"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 23, തിങ്കളാഴ്‌ച

നിശബ്ദമായ കര്‍മ്മം പ്രതിരോധമാകുമ്പോള്‍ - ജി. മധുസൂദനന്‍


കേരളത്തില്‍ ഇപ്പോള്‍ സ്വപ്നങ്ങളുടെ ശിശിരകാലമാണ്; ആശയ്ക്കു വക നല്‍കിയ പലതും അസ്തമിക്കുന്ന കാലം. നിരാശയുടെ ഈ കാലഘട്ടത്തിലും നമുക്ക് ആശ്വാസം പകരുന്നത് കല്ലേന്‍ പൊക്കുടനെപ്പോലുള്ള മനുഷ്യര്‍ നമുക്കിടയില്‍ ഇപ്പോഴും സജീവമാണ് എന്ന വസ്തുതയാണ്. പ്രസിദ്ധ ഫ്രഞ്ചു നോവലിസ്റ്റ് ഴാങ് ഗിയോനൊ 1937ല്‍ കുറിച്ചിട്ട ഈ വരികളാണ് ഓര്‍മ്മയില്‍ വരുന്നത്. നമ്മുടെ കാലം എന്നില്‍ അറപ്പുളവാക്കുന്നു. അതിനെ വര്‍ണ്ണിക്കാന്‍പോലും എനിക്കിഷ്ടമില്ല, അതിനെ സഹിക്കുക തന്നെ ധാരാളമാണ്. പുതിയ മലനിരകളും ഒരു പുതിയ നദിയും മഞ്ഞും കാടും പുതിയൊരു ദേശവും അതില്‍ നിറയെ പുതിയ മനുഷ്യരുമുള്ള ഒരു ലോകത്തെക്കുറിച്ച് എനിക്കൊരു ഗ്രന്ഥമെഴുതണം. അതിനായി എനിക്ക് പുതുതായി ഒന്നും- മനുഷ്യരെപ്പോലും-കണ്ടെത്തേണ്ടതില്ല. എന്നതാണ് ഏറ്റവും ആശ്വാസ കരമായ കാര്യം. അവര്‍-ശരിയായ മനുഷ്യര്‍-ഇപ്പോഴും നമുക്കു ചുറ്റുമുണ്ട് ... ഒരു ദിവസം വെളിപാടുപുസ്തകത്തിലെ പുല്ലുകളെക്കാള്‍ കരുത്തുറ്റ, മെരുങ്ങാത്ത ശരിയായ മനുഷ്യര്‍ എന്റെ ഭാവനയിലെ പുതിയ നദിയില്‍ നിന്നു കയറിവരും പുതിയ മലനിരകളില്‍ നിന്ന് ഇറങ്ങിവരും... ഈ വരികള്‍ കുറിച്ച് പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം അത്തരമൊരു മനുഷ്യനെക്കുറിച്ച് ഗിയോനൊ ഒരു കഥ എഴുതി. അനുഭവകഥനമോ കല്‍പിതകഥയോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത കഥ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയ മനുഷ്യന്‍.

