"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 3, ചൊവ്വാഴ്ച

ദേശരാഷ്ട്രങ്ങള്‍ ജനാധിപത്യം നിലനിര്‍ത്തുന്ന തിനായാണ് പരസ്പരം മത്സരിക്കേണ്ടത് - കെ ഇ എന്‍ കുഞ്ഞഹമ്മദ്


'ഘര്‍വാപസിയും ഭാരതരത്‌നവും!' എന്ന ലേഖനത്തിന്റെ രണ്ടാ ഭാരമാണ് ഇത്. (ഒന്നാം ഭാഗം ഇവിടെ വായിക്കുക.)

ഒരു മുങ്ങിക്കപ്പല്‍ എത്രയെത്ര മനുഷ്യരുടെ ജീവിതങ്ങളാണ് മുക്കിക്കളയുന്നതെന്ന് ആരും ആലോചിക്കാത്തത്, മറ്റവര്‍ നമ്മളെ ആക്രമിച്ചാല്‍ അതൊടെ എല്ലാം തീരുമല്ലോ എന്ന ന്യായമായ ആശങ്ക നിലനില്‍ക്കുന്നതു കൊണ്ടാണ്! എന്നാല്‍ കൂടുതല്‍ മനുഷ്യ കേന്ദ്രിതമാവേണ്ട ഗവേഷണം, ആയുധ കേന്ദ്രിതമായി മാറുന്നത്, ആവിധമുള്ള ആലോചന കൊണ്ടല്ലെന്ന് ന്യായമായും നാം തിരിച്ചറിയണം. ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ ലാഭം കൊണ്ടുപോകുന്നതില്‍ ഒന്നാമത് ആയുധ വ്യവസായവും രണ്ടാമതായി ഔഷധവ്യവസായവുമാണെന്ന് വായിച്ചതോര്‍മ്മയുണ്ട്. മരണവും ജീവിതവും തമ്മിലുള്ള വല്ലാത്തൊരു പകിടകളി.

മനുഷ്യരെ ആയുധംകൊണ്ടു കൊന്നാലും മരുന്നുകൊണ്ടു ജീവിപ്പിച്ചാലും അവര്‍ക്ക് ലാഭം! സൂക്ഷ്മാര്‍ത്ഥത്തില്‍ യുദ്ധം ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിലുള്ള പ്രശ്‌നം എന്നതിനേക്കാള്‍ സാമ്രാജ്യത്വവും ദേശരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നം എന്ന നിലയിലാണ് പ്രസക്തമാകു ന്നത്. ഇന്ത്യ വിപരീതം പാകിസ്ഥാന്‍, ചൈന എന്നതിനേക്കാള്‍, ഇന്ത്യ പാകിസ്ഥാന്‍ ചൈന വിപരീതം സാമ്രാജ്യത്വം എന്നൊരു കാഴ്ചപ്പാടാണ് പ്രസക്തം! അതിനര്‍ത്ഥം ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കപ്പെടാനുള്ള സന്നാഹങ്ങള്‍ ഉപേക്ഷിക്കപ്പെടണ മെന്നുള്ളതല്ല, മറിച്ച് സംഘര്‍ഷങ്ങളുടെ യഥാര്‍ത്ഥ ഉത്പാദന കേന്ദ്രം ഏതെന്ന തിരിച്ചറിവ് നഷ്ടമാകരുതെന്ന് മാത്രമാണ്.

