"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 16, തിങ്കളാഴ്‌ച

ചാവറയച്ചന്‍: കേരള നവോത്ഥാന നായകരില്‍ പ്രമുഖന്‍ - ഡോ ബി ഇക്ബാല്‍


ചാവറയച്ചന്‍ 
ചാവറയച്ചനെപ്പറ്റി ഞാന്‍ ദേശാഭിമാനി ദിനപത്രത്തി ലെഴുതിയ ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് എന്റെ പ്രിയ സുഹൃത്ത് ജോജി കൂട്ടുമ്മേല്‍ ഓറയിലെഴുതിയ പ്രതികരണം (ഇത്രമേല്‍ ആഹ്ലാദിക്കുന്നതെന്തിന്? 'ഓറ' ജനുവരി 15) വായിച്ചു. എന്റെ ലേഖനത്തിന്റെ തുടക്കത്തിലെ വാചകം ജോജി ഉദ്ധരിക്കുന്നുണ്ടെങ്കിലും ലേഖനത്തിന്റെ തലക്കെട്ടെന്തെന്ന് സൂചിപ്പിക്കുന്നില്ല. 'വിശുദ്ധനാക്കപ്പെട്ട ചാവറയച്ചന്റെ അത്ഭുത പ്രവൃത്തികള്‍' എന്നായിരുന്നു എന്റെ ലേഖനത്തിന്റെ തലക്കെട്ട്. കത്തോലിക്കാ സഭ ഒരാളെ വിശുദ്ധനാക്കുന്നതില്‍ മതേതരവാദികള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ജോജി സൂചിപ്പിക്കുന്ന പല കാരണങ്ങളുമു ണ്ടാകാം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചാവറയച്ചന്‍ കേരള പൊതു സമൂഹത്തിനു നല്‍കിയ മതേതര സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിശുദ്ധനാകുന്നത് എന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. വിദ്യാഭ്യാസം, അച്ചടി, സ്ത്രീ ശാക്തീകരണം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ചാവറയച്ചന്‍ നല്‍കിയ സെക്കുലര്‍ സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം കത്തോലിക്കാ സഭയുടെ മാത്രമല്ല, കേരള പൊതു സമൂഹത്തിന്റെയാകെ, വിശുദ്ധും പുണ്യാളനു മാണെന്ന് നിസ്സംശയം പറയാന്‍ കഴിയും എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

ചാവറയച്ചന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട അതേ അവസരത്തില്‍ തന്നെയാണ് ശ്രീനാരായണഗുരു രചിച്ച 'ദൈവശതക'ത്തിന്റെ ശതവാര്‍ഷികം കേരളമൊട്ടാകെ ആചരിക്കപ്പെട്ടത്. കേരള സര്‍ക്കാര്‍ നേരിട്ട് ദൈവശതകം അച്ചടിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തു വരികയാണ്. ദൈവശതകം ശുദ്ധ മലയാളത്തിലെഴുതിയ ഹൃദ്യമായ ഈശ്വരസ്തുതിയാണ്. ദൈവഭക്തിയിലേക്ക് ജനങ്ങളെ നയിക്കുന്നതിനായി ദൈവദശകം എഴുതി എന്നത് ശ്രീനാരായണ ഗുരുവിന്റെ മഹത്വം ഒട്ടും കുറക്കുന്നതായി നിരീശ്വരര്‍ പോലും കരുതുന്നുണ്ടെന്നു തോന്നുന്നില്ല. ചില സമുദായ നേതാക്കള്‍ ശ്രീനാരായണ ഗുരു ദൈവമാണെന്ന് ഈയിടെ പ്രസ്താവിച്ച കാര്യം ഓര്‍ക്കുമല്ലോ. കേരള നവോത്ഥാനത്തിന്റെ ആദ്യപഥികരില്‍ ഒരാളായി കരുതപ്പെടുന്ന അയ്യാ വൈകുണ്ഠ സ്വാമി (1809-1851) അവസാനകാലത്ത് താന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് അവകാശപ്പെടുകയും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അദ്ദേഹത്തെ ദൈവമായി ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഇതൊന്നും ഇവരുടെ മഹത്വത്തിന് പോറലേല്പിക്കുന്നില്ല. എന്തിന് യേശുക്രിസ്തു മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്നും നിരവധി പേരുടെ രോഗം മാറ്റിയെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ക്രിസ്തീയ വിശ്വാസികള്‍ ഇത് വിശ്വസിക്കുന്നുമുണ്ട്. അതുകൊണ്ട് യെശുക്രിസ്തുവിന്റെ മനുഷ്യ സ്‌നേഹത്തിലും അഹിംസയിലും പങ്കിടീലിലും (Sharing) അധിഷ്ഠിതമായ പ്രബോധനങ്ങളിലും പ്രാന്തവത്കരിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും പൗരോഹിത്യത്തോടും അധികാര കേന്ദ്രങ്ങളോടും ഏറ്റുമുട്ടിക്കൊണ്ടും യേശു നടത്തിയ പ്രവര്‍ത്തനങ്ങളും അപ്രസക്തമാകുന്നില്ല. പുരോഗമന ചിന്താഗതിക്കാരാരും യേശുവിനെ തള്ളിപ്പറയാറുമില്ല.

കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന ചാവറയച്ചന്‍ എ ശ്രീധരമേനോല്‍ 'കാലത്തിന് മുമ്പേ നടന്ന നവോത്ഥാന നായകന്‍', എം കെ സാനു 'കേരള നവോത്ഥാനത്തിലെ ശുക്രനക്ഷത്രം', പി ഗോവിന്ദപ്പിള്ള 'സുറിയാനി സഭയില്‍ നിന്നൊരുനവോത്ഥാന നായകന്‍' എന്നെല്ലാം ചാവറയച്ചന്റെ സംഭാവനകളെ വിലയിരുത്തി പ്രകീര്‍ത്തിച്ചിട്ടുണ്ട്. എങ്കില്‍ പോലും കേരള നവോത്ഥാന സംവാദങ്ങളുടെ പൊതുധാരയില്‍ ചാവറയച്ചന്റെ സംഭാവനകള്‍ വേണ്ടത്ര അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. അതുകൊണ്ടുകൂടിയാണ് യുക്തിചിന്തകര്‍ക്കും പുരോഗമന വാദികള്‍ക്കും യോജിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ടാണെങ്കിലും ചാവറയച്ചന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട അവസരത്തില്‍ മാധ്യമശ്രദ്ധ പ്രയോജനപ്പെടുത്തി അദ്ദേഹത്തിന്റെ മതേതര സംഭാവനകളെ കേരള സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ഈ ലേഖകനടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

മധ്യകാലഘട്ടത്തേയും ആധുനിക കാലഘട്ടത്തേയും വേര്‍പെടുത്തുന്ന സംക്രമണകാലമായി പൊതുവില്‍ നവോത്ഥാന കാലഘട്ടത്തെ കണക്കാക്കാവുന്നതാണ്. മാനവികത, മനുഷ്യാവകാശ സംരക്ഷണം, സര്‍വമത സമഭാവന, കാലഹരണപ്പെട്ട ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും തിരസ്‌കാരം, സ്ത്രീ പുരുഷ സമത്വം, പ്രാദേശിക ഭാഷാ വികസനം തുടങ്ങിയവയായിരുന്നു തവോത്ഥാന കാലഘട്ടത്തിന്റെ പ്രധാനപ്പെട്ട മുഖമുദ്രകള്‍. യുക്തിചിന്തയും ശാസ്ത്രബോധവും നവോത്ഥാന കാലഘട്ടത്തിന്റെ ഭാഗമാണെങ്കിലും മത പരിവേഷത്തോടെ മിക്കപ്പോഴും ആത്മീയ നേതാക്കളുടെ നേതൃത്വത്തിലാണ് നവോത്ഥാനം അരങ്ങേറിയത്. അതുകൊണ്ടുതന്നെ മത നവീകരണത്തേയും (Reformism) നവോത്ഥാനത്തേയും (Renaissance) വേര്‍തിരിച്ചു കാണുക വിഷമകരവുമാണ്. ഉള്ളടക്കത്തില്‍ മതേതര മൂല്യ സംരക്ഷണം അതേയവസരത്തില്‍ രൂപത്തില്‍ മതപരം ഇതായിരുന്നു തവോത്ഥാന പ്രസ്ഥാനങ്ങളുടെ പൊതു സ്ഥിതി. ഒരര്‍ത്ഥത്തില്‍ പില്‍ക്കാലത്ത് പ്രചാരത്തില്‍ വന്ന മതേതര ആത്മീയതയായിരുന്നു നവോത്ഥാന കാലഘട്ടത്തില്‍ മതസമുദായ നേതാക്കള്‍ പ്രചരിപ്പിച്ചതെന്നും കാണാന്‍ കഴിയും.

