"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 25, ബുധനാഴ്‌ച

ഫലിതം മലയാള സാഹിത്യത്തില്‍ - പി സി സനല്‍കുമാര്‍


ഫലിതം ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മലയാളികള്‍. ഫലിതത്തിന്റെ കുലപതിയായ കുഞ്ചനും പച്ചമലയാളത്തില്‍ ഫലിത ശ്ലോകങ്ങളെഴുതിയ മഹാകവി തോലനുമൊക്കെ മലയാളിയുടെ ഫലിതബോധത്തെ ഊട്ടിയുറപ്പിച്ച വരാണ്. ഉള്ളില്‍ അല്പം ഈഗോ ഉണ്ടാവാമെങ്കിലും ഫലിതത്തിനു നേരേ പുറംതിരിഞ്ഞു നില്‍ക്കുന്നവരല്ല മലയാളികളെന്നു നമുക്ക് വിശ്വസിക്കാം.

എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ വളരെ ശുഷ്‌കമാണ് നമ്മുടെ മലയാള ഫലിത സാഹിത്യം. വിരലിലെണ്ണാവുന്ന ഏതാനും പേര്‍ മാത്രമാണ് ഇന്ന് ഈ രംഗത്തുള്ളത്. സഞ്ജയനും ഇ വി കൃഷ്ണപിള്ളക്കും ശേഷം വളരെ കുറച്ച് അനുയായികള്‍ മാത്രമാണ് ഈ മേഖലയില്‍ എത്തിപ്പെട്ടത്. അവരില്‍ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. വേളൂര്‍ കൃഷ്ണന്‍കുട്ടി, വി കെ എന്‍, രാജരാജവര്‍മ, ജഗതി എന്‍ കെ ആചാരി, കെ എസ് കൃഷ്ണന്‍ എന്നിവരൊക്കെ മണ്‍മറഞ്ഞവരില്‍ പെടുന്നു. ജനകീയ ഹാസ്യത്തിന്റെ ശക്തനായ വക്താവായിരുന്നു അന്തരിച്ച വേളൂര്‍. എഴുതിയും പറഞ്ഞുമൊക്കെ അദ്ദേഹം മലയാളിയെ നന്നായി ചിരിപ്പിച്ച് 50 വര്‍ഷത്തോളം ഈ രംഗത്ത് ഒന്നാം നമ്പര്‍ താരമായി വിലസുകതന്നെ ചെയ്തു. ഹാസ്യത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി അത് വാങ്ങിയതും വേളൂര്‍ കൃഷ്ണന്‍കുട്ടിതന്നെ. വിനോദഭാവന എന്നാണ് ആ സാഹിത്യരൂപത്തിന് അദ്ദേഹം നല്‍കിയ പേര്. പുതിയ എഴുത്തുകാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. അസാധാരണമായ ഫലിതബോധംകൊണ്ട് അനുഗൃഹീതനായിരുന്നു ജഗതി എന്‍ കെ ആചാരി. നാടകമായിരുന്നു അദ്ദേഹത്തിന്റെ മേഖല. നല്ല അഭിനേതാവും. എന്റര്‍ ട്രിവാന്‍ഡ്രം സിറ്റി എന്ന ഹാസ്യ നാടകത്തിലൂടെ 60 കളില്‍ തിളങ്ങിയ കെ എസ് രാധാകൃഷ്ണന്‍ സര്‍ക്കാര്‍ സര്‍വീസിലെ ഉന്നതോദ്യോഗസ്ഥനു മായിരുന്നു. മധുരനാഗങ്ങ എന്ന അദ്ദേഹത്തിന്റെ ഹാസ്യലേഖന സമാഹാരം മധുരനാരങ്ങ പോലെ തന്നെ ആസ്വദിക്കപ്പെടുകയും ചെയ്തു. അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച് അദ്ദേഹം മരണമടഞ്ഞില്ലായിരുന്നു വെങ്കില്‍ വീണ്ടും ഒരുപാട് സാഹിത്യ രചനകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിക്കുമായിരുന്നു. മലയാള ഹാസ്യസാഹിത്യത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയവരാണ് സഞ്ജയനും ഇ വി യും. കഷ്ടിച്ച് 40 വയസുവരെ മാത്രം ജീവിച്ച സഞ്ജയനും 44 ആം വയസില്‍ അന്തരിച്ച ഈ വി യും മലയാളിയെ കുടുകുടെ ചിരിപ്പിച്ചവരാണ്. ഹ്രസ്വമായ ജീവിതകാലത്ത് അവര്‍ എഴുതിക്കൂട്ടിയ നര്‍മ സാഹിത്യ രചനകള്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. അവര്‍ സ്പര്‍ശിക്കാതെ പോയ വിഷയങ്ങള്‍ ഒന്നുമില്ല എന്നു തന്നെ പറയാം. ഹാസ്യലേഖനത്തിന് അവര്‍ നല്‍കിയ ഫോര്‍മാറ്റിന് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതിസൂക്ഷ്മമായ ഫലിത നിരീക്ഷണ സാമര്‍ത്ഥ്യമായിരുന്നു ഇവര്‍ രണ്ടാള്‍ക്കും. സമൂഹത്തിലെ വികടത്വം നിറഞ്ഞ വ്യക്തികളെയും അവരുടെ ചെയ്തികളേയും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പാകത്തില്‍ അവര്‍ ആവിഷ്‌കരിച്ചു. നാട്ടിന്‍ പുറത്ത് നാം കണ്ടുമുട്ടുന്ന മനുഷ്യകഥാപാത്രങ്ങളെ അവരുടെ പ്രവൃത്തികളിലെ എല്ലാവിധ സ്വഭാവ വൈചിത്ര്യങ്ങളോടും കൂടി ആവിഷ്‌കരിച്ച ഈ വി ജനകീയ ഹാസ്യ ചരനയില്‍ സഞ്ജയനേക്കാള്‍ ഒരു പടി മുന്നില്‍ നിന്നും എന്നു പറയാം. ഈ വി യില്‍ നിന്നും ഒട്ടൊക്കെ വ്യത്യസ്തമായ ഒരു സ്റ്റൈലായിരുന്നു സഞ്ജയന്. കോഴിക്കോടന്‍ സാമൂഹ്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മേച്ചില്‍പ്പുറം. പരോക്ഷ വിമര്‍ശനമായിരുന്നു സഞ്ജയന്റെ ഇഷ്ട വിനോദം. ചങ്ങലംപരണ്ട മുനിസിപ്പാലിറ്റിയും അവിടത്തെ ഈച്ചയും കൊതുകുമെല്ലാം അദ്ദേഹത്തിന് സരസ വിഷയമായി മാറി. സഞ്ജയന്‍ ബുദ്ധിപരമായ ഹാസ്യത്തിന് കുറേക്കൂടി മുന്‍തൂക്കം നല്‍കിയ ആളാണ്. ഈ വി ധാരാളം സീരിയസ് രചനകളും നടത്തിയിരുന്നു.

