"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 8, ഞായറാഴ്‌ച

പുസ്തകം: ഈഴവര്‍ എങ്ങോട്ട്? ജി കൃഷ്ണമൂര്‍ത്തി ഐപിഎസ് (റിട്ട.)


എം പി അപ്പന്‍ 
പ്രസാധകര്‍: ശ്രീനാരായണ ധര്‍മ്മകേന്ദ്രം,
മെഡിക്കല്‍ കോളേജ്,
തിരുവനന്തപുരം 11.

1993 ല്‍ ഇറങ്ങിയ പുസ്തകത്തിന് എം പി അപ്പന്‍ എഴുതിയ അവതാരികയാണ് ഇത്.

ജാതിവ്യവസ്ഥയാണ് ഇന്ത്യയുടെ അധഃപതനത്തിന് ഹേതുവെന്ന് കാറല്‍ മാര്‍ക്‌സ് തുടങ്ങിയ മഹാന്മാര്‍ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിന്തിക്കുന്നവര്‍ക്കെല്ലാം അത് ശരിയാണെന്ന് ബോധ്യമാകാതിരിക്കുകയില്ല. ഉത്തമമായ ഉദ്ദേശ്യത്തോടു കൂടിയായിരിക്കും പണ്ടുള്ളവര്‍ ജാതിവ്യവസ്ഥ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കാലക്രമേണ അത് ദോഷമായി ഭവിച്ചു.

'പാരിലലിവെഴാത്ത ദുര്‍ജ്ജനത്തിന്‍
കരബല കല്പിതമാണു ജാതിഭേദം' (സിംഹനാദം)

എന്ന് മഹാകവി ആശാന്‍ വിലപിക്കുകയുണ്ടായി. ജാതിയെ നോക്കിയിട്ട്

'ഝടിതിയവനെയാഞ്ഞു വേട്ടയാടിന്‍
ഞൊടിയളവിക്കലിനില്‍ക്കിലുണ്ടപായം'

എന്ന് സമരാഹ്വാനം ചെയ്യാനും ആശാന്‍ മടിച്ചില്ല.

ഭൂരിപക്ഷം വരുന്ന ഒരു ജനവിഭാഗത്തിനു വിദ്യാഭ്യാസം നിഷേധിച്ചതാണ് ന്യൂനപക്ഷമായ വരേണ്യ വിഭാഗം ചെയ്ത മഹാപരാധം എന്നു സ്വാമി വിവേകാനന്ദന്‍ പ്രസ്താവിച്ചിട്ടുണ്ട്. അധ്വാനിക്കുന്ന ആ ഭൂരിപക്ഷം - ശൂദ്രര്‍ - ഭാവിയില്‍ ഇന്ത്യാരാജ്യം ഭരിക്കുമെന്നു ശ്രീ വിവേകാനന്ദന്‍ പ്രവചിക്കുകയും ചെയ്തു. ആ പ്രവചനം ഫലിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുകയാണല്ലോ.

അഭിവൃദ്ധിപ്പെടാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ട്. സമുദായങ്ങള്‍ ഉള്ളിടത്തോളം കാലം സാമുദായിക ഉന്നമനത്തിനും അവകാശം ഉണ്ടെന്നും സമ്മതിക്കണം. സംഘടിച്ചു ശക്തരാകാനും, വിദ്യ കൊണ്ടു സ്വതന്ത്രരാകാനും, കൃഷി വ്യവസായാദികള്‍ കൊണ്ടു സമ്പന്നരാകാനുമാണ് നാരായണ ഭഗവല്‍പാദര്‍ അനുയായികള്‍ക്കു നല്‍കിയ ഉപദേശം. അതനുസരിച്ചു പ്രവര്‍ത്തിക്കുകയാല്‍ ഈഴവര്‍ക്കു ഗണ്യായ പുരോഗതി ഉണ്ടാവുകയും ചെയ്തു. എസ്എന്‍ഡിപി യോഗം അനുഷ്ഠിച്ച സേവനം അതാണല്ലോ വെളിപ്പെടുത്തുന്നത്.

