"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 17, ചൊവ്വാഴ്ച

ചിറ്റേടത്തു ശങ്കുപിളള –- വൈക്കം സത്യാഗ്രഹത്തിലെ രക്തസാക്ഷി - ഒര്‍ണ കൃഷ്ണന്‍കുട്ടി


നവതി ആഘോഷങ്ങളുടെ സമാപ്തിയില്‍ ഒരു സമരഭടനും കൂടി

1924 ല്‍ നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ നവതി ആഘോഷങ്ങള്‍ മാര്‍ച്ച് 30 ന് അവസാനിക്കുകയാണല്ലോ. ഇനി പത്തുവര്‍ഷം തികയുമ്പോള്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദിയും. ഈ 90 സംവത്സരങ്ങള്‍ക്കിടയില്‍ എത്രയോ സംഭവവികാസങ്ങള്‍ സത്യാഗഹത്തെക്കുറിച്ച് നാം അറിഞ്ഞു കഴിഞ്ഞു. 

ഇതിനകംതന്നെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റ നിരവധി സമരഭടന്മാരെ കണ്ടെത്തി ചെറുതായിട്ടാണെങ്കിലും ചില അംഗീകാരങ്ങള്‍ നല്‍കി. കണ്ണില്‍ ചുണ്ണാമ്പെഴുതി കാഴ്ച നഷ്ടപ്പെട്ട രാമന്‍ ഇളയതിന്റെ ഇളയ മകള്‍ സാവിത്രി, മറ്റൊരു, ചുണ്ണാമ്പെഴുതി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട 
ആമചാടി തേവന്റെ മകന്‍ പ്രഭാകരന്‍, മന്നത്ത് പത്മനാഭന്‍, ടി. കെ. മാധവന്‍, അയ്യന്‍കാളി എന്നിവരുടെ തലമുറയില്‍പ്പെട്ടവര്‍, ഇവരെയെല്ലാം കാലാകാല ങ്ങളില്‍ നടന്ന വിവിധ ആഘോഷ കമ്മിറ്റികള്‍ ആദരിക്കുക യുണ്ടായി. സത്യാഗ്രഹ സമരത്തെ പുറകില്‍നിന്നും പരാജയപ്പെടുത്തു വാന്‍ ശ്രമിച്ച വര്‍ഗ്ഗവഞ്ചകരെയും, മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരേയും നമുക്ക് കണ്ടെത്തുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 

വൈക്കത്തെ പൊതുനിരത്തില്‍ കൂടിയുളള സഞ്ചാര സ്വാതന്ത്ര്യ ത്തിനായി പടയൊരുക്കം നടത്താന്‍ മുന്‍പന്തിയില്‍ വന്ന മലബാറിന്റെ മഹാനായ നേതാവ് കെ. പി. കേശവ മേനോന്റെ 'കഴിഞ്ഞ കാലം' ത്തില്‍ ചൂണ്ടി ക്കാണിക്കുന്ന, ഉത്തരേന്ത്യയില്‍ ചെന്ന് മഹാത്മാഗാന്ധിയെ വൈക്കം സമരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ തിരുവിതാംകൂറില്‍ നിന്ന് പോയ സവര്‍ണ്ണരായ ശിവരാമയ്യര്‍, വാഞ്ചീശ്വര അയ്യര്‍ എന്നീ രണ്ടു സവര്‍ണ്ണരെ പറഞ്ഞുവിട്ട സമരവിരുദ്ധരാരെന്ന് കാലം ഇനിയും കണ്ടെത്തിയിട്ടില്ല. കേരളത്തിലെ അയിത്ത ജനവിഭാഗങ്ങള്‍ നടത്തിയ സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രങ്ങളും അതില്‍ കൊലചെയ്യപ്പെട്ടവരും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരും ആരെല്ലാമാണെന്നു കണ്ടെത്താനുളള ചുമതല ചരിത്രകാരന്മാര്‍ക്ക് വിടുന്നു. 