ചാവറയച്ചന്റെ വിദ്യാഭ്യാസ സംഭാവനകളെ ആ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വിശ്വാസത്തോടെ മാത്രമേ കാണാനാവൂ. ജോജി പറയുന്നതുപോലെ 'എല്ലാവരും പഠിച്ച് മുന്നേറുമ്പോള്‍ തങ്ങള്‍ മാത്രം പിന്നിലായിപ്പോകു ന്നതിലുള്ള ആധിമൂലമാണ്' ചാവറയച്ചന്‍ മാത്രമല്ല, മഹാത്മാ അയ്യന്‍ കാളിയും (എന്റെ സമുദായത്തില്‍ നിന്നും പത്ത് ബി എ ക്കാര്‍ ഉണ്ടാവണം) ശ്രീനാരായണഗുരുവും (ഇനി ദേവാലയങ്ങള്‍ക്കു പകരം വിദ്യാലയങ്ങള്‍ മതി) വക്കം മൗലവിയുമെല്ലാം (മുസ്ലീം കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അറബി മുന്‍ഷിമാരെ നിയമിക്കാനുള്ള ശ്രമം) സ്വസമുദായത്തില്‍ പെട്ടവരുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയത്. അതില്‍ തെറ്റൊന്നുമില്ല. ഇതിനെ കുറച്ചു കാണേണ്ടതുമില്ല.

ചാവറയച്ചനെ സംബന്ധിച്ചിടത്തോളം സ്വമതത്തിനുള്ളില്‍ അന്ന് നിലനിന്നിരുന്ന പല പ്രബല സമീപനങ്ങളേയും കേരള സമൂഹത്തില്‍ അക്കാലത്ത് മേധാവിത്വം വഹിച്ചിരുന്ന (ഇന്നും ഒരു പരിധിവരെ നിലനില്‍ക്കുന്ന) അയിത്തത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥയേയും ഒരേ സമയം തിരസ്‌കരിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടല്‍ നടത്തിയത് എന്നത് കാണാതെ പോകരുത്. കത്തോലിക്കാ സഭയില്‍ ഉദയംപേരൂര്‍ സുനഹദോസിനും കൂനന്‍കുരിശ് സത്യത്തിനും ശേഷം നടന്നുവന്നിരുന്ന ആന്തരിക സംഘര്‍ഷങ്ങളും കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് ഏറ്റുമുട്ടലുകളും സഭക്കുള്ളില്‍ തന്നെ ലത്തീന്‍ സുറിയാനി വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം കണക്കിലെടുത്തുകൊണ്ടേ ചാവറയച്ചന്റെ വിദ്യാഭ്യാസമടക്കമുള്ള മേഖലകളിലെ സംഭാവനകള്‍ വായിച്ചെടുക്കാന്‍ കഴിയൂ. അതിനിവിടെ വിശദമായ ശ്രമം നടത്തുന്നില്ല. (ഈ ലേഖകന്‍ ചാവറയച്ചനെക്കുറിച്ചെഴുതാന്‍ ശ്രമിക്കുന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്) പക്ഷേ ചിലവസ്തുതകള്‍ ഇപ്പോള്‍ ലഭ്യമായ വിവരങ്ങളില്‍ നിന്നു തന്നെ കണ്ടെത്താന്‍ കഴിയും. ഉദയംപേരൂര്‍ സുനഹദോസിനെ തിരസ്‌കരിച്ച കത്തോലിക്കരെ പോലും സുനഹദോസിന്റെ ചില നിര്‍ദ്ദേശങ്ങള്‍ സ്വാധീനിച്ചിരുന്നതായി കാണാന്‍ കഴിയും. സുനഹദോസിന്റെ ബാക്കിപത്രമായി അന്യമതസ്ഥരായ അധ്യാപകരുടെ പക്കല്‍ വിദ്യ അഭ്യസിക്കരുത്, അന്യമതസ്ഥരെ സ്വന്തം വിദ്യാലയങ്ങളില്‍ പഠിപ്പിക്കരുത് തുടങ്ങിയ ആശയങ്ങള്‍ കത്തോലിക്കരുടെ ഇടയില്‍ പ്രചരിക്ക പ്പെട്ടിരിക്കുന്നു. അതോടൊപ്പം അന്നത്തെ വിദ്യാലയങ്ങളില്‍ പലതിലും (സര്‍ക്കാര്‍ സ്‌കൂളടക്കം) ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതുകൊണ്ട് ഇംഗ്ലീഷ് പഠിച്ചാല്‍ പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് പോകും എന്ന ഭയവും കൂടിവന്നപ്പോള്‍, എന്നാല്‍ നമുക്ക് കൃഷിയും കച്ചവടവും മതിയെന്ന് കത്തോലിക്കല്‍ കരുതിയെങ്കില്‍ അത്ഭുതപ്പെടാനില്ല. അവിടെയാണ് 1846 ല്‍ മാന്നാനത്ത് ചാവറയച്ചന്‍ സ്ഥാപിച്ച സ്‌കൂള്‍ പ്രസക്തമാകുന്നത്.

