"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 23, തിങ്കളാഴ്‌ച

ശലഭ തരംഗം; സ്‌ക്രീനില്‍ ദലിത് ഭൂരഹിതരുടെ കഥ - ദിവ്യത്രിവേദി


1. പപ്പിലിയോ ബുദ്ധ എന്ന സിനിമ രൂപപ്പെട്ടത് എങ്ങനെയാണ്? 

കേരളത്തിലെ ദലിത് സമൂഹത്തില്‍ നടന്ന പല സംഭവങ്ങളും ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ചെങ്ങറയിലും മുത്തങ്ങയിലും മേപ്പാടിയിലും നടന്ന ഭൂസമരങ്ങള്‍ കേരളത്തിലെ ദലിതുകളില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

2. ഈ ചലചിത്രം കാലിക പ്രസക്തിയെ സംവിധായകനായ താങ്കള്‍ എങ്ങനെ കാണുന്നു.? 

അംബേദ്ക്കറിസം അടിത്തറയാകുന്ന രാഷ്ട്രീയധാര കേരളത്തില്‍ ഇന്ന് ശക്തി പ്രാപിക്കുന്നുണ്ട്. കഴിഞ്ഞ കുറേക്കാലമായി ഇവിടെയുള്ള സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ രാഷ്ട്രീയ മുന്നേറ്റ ശ്രമങ്ങളെ അമര്‍ച്ച ചെയ്യുകയായിരുന്നു. അംബേദ്ക്കര്‍ നിലപാടുകള്‍ അന്തര്‍ധാരയാവുന്ന ദലിത് ഇടപെടലുകള്‍ ദൃശ്യമാധ്യമ രംഗത്തും അതുവഴി കേരളീയ പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

3. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ദലിതുകളേയും സംബന്ധിച്ച ചില യാഥാര്‍ത്ഥ്യത്തിലേക്ക് ഈ സിനിമ വെളിച്ചം വീശുന്നില്ലേ.? 

സാമൂഹ്യ വിഭജനത്തിന്റെ തരക്കേടില്ലാത്ത ഉദാഹരണങ്ങളാണ് നമ്മുടെ ദലിത് കോളനികള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ചരിത്രപരമായിത്തന്നെ തുണച്ചത് ഈ കോളനികളാണ്. പല സംഘടിത രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തി കേന്ദ്രങ്ങള്‍ ഈ കോളനികളാണ്, ഇന്നും. സമീപകാലത്തെ ദലിതുകള്‍ ആര്‍ജ്ജിച്ചെടുത്ത തിരിച്ചറിവും ആത്മാഭിമാനത്തിലൂന്നിയ ഉയര്‍ത്തെഴുന്നേല്‍പ്പും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് അവര്‍ കരുതി. പൊതു സമൂഹത്തിന് സങ്കല്പിക്കാനാവാത്ത വിധം പോലീസ് അതിക്രമണങ്ങള്‍ അഴിച്ചു വിട്ടും ഗുണ്ടകളെ ഉപയോഗിച്ചും സംഘടിത പ്രസ്ഥാനങ്ങള്‍ ദലിതുകളുടെ ആത്മബോധം തകര്‍ത്തു. മുഖ്യധാരയിലെ മാധ്യമങ്ങള്‍ ഈ കടന്നു കയറ്റത്തെ കണ്ടില്ലെന്നു നടിച്ചു. ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പോലുള്ള സംഘടനളുടെ പ്രവര്‍ത്തനം 'ഭീകരപ്രവര്‍ത്തന'മായി കെട്ടിച്ചമച്ചു. 

മേലാള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂട ഉപകരണങ്ങളായ പോലീസും ചേര്‍ന്ന് ദലിത് കോളനികളില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ഈ ചലചിത്രം ചെറുതായെങ്കിലും വെളിച്ചം വീശണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

4. ഈ ചലചിത്രത്തെക്കുറിച്ചുള്ള സെന്‍സര്‍ ബോര്‍ഡിന്റെ അഭിപ്രായങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. സംവിധായകനായ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു.? 

