"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 15, ഞായറാഴ്‌ച

അട്ടിമറിക്കപ്പെടുന്ന സ്പഷ്യല്‍ റിക്രൂട്ട്‌മെന്റും സംവരണ നിഷേധവും - പ്രൊഫ എസ് കൊച്ചുകുഞ്ഞ്


എസ് കൊച്ചുകുഞ്ഞ് 
സ്വകാര്യ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ സംവരണവ്യവസ്ഥ ഉറപ്പുവരുത്തിയ വിദ്യാഭ്യാസ ബില്ലിലെ 11 ആം വകുപ്പ് പട്ടംതാണുപിള്ള സര്‍ക്കാര്‍ ഭേദഗതിചെയ്ത ഭരണഘടനാ വിരുദ്ധ നിയമത്തെ പൊക്കിപ്പിടിച്ചുകൊണ്ടുള്ള പ്രതിരോധം ആര്‍ക്കു വേണ്ടിയാണ് നടത്തുന്നത്? 64 കൊല്ലത്തിനിടയില്‍ നൂറോളം പ്രാവശ്യം ഭരണഘടനക്ക് ഭേദഗതി ഉണ്ടായ ഒരു രാജ്യത്ത് 54 കൊല്ലമായിട്ടും സംസ്ഥാന നിയമസഭ പാസാക്കിയ ഭരണഘടനാ വിരുദ്ധവും സാമൂഹിക നീതി നിഷേധിക്കുന്നതുമായ ഒരു നിയമം പോറലൊന്നു മേല്‍ക്കാതെ നിലനില്‍ക്കുന്നത് വിചിത്രം തന്നെ. ആ നിയമത്തെ ചോദ്യം ചെയ്യേണ്ടവരാണ് ആ നിയമത്തെ വേദപ്രമാണ മാക്കുന്നത്. ഭരണഘടനയെ തൃണവല്‍ക്കരിച്ചും ഒരു നിയമ നിര്‍മ്മാണം ബൂര്‍ഷ്വാ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ളക്ക് നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, പിന്നീട് പലപ്പോഴായി ഭരണത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ക്ക് അതിന് തിരുത്തല്‍ നല്‍കി നീതി നടപ്പാക്കാനുള്ള ചങ്കൂറ്റം എന്തുകൊണ്ടുണ്ടായില്ല? അതിന് ഭരണഘടനയുടെ പിന്‍ബലമുണ്ടല്ലോ. 1960 ന് ശേഷം ഒരു പ്രാവശ്യം ഇഎംഎസും, 3 പ്രാവശ്യം ശ്രീ നായനാരും ഒരു പ്രാവശ്യം ശ്രീ വിഎസ് അച്യുതാനന്ദനും അധികാരത്തില്‍ വന്നില്ലേ? 1972 ല്‍ ശ്രീ സി അച്യുതമേനോനിറക്കിയ ഡയറക്ട് പേയ്‌മെന്റുത്തരവും ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടാണ് അതിനെതിരേ ഹൈക്കോടതിയില്‍ പ്രശസ്ത അഭിഭാഷകന്‍ കാളീശ്വരം രാജ് കേസ് നടത്തുന്നത്.

