"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 7, ശനിയാഴ്‌ച

പുസ്തകം: ജാതിവ്യവസ്ഥയും മലയാള സിനിമയും - കെ പി ജയകുമാര്‍


കെ പി ജയകുമാര്‍ 
പ്രസാധകര്‍: ഒലിവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്.
www.olivepublication.com
e-mail:olivepublication@gmail.com
Ph. 0495 2765871, 4099086.
വില: 140 രൂപ.

മണ്ഡലും മലയാള സിനിമയും തമ്മിലെന്ത്? എന്ന ചോദ്യത്തില്‍ നിന്നാണ് ജാതിവ്യവസ്ഥയും മലയാള സിനിമയും എന്ന ശീര്‍ഷകത്തില്‍ എത്തിച്ചേരുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും പുറത്തിറങ്ങിയ ജനപ്രിയ സിനിമകള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ അവ പൊതുവില്‍ ചില പ്രമേയങ്ങളിലേക്ക് ചാഞ്ഞു നില്‍ക്കുന്നതായി തോന്നി. തൊഴിലില്ലായ്മ, പ്രണയനഷ്ടം, തറവാടിന്റെ ദാരിദ്ര്യം, നാടുവിടല്‍ തുടങ്ങി ആവര്‍ത്തിച്ചു ദൃശ്യപ്പെടുന്ന പ്രമേയങ്ങളില്‍ ഒരു പൊതു ഘടകം ജാതിയാണെന്ന് തിരിച്ചറിയാനായി. തൊഴിലില്ലാത്ത യുവാവ് മിക്കവാറും മേല്‍ജാതിക്കാരനായിരുന്നു. പ്രണയ നഷ്ടത്താല്‍ ഖിന്നമാകുന്ന യുവത്വം മിക്കവാറും സാമ്പത്തിക സുരക്ഷയില്ലാത്ത സവര്‍ണനായിരുന്നു. ദാരിദ്ര്യത്താല്‍ വിങ്ങിപ്പൊട്ടുന്ന വീട് മിക്കപ്പോഴും മേല്‍ ജാതി തറവാടുകളായിരുന്നു. തൊഴില്‍ തേടി, ഗ്രാമം വിട്ട് ഓടി മുംബയിലും അധോലോകങ്ങളിലും എത്തിച്ചേരുന്ന യുവാക്കള്‍ ഉന്നത കുല ജാതരായിരുന്നു. ഈ കാഴ്ച്ചയുടെ മറുപുറം എന്താണ്? എന്തുകൊണ്ടാണ് കീഴ് ജാതിക്ക് ധര്‍മ്മ സങ്കടങ്ങളോ അസ്തിത്വ വ്യഥകളോ ഇല്ലാത്തത്? അഥവാ എന്തുകൊണ്ട് കീഴാള വ്യഥകള്‍ ആഖ്യാനം ചെയ്യപ്പെടുന്നില്ല? ദൃശ്യാഖ്യാനങ്ങളിലെ ഈ അഭാവങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ട്. എണ്‍പതുകളുടെ സവിശേഷ ദേശീയ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് അത്. മണ്ഡല്‍ കമ്മീഷന്‍ നിലവില്‍ വരുകയും അധഃസ്ഥിത ജനവിഭാഗത്തിന് വിദ്യാഭ്യാസ - തോഴില്‍ മേഖലകളില്‍ സംവരണം വേണമെന്ന ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്യുന്ന ദശകമായിരുന്നു അത്. കീഴാള ജനതയുടെ വിദ്യാഭ്യാസ - തൊഴില്‍ - മുഖ്യധാരാ പ്രവേശനം സവര്‍ണ മധ്യവര്‍ഗത്തിന്റെ ജീവിത സുരക്ഷക്ക് ഭീഷണിയാണെന്ന ചിന്ത ഇന്ത്യന്‍ സാമൂഹ്യ മണ്ഡലത്തില്‍ ആളിപ്പടര്‍ന്നു. മാധ്യമങ്ങളും സവര്‍ണ ബുദ്ധിജീവികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചലച്ചിത്ര സാംസ്‌കാരിക മേഖലയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സവര്‍ണ മധ്യവര്‍ഗം സംവരണ വിരുദ്ധ ആശയങ്ങളുടെ ഉത്പാദകരും പ്രചാരകരുമായി. ഇന്ത്യന്‍ ചലച്ചിത്രത്തിലെ എണ്‍പതുകള്‍ കീഴാള വിരുദ്ധ ദൃശ്യ പ്രളയമാണ് സാധ്യമാക്കിയത്. 'പ്രബുദ്ധ' കേരളത്തിലെ ജനപ്രിയ ചലച്ചിത്രവും ഒളിഞ്ഞും തെളിഞ്ഞും ദൃശ്യവത്കരിച്ചത് സവര്‍ണ പ്രത്യയശാസ്ത്രമായിരുന്നു. മണ്ഡലും മലയാള സിനിമയും തമ്മിലെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ അന്വേഷണം.


