"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 4, ബുധനാഴ്‌ച

ഡുയിഷന്‍ ദി ഫസ്റ്റ് ടീച്ചര്‍ ആയപ്പോള്‍.....


1965 ല്‍ ആന്ദ്രേയ് കൊഞ്ചലവ്‌സ്‌കി എടുത്ത കിര്‍ഗിസ് (അന്ന് USSR) സിനിമയാണ്. 'ദി ഫസ്റ്റ് ടീച്ചര്‍'. കിര്‍ഗിസ് എഴുത്തു കാരനായ ചിങ്കിസ് ഐത്മത്തോവിന്റെ 'ഡുയിഷന്‍' എന്ന ക്ലാസിക് നോവലിനെയാണ് സിനിമ ആധാരമാക്കുന്നത്. ഡുയിഷനും ഇദ്ദേഹത്തിന്റെ മറ്റൊരു നോവലായ 'ജമീല'ക്കും മലയാളത്തില്‍ പരിഭാഷകള്‍ ഉണ്ട്. ഡുയിഷന്‍ എന്ന നോവലിന്റെ നൊസ്റ്റാള്‍ജിക്കായ ഭാവുകത്വ പരിസരം ഫസ്റ്റ് ടീച്ചര്‍ എന്ന സിനിമയായ പ്പോള്‍ രാഷ്ട്രീയ വിമര്‍ശനമായി മാറിമറിഞ്ഞു! അതിനാല്‍ സോവിയറ്റ് യൂണിയനില്‍ തന്നെ ഈ സിനിമ ഒരുപാട് നിരോധനങ്ങള്‍ക്ക് വിധേയമായി. 2008 ജൂണില്‍ ഐത്മത്തോവ് അന്തരിച്ചു.

വിപ്ലവാനന്തര USSR ല്‍ ഉള്‍പ്പെട്ട കിര്‍ഗിസ്ഥാനിലെ ചൈനീസ് അതിര്‍ത്തി ഗ്രാമത്തില്‍ പെട്ടവര്‍ക്ക് പാര്‍ട്ടിവിദ്യാഭ്യാസം കൊടുക്കുന്നതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ നായാണ് ഡുയിഷന്‍ എന്ന ചെറുപ്പക്കാരന്‍ വന്നെത്തുന്നത്. വിപ്ലവത്തിന്റെ ബഹുമുഖ വശങ്ങള്‍ക്കെതിരേ പോലും പുറം തിരിഞ്ഞു നിന്നിരുന്ന നാട്ടിന്‍ പുറത്തുകാര്‍ക്ക് പക്ഷേ, ഡുയിഷന്റെ കയ്യിലുണ്ടായിരുന്ന ഭരണകൂട ഉത്തരവ് അനുസരിക്കാതിരി ക്കുവാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവര്‍, ഡുയിഷന്‍ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടത്തിലേക്ക് കുട്ടികളെ അയച്ചില്ല. ഇസ്ലാം മതവിശ്വാസികളായിരുന്നെങ്കിലും ആ നാട്ടിന്‍പുറത്തുകാര്‍ ദേശികമായ ആചാര - അനാചാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാരുമായിരുന്നു. അല്‍ത്തിനായ് എന്ന ഒരു പെണ്‍കുട്ടി മാത്രം നാട്ടിന്‍ പുറത്തുകാരുടെ എതിര്‍പ്പില്‍ നിന്നൊളിച്ച് ഇടക്കൊക്കെ ഡുയിഷന്റെ പള്ളിക്കൂടത്തില്‍ എത്തുമായിരുന്നു. അനാഥയായ അവള്‍ തന്റെ അമ്മായിയുടെ പീഢനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനായാണ് പള്ളിക്കൂടത്തില്‍ എത്തിയിരുന്നത്. ഇതുമൂലവും ഡുയിഷനും അയാളുടെ പള്ളിക്കൂടവും കൂടുതലായി ആക്രമിക്കപ്പെട്ടു. അമ്മായി അവളെ ഒരു വൃദ്ധന് വിറ്റു. വളരെ ക്ലേശിച്ച് ഡുയിഷന്‍ അവളെ തിരികെ കൊണ്ടുവന്നുവെങ്കിലും വീണ്ടു കൈവിട്ടു!

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുന്ന തില്‍ ബദ്ധശ്രദ്ധനായിരുന്ന ഡുയിഷന്, അതുകൊണ്ടുതന്നെ പെണ്‍കുട്ടിയോ ടുണ്ടായിരുന്ന പ്രണയത്തെ സഫലമാക്കാനായില്ല. പാര്‍ട്ടി ഉത്തരവാദിത്വത്തേക്കാള്‍ വലുതായി പ്രണയത്തെ കണ്ടിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടിയേയും പാര്‍ട്ടി നടപടികളേയും ഒരുമിച്ച് ഡുയിഷന് രക്ഷിക്കാമായിരുന്നു.


വര്‍ഷങ്ങള്‍ക്കുശേഷം ആ നാട്ടില്‍ നടന്ന ഒരു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് പ്രസിദ്ധയായ ഒരു വനിതയായിരുന്നു. അത് മറ്റാരുമായിരുന്നില്ല, അല്‍ത്തിനായ് തന്നെയായി രുന്നു. വൃദ്ധനായതിനു ശേഷവും നാടിന്റെ പുരോഗതിക്കായി സേവനം തുടരുന്ന ഒരു പോസ്റ്റുമാന്‍ കത്തുകളുമായി അവിടെയെത്തി. അയാളെ കണ്ട് അല്‍ത്തിനായ് വല്ലാതെ അസ്വസ്ഥയായി. ഡുയിഷനല്ലാതെ മറ്റാരുമായിരുന്നില്ല അത്! അവര്‍ തമ്മില്‍ കണ്ടോ, തിരിച്ചറിഞ്ഞോ എന്ന് തീരുമാനിക്കാ നുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്ക് ലഭ്യമാകുന്ന തുറവില്‍ സിനിമ അവസാനിക്കുന്നു. വൃദ്ധന്‍ തന്റെ ഡ്യൂട്ടിയിലേക്കും ആ വനിത തന്റെ ഓര്‍മ്മകളിലേക്കും മടക്കയാത്ര ചെയ്യുന്നിടത്ത് 'ദി ഫസ്റ്റ് ടീച്ചര്‍' ആരംഭിക്കുന്നു!

2002 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ നിന്ന് പ്രസിദ്ധ പോളിഷ് സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി തന്റെ 'ദി പിയാനിസ്റ്റ്' എന്ന സിനിമയിലൂടെ പരമോന്നത ബഹുമതിയായ പാം ഡി ഓര്‍ നേടിയപ്പോള്‍ ഗ്രാന്റ് പ്രീ (റണ്ണര്‍ അപ്) നേടിയത് ആന്ദ്രേയ് കൊഞ്ചലവ്‌സ്‌കിയുടെ 'ഹൗസ് ഓഫ് ഫൂള്‍സ്' ആയിരുന്നു.