എയ്ഡഡ് വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ കോടികളുടെ പൊതുഫണ്ടു മറിയുന്ന ഇടങ്ങളിലെല്ലാം ദലിത്-ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുന്ന ദുരവസ്ഥ നിലനില്‍ക്കുമ്പോഴും ഭരണഘടനയുടെ അനുഛേദം 16(4a) പ്രകാരമുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫലത്തില്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് മുന്നോടിയായുള്ള ഒരു ഭരണപ്രക്രിയയാണ് റിവ്യൂ കമ്മിറ്റി കൂടല്‍. കമ്മിറ്റിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രി. പട്ടികജാതി - പട്ടികവര്‍ഗ മന്ത്രി, പട്ടികജാതി - പട്ടികവര്‍ഗ എംഎല്‍എ മാര്‍, വകുപ്പ് സെക്രട്ടറി, എല്ലാ വകുപ്പുകളുടേയും അധ്യക്ഷന്മാര്‍ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍. വകുപ്പുതല അധ്യക്ഷന്മാര്‍ അനിവാര്യമായും എത്തിയിരിക്കണം. ഓരോ വകുപ്പിലും എസ് സി എസ് ടി പ്രാതിനിധ്യം എത്രത്തോളമുണ്ട്, അവരുടെ തസ്തികകള്‍ ഏതെങ്കിലും കാറ്റഗറിയില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്നൊക്കെയുള്ള വിവരം ബന്ധപ്പെട്ട വകുപ്പു തലവന്മാര്‍ കമ്മിറ്റിയില്‍ വെക്കണം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉണ്ടെങ്കില്‍ അതിലേക്കുള്ള നിയമനത്തേയാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എന്ന് പറയുന്നത്. മാസത്തിലൊരിക്കല്‍ കൂടേണ്ട ഈ കമ്മിറ്റി കഴിഞ്ഞ എട്ടരക്കൊല്ലമായി കൂടുന്നില്ല. ഈ എട്ടരക്കൊല്ലത്തിന്റെ 5 കൊല്ലം കടന്നുപോയത് ശ്രീ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലമായിരുന്നു. ശ്രീ സോമപ്രസാദ് പറയുന്ന അവസരമുണ്ടാകുന്ന കാലം! മൂന്നരക്കൊല്ലംകൊണ്ട് നടക്കുന്ന യുഡിഎഫ് ഭരണത്തിലും റിവ്യൂ കമ്മിറ്റി കൂടിയില്ലെന്നുവേണം പറയാന്‍ (ഈയിടെ കൂടിയ കമ്മിറ്റി ഫലപ്രദമായില്ലെന്നാണറിവ്)

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പട്ടികജാതി - പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥി കളുടെ ഒരു ഭരണഘടനാ അവകാശമാണെന്ന ധാരണ ഉദ്യോഗാര്‍ത്ഥി കള്‍ക്കോ ഭരണഘടനാ ബാധ്യതയാണെന്ന ധാരണ സര്‍ക്കാരുകള്‍ക്കോ ഉണ്ടെന്നു തോന്നുന്നില്ല. റിവ്യൂ കമ്മിറ്റി കൃത്യമായും ഫലപ്രദമായും കൂടിയിട്ടുള്ളത് രണ്ട് മുഖ്യമന്ത്രിമാരുടെ കാലത്തായിരുന്നു. ശ്രീ അച്യുതമേനോനും ശ്രീ കെ കരുണാകരനുമായിരുന്നു അവര്‍. ഇവരുടെ കാലം പട്ടികജാതി - പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ സുവര്‍ണ കാലമായിരുന്നു. ഇന്നവര്‍ നേരിടുന്നത് കഷ്ടകാലം. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫലമായി കുറേയേറെ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് ഗവണ്‍മെന്റ് സര്‍വീസില്‍ എത്തിപ്പറ്റാനും ഉയര്‍ന്ന ഔദ്യോഗിക പദവിയിലിരിക്കാനും കഴിഞ്ഞിരുന്നു. ബ്യൂറോക്രാറ്റുകളുടെ കണ്ണുകടിയും രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യമില്ലായ്മയും ഭരണഘടനാവകാശം ചോദിച്ചുവാങ്ങാനുള്ള പട്ടികജാതി പട്ടികവര്‍ഗത്തിന്റെ ബോധമില്ലായ്മ യും കെല്‍പ്പില്ലായ്മയും എല്ലാംകൂടി ഒത്തുചേര്‍ന്നപ്പോള്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഒരു പഴങ്കഥയായി മാറി. പട്ടികജാതി - പട്ടികവര്‍ഗ ത്തിന്റെ ഭരണഘടനാവകാശത്തിലൂടെ തെരഞ്ഞെടുത്ത പത്തുപതിനാറ് ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ ഭരണത്തിന്റെ സിരാകേന്ദ്ര ങ്ങളിലുണ്ട്. ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നതഘടകങ്ങളില്‍ പോലും വിരാജിക്കുന്ന പട്ടികജാതിയില്‍പെട്ട നേതാക്കളുമുണ്ടിവിടെ. പക്ഷെ അവര്‍ക്കൊക്കെ ഈ പട്ടികജാതി - പട്ടികവര്‍ഗത്തിന്റെ കൊച്ചുകൊച്ച് കാര്യങ്ങളിലിടപെടാനുള്ള സമയമോ സൗകര്യമോ എവിടെ കിട്ടാന്‍! അവരില്‍ ചിലര്‍ വലിയ വലിയ ലോകകാര്യങ്ങളിലും ഒക്കെ ഇടപെട്ടു വലയുന്നു. ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം പോലുള്ള വലിയ വലിയ സാമ്പത്തിക - രാഷ്ട്രീയ കാര്യങ്ങളിലിടപെടേണ്ട ദൗത്യമുള്ളവരുമുണ്ട്. സാഹിത്യം, കല, പരിസ്ഥിതി മുതലായ കാര്യങ്ങളുള്ളവരുമുണ്ട്. സകലമാന രാഷ്ട്രീയ പാര്‍ട്ടികളേയും ബാധിച്ചിരിക്കുന്ന ഒരു പൊതുരോഗമാണല്ലോ വിഭാഗീയത. അതിലും ഇടപെടേണ്ടെ?

