"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 2, തിങ്കളാഴ്‌ച

അനുരാധയുടെ ആകാശങ്ങള്‍ - ശശി ആമ്പല്ലൂര്‍


പുസ്തകം; അനുരാധയുടെ ആകാശങ്ങള്‍ 
ശശി ആമ്പല്ലൂര്‍
പ്രസാധനം; പ്രണത ബുക്‌സ് കൊച്ചി
ഫോണ്‍; 0484 2390049, 2390060
വില; 60 രൂപ.

ആനുകാലികങ്ങളില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ച 15 കഥകളും പ്രസിദ്ധീകരിക്കാത്ത 2 കഥകളും ഉള്‍പ്പെടെ 17 കഥകളും ഒരു നാടകവുമടങ്ങിയതാണ് ഈ സമാഹാരം. വായനക്കാരുടേയും സുഹൃത്തുക്കളുടേയും ആര്‍ക്കൈവ്‌സ് വകുപ്പിലെ സഹപ്രവര്‍ത്തകരുടേയും സ്‌നേഹപൂര്‍വമായ ഉപദേശമാണ് ഈ സംരംഭത്തിനു പ്രേരണയായത്.

ആസുരമായ ദശാസന്ധികളിലൂടെ കടന്നുപോകുന്ന ആധുനിക ജീവിതത്തില്‍ കഥക്ക് അവഗണിക്കാനാവാത്ത സ്ഥാനവും പ്രസക്തിയുമുണ്ട്. കഥയുടേയും ജീവിതത്തിന്റേയും അതിരുകള്‍ മാഞ്ഞുപോവുകയും രണ്ടും പരസ്പരം സംക്രമിച്ച് കഥയേത് ജീവിതമേത് എന്ന് തിരിച്ചറിയാനാവാത്ത വര്‍ത്തമാന കാലാവസ്ഥയില്‍ കഥ / കല തിരുത്തല്‍ ശക്തിയായി മാറേണ്ടതുണ്ട്.

ജീവിത പരിസരങ്ങളിലെ ചില നേര്‍ക്കാഴ്ചകള്‍, നിത്യ ജീവിതത്തിന്റെ തിരക്കിലും പെട്ട് കാണാതാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍, ദാമ്പത്യ ജീവിതത്തിലെ സത്യവും മിധ്യയും വെളിച്ചവും നിറഞ്ഞ രംഗങ്ങള്‍, കൊച്ചുകൊച്ചു കാരുണ്യങ്ങള്‍, നിസ്സഹായതകള്‍, നൊമ്പരങ്ങള്‍, സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍, വിപണി സംസ്‌കാരത്തിന്റെ കറുത്ത ചിരികള്‍, ആകാശം പോലെ നമ്മെ പൊതിയുന്ന അധികാര ത്തിന്റെ ധൂസരശക്തികള്‍ തുടങ്ങിയവയെ തൊട്ടുകാണിക്കാനും വായനക്കാരുമായി സംവദിക്കാനുമാണ് കഥകളിലൂടെ ശ്രമിച്ചിട്ടുള്ളത്.
- ശശി ആമ്പല്ലൂര്‍

മലയാള ചെറുകഥാരംഗത്ത് സ്ഥാനം നേടിയ ശ്രീ ശശി ആമ്പല്ലൂരിന്റെ ചെറുതും വലുതുമായ 17 കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് വായനക്കാരുടെ മുമ്പില്‍ എത്തിക്കുന്നതിന് താത്പര്യം കാണിച്ച സഹൃദയരെ പ്രത്യേകിച്ച് അഭിനന്ദിക്കുന്നു. നിത്യജീവിതത്തിലെ സത്യങ്ങളെ ദാര്‍ശനിക ദൃഷ്ടിയിലൂടെ കാണുന്ന കഥാകൃത്ത് അവ സമൂഹ മനഃസാക്ഷിക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത ഒരു മാധ്യമമാണ് ചെറുകഥ. പാറക്കഷ്ണം ഒരു ശില്പമാക്കുന്നതുപോലെ വാക്കുകള്‍ വിദഗ്ധമായി ചെത്തിമിനുക്കി അവതരിപ്പിക്കുന്നു. ഉദാഹരണം ദാമ്പത്യം എന്ന കഥ. ദാമ്പത്യത്തിലേക്ക് കടക്കുന്നതിനു മുമ്പ് സുന്ദരമായ സ്വപ്‌നങ്ങള്‍ കാണാത്തവരില്ല. കടന്നുകൂടുന്നതിലോ, വൈരുധ്യങ്ങള്‍, കാര്‍മേഘങ്ങള്‍, ഇടിമുഴക്കങ്ങള്‍. ദാമ്പത്യം ജീവിതത്തിലെ ഒരു പരീക്ഷണമോ അഡ്ജസ്റ്റ്‌മെന്റോ ആണ്. വിജയകരമായ ദാമ്പത്യം എന്നുണ്ടോ? - ഡോ. സാമുവല്‍ നെല്ലിമുകള്‍ (അവതാരികയില്‍)

ശശി ആമ്പല്ലൂര്‍

ടി ജി ശശി എന്നാണ് യഥാര്‍ത്ഥ നാമം. 1954 ഫെബ്രുവരി 5 ന് എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ ജനനം. അച്ഛന്‍ തൊട്ടിയില്‍ ഗോപാലന്‍. അമ്മ ഭാര്‍ഗ്ഗവി.

സെ.ഫ്രാന്‍സിസ് യു പി സ്‌കൂള്‍ ആമ്പല്ലൂര്‍, സെ. അലോഷ്യസ് പൈഹസ്‌കൂള്‍ കാഞ്ഞിരമറ്റം, ഡി ബി കോളേജ് തലയോലപ്പറമ്പ്, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കേരള സര്‍വകലാശാലയില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി. കേരള സംസഥാന പുരാരേഖാ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 2007 ജൂണ്‍ 30 ന് സൂപ്രണ്ടായിരിക്കെ സര്‍വീസില്‍ നിന്നും വിരമിച്ചു.

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, ലേഖനം എന്നിവയും കമലദളം മാസികയില്‍ 'വാക്കുവന്ന വഴി' എന്ന പംക്തിയും വിജ്ഞാനഭാരതി മാസികയില്‍ 'ചരിത്രകൗതുകം' എന്ന പംക്തിയും എഴുതിവരുന്നു. നാടകഗാനങ്ങള്‍, ലളിതഗാനങ്ങല്‍, കീര്‍ത്തനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനങ്ങ ളോടനുബന്ധമായി നടത്തിവരുന്ന സംസ്ഥാനതല സാഹിത്യ മത്സരങ്ങളില്‍ 2005 ല്‍ കവിതക്ക് 2 ആം സ്ഥാനവും (ജല ജീവിതം) 2006 ല്‍ ലേഖനത്തിന് 3 ആം സ്ഥാനവും (സിവില്‍ സര്‍വീസിന്റെ ജനാധിപത്യ വല്‍ക്കരണം) 2007 ല്‍ കവിതക്ക് ഒന്നാം സ്ഥാനവും (രാത്രിമഴ) ലഭിച്ചിട്ടുണ്ട്. 

ഭാര്യ: ടി സരള, മക്കള്‍ : സൂര്യാ ശശി, സൂരജ് ശശി.

വിലാസം : ശശി ആമ്പല്ലൂര്‍, സരയൂ, ആമ്പല്ലൂര്‍ പി ഒ, കാഞ്ഞിരമറ്റം വഴി.
പിന്‍. 682 315. എറണാകുളം.
ഫോണ്‍: 0484 2743270, 9947819155