"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 18, ബുധനാഴ്‌ച

പാച്ചല്ലൂര്‍ പതികം: മലയാളത്തിലെ ആദ്യകാല ജാതിവിരുദ്ധ കാവ്യം - പാച്ചല്ലൂര്‍ പി ദേവരാജന്‍


പുസ്തകം: പാച്ചല്ലൂര്‍ പതികം. മലയാളത്തിലെ ആദ്യകാല ജാതിവിരുദ്ധ കാവ്യം.
പ്രസാധകര്‍: സൈന്‍ ബുക്‌സ്, തിരുവനന്തപുരം.
e-mail: signbooks@gmail.com
വില: 80 രൂപ.

സതി അനുഷ്ഠിക്കുന്നതില്‍ നിന്ന് അമ്മയെ വിലക്കിയ ബ്രാഹ്മണയുവാവ്, പറയ യുവതിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം, തന്റെ കുടില്‍ കത്തിക്കുന്ന ബ്രാഹ്മണരെ ആത്മജാജ്ഞാനം കൊണ്ട് നിഷ്പ്രഭമാക്കുന്ന അവര്‍ണ യുവതി. ഈ കഥയുടെ പശ്ചാത്തലത്തില്‍ 14 ആം നൂറ്റാണ്ടില്‍ തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരില്‍ ജീവിച്ചിരുന്ന ആത്മജ്ഞാനിയും കവിയുമായിരുന്ന ശിവയോഗി രചിച്ചതാണ് 'പാച്ചല്ലൂര്‍ പതികം' അഥവാ 'തിരുവല്ലം പതികം' എന്നു കരുതപ്പെടുന്നു.

(പുസ്തകത്തിന് ഗ്രന്ഥകാരന്‍ കൊടുത്തിട്ടുള്ള ആമുഖത്തില്‍ നിന്നും)

എന്റെ നാടായ പാച്ചല്ലൂരിലും സമീപ പ്രദേശങ്ങളിലും കൃഷി, നെയ്ത്, കയര്‍പിരി എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരും കെട്ടുതോണി തുഴഞ്ഞിരുന്നവരും അരനൂറ്റാണ്ടു മുമ്പ് വരെ പാച്ചല്ലൂര്‍ പതികം പാടി രസിച്ചിരുന്നതായി അറിയാം. അവര്‍ക്ക് കാണാപാഠമായിരുന്നു ഈപതികം. ഇത് ജാതിക്കെതിരായ പാട്ടാണന്നും നൂണ്ടാണ്ടുകള്‍ക്ക് മുമ്പ് പാച്ചല്ലൂരില്‍ ജീവിച്ചിരുന്ന ഒരു മഹായോഗി രചിച്ചതാണെ ന്നുമാണ് അവരുടെ വിശ്വാസം. ആ വിശ്വാസം ഇവിടെ പരമ്പരാഗതമായി നിലനിന്നു പോരുന്നതിനാല്‍ അത് അടിസ്ഥാനമില്ലാത്തതല്ലെന്ന് ഉറപ്പിക്കുന്നതുചിതമാണ്.

മഹാകവി കുമാരനാശാന്‍രെ 'ദുരവസ്ഥ'യും 'ചണ്ഡാലഭിക്ഷുകി'യും 'സ്വാതന്ത്യഗാഥ' യുമൊക്കെ കോളേജ് ക്ലാസുകളില്‍ പഠിപ്പിച്ച സന്ദര്‍ഭങ്ങളില്‍ സന്ദിതമനുഷ്യത്വത്തിന്റെ മോചനത്തിന് അനിവാര്യം ജാതിനിരാസമാണെന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചിരുന്നു. അതോടെ ശ്രദ്ധ പാച്ചല്ലൂര്‍ പതികത്തിലേക്കു തിരിഞ്ഞു. പതികത്തിന്റെ ഒരു പകര്‍പ്പ് സ്വന്തമാക്കാനുള്ള അന്വേഷണമായി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആ ആഗ്രഹം സഫലമായി.

പാച്ചല്ലൂര്‍ പതികത്തിന്റെ നിറം മങ്ങി പൊടിഞ്ഞു തുടങ്ങിയ ഒരു പ്രതി നിറഞ്ഞ സ്‌നേഹത്തോടെ എനിക്ക് സമ്മാനിച്ചത് പാച്ചല്ലൂര്‍ ബാഹുലേയന്‍ വൈദ്യര്‍ അവര്‍കളാണ്. അദ്ദേഹം ഇന്ന് നമുക്ക് ഓര്‍മ്മയായിരിക്കുന്നു. ജാതിവിരുദ്ധമായ ഈ ജ്ഞാനകാവ്യത്തിനൊരു സമ്പൂര്‍ണ വ്യാഖ്യാന മുണ്ടാകണമെന്ന വൈദ്യരുടെ അഭിലാഷവും ഉപദേശവുമാണ് പാച്ചല്ലൂര്‍ പതികത്തിന്റെ പഠനത്തിന് എനിക്ക് പ്രേരണയും പ്രചോദനവുമായത്.