എവിടെ സാമ്രാജ്യത്വമുണ്ടോ അവിടെ യുദ്ധമുണ്ട് എന്ന ലെനിന്റെ മുന്നറിയിപ്പ് മറക്കാറായിട്ടില്ല. 1930 - കള്‍ മുതല്‍ക്കാണ് റോബിന്‍സണ്‍ ഹൊറൈസിനെപ്പോലുള്ള അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ സൈനിക ക്ഷേമരാഷ്ട്രം എന്ന പുതിയ സമീപനം വികസിപ്പിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുണ്ടായ വന്‍ ലാഭം ഇത്തരമൊരു പരികല്പനക്ക് ഹൊറൈസിന് പ്രചോദനമായിട്ടു ണ്ടാവണം. പഴയ ക്ഷേമരാഷ്ട്രത്തോടൊപ്പം പുതിയ സൈനികക്ഷേമ രാഷ്ട്രമെന്ന പരികല്പനകൂടി അന്നുമുതല്‍ സജീവമാണ്. ഒരു പരിധിവരെ സാമ്രാജ്യത്വ സമ്പദ്ഘടന ആയുധ വ്യവസായത്തിലേക്ക് ഉദ്ഗ്രഥിക്ക പ്പെട്ടിട്ടുണ്ട്. മാവോ മുമ്പ് രാഷ്ട്രീയം നേതൃത്വത്തില്‍ എന്നും, ആറ്റം ബോംബുകള്‍ വെറും കടലാസ് പുലികള്‍ എന്നും പറഞ്ഞത് ഇന്നും പ്രസക്തമാണ്. അതേസമയം സാമ്രാജ്യത്വം, ലോക മേല്‍ക്കോയ്മ ഉറപ്പിച്ചു നിര്‍ത്തുന്നത്, സ്വന്തം ആയുധ വ്യവസായത്തിന്റെ കൂടി പിന്‍തുണയി ലാണ്. ബൂയിങ്, ലോക്ഹീഡ്, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ വന്‍ ആയുധ കുത്തകകള്‍ സാമ്രാജ്യത്വ നയരൂപീകരണത്തില്‍ നേതൃത്വപരമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഒന്നുകില്‍ സുദ്ധം, അല്ലെങ്കില്‍ എപ്പോഴും യുദ്ധമുണ്ടാകുമെന്ന ഭീതി സൃഷ്ടിച്ചുകൊണ്ടാണ് ആയുധ വ്യവസായം നിലനില്‍ക്കുന്നത്. ഇന്ത്യയും അയല്‍ രാജ്യങ്ങളും തമ്മില്‍ എപ്പോഴും ശത്രുതയിലോ പരസ്പര സംശയത്തിലോ നിലനില്‍ക്കേണ്ടത് അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളുടെ ആവശ്യമല്ല, ആയുധ വ്യവസായത്തിന്റെ അജണ്ടയാണ്. അതുകൊണ്ടുതന്നെ ദേശ രാഷ്ട്രങ്ങള്‍ ഒരുമിച്ചു നിന്ന് പ്രതിരോധത്തിന് നീക്കിവെക്കുന്ന വമ്പിച്ച വിഭവം വികസനത്തിലേക്ക് മാറ്റിവെക്കുന്നതിനെക്കുറിച്ചാണ് ഗൗരവമായി ആലോചിക്കേണ്ടത്. ഞങ്ങള്‍ക്കിത്ര മിസൈലും മുങ്ങിക്കപ്പലുമുണ്ട് എന്നതിലല്ല, ഞങ്ങളുടെ രാജ്യത്താണ് നിങ്ങളുടെ രാജ്യത്തേക്കാള്‍ ജനാധിപത്യം നിലനില്‍ക്കുന്നത് എന്ന് തെളിയിക്കുന്നതിലാണ് ദേശ രാഷ്ടരങ്ങള്‍ പരസ്പരം മത്സരിക്കേണ്ടത്.

ഓരോ രാഷ്ട്രവും പ്രതിരോധ വകുപ്പിന്റെ ഓഫീസ് മുറിയില്‍ വലിയ അക്ഷരങ്ങലില്‍ എഴുതിവെക്കേണ്ടത് ജോണ്‍ സ്‌റ്റൈന്‍ബക്കിന്റെ 'All war is a symtom of man's failure as a thinking animal' എന്ന വാക്യമാണ്. രക്തംകൊണ്ട് ചിന്തിക്കൂ എന്നാക്രോശിക്കുന്ന ഫാസിസ്റ്റുകള്‍ക്കൊഴിച്ച് ആര്‍ക്കുമത് ആവേശം നല്‍കും!