5 രൂപാ ശമ്പളം വാങ്ങുന്ന ഒരൊറ്റ ഉദ്യോഗസ്ഥന്‍ പോലും ഇല്ലാതിരുന്ന പഴയ തിരുവിതാംകൂറിലെ ഈഴവരില്‍ പെട്ട ഒരാള്‍ - പി വേലായുധന്‍ - ആദ്യമായി ബി എ ബിരുദം സമ്പാദിച്ചിട്ട് ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവിനെ മുഖം കാണിക്കാന്‍ ചെന്നു. 'ക്രിസ്ത്യാനിയായിക്കൂടേ?' എന്നു മഹാരാജാവ് വേലായുധനോട് ചോദിച്ചതായി കേട്ടിട്ടുണ്ട്. ഉരുക്കു ചട്ടക്കൂടുപോലെ ബലിഷ്ഠമായ ജാതിവ്യവസ്ഥ ലംഘിച്ചു പ്രവര്‍ത്തിക്കാ നുള്ള സ്വാതന്ത്ര്യം ആ മഹാരാജാവിനു പോലും ഉണ്ടായിരുന്നില്ല എന്നല്ലേ ഊഹിക്കേണ്ടത്? ആ വേലായുധന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ആശ്രയിക്കു കയും അതിന്റെ ഫലമായി സബ്കളക്ടര്‍ പദവിയില്‍ എത്തുകയും ചെയ്തു. അദ്ദേഹത്തിന് റാവു ബഹദൂര്‍ സ്ഥാനവും ലഭിച്ചു.

സമര്‍ഹമായിട്ടായാലും അനര്‍ഹമായിട്ടായാലും ദീര്‍ഘകാലമായി സുഖസൗകര്യങ്ങളും മറ്റും അനുഭവിക്കുകയും അധികാരം കയ്യാളുകയും ചെയ്യുന്ന വ്യക്തികളോ സമുദായങ്ങളോ അതെല്ലാം കൈവെടിയാന്‍ ഇഷ്ടപ്പെടുകയില്ല. അവശത അനുഭവിക്കുന്നവര്‍ അവകാശത്തിനു വേണ്ടി പ്രക്ഷോഭണമോ സമരമോ നടത്തിയെന്നും വരും. അത് സ്വാഭാവികവുമാണ്.

സുഖമായി ജീവിക്കുവാന്‍ ധനം സമ്പാദിക്കണ്ടെ. അതിന് ഏറ്റവും പറ്റിയ മാര്‍ഗം കൃഷി, വ്യവസായം, വാണിജ്യം മുതലായവ തന്നെ. ഭരണ പങ്കാളിത്തം വേണമെന്നു പറയുന്നതിന്റെ മുഖ്യോദ്ദേശ്യം ധനാര്‍ജ്ജനം അല്ല. നീതി ലഭിക്കുക എന്നുള്ളതാണ്. ഭരണ പങ്കാളിത്തം ഇല്ലാതെ നീതിലഭിക്കുയില്ലെന്നുള്ളത് എല്ലാ പേര്‍ക്കും അറിയാവുന്നതാണു താനും.

