"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 18, ബുധനാഴ്‌ച

പ്രജാസഭ പ്രവേശനത്തിന്റെ ശതാബ്ദിയിലെത്തിയ വിപ്ലവ കവി കുറുമ്പന്‍ ദൈവത്താന്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി


കുറുമ്പന്‍ ദൈവത്താന്‍ 
മഹാനായ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ പുലയര്‍ക്കുണ്ടായ സംഘടനാബോധം മദ്ധ്യതിരുവിതാംകൂറില്‍ ഉണ്ടാക്കിയ മഹാനായ നേതാവാണ് കിടാരത്തില്‍ കുറുമ്പന്‍ ദൈവത്താന്‍. ഇടയാറന്മുളില്‍ വച്ച് പമ്പാ നദിയിലേക്ക് വന്നു ചേരുന്ന കോഴിത്തോട് എന്ന അരുവിയുടെ തീരത്ത് ഒഴൂര്‍ കടവിന് സമീപം തലാപ്പില്‍ എന്ന നായര്‍ തറവാട്ടു വക പറമ്പില്‍ കെട്ടിമേഞ്ഞ ചെറ്റക്കുടിയില്‍ കൊല്ലവര്‍ഷം 1055 മകരം 12 (ക്രി.വ. 1880) ന് കുരവയ്ക്കല്‍ കുറുമ്പന്റെയും തെക്കേതില്‍ പറമ്പില്‍ കാളിയുടെയും മകനായി ജനിച്ചു. പിതാവ് കുറുമ്പന്‍ തലാപ്പില്‍ കുടുംബത്തിന്റെ കൃഷികാര്യങ്ങള്‍ നോക്കി നടത്തുകയും അതിനോടൊപ്പം നാട്ടിലെ മറ്റു ജന്മികളുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു പോരുകയും ചെയ്തിരുന്നു. ചെറിയ ഉഴവ് മാടുകളെ വാങ്ങി വളര്‍ത്തി വില്‍പന നടത്തുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു. ഇങ്ങനെ ധാരാളം പണം ഉണ്ടാക്കിയ തലപ്പുലയനായ കുറുമ്പന്‍ എരുമക്കാട്ട് പുലിക്കുന്നിന്റെ കിഴക്കേ ചെരിവില്‍ പത്തര ഏക്കര്‍ ഭൂമിയും ഒപ്പം പത്തുപറ നിലവും വാങ്ങി..ഇങ്ങനെ വാങ്ങിയ ഭൂമിയില്‍ വീട് വച്ചു. ആ വീടിന് 'കിടാരത്തില്‍' എന്ന പേരും നല്‍കി. അക്കാലത്ത് വീടിനെന്നല്ല സ്വന്തം മക്കള്‍ക്കുപോലും പേരിടാനുളള അവകാശം പുലയര്‍ക്ക് ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം അടക്കം എല്ലാ മനുഷ്യാവകാശങ്ങളും പുലയരടക്കമുളള അയിത്ത ജനവിഭാഗത്തിന് നിഷേധിച്ചിരുന്നുവല്ലോ. 

തന്റെ മകന് വിദ്യാഭ്യാസം വേണമെന്ന് പിതാവ് കുറുമ്പന്‍ ആഗ്രഹിച്ചു. അന്ന് നാട്ടില്‍ കുടിപളളികൂടങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുളളു. കൊട്ടാരത്തില്‍ ആശാന്‍ എന്നറിയപ്പെട്ടിരുന്ന കൃഷ്ണപിളള 1864-ല്‍ ആരംഭിച്ചിരുന്ന കുടിപളളികൂടത്തില്‍ മകനെ ചേര്‍ത്തു. അവിടെ 4-ാം ക്ലാസ് വരെ പഠിച്ചു. കുറുമ്പന്റെ വീടിനോട് ചേര്‍ന്ന് ളാഹ കൊച്ചുകുഞ്ഞാശാന്‍ നടത്തി പോന്നിരുന്ന കളരിയില്‍ ആശാനുമായി കൂടിയാലോചിച്ച് മകനെ തുടര്‍ വിദ്യാഭ്യാസം നടത്തുന്നതിന് ഏര്‍പ്പാടുണ്ടാക്കി. ബാലന്റെ ജീവന് ഭീഷണിയാകുമെന്ന് കരുതി രാത്രികാലങ്ങളില്‍ വന്നാല്‍ പഠിപ്പിക്കാമെന്ന് ആശാന്‍ എറ്റു. പഠിക്കാന്‍ വരുന്ന വഴി സവര്‍ണര്‍ പലവട്ടം കുറുമ്പന്‍ ദൈവത്താനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. എല്ലാ എതിര്‍പ്പുകളും സഹിച്ച് ഏഴാം വയസ്സു മുതല്‍ 15 വയസ്സു വരെ അവിടെ പഠിച്ചു. പഠനത്തോടൊപ്പം വൈദ്യം, ജോത്സ്യം, എന്നിവയും സിദ്ധിച്ചു. പിന്നീടുളള ദൈവത്താന്റെ തുടര്‍ പഠനം വളരെ ക്ലേശകരമായിരുന്നു. 2 കി.മീ. നടന്നും 18 കി.മീ. വീതിയുളള തോടും നീന്തികടന്നു വേണം ആരുടെയും കണ്ണില്‍പെടാതെ സ്‌കൂളില്‍ എത്താന്‍. ഇങ്ങനെ ഒട്ടേറെ വൈഷമ്യങ്ങള്‍ സഹിച്ചാണ് പഠനം തുടര്‍ന്നത്. പഠനത്തോടൊപ്പം രാമായണം, ഭാഗവതം, സന്താനഗോപാലവും ഹൃദ്യസ്ഥമാക്കി. വളര്‍ന്നു വന്ന ദൈവത്താനില്‍ തന്റെ സമൂഹം അനുഭവിക്കുന്ന സാമൂഹ്യ തിന്മകള്‍ ഒരു സാമൂഹ്യ വിപ്ലവ കവിയാക്കി മാറ്റി.

ശ്രീനാരായണ ഗുരുവിന്റെ നേരവകാശികളായി ഈഴവ സമുദായം അംഗീകരിക്കുന്ന ഡോ. പല്‍പുവിനേയും കുമാരനാശാനെയും പോലെ അയ്യന്‍കാളിയുടെ രണ്ടാംസ്ഥാനീയരായി ദളിത് സാമൂഹ്യചരിത്രം രേഖപ്പെടുത്തിയിട്ടുളളത് കുറുമ്പന്‍ ദൈവത്താനെയും വെളളിക്കര ചോതിയെയുമാണ്. സമുദായരംഗത്തേക്ക് ഉയര്‍ന്നു വരാന്‍ ദൈവത്താന് പ്രചോദനമായത് സരസകവി മൂലൂര്‍ പത്മനാഭപണിക്കരുടെ അധ:കൃത വര്‍ഗ്ഗങ്ങളോടുണ്ടായിരുന്ന സ്‌നേഹവും വാത്സല്യവുമായിരുന്നു. വിദ്യാഭ്യാസം ആര്‍ജ്ജിച്ചതോടുകൂടി കുറുമ്പന്‍ ദൈവത്താന്‍ പൊതു പ്രവര്‍ത്തന ങ്ങളിലും ഇടപെടുവാന്‍ തുടങ്ങി. അതിനായി തെരഞ്ഞെടുത്ത മാര്‍ഗ്ഗം ചുമരെഴുത്തുകളാണ്. മദ്ധ്യതിരുവിതാംകൂറിന്റെ നിരത്തുകള്‍ക്ക രികിലുളള ചുമരുകള്‍ ചെത്തി മിനുക്കി കുമ്മായം പൂശി രാത്രിയുടെ അന്ത്യയാമങ്ങളില്‍ വിപ്ലവ കാവ്യങ്ങള്‍ എഴുതി പ്രചരിപ്പിച്ചു കൊണ്ടായിരുന്നു സാമൂഹ്യ വിപ്ലവത്തിന് തുടക്കമിട്ടത്. സവര്‍ണ്ണ മേധാവിത്വത്തിന്റെ ചെയ്തികളെ അദ്ദേഹം ഇങ്ങനെയാണ് കുറിച്ചിട്ടത്.

'മേലാളര്‍ക്ക് വേലയെടുത്താ-
കൂലി തരത്തില്ല.
അഞ്ഞാഴി തന്നാല്‍ മുന്നാഴി കാണും
വേലമൊടക്കീടും................'