വൈക്കം സത്യാഗ്രഹ ചരിത്രത്തില്‍ പങ്കെടുത്ത സമരാംഗ ങ്ങള്‍ക്ക് മാത്രമല്ല മര്‍ദ്ദനങ്ങള്‍ ഏറ്റത്; അതിന് നേതൃത്വം നല്‍കിയവര്‍ക്കും മര്‍ദ്ദനമേറ്റു. സത്യാഗ്രഹത്തിനെതിരെ സവര്‍ണ്ണര്‍ നടത്തിയ ഗൂഢാലോച നയുടെ നിഗൂഢത കളാണ് അത് തെളിയിക്കുന്നത്. ആ നേതൃത്വനിരയില്‍ വന്ന ധീരനായ വാളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു ചിറ്റേടത്തു ശങ്കുപിളള. ഗാന്ധിമാര്‍ഗ്ഗം സ്വീകരിച്ചതിന്റെ ഫലമായി സ്വയം രക്തസാക്ഷിയായ അദ്ദേഹത്തെ കഴിഞ്ഞ തൊണ്ണൂറു വര്‍ഷമായിട്ടും വൈക്കം സത്യാഗ്രഹ ത്തിന്റെ ചരിത്രത്തിലേക്ക് നാം ഉയര്‍ത്തി കൊണ്ടുവന്നില്ല. വിപ്ലവത്തിന്റെ പടങ്ങള്‍ സ്വയം പൊഴിച്ചുകളഞ്ഞ് അവര്‍ണ്ണ വിഭാഗങ്ങളുടെ ആത്മമിത്രമായി മാറിയ ചിറ്റേടത്തു ശങ്കുപിളള. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച സമരയോദ്ധാവായിരുന്നു ചിറ്റേടത്തു ശങ്കുപിളള. കേരളത്തിലെ ദളിതരുടെ ക്ഷേത്രപ്രവേശനമടക്കമുളള സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ച രണ്ടു ശങ്കുപിളള മാരാണ് ചിറ്റേടത്തു ശങ്കുപിളളയും, കുമ്പളത്തു ശങ്കുപിളളയും. തിരുവിതാംകൂറില്‍ പുലയരടക്കമുളള ജാതി സമൂഹത്തിന് വേണ്ടി ഇവര്‍ ചെയ്ത ത്യാഗങ്ങള്‍ ഒട്ടനവധിയാണ്. കുമ്പളത്ത് ശങ്കുപിളളയെക്കുറിച്ച് അദ്ദേഹം തന്നെ തന്റെ ജീവചരിത്രത്തില്‍ കൂടി നമ്മെ പരിചയപ്പെടു ത്തുണ്ടുണ്ട്. എന്നാല്‍ ചിറ്റേടത്ത് ശങ്കുപിളളയെക്കുറിച്ച് വ്യക്തമായ ഒരു ജീവിത മോണോഗ്രാഫ് നമുക്ക് ലഭിക്കാതെപോയി. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ സംഭവ വികാസങ്ങള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒന്നാം നമ്പര്‍ നേതാവ് അദ്ദേഹമായിരുന്നേനെ. എങ്കിലും അതിന്റെ ഒരു വിടവ് നികത്തുന്നതിന് തെളളിയൂര്‍ ഗോപാലകൃഷ്ണന്‍ രചിച്ച 'ചിറ്റേടത്തു ശങ്കുപിളള' എന്ന ചരിത്ര പുസ്തകം നമുക്കൊരു വഴികാട്ടി യായി മുന്നിലുണ്ട്. ശ്രീ.തെളളിയൂര്‍ ചിറ്റേടത്തിനെക്കുറിച്ച് ലഭിക്കാവുന്ന ഒട്ടുമിക്ക ചരിത്ര സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടു ത്തിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപിളളയിലേക്ക് വരാം. 