'ഈഴവര്‍ ഏങ്ങോട്ട്?' എന്ന ഈ പുസ്തകം ഈഴവ സമുദായത്തിന്റെ അഭിവൃദ്ധിയെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ഒരു ലഘു പ്രബന്ധമാണ്. (ഈഴവര്‍ക്കു മാത്രമല്ല ഓരോ സമുദായത്തിനും മുന്നേറുവാനുള്ള അവകാശം ഉണ്ടെന്നു സമ്മതിക്കുന്നു) ലേഖകന്‍ പ്രകടിപ്പിച്ചിട്ടുള്ള ചില അഭിപ്രായങ്ങളോടു യോജിക്കാത്തവര്‍ കണ്ടേക്കാം. എന്നിരുന്നാലും അദ്ദേഹം പറയുന്നതു പൊതുവേ ശ്രദ്ധേയമാണെന്നു സമ്മതിക്കണം. സമുദായത്തിന്റെ പുരോഗതിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പരസ്പര സ്‌നേഹത്തോടും ഐകമത്യത്തോടും കൂടി പ്രയത്‌നിച്ചു മുന്നേറാന്‍ സമുദായാംഗങ്ങള്‍ക്കു അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് ഈ ലഘുലേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇതില്‍ അടങ്ങിയിരിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കാന്‍ ലേഖകന്‍ ഭഗീരഥപ്രയത്‌നം ചെയ്തിട്ടുണ്ട്. എസ്എന്‍ഡിപി യോഗം ചെയ്യേണ്ടിയിരുന്ന ഒരു പ്രവൃത്തിയാണ് ഇതെന്നു പറയാം. പ്രയോജനപ്രദമായ ഈ സ്തിതി വിവരം തയ്യാറാക്കിയതിന് ലേഖകനെ സമുദായം സര്‍വാത്മനാ അഭിനന്ദിക്കേണ്ടതാകുന്നു.

ലേഖകനായ ശ്രീ ജി കൃഷ്ണമൂര്‍ത്തി പൊലീസ് വകുപ്പില്‍ അതിപ്രശസ്തമായ സേവനം അനുഷ്ഠിച്ചിട്ട് വിരമിച്ചിരിക്കുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. അടുത്തൂണ്‍ വാങ്ങിയതിനു ശേഷവും സമൂഹാഭിവൃദ്ധിക്കുവേണ്ടി വിശ്രമില്ലാതെ അദ്ദേഹം പ്രയത്‌നിക്കുന്നു വെന്നതും പ്രശംസാര്‍ഹമാണ്. വര്‍ക്കല ശിവഗിരിയിലും, അരുവിപ്പുറ ത്തും മറ്റും നടത്തിയിട്ടുള്ള പല ഉത്സവങ്ങളും സമ്മേളനങ്ങളും വിജയശ്രീലാളിതമാകാന്‍ അദ്ദേഹത്തിന്റെ വിദഗ്ധ സേവനം അത്യധികം പ്രയോജനപ്പെട്ടിട്ടുണ്ട്. ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ നിരന്തരവും നിസ്തദ്രവുമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു യഥാര്‍ത്ഥ സ്വാമി ഭക്തന്‍ കൂടിയാണ് അദ്ദേഹം. ബുദ്ധിമാനും ധീരനും കര്‍മ്മ കുശലനും സമൂഹോന്നമന തത്പരനുമായ അദ്ദേഹത്തെ മറ്റുള്ളവര്‍ ഒരു മാതൃകയാക്കേണ്ടതാണെന്നു പ്രസ്താവിക്കാന്‍ ഇത് എഴുതുന്നയാള്‍ മടികാണിക്കുന്നില്ല.

യശശ്ശരീരനായ ഡിഎസ്പി ഗോപാലന്റെ പുത്രനാണ് ശ്രീ കൃഷ്ണമൂര്‍ത്തി. പ്രഗത്ഭനായ പിതാവിന്റെ പ്രഗത്ഭനായ പുത്രനാണ് അദ്ദേഹം എന്നു പറയാം. 

എന്റെ ബഹുമാന്യ സുഹൃത്തായ ശ്രീ കൃഷ്ണമൂര്‍ത്തിക്കും അദ്ദേഹത്തിന്റെ ഈ ലഘുലേഖക്കും, സമൂഹാഭിവൃദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സമസ്ത വിജയങ്ങളും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

എം പി അപ്പന്‍
തിരുവനന്തപുരം 14
10 12 1993