ഈ വിപ്ലവ കാവ്യം എഴുതിയ കവിക്ക് പിന്നീട് മേലാളരെ ഭയന്ന് ഒളിവില്‍ പോകേണ്ട ഗതികേട് വന്നു. കേരളത്തിന്റെ ചുമരെഴുത്ത് പ്രചരണ ചരിത്രം കുറുമ്പന്‍ ദൈവത്താനില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ പറ്റാത്ത വിധമുളള മുദ്രാവാക്യങ്ങളാണ് അക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടത്. ആ കാലഘട്ടത്തില്‍ തെക്കന്‍തിരുവിതാംകൂറില്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രവേശനത്തിനായി ഉഗ്രസംഘട്ടനങ്ങള്‍ നടക്കുന്നതറിഞ്ഞ ദൈവത്താന്‍ വെങ്ങാന്നൂരില്‍ എത്തി അയ്യന്‍കാളിയുമായി ബന്ധപ്പെട്ട് സാധുജന പരിപാലിനിസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മദ്ധ്യതിരുവിതാംകൂറിലും ആരംഭിച്ചു. സാമൂഹ്യ ഇടപെടലുകളില്‍ ഏറ്റവും ശ്രദ്ധേയമായ സമരം പുല്ലാട് നടന്ന വിദ്യാഭ്യാസ പ്രവേശന സമരമായിരുന്നു. ഈ സമരം മദ്ധ്യ തിരുവിതാംകൂറിലാകെ വ്യാപിച്ചു. പുല്ലാട് സമരത്തിന് നേതൃത്വം നല്‍കിയത് കുറുമ്പന്‍ ദൈവത്താനോടൊപ്പം വെളളിക്കര ചോതി, വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍, പുല്ലാട് വൈദ്യന്‍ കാരിമറ്റത്ത് കൃഷ്ണപിളള, കെ. വാസുദേവന്‍ സാര്‍ തുടങ്ങിയ ഉല്‍പഷ്ണുകളായ മഹാരഥന്മാരും ചേര്‍ന്നായിരുന്നു. അയ്യന്‍കാളിയുടെ എല്ലാ ഒത്താശകളും സമരത്തിനുണ്ടായിരുന്നു. യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അയ്യന്‍കാളിയുമായി ദൈവത്താന്‍ തെറ്റിപിരിഞ്ഞു എന്നാണ് അഭ്യൂഹങ്ങള്‍ പരന്നിട്ടുളളത്. എങ്ങനെയായാലും ദൈവത്താന്‍ പിന്നീട് 'തിരുവിതാംകൂര്‍ പുലയ സമാജ കാര്യദര്‍ശി'എന്ന നിലയിലായിരുന്ന പ്രവര്‍ത്തനം. സംഘടനയെ പിന്നീട് ഹിന്ദു പുലയ മഹാസഭ എന്ന് നാമകരണം ചെയ്യുകയുണ്ടായി. വിദ്യാഭ്യാസ പ്രവേശനത്തില്‍ മറ്റൊരു ശ്രദ്ധേയമായ സംഭവം ആറന്മുള കൊട്ടാരം വക സ്‌കൂളില്‍ പുലയകുട്ടികളെ ചേര്‍ക്കാന്‍ പോയതാണ്. സവര്‍ണ മാടമ്പിമാരുടെ ശക്തമായ എതിര്‍പ്പുകളും മര്‍ദ്ദനങ്ങളും നേരിടേണ്ടി വന്ന ഈ സംഭവത്തില്‍ നിന്നും ആദ്യം പിന്‍മാറിയെങ്കിലും പിന്നീട് കുറെ പുലയ യുവാക്കളുടെ അകമ്പടിയോടെ വീണ്ടും സ്‌കൂളില്‍ ചെല്ലുകയും കുട്ടികളെ ബലമായി ചേര്‍ക്കുകയും ചെയ്തു. ആഴ്ചകളോളം ഈ കുട്ടികള്‍ക്ക് ദൈവത്താന്‍ കാവിലിരുന്നുവെന്നാണ് 'ആറന്മുളയുടെ സാംസ്‌കാരിക പൈതൃകം' എന്ന കൃതിയില്‍ നെല്ലിക്കല്‍ മുരളീധരന്‍ രേഖപ്പെടുത്തിയിട്ടുളളത്.