പലപ്പോഴായി എണ്‍പതുകള്‍ക്കു പിന്നിലേക്കും മുന്നിലേക്കും മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനങ്ങളിലൂടെ കടന്നുപോയി. മസ്ജിദ് - ഗുജറാത്ത് അനന്തര കാല സിനിമയിലെ മുസ്ലീം പ്രതിനിധാനത്തിലേക്കും ഭക്ത സിനിമകളും വടക്കന്‍ പാട്ട് ചിത്രങ്ങളും സൃഷ്ടിച്ച സമാന്തര ദൃശ്യാഖ്യാനങ്ങള്‍ വര്‍ത്തമാന സാമൂഹ്യ ജീവിതത്തെ എങ്ങനെയാണ് അന്തര്‍ധാനം ചെയ്തത് തുടങ്ങിയ അന്വേഷണങ്ങള്‍ അതിന്റെ ഭാഗമായി.

ചലച്ചിത്രത്തേയും അത് സാധ്യമാക്കുന്ന ജനപ്രിയ പരിസരങ്ങളേയും പുനരുല്‍പാദിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന മൂല്യങ്ങളേയും പിന്‍തുടര്‍ന്നുകൊണ്ട് 'ജാതിവ്യവസ്ഥയും മലയാള സിനിമയും' എന്ന ശീര്‍ഷകത്തിനു താഴെ മലയാള സിനിമയുടെ ചരിത്രത്തെ ജാതിബന്ധ ങ്ങളില്‍ അധിഷ്ഠിതമായ സമാന്തര വായനക്ക് ശ്രമിക്കുകയാണ് ഇവിടെ. കാഴ്ചയുടെ ആദ്യ ദശകം മുതല്‍ ചരിത്രത്തിലെ ഓരോ ഘട്ടത്തിലും രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളോട് സിനിമ കൈക്കൊണ്ട മനോഭാവം എന്തായിരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമം കൂടിയാണിത്. മലയാള സിനിമയുടെ മൊത്തം ചരിത്രത്തെ പശ്ചാത്തലമാക്കി നിര്‍ത്തിക്കൊണ്ട് ഈ ദശകം വരെയുള്ള മലയാള സിനിമകളില്‍ പ്രത്യക്ഷമായും പരോക്ഷ മായും കടന്നുവരുന്ന ജാതിയുമായി ഒരു മുഖാമുഖത്തിനാണ് ശ്രമം. ഇത് എത്രത്തോളം വിജയിച്ചു എന്ന് പറയാനാവില്ല. അന്വേഷണത്തിന്റെ ആരംഭം എന്നേ കരുതുന്നുള്ളൂ. - കെ പി ജയകുമാര്‍ (ആമുഖത്തില്‍ നിന്ന്...)

കെ പി ജയകുമാര്‍

ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് താന്നിമൂട്ടില്‍ ജനിച്ചു. ഗവ:കോളേജ് കട്ടപ്പന, എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുടിയേറ്റ ആഖ്യാനങ്ങളിലെ ഹൈറേഞ്ച്: ചരിത്ര സാഹിത്യ പാഠങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തി യാക്കി. ചലച്ചിത്ര ഗവേഷണ പഠനത്തിന് 2004-05 ല്‍ കേരള ചലച്ചിത്ര അക്കാദമി ഫെല്ലോഷിപ് ലഭിച്ചു. മികച്ച ചലച്ചിത്ര ലേഖനത്തിന് 2007ലും 2009ലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്.. ഉടലില്‍ കൊത്തിയ ചരിത്ര സ്മരണകള്‍ (ചലച്ചിത്ര പഠനം), കാട്ടിലേക്കുള്ള വഴി (ബാലസാഹിത്യം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വര്‍ത്തമാനം ദിനപത്രം, കോര്‍പറേറ്റ് പബ്ലിഷിങ് ഇന്റര്‍ നാഷണല്‍, സൗത്ത് ഏഷ്യ ഫീച്ചേഴ്‌സ്, ദ സണ്‍ഡേ ഇന്ത്യന്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തനം. ഇപ്പോള്‍ മാധ്യമത്തില്‍. ഭാര്യ: ഗായത്രി, മകള്‍: അരുന്ധതി. 
e-msil:kpjayakumar@gmail.com