മലയാളികള്‍ക്ക് ഈ കഥ പരിചിതമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഒരു ചുരുക്കെഴുത്തു നടത്തുന്നു. കാലം 1913 ആല്‍പ്‌സ് പര്‍വ്വത നിരയിലെ ഫ്രാന്‍സിന്റെ വശത്തുള്ള ഒരു താഴ്‌വരയിലെ തരിശായ ഒരു ഭൂപ്രദേശം. എല്‍സിയാദ് ബോഫിയര്‍ എന്ന ഒരാട്ടിടയന്‍ മൂന്നര ദശകക്കാലത്തെ തന്റെ ഏകാന്ത പ്രയത്‌നം കൊണ്ട് അവിടെ ജൈവസമൃദ്ധവും വാസയോഗ്യവുമായ ഒരിടമാക്കി. അമ്പത്തിരണ്ടാം വയസ്സില്‍ ബോഫിയര്‍ തുടങ്ങിയ കര്‍മ്മം മരണം വരെ തുടര്‍ന്നു. ഗിയോനൊ അദ്ദേഹത്തെ അവസാനമായി കണ്ടത് ബോഫിയര്‍ക്ക് എണ്‍പത്തി ഏഴ് വയസ്സുള്ളപ്പോഴാണ്. രണ്ടു ലോകയുദ്ധങ്ങള്‍ക്കിട യിലുള്ള യൂറോപ്പിലെ പ്രതീക്ഷയറ്റ ഒരു കാലഘട്ടത്തിലാണ് യുവാവല്ലാത്ത ബോഫിയര്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. സാഹിത്യം ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും മഹത്തായ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളണമെന്ന് ഗിയോനൊ വിശ്വസിച്ചിരുന്നു. 1954-ല്‍ പ്രസിദ്ധീകരിച്ച ഗിയോനൊയുടെ കഥ ലോകമെമ്പാടും പ്രചാരം നേടുകയും പരിസ്ഥിതി പുനര്‍ നിര്‍മ്മിതി പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമാവുകയും ചെയ്തു. പൊക്കുടനെപ്പോലെ തന്നെ നാട്ടറിവിന്റെ ബലത്തില്‍ മാത്രം. ബോഫിയറെക്കുറിച്ച് ഗിയോനൊ പറയുന്നു. ''ഇതെല്ലാം സാങ്കേതിക വിഭവങ്ങള്‍ ഒന്നുമില്ലാത്ത ഒരാളുടെ കൈകളിലും ആത്മാവിലും നിന്നാണ് ഉയിര്‍ത്തുവന്നതെന്ന് ഓര്‍മ്മിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം മനസ്സിലാകുന്നു. വിനാശമല്ലാതെ മറ്റു മേഖലകളിലും മനുഷ്യര്‍ക്ക് ദൈവത്തിന്റെ അത്ര മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയും.'' ഇത് പൊക്കുടനെക്കുറിച്ചും അക്ഷരംപ്രതി ശരിയാണ്. എങ്കിലും പൊക്കുടന്‍ വലിയ ദൈവവിശ്വാസിയൊന്നുമല്ല. പ്രകൃതിയാണ് പൊക്കുടന് ദൈവം. അദ്ദേഹം പറയുന്നു, ''എനക്ക് മൂന്നു ദൈവങ്ങളാ, ഒന്നാമത്തത് അനുഭവം, ന്ന് വച്ചാ അറിവ്. രണ്ടാമത്തത് പ്രകൃതി, പിന്നത്തത് ജനങ്ങള്. ഇത് മൂന്നും ഒന്നായി നിക്കണ്ടതാണ്''1. മനുഷ്യവിരുദ്ധമല്ലാത്ത, മനുഷ്യനെ ഉള്‍ക്കൊള്ളുന്ന, സാമൂഹ്യനീതി അനിവാര്യഘടകമായ ഒരു പരിസ്ഥിതി ബോധത്തിന്റെ സത്തയാണ് ഈ വാക്കുകള്‍. മാര്‍ക്‌സിനെ വായിച്ചറി ഞ്ഞതല്ല പൊക്കുടന്റെ കമ്മ്യൂണിസം. അതുപോലെ ശാസ്ത്രഗ്രന്ഥങ്ങളോ പ്രമാണഗ്രന്ഥങ്ങളോ വായിച്ചറിഞ്ഞതല്ല അദ്ദേഹത്തിന്റെ പരിസ്ഥിതി ബോധ; അന്തര്‍ജ്ഞാനവും സഹജാവബോധവും കര്‍ഷകന്റെ അനുഭവജ്ഞാനവുമാണ് അതിന്റെ ഉറവിടം.