വിദ്യാഭ്യാസ പ്രവേശനത്തോടൊപ്പം ക്ഷേത്ര പ്രവേശനത്തിനും ദൈവത്താന്‍ നേതൃത്വം നല്‍കി. തിരുവിതാകൂറിലാകെ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് ഒരു വ്യാഴവട്ടകാലം മുമ്പ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആയിരക്കണക്കിനു പുലയരുമൊന്നിച്ച് ഒരു ശിവരാത്രി നാളില്‍ ബലമായി കയറി ദര്‍ശനം നടത്തുകയുണ്ടായി. മദ്ധ്യ തിരുവിതാംകൂറില്‍ അങ്ങനെയാണ് പുലയര്‍ക്ക് ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കിയത്. ആറന്മുള ക്ഷേത്രത്തിലും പിന്നീട് കയറുകയുണ്ടായി. 

അഭിഭക്ത കേരളത്തില്‍ തന്നെ ക്ഷേത്ര പ്രവേശനം അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന അക്കാലത്ത് ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ കവാടം തളളിതുറന്ന് പുലയര്‍ക്ക് ക്ഷേത്രപ്രവേശനം തന്ന ദൈവത്താന്‍ പുലയരുടെ ദൈവം തന്നെയാണെന്ന് അക്കാലങ്ങളില്‍ പ്രചരണമുണ്ടായി. അന്ന് ജാഥയായിവന്നവരെ ക്ഷേത്ര കവാടത്തില്‍ വച്ച് സ്വാമി നിരജ്ജനാനന്ദ, വാഗീശ്വരാനന്ദ തുടങ്ങിയ സന്യാസി ശ്രേഷ്ഠന്മാരും, കല്ലൂര്‍നാരായണപിളളയെപോലുളള ഒട്ടേറെ പൗരപ്രമുഖരും കൂടിയാണ് സ്വീകരിച്ചാനയിച്ചത്. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഈ ഘോഷയാത്രയെ അനുസ്മരിച്ചു കൊണ്ട് ഇന്നും ശിവരാത്രി നാളില്‍ കെട്ടുകാഴ്ചകളോടെ ഭക്തജനങ്ങള്‍ ഘോഷയാത്ര നടത്തി വരുന്നുണ്ട്. 

ഇതിനിടയില്‍ സരസകവി മൂലൂര്‍ പത്മനാഭപണിക്കരുടെ ശുപാര്‍ശയോടെ കൊ.വ. 1091 (1915)-ല്‍ പ്രജാ സഭാംഗമായി ദിവാന്‍ നോമിനേറ്റ് ചെയ്തു. അന്ന് അദ്ദേഹത്തിന് 36 വയസ്സേ പ്രായമുണ്ടായിരുന്നുളളു. പ്രജാസഭാ അംഗമായി 10 വര്‍ഷം പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ പുലയരുടെ എല്ലാ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്ന വിധത്തിലുളള പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചത്. സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമികള്‍ പാവപ്പെട്ടവര്‍ക്ക് പതിച്ചു കൊടുക്കുവാന്‍ പ്രധാനമായി ആവശ്യപ്പെട്ടു. അതുപ്രകാരം റാന്നി, കൊട്ടാരക്കര, തോന്നല്ലൂര്‍, പുനലൂര്‍, അഞ്ചല്‍, കിഴക്കേ കല്ലട എന്നിവിടങ്ങളിലുളള പുറമ്പോക്കു ഭൂമികളുടെ ലിസ്റ്റ് സര്‍വ്വെ നമ്പര്‍ സഹിതം സര്‍ക്കാരിനു സമര്‍പ്പിച്ചു. അങ്ങനെ ഭൂമി പതിച്ചു കൊടുത്ത സ്ഥലങ്ങളില്‍ കോളനികള്‍ സ്ഥാപിക്കപ്പെട്ടു. പട്ടികജാതി കോളനി എന്ന ആശയം കേരളത്തില്‍ നടപ്പാക്കിയത് കുറുമ്പന്‍ ദൈവത്താനാണ്. 