ഒരുകാലത്ത് മലയാളത്തില്‍ ധാരാളം വിനോദ മാസികകള്‍ ഉണ്ടായിരുന്നു. ചങ്ങനാശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ച സരസന്‍ ആയിരുന്നു അതില്‍ പ്രധാനം. വിദൂഷകന്‍, വികടന്‍, രസികന്‍, സജ്ജലന്‍, നാരദന്‍, നര്‍മ്മദ, വികടകേസരി, വിശ്വരൂപം, വിനോദശബ്ദം, നിറമാല, ചിരിച്ചെപ്പ്, പാക്കനാര്‍, അസാധു, ചിരി വീണ്ടും ചിര്, ടിക്-ടിക്, ടക്-ടക് എന്നിങ്ങനെ വിവിധ കാലയളവുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ വിനോദ മാസികകള്‍ മലയാള ഹാസ്യസാഹിത്യത്തിന് പരിചയപ്പെടുത്തി യത് നിരവധി എഴുത്തുകാരെയാണ്. നിര്‍ഭാഗ്യം എന്നു പറയട്ടെ സാമ്പത്തിക പരാധീനതകള്‍ കാരണം ഇവയെല്ലാം നിന്നു പോകുകയാ യിരുന്നു. ഇപ്പോള്‍ ഹാസ്യകൈരളി, ചിരിമധുരം എന്നിങ്ങനെ രണ്ട് വിനോദ മാസികകള്‍ മാത്രമാണ് നിലവിലുള്ളത്. ഇതുതന്നെയാണ് പ്രശ്‌നം. പുതിയ എഴുത്തുകാര്‍ക്കായാലും പഴയവര്‍ക്കായാലും എഴുതാന്‍ പ്രസിദ്ധീകരണങ്ങളില്ല. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളാകട്ടെ ഹാസ്യത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. ഹാസ്യത്തിനുവേണ്ടി ഇടക്കാലത്ത് മാതൃഭൂമി ദിനപത്രം തുടങ്ങിയ നര്‍മഭൂമിയും പ്രസിദ്ധീകരണം നിര്‍ത്തി. ഇപ്പോള്‍ സ്വന്തമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് എഴുത്തുകാരുടെ മുന്നിലുള്ള ഏക പോംവഴി. പത്രങ്ങളില്‍ മിഡില്‍ പേജ് ഹ്യൂമര്‍ എന്നൊരു സംഭവം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പത്രങ്ങളില്‍ അതും അപൂര്‍വമാണ്.

സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും പ്രായം കൂടിയ കാരണവര്‍ 92 വയസായ പ്രൊഫ. നാരായണന്‍ നായരാണ്. ചെമ്മനം ചാക്കോയും സുകുമാറും തൊട്ടു പിന്നില്‍. സി ആര്‍ ഓമനക്കുട്ടന്‍, പി സി സനല്‍കുമാര്‍, കൃഷ്ണ പൂജപ്പുര, വി സുരേശന്‍, ജി ഹരി, ജോസ് കുമാര്‍, എന്നീ കലാകാരന്മാര്‍ നര്‍മ്മ കൈരളിയുടെ സംഭാവനകളാണ്. നര്‍മ്മകൈരളി കേരളത്തിലെ പ്രമുഖ ഹാസസാഹിത്യകാര സംഘടനയാണ്. കേരള സാഹിത്യ അക്കാദമി ഹാസ്യത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചവര്‍ ബഹുഭൂരിപക്ഷവും നര്‍മ്മകൈരളി അംഗങ്ങളാണ്.

ചെമ്മനം ചാക്കോ (1995) കിഞ്ചനവര്‍ത്തമാനം
സുകുമാര്‍ (1996) കോതക്ക് പാട്ട്
നാരായണന്‍ നായര്‍ (1999) നാനാവിധം
വി സുബ്ബയ്യാപ്പിള്ള (2000) അമ്പട ഞാനേ
കൃഷ്ണ പൂജപ്പുര (2001) കലികോലം
പി സി സനല്‍കുമാര്‍ (2004) കലക്ടര്‍ കഥയെഴുതുകയാണ്
ജെ ലളിതാംബിക (2011) കളിയും കാര്യവും

ശ്രീ ആനന്ദക്കുട്ടന് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡും കിട്ടി. ദീര്‍ഘകാലം അദ്ദേഹം നര്‍മ്മകൈരളിയുടെ പ്രസിഡന്റായിരുന്നു.

ഹാസ്യത്തിന്റെ തത്വശാസ്ത്രത്തിലെ ആദ്യത്തെ കണ്ണിയാണ് അരിസ്റ്റോട്ടില്‍. ശരാശരിയുടെ താഴെയുള്ള മനുഷ്യരുടെ അനുകരണത്തിലൂടെയാണ് ഹാസ്യം നമ്മെ ചരിപ്പിക്കുന്നത് എന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്. വേദനാ ജനകമായ നിന്ദയാണ് ഹാസ്യം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹാസ്യത്തിന്റെ ഒരംശം മാത്രമാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത് എന്നു മാത്രമേ കരുതേണ്ടൂ. ഹാസ്യത്തെ ഒരു നിന്ദയായോ അനുകരണമായോ ചുരുക്കാവുന്നതല്ല. അരിസ്‌റ്റോട്ടിലിന്റെ കാലഘട്ടത്തിലെ ഹാസ്യത്തിന്റെ വ്യാപ്തി പരിമിതമായിരുന്നു എന്നു മനസിലാക്കാവുന്നതാണ്.

മലയാളത്തിലെ ശ്രദ്ധേയനായ ഒരു ഹാസ്യസാഹിത്യകാരനായിരുന്നു സീതാരാമന്‍. പാരഡിയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. പി ശ്രീധരന്‍ നായരെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

കുമാരനാശാന്റെ 'കരുണ' ക്ക് അദ്ദേഹം എഴുതിയ 'അരണ' അക്കാലത്ത് വന്‍ശ്രദ്ധ നേടി. എത്ര രസകരമാണ് അതെന്നു അല്പം കേട്ടാലും.

'പരമ സല്‍ഗുണങ്ങള്‍ക്കു പുരുഷകേദാരം മൂലം
തിരുനാളു വഞ്ചിരാജ്യം ഭരിക്കും കാലം
ദക്ഷിണ കേരളത്തിന്റെ അക്ഷയപാത്രമായ് കൃഷി
രക്ഷചെയ്യും കോതയാറ്റിന്‍ കിഴക്കരികില്‍
നാടകത്തു നാലമേറും കേള്‍വിപെറ്റ നാഞ്ചിനാട്ടെ
പാടമൊന്നില്‍ പടിഞ്ഞാറെ പരിസരത്തില്‍
ഈടെഴുന്ന പനകൊണ്ടു തീര്‍ത്ത പടിവാതിലാര്‍ന്നു
മാടുകളെ കെട്ടാനുള്ള തൊഴുത്തിനുള്ളില്‍
ചിന്നി അങ്ങുമിങ്ങും പൈക്കള്‍ ചവച്ചിട്ട വൈക്കോലാലേ
പൊന്നൊളികസവിണങ്ങി പുല്ലുമെത്തമേല്‍
പരമകാരുണികനാകും ഭഗവാന്റെ കൃപയാലെ
'അരണ'യൊന്നതുനാളില്‍ പരിലസിപ്പൂ'