അനുമതി നിഷേധിക്കാന്‍ പല കാരണങ്ങളും സെന്‍സര്‍ ബോര്‍ഡ് നിരത്തുന്നുണ്ട്. പ്രചാരലുപ്തമായ പല നിര്‍ദ്ദേശങ്ങളും അതിലുണ്ട്. കലാശ്രമത്തെ പരിഹസിക്കുന്ന ഭരണകൂട നിലപാട് ഇന്ത്യപോലൊരു ജനാധിപത്യ ഭരണസംവിധാനം നില നില്‍ക്കുന്നിടത്ത് നാണക്കേടാണ്. ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയാണ് അത് ചോദ്യം ചെയ്യുന്നത്.

ഗാന്ധിയേയും ബുദ്ധനേയും അയ്യങ്കാളിയേയും കരിതേച്ച് കാണിക്കുന്നു എന്നതാണ് ചിത്രത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം. ഈ ആരോപണത്തിന്റെ പൊള്ളത്തരം അവസാന ദൃശ്യങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. ഭൂരഹിത ദലിതുകളെ പോലീസ് നേരിടുന്നതും അവരുടെ ആവാസ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പുന്നതിലുള്ള പ്രതിഷേധങ്ങളെ കീഴടക്കുന്നതുമായ ദൃശ്യങ്ങള്‍ പരിഗണിക്കാതെയാണ് ഈ വിമര്‍ശനം ഉയര്‍ത്തുന്നത്. കഥാപാത്രങ്ങള്‍ നിത്യ ജീവിതത്തില്‍ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് സിനിമയിലും ഉള്ളത്. വാണിജ്യ സിനിമകളുടെ ചിട്ട വട്ടങ്ങള്‍ക്ക് നിരക്കുന്ന ഒന്നല്ല ഈ സിനിമയിലെ സംഭാഷണങ്ങള്‍. ദലിത് ആക്ടിവിസ്റ്റുകളുടേയും പ്രവര്‍ത്തകരുടേയും മേല്‍ നടക്കുന്ന അതിക്രമങ്ങള്‍ സിനിമയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയ അതിക്രമങ്ങളുടെ പ്രതിഫലനമാണ്. അത് സംഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഫിലീം ട്രിബ്യൂണലിന്റെ തീരുമാനം പുനരാലോചിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

5. പപ്പിലിയോ ബുദ്ധ ഒരു ഗാന്ധി വിരുദ്ധ ചിത്രമാണോ?

ഒരിക്കലുമല്ല; ഇതിന്റെ ചട്ടക്കൂട് അങ്ങനെയാവണം എന്നാഗ്രഹിക്കുന്നവരുണ്ട്. ഗാന്ധി വിരുദ്ധ ചിത്രം എന്ന ഔദ്യോഗിക ഭാഷ്യമാണ്. അഹിംസാത്മകതയുടെ സ്വരൂപം എന്ന നിലയില്‍ പരിക്കേല്‍പിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണമുണ്ടാകാം.

6. ഒരു സിനിമാ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഈ ചലചിത്രത്തോടൊപ്പമുള്ള യാത്രകള്‍ പറയാമോ? ഭാവി പ്രോജക്ടുകള്‍ രൂപപ്പെട്ടുവോ?

ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഒരു നിഴല്‍ പോലെ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു. വ്യക്തിസ്വത്വങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതിനെക്കുറിച്ചും അവതരിപ്പിക്കപ്പെടുന്ന തിനെക്കുറിച്ചും സൂക്ഷ്മമായി അറിയാന്‍ ശ്രമിക്കാറുണ്ട്. അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും ശാക്തീകരണത്തിനു വേണ്ടിയുമുള്ള ഉപകരണമായി ഇവയെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ സിനിമ ഷേപ്പ് ഓഫ് ഷേപ്പ് ലെസ്സ്.

കടപ്പാട് : 'ദി ഹിന്ദു'