അക്കാലത്തുണ്ടായിരുന്ന കുടിപ്പള്ളിക്കൂടങ്ങളിലോ ആശാന്‍ കളരികളിലോ പില്‍ക്കാലത്ത് നാട്ടുരാജാക്കന്മാര്‍ സ്ഥാപിച്ച സര്‍ക്കാര്‍ സ്‌കൂളിലോ അധഃസ്ഥിത വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. തന്റെ ഇടവകയില്‍ പെട്ട കത്തോലിക്കരെ ഉദ്ദേശിച്ചാണ് ചാവറയച്ചന്‍ മാന്നാനത്ത് സ്‌കൂള്‍ സ്ഥാപിച്ചതെങ്കിലും ആ പ്രദേശത്ത് ജീവിച്ചിരുന്ന അധഃസ്ഥിതരെ അദ്ദേഹം അവഗണിച്ചില്ല. ഇപ്പോള്‍ മാന്നാനത്തെ പള്ളി പരിസരത്ത് സൂക്ഷിച്ചിട്ടുള്ള തന്റെ വള്ളത്തില്‍ കയറി അദ്ദേഹം ആര്‍പ്പൂക്കര, മാന്നാനം പ്രദേശത്തെ പറയ, പുലയ കുടിലുകളില്‍ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവന്ന് ഉച്ചക്കഞ്ഞിയും വസ്ത്രവും പുസ്തകവും നല്‍കി പഠിപ്പിക്കാന്‍ അവസരം ഒരുക്കി. മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പില്‍ക്കാലത്ത് നടന്ന ഐതിഹാസിക സമരങ്ങളെ തുടര്‍ന്ന് 1913 ല്‍ മാത്രമാണ് അധഃസ്ഥിതര്‍ക്ക് സ്‌കൂള്‍ പ്രവേശനം ലഭിച്ച തെന്നോര്‍ക്കണം. അതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതിന് ഏതാണ്ട് ആറു പതിറ്റാണ്ട് മുമ്പ് താന്‍ സ്ഥാപിച്ച സ്‌കൂളില്‍ അന്നത്തെ കേരള സമൂഹത്തില്‍ തിരസ്‌കൃതരായവര്‍ക്ക് വിദ്യാഭ്യാസാവകാശം നല്‍കിയത് ചാവറയച്ചന്‍ നടത്തിയ അത്ഭുതപ്രവ#ത്തിയായി മാറുന്നത്. പിന്നീട് 90 വര്‍ഷങ്ങള്‍ക്കു ശേഷം 1936 ല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പാവപ്പെട്ടവര്‍ക്ക് ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് ദിവാനായിരുന്ന സി പി രാമസ്വാമി അയ്യര്‍ മഹാരാജാവിന് നല്‍കിയ കുറിപ്പില്‍ ചാവറയച്ചന്‍ ആരംഭിച്ച ഉച്ചക്കഞ്ഞി സമ്പ്രദായം മാതൃകയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിക്കണമെന്ന ആശയം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. 1864 ല്‍ പള്ളിക്കൂടം സ്ഥാപിക്കാത്ത പള്ളിയില്‍ പ്രാര്‍ത്ഥന അനുവദിക്കില്ലെന്നു നടത്തിയ പ്രഖ്യാപനത്തിലൂടെ അദ്ദേഹം താന്‍ നടത്തിയ ആത്മീയ പ്രവര്‍ത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനത്തേയും തുല്യസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.