ജാതിക്കെതിരേ നിരന്തരം പോരാടിയിരുന്ന ബാലാദണ്ഡായുധപാണി സ്വാമികള്‍ എന്നെ സാധുപ്രസാധനം ചെയ്ത്, ക്ഷേത്രപ്രവേശന വിളംബരദിനമായ 1936 നവംബര്‍ 12 (1112 തുലാം 27) ന് തിരുവനന്തപുരത്തും തെക്കന്‍ പ്രദേശങ്ങളിലും വിതരണം ചെയ്തതില്‍ ഒരു പതികമാണ് എനിക്ക് ലഭിച്ചത്. നൂറ്റാണ്ടുകളായി ഇവിടെ ഓലകളിലും വായ്ത്താരികളിലും നീണ്ടൊഴുകിയിരുന്ന പതികം വെണ്‍താളുകളില്‍ മഷിപുരണ്ട് നവരൂപമാര്‍ന്നത് 1936 ലാണ്. ഇതില്‍ 11 പാട്ടാണുള്ളത്. ഇവ ഹൃദിസ്ഥമാക്കിയിരുന്ന ശ്രീ തക്കല വേലുപ്പിള്ളയാശാന്‍, സ്വാമികള്‍ക്ക് എഴുതിക്കൊടുത്തതാണ് പ്രസാധന വിധേയമായ പതികമെന്ന് മുഖവുരയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അന്ന് കുഴിത്തുറയും, മാര്‍ത്താണ്ഡവും, തക്കലയും ഉള്‍പ്പെടുന്ന കന്യാകുമാരി ജില്ല തിരുവിതാംകൂറി ലായിരുന്നുവല്ലോ. തിരുവല്ലത്തും പാച്ചല്ലൂരിലും പരിസര പ്രദേശങ്ങളിലും പഴയ തലമുറ പാടിയിരുന്നതും 11 പാട്ടാണ്.

പി ദേവരാജന്‍ 
പതികത്തിന്റെ 11 ആം പാട്ടിലെത്തുമ്പോള്‍ അത് അപൂര്‍ണതയോടെ അവസാനിക്കുന്നതു പോലെ തോന്നി. ഇനി ഒരു പാട്ടെങ്കിലും ഇതോടൊപ്പം ഉണ്ടാകുമെന്നും അതായിരിക്കും പാച്ചല്ലൂര്‍ പതികത്തിന്റെ അവസാന ഭാഗമെന്നുമുള്ള ഒരു നിഗമനം മനസ്സിലുണ്ടായി. അത് ശക്തമായതോടെ വീണ്ടും അന്വേഷണമായി. പാച്ചല്ലൂര്‍ പതികത്തിന്റെ കൃത്യമായ രൂപം പ്രസിദ്ധ തമിഴ് പണ്ഡിതനും കേരള യൂണിവേഴ്‌സിറ്റി തമിഴ് വിഭാഗം തലവനുമായിരുന്ന ഡോ. എം ഇളയ പെരുമാളിന്റെ ഗ്രന്ഥശേഖരത്തില്‍ ഉണ്ടെന്നറിഞ്ഞു. അദ്ദേഹത്തെക്കണ്ട് എന്റെ ആവശ്യം അറിയിച്ച പ്പോള്‍ അദ്ദേഹം എഴുതി സൂക്ഷിച്ചിരുന്ന പതികം സന്തോഷ ത്തോടെ എനിക്ക് നല്‍കി. ആ പതികത്തില്‍ 12 പാട്ടുണ്ട്. പാച്ചല്ലൂര്‍ പതികത്തിന്റെ പൂര്‍വാപരക്രമം അനുസരിക്കുന്ന പൂര്‍ണരൂപമാണതെന്ന് ബോധ്യപ്പെട്ടു. പതികത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയില്‍ മുന്‍ നിഗമനം ശരിയാണെന്നു കണ്ടതിനാല്‍ ഈ പകര്‍പ്പാണ് ഞാന്‍ വ്യാഖ്യാനത്തിന് സ്വീകരിച്ചത്.

പാച്ചല്ലൂര്‍ പതികം തിരുവനന്തപുരത്തെ പാച്ചല്ലൂരില്‍ പിറന്ന കൃതിയാണെന്നാണ് അതിന്റെ അകവും പുറവും ഗ്രഹിച്ചിട്ടുള്ള ഡോ. ഇളയപെരുമാളിന്റെ ദൃഢമായ അഭിപ്രായം. പല തമിഴ് കൃതികളും പതികത്തിന്റെ ഉദ്ധൃതമായ പാട്ടുകളില്‍ സംബോധന 'പായശ്ശലൂര്‍ കിരാമത്താരേ' എന്നു കാണുന്നു. എന്നല്‍ ഡോ. ഇള പെരുമാളിന്റെ പകര്‍പ്പിലുള്ള 11 പാട്ടിലുംസംബോധന 'പാച്ചല്ലൂര്‍ കിരാമത്താരേ' എന്നാണ് പാച്ചല്ലൂരില്‍ പിറന്ന പതികത്തില്‍ സംബോധന ഇന്നിലയിലാകാതെ തരമില്ലല്ലോ.