"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 3, ചൊവ്വാഴ്ച

അംബേഡ്കര്‍ അക്ഷരങ്ങളുടെ ആത്മമിത്രം - ഗുരുസ്വാമി


പുസ്തകം: അംബേഡ്കര്‍ അക്ഷരങ്ങളുടെ ആത്മമിത്രം
ഗുരുസ്വാമി
പരിഭാഷ: ബാബുരാജ് കളമ്പൂര്
പ്രസാധകര്‍: സുര ബുക്‌സ് (പ്രൈ) ലി.
പാലാരിവട്ടം, എറണാകുളം - 682 025.
ഫോണ്‍: 0484 - 3205797, 2535636.
E-mal: enquiry@surabokks.com
വില: 35 രൂപ
www.surabooks.com

മഹാന്മാരായ പല വ്യക്തികളുടേയും ജന്മനാടാണ് മറാഠാ ദേശം. ചരിത്രപ്രസിദ്ധമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ ഒരു കാലത്ത് ഇവിടെയും ജാതിവ്യവസ്ഥ പത്തി വിടര്‍ത്ത് ആടിയിരുന്നു. ഉച്ചനീചത്വങ്ങളുടെ കറ പുരണ്ട മനസ്സുകളില്‍ വിവേചനത്തിന്റെ വേലിക്കെട്ടുകളുയര്‍ത്തിയ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാല്‍ പോലും ദോഷമുള്ളവരുമായ ജനത. ചാതുര്‍വര്‍ണ്യ കണക്കുകള്‍ക്കും പുറത്ത്, പലപ്പോഴും മനുഷ്യ ഗണത്തില്‍ പെടാത്തവരെന്നു തോന്നിപ്പിക്കുന്ന ഇരുകാലി ജീവികള്‍! ഉന്നത കുലജാതരുടെ ദൃഷ്ടിപഥങ്ങള്‍ക്കും അപ്പുറത്ത് , അവര്‍ക്കുവേണ്ടി പണിയെടുത്ത് മൃഗങ്ങളെ പോലെ ജീവിച്ചവര്‍ക്ക്, ആഗ്രഹങ്ങളും അവകാശങ്ങളും നിഷിദ്ധമായിരുന്നു അന്ന്.

വലിയവര്‍ നടക്കുന്ന വഴിയില്‍ കൂടി നടന്നുകൂടാ... അരയ്ക്കു മുകളില്‍ വസ്ത്രങ്ങള്‍ ധരിച്ചുകൂടാ... പിന്നെയും എത്രയെത്ര നിയമങ്ങള്‍. വിശപ്പും ദാഹവും ക്ഷീണവും പോലും അനുവദനീയമല്ലാതിരുന്ന കാലം. ആരോഗ്യവും വീര്യവും സിരകളില്‍ നിറഞ്ഞൊഴുകുമ്പോഴും എതിര്‍ത്തു നില്‍ക്കുവാന്‍ ശക്തിയില്ലാത്ത മനസ്സുകളെ വ്യവസ്ഥിതികൊണ്ട് പൂട്ടിയിട്ട് മേലാളന്മാര്‍ പൂണൂല്‍ തുമ്പില്‍ കെട്ടിയ താക്കോലുകളുമായി അന്ന് സുഖിച്ചു വാണു.

വിദേശികള്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കുകയും പുതിയ ഒരു അധീശ ശക്തിയില്‍ ഭാരതീയന്റെ ശിരസ്സുകള്‍ ചവിട്ടിത്താഴ്ത്തുകയും ചെയ്തപ്പോള്‍ അടിയാളന്മാരുടെ സ്ഥിതി കൂടുതല്‍ ദയനീയമാകുക യായിരുന്നു.

ആംഗലേയരുടെ വരവോടെയാണ് ദലിത് സമുദായങ്ങളുടെ പഴയ അവസ്ഥക്ക് അല്‍പ്പമൊരു മാറ്റം വരുന്നത്. അവരുടെ കരുത്തും കായിക ക്ഷമതയും മനസ്സിലാക്കിയ ആംഗലേയര്‍ പട്ടാളത്തിലെ താഴ്ന്ന ഉദ്യോഗങ്ങളില്‍ വെരെ അവരെ നിയോഗിച്ചു. എങ്കിലും ജീവിതത്തിന്റെ ഉയര്‍ന്ന മേഖലകള്‍ അന്നും ദലിതര്‍ക്ക് സ്വപ്‌നം മാത്രം.

ഈ ഇരുണ്ട കാലഘട്ടത്തില്‍ പിറന്ന്, ഇന്ത്യയുടെ പരമോന്നത ഭരണകൂടത്തിന്റെ ഒരു ഭാഗമായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ ഭീംറാവ് റാംജി അംബേഡ്കര്‍.സ്വാതന്ത്ര്യ സമര ചരിത്രങ്ങളും ആ ഉജ്വല സമരങ്ങള്‍ നയിച്ച നേതാക്കളും നമ്മുടെ സ്മരണകളുടെ പൂന്തോപ്പുകളില്‍ നിന്ന് പതുക്കെ പതുക്കെ അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നേടിയെടുത്ത സ്വാതന്ത്ര്യം നമ്മള്‍ കാത്തു സൂക്ഷിക്കണം. ഇനി ഒരിക്കലും വിദേശീയരുടെ അധികാരമുദ്രകള്‍ നമുക്കുമേല്‍ പതിക്കാതിരിക്കുവാന്‍ നാം ശ്രദ്ധിക്കണം. നമ്മുടെ പുതിയ തലമുറയാണ് അതിനുവേണ്ടി പരിശ്രമിക്കേണ്ടത്. സ്വന്തം ജീവിതങ്ങളും വൈയക്തിക സുഖങ്ങളും ത്യജിച്ച് ദേശീയ പ്രസ്ഥാനത്തിനുവേണ്ടി സ്വയം അര്‍പ്പിച്ച ഒട്ടേറെ മഹത് നേതാക്കള്‍ നമുക്കുണ്ടായിരുന്നു. അവരുടെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ നിറക്കുക. അതിലൂടെനമുക്ക് നഷ്ടമായ ദേശീയ ബോധം നേടിയെടുക്കുക.

'ഭാരതമെന്ന പേര് കേട്ടാല്‍
അഭിമാനപൂരിതമാകണം... അന്തരംഗം....'

(പുസ്തകത്തിന്റെ ആമുഖമാണ് ഇവിടെ പകര്‍ത്തിയിട്ടുള്ളത്)