ഇതൊക്കെ കഴിഞ്ഞാല്‍ പിന്നെ എവിടെന്നു കിട്ടും സമയം! അതെല്ലാം കണക്കിലെടുത്തായിരിക്കുമല്ലോ പട്ടികജാതിക്കാരനല്ലെങ്കിലും ശ്രീ ജി സുധാകരന് സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ദലിത് സംവരണ നിഷേധ വിഷയം ആദ്യമായി നിയമസഭയില്‍ അവതരിപ്പിക്കേ ണ്ടി വന്നത്. 1957 മുതല്‍ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നാലരലക്ഷം അധ്യാപകരെ നിയമിച്ചിട്ട് ഒരൊറ്റ പട്ടികജാതിക്കാരനെ പോലും വെച്ചിട്ടില്ലെന്നും അതുകൊണ്ട് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനം പി എസ് സിക്ക് വിടണമെന്നും പറഞ്ഞുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ അനുമോദനങ്ങളുമായി അടുത്തെത്തി യെന്നാണ് പത്ര റിപ്പോര്‍ട്ട്. പത്ര റിപ്പോര്‍ട്ട് എന്നു പറഞ്ഞാല്‍ എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്‌തെന്ന് കരുതരുത്. ജൂണ്‍ 11 ലെ ശ്രീ ജി സുധാകരന്റെ പ്രസംഗത്തില്‍ രണ്ട് വിഷയങ്ങളാണ് അടങ്ങിയിരുന്നത്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ദലിത് സംവരണ വിഷയവും കോ-ഓപ്പറേറ്റീവ് മേഖലയിലെ പ്രശ്‌നങ്ങളും. അതില്‍ കൂടുതല്‍ ശ്രദ്ധേയമായിരുന്ന ദലിത് സംവരണ വിഷയം 'ദേശാഭിമാനി' റിപ്പോര്‍ട്ട് ചെയ്തില്ല. ആ തമസ്‌കരണത്തിന്റെ ലക്ഷ്യം പിടികിട്ടുന്നില്ല.