മദ്ധ്യതിരുവിതാംകൂറിലെ കോഴഞ്ചേരിക്കു സമീപമുളള മേലുങ്കര ഗ്രാമത്തില്‍ അമ്പലപ്പാട്ടു രായിങ്ങന്‍ ശങ്കരനാശാന്റെയും ചിറ്റേടത്തു പാര്‍വ്വതി അമ്മയുടെയും മകനായി ക്രി.വ. 1887 ല്‍ ശങ്കുപിളള ജനിച്ചു. ചിറ്റേടത്ത് തറവാട്ടുകാര്‍ ആ പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമകളും കൊല്ലിനും, കൊലക്കും അധികാരമുളളവരുമായിരുന്നു. അദ്ദേഹം ഒരു ധിക്കാരിയും അല്പം ചട്ടമ്പിത്തരം ഉളള വ്യക്തിയായിരുന്നു. സഞ്ചരിക്കു മ്പോള്‍ ഒരു കഠാരയും സദാ കൈയ്യില്‍ കരുതിയിരുന്ന ചിറ്റേടത്ത് ശങ്കുപിളള ആരേയും വകവയ്ക്കാത്ത പ്രാകൃതക്കാരനായിരുന്നു. തിരുവിതാംകൂറിലെ നായര്‍ സംഘടനകള്‍ ഉയര്‍ന്നുവന്നത് ചിറ്റേടത്തിന്റെ തറവാട്ടുമുറ്റ ത്തായിരുന്നു. സമുദായ പ്രവര്‍ത്തനങ്ങളില്‍നിന്നും യുവാവായ ശങ്കുപിളള ക്രമേണ ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. അതുവഴി ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍ ചേര്‍ന്നു. ഗാന്ധ്യാശ്രമത്തില്‍ കേരളത്തില്‍ നിന്നുളള ആദ്യത്തെ അംഗവും അദ്ദേഹമാണ്. 


സബര്‍മതി ആശ്രമത്തില്‍ നിന്നും തിരിച്ചുപോന്ന അദ്ദേഹം പിന്നീടുളള സമയങ്ങളില്‍ ഗാന്ധിമാര്‍ഗ്ഗം പ്രചിരിപ്പിക്കുന്ന തില്‍ വ്യാപൃതനായി. ഈ സന്ദര്‍ഭത്താനിലാണ് വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. 1923 ഡിസംബറില്‍ ആന്ധ്രയിലെ കാക്കനാഡയില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ കേരളത്തില്‍നിന്നും കെ.പി.കേശവമേനോന്‍, ടി.കെ. മാധവന്‍, കെ.എം.പണിക്കര്‍ എന്നിവരോടൊപ്പം ചിറ്റേടത്ത് ശങ്കു പിളളയും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന മൗലാന മുഹമ്മദലിയെ കൊണ്ട് ഇന്‍ഡ്യയിലെ അയിത്ത ജാതിക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തി ക്കുന്നതിന് കോണ്‍ഗ്രസ്സിനെക്കൊണ്ട് തീരുമാനം എടുപ്പിച്ചു കൊണ്ടാണ് അവര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചെത്തിയ അവര്‍ 1924 ജനു. 4 ന് കൊച്ചിയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ യോഗം ചേരുകയും അയിത്താചരണത്തിനെതിരെ ഒരു പ്രചരണ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. പര്യടന കമ്മിറ്റിയുടെ നേതാക്കള്‍ കെ. പി. കേശവമേനോന്‍, എ.കെ.