കോളനി എന്ന ആശയം പിന്നീട് എത്ര വര്‍ഷം കഴിഞ്ഞാണ് എം.എല്‍.സി വളേളാന്റെയും മറ്റും നേതൃത്വത്തില്‍ തിരു-കൊച്ചിയില്‍ രൂപം കൊളളുന്നത്. പ്രജാ സഭാ അംഗമെന്ന നിലയില്‍ ദൈവത്താന്‍ നടത്തിയ സേവനങ്ങള്‍ പിന്നീട് നാം അറിയപ്പെടാതെപോയി. അദ്ദേഹം രൂപപ്പെടുത്തിയ സാമൂഹ്യ സംഘടനയുടെ എല്ലാ യോഗങ്ങളിലും പ്രശസ്തരായ വ്യക്തികളെ പങ്കെടുപ്പിക്കുമായിരുന്നു. പ്രജാ സഭയില്‍ പാവങ്ങളുടെ പ്രശ്‌നങ്ങള്‍ കവിതയില്‍ കൂടിയാണ് അവതരിപ്പിച്ചു കൊണ്ടിരുന്നത്. അതിനായി സരസകവി ഒട്ടേറെ ഗാനങ്ങളും തയ്യാറാക്കി കൊടുത്തു കൊണ്ടിരുന്നു. പുലയ സമാജത്തിന്റെ എല്ലാ മീറ്റിംഗുകളിലും കുറുമ്പന്‍ ദൈവത്താന്റെ ഗീതങ്ങളുണ്ടാകും. ഇത് കേള്‍ക്കുന്നതിന് ദിവാന്‍ജിയെയും ക്ഷണിക്കുമായിരുന്നു. ഇങ്ങനെ ദൈവത്താന് വേണ്ടി എഴുതി തയ്യാറാക്കിയ കവിതകള്‍ 'പുലവൃത്തം' എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. പ്രജാസഭ അംഗമെന്ന നിലയില്‍ നേടിയെടുത്ത അവകാശങ്ങളാണ് ഇന്ന് പട്ടിക ജാതിക്കാര്‍ അനുഭവിക്കുന്ന പല അവകാശങ്ങളും, സൗജന്യങ്ങളും. സര്‍ക്കാര്‍ തിരുവിതാംകൂറില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് നടപ്പിലാക്കിയത് ദൈവത്താന്റെ ശ്രമഫലമായിട്ടാണ്. ആരാധന സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ഭൂമി എന്നിവയ്ക്കുളള ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ത്തിയത്. കേരളത്തിന്റെ പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിലെ സാമൂഹ്യ വിപ്ലവകാരികളില്‍ എന്തുകൊണ്ടും അനശ്വരനായ കുറുമ്പന്‍ ദൈവത്താനെ വിസ്മരിച്ചുകൊണ്ട് ഒരു സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. മഹാനായ നേതാവിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനായി കവിയുടെ ജന്മദേശമായ പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ അദ്ദേഹത്തിന്റെ പേരില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്ത ഒരു ചെറിയ സ്മാരക മന്ദിരം മാത്രമെ ഉയര്‍ന്നു വന്നിട്ടുളളു. അതു പോരാ, ഇനിയും ഒട്ടേറെ സ്മാരകങ്ങളും അതോടൊപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വരും തലമുറയ്ക്ക് ലഭ്യമാകേണ്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കൊല്ലവര്‍ഷം 1102 മീനം 23 ദിവംഗതനായ കുറുമ്പന്‍ ദൈവത്താന് ദിവാകരന്‍, അഴകിയാള്‍ എന്നീ രണ്ടുമക്കളുണ്ടായിരുന്നു. കുറുമ്പന്‍ ദൈവത്താനെ കുറിച്ച് ടി.ടി കേശവന്‍ ശാസ്ത്രികള്‍ രചിച്ച് ഉളളൂര്‍ പരമേശ്വരയ്യരുടെ അവതാരികയോടു കൂടി പുറത്തു വന്നിട്ടുളള ചരിത്രഗ്രന്ഥം കണ്ടെത്തിയാല്‍ മാത്രമെ അദ്ദേഹത്തെ കുറിച്ച് ഒരു മോണോഗ്രാഫ് നമുക്ക് ലഭിക്കുകയുളളു. പ്രജാസഭാ പ്രവേശനത്തിന്റെ ശതാബ്ദിയില്‍ അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിന് പ്രജാസഭയുടെ 100-ാം വാര്‍ഷികത്തില്‍ രൂപം കൊടുത്തിട്ടുളള ചരിത്ര രചനാ കമ്മറ്റി ദൈവത്താന്റെ സഭാ പ്രവര്‍ത്തനവും കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്ന് അറിയിക്കുകയാണ്. 

********************
ഒര്‍ണ കൃഷ്ണന്‍കുട്ടി
Email: ornakrishnankutty@gmail.com
8281456773

( ലേഖകന്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനും കേരള ദലിത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും, കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഉദ്ദ്യോഗസ്ഥനുമാണ്.)