സീതാരാമന്റെ പ്രസിദ്ധമായ പാരഡികളൊന്നും ഇപ്പോള്‍ ലഭ്യമല്ല.

മലയാള ഹാസസാഹിത്യ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് വലിയൊരു വിടവു കാണാം. തുടര്‍ച്ചയായ ഹാസസാഹിത്യം ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. മലയാളത്തിലും അങ്ങനെ തന്നെ. തോലനും ചമ്പുകാരന്മാര്‍ക്കും ചാക്യാര്‍ക്കും കാലത്തിന്റെ വിടവുണ്ട്. ചാക്യാരുടെ കൂത്തുകേട്ടാല്‍ ഇന്ന് ആരും കാര്യമായി ചിരിക്കില്ല. അതാണ് കാലത്തിന്റെ വ്യത്യാസം. കള്ളനാണയങ്ങളില്ലാത്ത ഒരേയൊരു സാഹിത്യശാഖയാണ് ഹാസ്യം. പറയുന്നത് മനസിലായാലേ ചിരിക്കാന്‍ കഴിയൂ എന്നതാണ് അതിനു കാരണം. മറ്റു സാഹിത്യ ശാഖകളില്‍ ദ്രുതഗതിയുടെ നാട്യങ്ങള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഹാസ്യത്തിലതു പറ്റില്ല. നര്‍മ്മം എന്നത് വിശദീകരിച്ചു പഠിപ്പിച്ചെടുക്കാവുന്ന ഒന്നല്ല.

ഹാസ്യം നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. സിനിമയില്‍ ഇന്നും സജീവമായ ഹാസ്യം സാഹിത്യത്തില്‍ പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. സാഹിത്യത്തിലെ ഒരു രണ്ടാതരം പരിഗണനയാണ് ഹാസ്യത്തിന് ലഭിക്കുന്നത് എന്ന് എഴുത്തുകാര്‍ പരാതിപ്പെടുന്നു. ഏതു സാഹിത്യശാഖ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടുണ്ട് ഹാസ്യത്തിന്. സ്വാനുഭവങ്ങളേയോ നിരീക്ഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യങ്ങളേയോ അതിശയോക്തി വത്കരിച്ചോ അനുകരിച്ചോ ചമത്കാരത്തോടെ വ്യാഖ്യാനിച്ച് വായനക്കാരെ രസിപ്പിക്കുക എന്നതാണ് ഹാസ്യസാഹിത്യകാരന്റെ നിയോഗം. പരിമിതികള്‍ എന്തുതന്നെയായാലും കൂടുതല്‍ കൂടുതല്‍ പേര്‍ ഈ രംഗത്തു വരണമെങ്കില്‍ പ്രധാന ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത് പ്രസിദ്ധീകരണങ്ങള്‍ തന്നെയാണ്. കവിതക്കും ചെറുകഥക്കും നോവലിനും നല്‍കുന്ന പ്രാധാന്യം ഹാസ്യത്തിനും നല്‍കണം. ഹാസ്യം ശുഷ്‌കിക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. മലയാളി മനസു തുറക്കണം.

(കലക്ടര്‍ കഥയെഴുതുകയാണ് എന്ന വിനോദ സാഹിത്യ കൃതിക്ക് 2004 ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ശ്രീ പി സി സനല്‍കുമാര്‍ പത്തനംതിട്ടയിലും കാസര്‍കോട്ടും ജില്ലാ കളക്ടറായിരുന്നു. 2009 ല്‍ ഗവ. സെക്രട്ടറിയായി സര്‍വീസില്‍ നിന്നും പിരിഞ്ഞു.)

പി സി സനല്‍കുമാര്‍ ഐഎഎസ് (റിട്ട.)
ഡിംപിള്‍, കണ്ടമണ്‍ഭാഗം, പേയാട് പി ഒ,
തിരുവനന്തപുരം. 695 573

കടപ്പാട്: വിദ്യാരംഗം മാസിക 2014 ആഗസ്റ്റ് ലക്കം.