പിളള, ഹസ്സന്‍കോയ മുല്ല, കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു. പര്യടന പരിപാടി അനുസരിച്ച് സംഘം വൈക്കത്ത് എത്തി. അപ്പോഴാണ് അറിയുന്നത് വൈക്കം ക്ഷേത്രത്തിന്റെ പുറമേയുളള പൊതുവഴിയില്‍കൂടി ഈഴവരടക്കമുളള താഴ്ന്ന ജാതിക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ സാധ്യമല്ല എന്ന വിവരം. ഈ വിഷയമാണ് വൈക്കം സത്യാഗ്രഹമായി മാറിയത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ വൈക്കവും, ഗുരുവായൂരും, തളിയും എല്ലാം സവര്‍ണ്ണ ഹിന്ദു ട്രസ്റ്റിമാരുടെ ഉടമസ്ഥതയിലായിരുന്നുവല്ലോ. വൈക്കം ക്ഷേത്രം ഇണ്ടന്‍തുരുത്തി മനയുടെ അധീനതയിലും ഉടമസ്ഥതയിലും ആയിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായി 1924 ഏപ്രില്‍ 1 ന് സമരം തുടങ്ങി. 1924 ല്‍ കൊല്ലത്ത് സമ്മേളിച്ച അയിത്തോച്ചാടന സമിതിയാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്. പഠന കാലത്തുതന്നെ കെ. രാമകൃഷ്ണ പിളള, മൂലൂര്‍ പത്മനാഭപണിക്കര്‍ തുടങ്ങിയവരുമായി ചിറ്റേടത്ത് ശങ്കുപിളളക്ക് നല്ല അടുപ്പമുണ്ടായിരുന്നു. സമരത്തിന്റെ സംഘാടക സമിതിയിലുണ്ടായിരുന്ന ടി.കെ. മാധവനാണ് ചിറ്റേടത്ത് ശങ്കുപിളളയെ വൈക്കം സത്യാഗ്രഹ ത്തിലേക്ക് ക്ഷണിച്ചത്. കെ. കേളപ്പന്‍, മന്നത്തു പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിളള, സി.കെ. കുഞ്ഞുകൃഷ്ണന്‍ തുടങ്ങിയവരും വളരെ ആവേശ ത്തോടെയാണ് വൈക്കം സത്യാഗ്രഹത്തിലേക്ക് സ്വാഗതം ചെയ്തത്. ശങ്കുപിളള തന്റെ ആത്മമിത്രങ്ങളായ അന്നത്തെ പ്രമുഖ വാഗ്മിയായ കെ. കുമാര്‍ജി, സി.എം.നൈനാന്‍, കോട്ടുകുന്നേല്‍ നീല കണ്ഠന്‍ എന്നിവരേയും സമരത്തില്‍ പങ്കാളിയാക്കി. സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റനും, ഫുഡ് കമ്മറ്റിയുടെ ചുമതലക്കാരനും ചിറ്റേടത്ത് ശങ്കുപിളളയില്‍ നിക്ഷിപ്തമായി. ഓരോ ദിവസവും ചിട്ടയായ പ്രവര്‍ത്തന ങ്ങളുമായി സമരം മുന്നോട്ടുപോയി. ഭക്ഷണ ശാലയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും തന്നെ ചിറ്റേടത്ത് കുടുംബത്തില്‍ നിന്നുമാണ് എത്തിച്ചു കൊണ്ടുവന്നിരുന്നത്.

സത്യാഗ്രഹം അവസാനമവസാനം നിരാഹാര സമരമായി. സമരഭടന്‍മാര്‍ പലരും ബോധരഹിതരായി. ചിറ്റേടത്ത് ശങ്കുപിളള അവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചു. സത്യാഗ്രഹ ത്തിന്റെ ആദ്യദിവസം കുഞ്ഞാപ്പി എന്ന പുലയനെ സമരഭടനാക്കി കൊണ്ടുവന്നെങ്കിലും തുടര്‍ന്നുളള സമരങ്ങള്‍ക്ക് പുലയ സമരഭടന്മാരെ കിട്ടാതെ വന്നു. ഈ സന്ദര്‍ഭത്തിലാണ് പെരുമ്പളത്തുനിന്നും വന്ന് പൂത്തോട്ടയിലെ ആമയാടി തുരുത്തില്‍ താമസമാക്കിയ തേവനെ ടി.കെ.മാധവന്‍ ചെന്നുകണ്ട് സമരത്തിലേക്ക് ക്ഷണിച്ചത്. തേവന്‍ അതിനകം തന്നെ ക്ഷേത്ര പ്രവേശന സമരങ്ങളില്‍ പങ്കെടുത്ത് മര്‍ദ്ദനങ്ങള്‍ ഏറ്റുവാ ങ്ങിയിരുന്നു. അക്കാലത്ത് ദളിത് സമുദായത്തിനിടയില്‍ മറ്റെല്ലാ നേതാക്കന്മാരെക്കാളും വളരെ സ്വാധീനമുണ്ടായിരുന്ന ശങ്കുപിളള കോഴഞ്ചേരി കുറിയന്നൂരില്‍ നിന്നും അഴകാനന്ദ സ്വാമികള്‍, ആറന്മുളയിലെ കുറുമ്പന്‍ ദൈവത്താന്‍, അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘം നേതാവ്, വെളളിക്കര ചോതി എന്നിവരുടെ സഹായത്തോടെ ഒട്ടേറെ പുലയ യുവാക്കളെ സമരമുഖത്ത് അണിനിരത്തി. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ശങ്കുപിളളയെ പോലെ തന്നെ വൈക്കം സത്യാഗ്രഹചരിത്രത്തില്‍ പുലയ സമരഭടന്മാരും ഉള്‍പ്പെടാതെ പോയി. വാഴമന കാളി, എന്‍. സി. തണങ്ങാടന്‍ ഇവരെല്ലാം സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചവരായിരുന്നു. അക്കാലത്ത് പുലയയുവാക്കളെ അണിനിരത്താന്‍ ചിറ്റേടത്തിന് കഴിയുമായിരുന്നു. അദ്ദേഹം പുലയരോടും അവരുടെ അടിസ്ഥാന വിഷയങ്ങളിലും തത്പ്പരനാണ്. എന്നും അവരോട് കൂറും സ്‌നേഹവും പുലര്‍ത്തിപ്പോന്ന വ്യക്തിയുമായിരുന്നു. ആദ്യദിവസം സമരത്തില്‍ പങ്കെടുത്ത വെന്നിയില്‍ ഗോവിന്ദപണിക്കര്‍ ശങ്കുപിളളയുടെ ഉറ്റമിത്രമായിരുന്നു. സമരഭടന്മാരുടെ കാര്യത്തില്‍ വളരെ ശ്രദ്ധയും ഓരോ ദിവസം നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ക്രോഡീകരിക്കണമെന്നും ശങ്കുപിളളക്ക് നല്ല നിശ്ചയമായിരുന്നു. അന്ന് തിരുവിതാംകൂറിലൊന്നും ഒരു കേഡര്‍ പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. എന്നിട്ടും പട്ടാള ചിട്ടയിലുളള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വച്ചത്. ശങ്കുപിളളയുടെ പ്രവര്‍ത്തനം ഇണ്ടം തുരുത്തി മനക്കാരുടെ മുഖ്യശത്രുതക്ക് കാരണമായി. ഇത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയായി. 1924 ഒക്‌ടോബറിലാണ് ശങ്കുപിളള ഇണ്ടന്‍തുരുത്തി മനക്കാരുടെ ഗുണ്ടകളുടെ പിടിയില്‍പ്പെടുന്നത്. സത്യാഗ്രഹ ക്യാമ്പില്‍ നിന്നും പുറത്തുപോയ ശേഷം മടങ്ങുമ്പോഴായിരുന്നു ഗുണ്ടകളുടെ ആക്രമണം. പഴയ ഊര്‍ജ്ജവും തന്റേടവും ശങ്കുപിളളയില്‍നിന്നും പമ്പ കടന്നിരുന്നു. അതുകൊണ്ട് മര്‍ദ്ദനങ്ങള്‍ക്ക് ചിറ്റേടത്ത് നിന്നുകൊടുക്കുക യായിരുന്നുവെന്നുവേണം കരുതാന്‍. അരയില്‍ കഠാരയും തിരുകി സദാ സഞ്ചരിച്ചിരുന്ന ആ വ്യക്തിയെ ഗാന്ധി ആദര്‍ശങ്ങള്‍ നിര്‍ജ്ജീവമാക്കി കളഞ്ഞിരുന്നു. ഗാന്ധിമാര്‍ഗ്ഗം അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടാനേ ഉപകരിച്ചുളളൂ. മര്‍ദ്ദനം ഏറ്റ ശങ്കുപിളള ആധുനീക ചികിത്സാ സമ്പ്രദായ ങ്ങള്‍ക്കൊന്നും വഴങ്ങികൊടുത്തില്ല. അദ്ദേഹം ഗാന്ധിയുടെ പ്രകൃതി ചികിത്സയെയാണ് അഭയം പ്രാപിച്ചത്. ഇത് അദ്ദേഹത്തിന്റെ അകാലചരമത്തിന് ഇടവരുത്തി. 1100 വൃശ്ചികം 28 ന് വളരെ ചെറുപ്പത്തില്‍ തന്നെ ആ മനുഷ്യസ്‌നേഹി നമ്മുടെ രാജ്യത്തോട് വിടവാങ്ങി. 

വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത കൂത്താട്ടുകുളം കീഴേറ്റില്ലത്ത് രാമന്‍ ഇളയതിന്റെ കണ്ണില്‍ ചുണ്ണാമ്പെഴുതിയ ഇണ്ടന്‍തുരുത്തി മനയിലെ ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് ചിറ്റേടത്തിനെയും അപായപ്പെടു ത്താന്‍ ഗുണ്ടകളെ ഏര്‍പ്പാടു ചെയ്തത്. ചിറ്റേടത്തിനെപ്പോലെ ഒരു സവര്‍ണ്ണന്‍ സമരം ഏറ്റെടുത്തത് ഇണ്ടന്‍ തുരുത്തിക്കാരെ അസ്വസ്ഥരാ ക്കിയിട്ടായിരിക്കാം. വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ ഇണ്ടംതുരുത്തി മനക്ക് ഇരുനൂറു വര്‍ഷമെങ്കിലും പഴക്കമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട് ജാതി വ്യവസ്ഥയുടെ ഏറ്റവും ബീഭത്സമായ മുഖം കാണപ്പെട്ടതും വൈക്കത്തായിരുന്നു. തിരുവിതാം കൂറിലെ രാജാക്കന്മാര്‍ നേരിട്ടു ഭരിച്ചിരുന്ന ശ്രീപത്മനാഭ ക്ഷേത്രത്തില്‍ പോലും ഇത്തരം ഒരു തീണ്ടലാചാരം നിലനിന്നിരുന്നില്ല. വൈക്കം സത്യാഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും ഇണ്ടംതുരുത്തിക്കാരുടെ ഗുണ്ടകള്‍ എന്തുകൊണ്ട് ചിറ്റേടത്തു ശങ്കുപിളളയെമാത്രം തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്ന് ഇന്നും അജ്ഞാതമായി തുടരുകയാണ്. അദ്ദേഹം പുലയരടക്കമുളള അയിത്തജന വിഭാഗത്തിന്റെ വിമോചകനും വേണ്ടപ്പെട്ടവനും ആയിരുന്നു. അദ്ദേഹത്തിന്റെ തറവാട്ടില്‍ ഒരു ക്ഷേത്രം പണിത് ഒരു പുലയനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ചിറ്റേടത്തു ശങ്കുപിളള ഇടപെടുന്നതോടു കൂടിയാണ് വൈക്കം സത്യാഗ്രഹത്തിന് ഒരു അലകും പിടിയും ഉണ്ടാകുന്നത്. ഇത് ഇണ്ടംതുരുത്തി മനക്കാരുടെ ഉറക്കം കെടുത്തി. അയിത്തജാതിക്കാരുടെ ഭാഗം നിന്നതിനാണ് ചിറ്റേടത്തു ശങ്കുപിളളയില്‍ മാത്രം ഇത്ര വൈരാഗ്യം ഉണ്ടാകാന്‍ അവരെ പ്രേരിപ്പിച്ചത്. രാമന്‍ ഇളയതിന്റെയും ആമയാടി തേവന്റെയും കണ്ണില്‍ ചുണ്ണാമ്പ് കലക്കി ഒഴിച്ചെങ്കിലും അവരെ ഇല്ലായ്മ ചെയ്യുന്നതിന് ഇണ്ടം തുരുത്തിമനക്കാരും അവരുടെ ഗുണ്ടകളും തയ്യാറായില്ല. പിന്നീട് ചിറ്റേടത്തിനോട് ചെയ്ത ക്രൂരതക്ക് കാലം അവരോട് പകരം തീര്‍ത്തു. ഇന്ന് ആ മനയും മനക്കാരും എവിടെയാണെന്നു പോലും ആര്‍ക്കും അറിയില്ല. മന കളളക്കച്ചവടക്കാരുടെ സംഘടനാ ഓഫീസാ ണെന്നുമാത്രം അറിയാം. 

