചു. അയിത്തക്കാര്‍ ധരിച്ചിരുന്ന അപരിഷ്‌കൃത വേഷം മാറ്റുന്നതിന് നെയ്യാറ്റിന്‍കരയില്‍ അയ്യന്‍കാളി നടത്തിയ പ്രക്ഷോഭം വിജയം കണ്ടിരുന്നു. ഗോപാലദാസന്‍ എന്നൊരാളുടെ നേതൃത്വത്തില്‍ അക്കാലത്ത് കൊല്ലം ജില്ലയില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നു. പ്രാക്കുളം, തഴവ, അഞ്ചാലുംമൂട്, കറുവ, പനയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങള്‍ നടത്തിയതിനു ശേഷം പെരിനാട് ചെറുമൂട് എന്ന സ്ഥലത്ത് ഒരു യോഗം കൂടുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുക്കുവാന്‍ വന്നവര്‍ ആത്മരക്ഷാര്‍ത്ഥം ആയുധങ്ങളുമായാണ് എത്തിയത്. യോഗം കലക്കുന്നതിനും ഗോപാലദാസനെ വധിക്കുന്നതിനും സവര്‍ണര്‍ തീരുമാനിച്ചു. യോഗം ആരംഭിച്ചപ്പോള്‍ത്തന്നെ സവര്‍ണര്‍ അക്രമവും ആരംഭിപ്പു. യോഗം തകര്‍ക്കാന്‍ എത്തിയവരുടെ വീട് അഗ്നിക്കിരയാക്കി ക്കൊണ്ട് ദലിതരും പ്രതികരിച്ചു. പെരിനാട്ടു പ്രദേശത്തുള്ള സവര്‍ണ ഭവനങ്ങള്‍ പലതും കൊള്ള ചെയ്യപ്പെട്ടു. തൊണ്ണൂറാമാണ്ടില്‍ നടന്ന ഏറ്റവും വലിയ കലാപമായി അന്നത്തെ ദിനപത്രങ്ങള്‍ പെരിനാട് പ്രക്ഷോഭം റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. പെരിനാട് പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി അയ്യന്‍കാളി ഇടപെടുകയും ഒരു സവര്‍വമത സമ്മേളനത്തില്‍ വെച്ച് കല്ലയും മാലയും ഉപേക്ഷിച്ചുകൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കുന്ന താണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പെരിനാട് പ്രക്ഷോഭത്തെ തുടര്‍ന്നാണ് ദലിതര്‍ അന്തസുള്ള വസ്ത്രം ധരിച്ച് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

മനുഷ്യന്റെ തുല്യതക്കും അന്തസിനും വേണ്ടി അയ്യന്‍കാളി നടത്തിയ പൗരാവകാശപ്രക്ഷോഭങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക വികാസത്തെ ത്വരിതമാക്കിയത്. അയ്യന്‍കാളി കേരളത്തിലെ പുലയരുടെ മാത്രം നേതാവല്ല. ഇതര അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുകവഴി ഫ്യൂഡല്‍ - രാജവാഴ്ചയുടെ സാമൂഹ്യ ഘടനക്കെതിരേ ജനാധിപത്യത്തെ പ്രതിഷ്ഠിച്ച മഹാനാണ്. തൊണ്ണൂറാമാണ്ട് സ്വാതന്ത്ര്യ പ്രക്ഷോഭം കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. കേരളത്തിലെ പ്രധമ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അയ്യന്‍കാളി ആദരിക്കപ്പെടേണ്ടതുണ്ട്.

കടപ്പാട്; 'തന്മ' മാസിക 2015 ജനുവരി ലക്കം.