ചാവറയച്ചന്‍ സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ പുരുഷ സമത്വത്തിനും മറ്റുമായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ വിശദീകരി ക്കുന്നില്ല. എങ്കിലും അദ്ദേഹം തന്റെ 'ഒരു നല്ല അപ്പന്റെ ചാവരുള്‍' എന്ന കൃതിയില്‍ എഴുതിയ ഒരു വാചകം ഇവിടെ ഉദ്ധരിക്കുന്നത് ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കാന്‍ ഉപകരിക്കുമെന്ന് കരുതുന്നു. 'പതിനാറ് പതിനെട്ട് വയസ് പ്രായമാകുന്ന ആണ്‍കുട്ടിയും പതിനാല് പതിനാറ് വയസാകുന്ന പെണ്‍കുട്ടിയും തങ്ങളുടെ തൊഴില്‍ എന്തായിരിക്കണമെന്ന് സ്വയം നിശ്ചയിക്കണം. വിവാഹത്തിന്റെ കാര്യത്തിലും വ്യക്തിയുടെ താത്പര്യം സ്വയം നിശചയിക്കണം' എന്നാണദ്ദേഹം ഇടവകയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ അദ്ദേഹം നടത്തി എന്ന് പറയുന്ന രോഗശാന്തി വത്തിക്കാന്‍ ഒരു കാരണമായി പരിഗണിച്ചിട്ടു ണ്ടാവാം. എന്നാല്‍ വിശുദ്ധ പ്രഖ്യാപനകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളിലോ നടത്തപ്പെടുന്ന പ്രഭാഷണങ്ങളിലോ ഇക്കാരംയം ആരും സൂചിപ്പിക്കുന്നതായി കാണുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സെക്കുലര്‍ സംഭാവനകളെ സംബന്ധിച്ച നിരവധി പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു വരികയാണ്. മനോരമ പ്രസിദ്ധീകരിച്ച എം കെ സാനുമാഷ് രചിച്ച ജീവചരിത്ര ഗ്രന്ഥവും (ജീവിതം തന്നെ സന്ദേശം വിശുദ്ധ ചാവറയുടെ ജീവിതം) ഡോ. പി കെ രാജശേഖരന്‍, ചാവറയച്ചന്‍ സ്ഥാപിച്ച പ്രസ്സിനെപ്പറ്റിയും (വാഴത്തട വിപ്ലവം: ചാവറയച്ചനും കേരളീയ മുദ്രണ പാരമ്പര്യവും) മലയാള ഭാഷക്ക് നല്‍കിയ സംഭാവനകളെപ്പറ്റിയും ( നാടന്‍ ശീലിന്റെ മൊഴിച്ചന്തം) എഴുതിയ ലേഖനങ്ങലും ചില ഉദാഹരണങ്ങള്‍ മാത്രം.


ഡോ.ബി ഇക്ബാല്‍ 
ഈ ലേഖകന്‍ സമീപകാലത്ത് മാന്നാനം പള്ളിയങ്കണത്തില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തിലും ചങ്ങനാശേരി അതിരൂപതയുടെ വിദ്യാനികേതന്‍ സാംസ്‌കാരിക വേദി അസംഷന്‍ കോളേജില്‍ സംഘടിപ്പിച്ച സെമിനാറിലും, കോട്ടയത്തെ ദര്‍ശന സാംസ്‌കാരിക കേന്ദ്രം നടത്തിയ സമ്മേളനത്തിലും ചാവറയച്ചന്റെ മതേതര സംഭാവനകളെപ്പറ്റി നടത്തിയ പ്രഭാഷണങ്ങള്‍ കത്തോലിക്കാ മതവിശ്വാസികള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും ചാവറയച്ചന്‍ കേരള പൊതു സമൂഹത്തിനു നല്‍കിയ സംഭാവനകളെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ നമ്മുടെ മതേതര സുഹൃത്തുക്കളില്‍ പലരും ചാവറയച്ചന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും സഹിഷ്ണുതയോടെ പഠിക്കാന്‍ ശ്രമിക്കാതെ 'അത്ഭുത പ്രവൃത്തി'യേയും മറ്റും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അമൂല്യ സംഭാവനകളെ ഇകഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ശ്രീനാരായണഗുരു പ്രചരിപ്പിച്ച് 'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്' എല്ലാവരും ശ്രമിക്കേണ്ടതെന്ന നവോത്ഥാനമൂല്യത്തെ തിരസ്‌കരിക്കുന്നതിന്റെ മറ്റൊരുദാഹരണമായിട്ടാണ് ഞാനിതിനെ കാണുന്നത്.

കടപ്പാട്: 'ഓറ' മാസിക 2015 ഫെബ്രുവരി ലക്കം. ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ നിന്നും.