ചിറ്റേടത്തു ശങ്കുപിളളക്ക് രണ്ടു ഭാര്യമാരായിരുന്നു, ആദ്യഭാര്യ കുന്നത്തേത്ത് നാരായണിയമ്മ. അതിലൊരു മകന്‍ രാമകൃഷ്ണപിളള. നാരായണി അമ്മ മരിച്ചതിനെ തുടര്‍ന്ന് മേലുങ്കര തോട്ടത്തില്‍ ലക്ഷ്മി അമ്മയെ വിവാഹം കഴിച്ചു. അവര്‍ക്ക് ജനിച്ച മകനാണ് സി.എസ്.പി. നായര്‍ എന്ന പ്രഭാകരന്‍. ചിറ്റേടത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ കുടുംബജീവിതം പോലും വേര്‍പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നാണ് തെളളിയൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിട്ടുളളത്. തൊണ്ണൂറ്റൊ മ്പതിലെ വെളളപ്പൊക്കം എന്ന് പഴമക്കാര്‍ പറയുന്ന മഹാപേമാരി പെയ്യുമ്പോള്‍ ചിറ്റേടത്തു ശങ്കുപിളള സത്യാഗ്രഹ പന്തലിലായിരുന്നു. വെളളപ്പൊക്ക ത്തിന്റെ രൂക്ഷത മനസ്സിലാക്കി തന്റെ തറവാട്ടില്‍ വന്നു നോക്കിയപ്പോള്‍ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠ മുറ്റത്തുകൂടി ഒഴുകി നടക്കുന്ന കാഴ്ചയാണ് അദ്ദേഹത്തിന് കാണാന്‍ സാധിച്ചത്. ഈ പേമാരിയില്‍ വീടും വളര്‍ത്തു മൃഗങ്ങളും നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് ഒട്ടേളെ സഹായവും രക്ഷാപ്രവര്‍ത്തനവും നടത്തുക യുണ്ടായി. ഇതെല്ലാം ആ കര്‍മ്മയോഗിയും, വിപ്ലവകാരിയുമായ ചിറ്റേടത്തിന് ലഭിച്ചത് ഗാന്ധിജിയില്‍ നിന്നായിരിക്കണം. ഗാന്ധിമാര്‍ഗ്ഗം സ്വീകരിച്ച ആദ്യ കേരളീയനും ചിറ്റേടത്തു ശങ്കുപിളളയാണ്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്, അയിത്തോച്ചാടനം, നൂല്‍നൂല്‍പ്പ്, അഹിംസാ സിദ്ധാന്തം എല്ലാം സ്വന്തം ജീവിതത്തില്‍ പ്രയോഗ വല്‍ക്കരിച്ചു. അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചത് ഒരു പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തമായിരിക്കാം എന്നു കരുതുന്നതില്‍ തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. ഇത്തരം മനുഷ്യ സ്‌നേഹികളെ കണ്ടെത്തി രാജ്യത്തിന് പരിചയപ്പെടുത്താന്‍ വൈക്കം സത്യാഗ്രഹ നവതി പോലുളള ആചരണങ്ങള്‍ മറന്നുപോകുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഇനി സത്യാഗ്രഹത്തിന്റെ ശതാബ്ദിയിലെങ്കിലും ചിറ്റേട ത്തു ശങ്കുപിളളയെ കൂടുതല്‍ അറിയുന്നതിന് അതിന് നേതൃത്വം വഹിക്കു ന്നവര്‍ തയ്യാറാകുമെന്ന് നമുക്ക് ആശിക്കാം.

ഒര്‍ണ കൃഷ്ണന്‍കുട്ടി
പെരുമ്പാവൂര്‍ – 683 556
Mob : 8281456773
E-mail : ornakrishnankutty@gmail.com