ശ്രീ സോമപ്രസാദ് പറയുന്നതു പോലെ നേതാക്കളെ രണ്ട് തട്ടില്‍ കണ്ടിട്ടില്ല. പട്ടികജാതി സാമാജികര്‍ക്ക് തോന്നാത്ത ഗൗരവമുള്ള ഒരു പട്ടികജാതി വിഷയം സഭയുടെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് അവതരിപ്പിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അദ്ദേഹത്തോട് ആദരവ് തോന്നിപ്പോയി. സ്വകാര്യ മേഖലയിലടക്കമുള്ള സ്ഥാപനങ്ങളില്‍ നിയമം വഴി സംവരണത്തിലൂടെ ദലിത് വിഭാഗങ്ങള്‍ക്ക് ജോലിനല്‍കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോയി എന്ന സ്വയം വിമര്‍ശനപരമായ കാഴ്ചപ്പാടിലൂടെ വിഷയം സഭയിലവതരിപ്പിച്ച ശ്രീ കെ രാധാകൃഷ്ണനെപ്പറ്റിയും നല്ല വാക്കു പറഞ്ഞുപോയി. പട്ടികജാതി സാമാജികര്‍ക്കില്ലാത്ത താത്പര്യത്തോടെ വിഷയത്തിലിടപെട്ട പ്രതിപക്ഷ ഉപനേതാവ് ശ്രീ കൊടിയേരി ബാലകൃഷ്ണനെ വിമര്‍ശിക്കേണ്ട കാര്യമില്ലല്ലോ.

ശ്രീ എം എ ബേബിയെ വിമര്‍ശിച്ചത് അദ്ദേഹം മന്ത്രിയായിരുന്നതു മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില പോലും കൊടുക്കാതെ ്‌ദ്ദേഹം സ്വീകരിച്ച നടപടി അദ്ദേഹമടങ്ങുന്ന പിന്നോക്ക ജാതി ജനവിഭാഗങ്ങള്‍ക്കും ഇന്നും അധഃസ്ഥിതാവസ്ഥയില്‍ കഴിയുന്ന പട്ടികജാതി - പട്ടികവര്‍ഗത്തിനും ഒരുപോലെ ദോഷകരമല്ലേ? യുജിസി മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ഭരണ നടപടികളാണ് അദ്ദേഹം കൊടുത്തിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ സമുദായത്തിലുള്ള, കോടിയോ ലക്ഷങ്ങളോ എടുക്കാന്‍ നിര്‍വാഹമില്ലാത്ത പത്തുപതിനഞ്ചു ചെറുപ്പക്കാര്‍ക്കെങ്കിലും പ്രതിമാസം 45000 രൂപ ആരംഭ ശമ്പളം വാങ്ങാവുന്ന തൊഴിലിടങ്ങളില്‍ പ്രവേശനം കിട്ടുമായിരുന്നില്ലേ? പ്രതിവര്‍ഷം 5000 കോടിയെങ്കിലും പൊതുഫണ്ട് ചെലവിടുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്ക് വിട്ടാല്‍ പട്ടികജാതി - പട്ടികവര്‍ഗത്തേക്കാള്‍ ഗുണം പിന്നോക്ക വിഭാഗങ്ങള്‍ക്കല്ലേ കിട്ടുക? 100 തസ്തികകളുണ്ടെങ്കില്‍ 50 സംവരണ തസ്തികകളാണ് കിട്ടുക. ഇതില്‍ പട്ടിക ജാതിക്ക് കിട്ടുന്ന 8 ഉം പട്ടിക വര്‍ഗത്തിനുള്ള 2 ഉം പോയാല്‍ ബാക്കിയുള്ള 40 ഉം പിന്നോക്ക വിഭാഗത്തിനായിരിക്കും കിട്ടുക. പക്ഷേ, സംവരണമെന്നു പറഞ്ഞാല്‍ പട്ടികജാതിക്കാരന്റെ വിലകുറഞ്ഞ വിഷയമായാണ് പൊതു സമൂഹം കാണുക. അങ്ങനെ സംവരണത്തിന്‍രെ പഴിയും ഭാരവും ബാധ്യതയുമെല്ലാം വന്നുവീഴുന്നത് 8 ശതമാനം മാത്രം സംവരണാനുകൂല്യം വാങ്ങുന്ന പട്ടികജാതിയുടെ ചുമലിലും.

കടപ്പാട്: 'കേരളശബ്ദം' വാരിക 2015 ജനുവരി ലക്കം