സമരവീര്യമുള്ള കര്‍മ്മയോഗി കൂടിയാണ് പൊക്കുടന്‍. അദ്ദേഹത്തിന്റെ ജീവിതം പഠിക്കുമ്പോള്‍ നാം കാണുന്നത് ആത്മാഭിമാനവും ആത്മധൈര്യവും ഉള്‍ക്കാഴ്ചയും ഏറെയുള്ള ഒരാളെയാണ്. അങ്ങനെയുള്ളവരുടെ പ്രകൃതത്തില്‍ അടിസ്ഥാനപരമായ ഒരു വിധേയത്വവിരുദ്ധത (basic non-carefurnity of character) ഉണ്ടാകും. നിശ്ശബ്ദരായി, വിധേയരായി എല്ലാ നീതി നിഷേധവും സഹിക്കുന്നവരുടെ കൂട്ടത്തില്‍ അവരുണ്ടാകില്ല; അവര്‍ക്ക് അന്ധരായ അനുയായികള്‍ ആകാന്‍ കഴിയില്ല. മെരുങ്ങല്‍ വിരുദ്ധതയില്‍ നിന്നാണ് പുതിയ ചിന്തകളും പുതിയ ഉള്‍കാഴ്ചകളും പുതിയ കര്‍മ്മകാണ്ഡങ്ങളും ഉടലെടുക്കുന്നത്. താന്‍ പ്രതീക്ഷയര്‍പ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ വഴിവിട്ടപോക്കുകണ്ട് വ്യാകുലതയോടെ പൊക്കുടന്‍ മറുവഴി തേടിയതും അങ്ങനെയാണ്. കമ്മ്യൂണിസം കിളിര്‍ത്ത മനസ്സില്‍ അതിനെ നശിപ്പിക്കാനായി കണ്ടല്‍ വളര്‍ത്തുകയല്ല പൊക്കുടന്‍ ചെയ്തത്; പ്രതിബദ്ധതയുടെ പുതിയതും കാലികവുമായൊരു നൈരന്തര്യം കണ്ടെത്തുകയായിരുന്നു. പ്രകൃതി നട്ടുവളര്‍ത്തിയ കണ്ടലുകളെ വകഞ്ഞു പിടിച്ചു വേലിക്കെട്ടി തന്റെ പഴയ സഖാക്കള്‍ കണ്ടല്‍ വ്യവസായം നടത്തുമ്പോള്‍, ഇല്ലായ്മയില്‍ നിന്നും കണ്ടലുകള്‍ നട്ടുവളര്‍ത്താനായി ജീവിതം ഉഴിഞ്ഞുവച്ചു കൊണ്ട് നിശ്ശബ്ദമായ കര്‍മ്മത്തിന്റെ മഹത്തായ പ്രതിരോധം തീര്‍ക്കുകയാണ് പൊക്കുടന്‍.

മാര്‍ക്‌സിന്റെ ചിന്തകള്‍ മാറ്റങ്ങള്‍ അര്‍ഹിക്കാത്ത നിതാന്തമായ സത്യങ്ങളുടെ കലവറയാണെന്ന് മതസമാനമായ വിധേയത്വം പോലെ അബദ്ധമാണ് കമ്മ്യൂണിസവും മാര്‍ക്‌സിസവും അടിസ്ഥാനപരമായി പരിസ്ഥിതിവിരുദ്ധമാണെന്ന ചിലരുടെ ധാരണയും കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോവിലെ പല അതിഭാവുകത്വങ്ങളും മറന്നുകൊണ്ട് മാര്‍ക്‌സിന്റെ ആദ്യകാലകൃതികളും മൂലധനവും ഏംഗല്‍സിന്റെ കൃതികളും വായിക്കുമ്പോള്‍ ഇതൊരു അബദ്ധധാരണയാണെന്നുതെളിയും. മൂലധനത്തിന്റെ ഒന്നാം വാല്യത്തിലെ നാലുമുതല്‍ മുപ്പതുവരെയുള്ള നിരവധി അദ്ധ്യായങ്ങളിലായി പരന്നുകിടക്കുന്ന ഉള്‍ക്കാഴ്ചകളില്‍ നിന്ന് ചുവപ്പും പച്ചയും തമ്മിലൊരു സംഗമത്തിനുള്ള വഴി ആരംഭിക്കാം. അനിയന്ത്രിതമായ വികസനം എന്ന സങ്കല്പം ചരിത്രപരമായ ഭൗതികവാദത്തിലെങ്ങും കാണാനില്ല. ആദ്യത്തെ കമ്മ്യൂണിസ്റ്റു രാജ്യമായിരുന്ന സോവിയറ്റ് റഷ്യയില്‍ തന്നെയാണ് പാരിസ്ഥിതിക മായൊരു വിവേകവും പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗൗരവമായ പ്രവര്‍ത്തനങ്ങളും ഭരണതലത്തില്‍ ആദ്യമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. അതെക്കുറിച്ച് ഡഗ്ലസ് വീനര്‍ എന്ന ചരിത്രകാരന്‍ ഗാഢമായി പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിനിസ ത്തിന്റെ അതിക്രമങ്ങളില്‍ ഇക്കോളജിയും ഒരു വിധ്വംസകശാസ്ത്രമായി മുദ്രകുത്തപ്പെട്ടു എന്നതു ഏറെ ദുഖകരമാണ്. പിന്തുടരാതിരുന്ന വന്‍സാധ്യതയുടെ വഴി എന്നാണ് പച്ചയും ചുവപ്പും തമ്മിലുള്ള സഫലമാകാത്തഈ ആദ്യകാല സംഗമ സാധ്യതയെ അരന്‍ശറേ വിളിച്ചത്. മുതലാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടാനും അവരോ ടൊപ്പം എത്താനുമായി സോവിയറ്റ് റഷ്യയും പല മേഖലകളിലും-സര്‍ക്കാര്‍ ഉടമസ്ഥതയിലാണെങ്കിലും മുതലാളിത്ത വികസന പാത തന്നെ സ്വീകരിച്ചുവെന്നത് ചരിത്രത്തിന്റെ മറ്റൊരു വികലതയോ അനിവാര്യതയോ ആയിരുന്നു.ഇന്ത്യയിലെ ഇടതുപക്ഷം തേടേണ്ട പുതിയ ദിശകളിലൊന്നാണ് 1980കളില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നകന്ന പൊക്കുടന്‍ തുറന്നത്. മാര്‍ക്‌സിസം പ്രചാരത്തിലായ കാലം മുതല്‍ തന്നെ ഇത്തരം തിരുത്തലുകള്‍ നടത്തിയവര്‍ നിരവധിയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച വില്യം മോറിസില്‍ നിന്നാരംഭിക്കുന്ന പാരിസ്ഥിതികസോഷ്യലിസ്റ്റു ചിന്തകരുടെയും പ്രവര്‍ത്തകരുടെയും പാരമ്പര്യം കിഴക്കന്‍ ജര്‍മ്മിനിയിലെ റുഡോള്‍ഫ് ബാഹ്‌റോയും നമ്മുടെ സ്വന്തം പി.ഗോവിന്ദപ്പിള്ളയും കെ.വി. സുരേന്ദ്രനാഥും വരെ വ്യാപിച്ചു കിടക്കുന്നു. ഇന്നാകട്ടെ ഇക്കോ-മാര്‍ക്‌സിസം എന്നൊരു ബൃഹത്തായ ദാര്‍ശനിക ശാഖയും വളര്‍ന്ന് വികസിതമായിരിക്കുന്നു. പാരിസ്ഥിത ചിന്തയെയും പ്രതിരോധങ്ങളെയും സ്വാംശീകരിക്കാന്‍ ഗൗരവമായ ഒരു ശ്രമവും ഇന്ത്യയിലെ ഇടതുപക്ഷം നടത്തിയിട്ടില്ല. എന്നു മാത്രമല്ല, ഇന്നും അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുന്നില്ല. സ്റ്റാലിന്റെ വഴിയിലൂടെ നടന്ന ബുദ്ധദേവ് ഭട്ടാചാര്യ ജനവിരുദ്ധതയിലെത്തിയതില്‍ അത്ഭുതമില്ല. മിച്ചഭൂമി വിതരണം ചെയ്തവര്‍ തന്നെ മുതലാളിമാര്‍ക്കുവേണ്ടി ചെറുകിട കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കുന്നവരായി മാറിയപ്പോഴാണ് ബംഗാളില്‍ ജനങ്ങള്‍ ഇടതുപക്ഷിത്തിന് എതിരായത്. സൈലന്റ് വാലി സമരം മുതല്‍ തുടര്‍ന്നുവന്ന ഇത്തരം തെറ്റുകള്‍ ഇന്നും തുടരുന്നു. കെ.വി.സുരേന്ദ്രനാഥിന്റെ ഹ്രസ്വമായ ജീവിതകഥ ഇന്ത്യയിലെ ഇടതുപക്ഷത്തി നെതിരെയുള്ള-അവരുടെ അന്ധതയ്‌ക്കെതിരെയുള്ള-കുറ്റപത്രമാണ്. അദ്ദേഹം പറയുന്നു; ''പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനം എന്നാല്‍ പിന്തിരിപ്പനും വികസനവിരോധിയുമായ എന്തോ ആണെന്ന് കമ്മ്യൂണിസ്റ്റുകാരടങ്ങുന്ന പുരോഗമനരാഷട്രീയക്കാര്‍പോലും പ്രചരിപ്പിച്ചു നടന്ന കാലത്തു തന്നെ പാര്‍ട്ടി നിയന്ത്രണങ്ങളെ മറികടന്നു ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിന്നു.'' ഗോവിന്ദപ്പിള്ളയെയും സുരേന്ദ്രനാഥി നെയും മെരുക്കാനും അവഗണിക്കാനും നിശ്ശബ്ദരാക്കാനും പൊക്കുടനെ അകറ്റാനും പാര്‍ട്ടിയുടെ സ്റ്റാലിനിസ്റ്റു രീതികകള്‍ക്കു കഴിഞ്ഞുവെന്നത് പാര്‍ട്ടിയുടെ വിജയമല്ല. വന്‍പരാജയമാണെന്നു ഞാന്‍ കരുതുന്നു. ചെങ്കൊടി താഴെവച്ചതിനു ശേഷം പൊക്കുടന്‍ മറ്റുപാര്‍ട്ടിയില്‍ ചേര്‍ന്നില്ല. തെരെഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതുപക്ഷത്തിനു തന്നെ വോട്ടു ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ അതിന്റെ പേരില്‍ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ക്ക് അദ്ദേഹത്തിന്റെ പൈതൃകം അവകാശപ്പെടാന്‍ കഴിയില്ല.

പൊക്കുടനെ ഔദ്യോഗിക അഥവാ സാമ്പ്രദായിക കമ്മ്യൂണിസ്റ്റുപക്ഷത്ത് തളയ്ക്കാന്‍ ചിലര്‍ നടത്തുന്ന ബൗദ്ധികവ്യായാമംപോലെ അപകടമാണ് അദ്ദേഹത്തെ അരാഷ്ട്രീയ പരിസ്ഥിതിവാദിയായി ചിത്രീകരിക്കുന്നതും ദളിത് സ്വത്വമായി ചുരുക്കുന്നതും. പരിസ്ഥിതി ചിന്തയുടെ അരാഷ്ട്രീയ നിഴലുകള്‍ക്കു പിന്നില്‍ പതിയിരിക്കുന്നത് ജര്‍മ്മന്‍ നാസികളുടെ പിന്തുടര്‍ച്ചക്കാരായ ഇക്കോ-ഫാഷിസ്റ്റുകളും പ്രതിരോധ ആത്മീയ പരിസ്ഥിതിവാദികളുമാണ്. അന്ധമായ മാര്‍കിസ്റ്റുവിരോധത്തിന്റെ തിമിരം ബാധിച്ച ചിലര്‍ പൊക്കുടനെ ഈ ചതിക്കുഴികളിലേക്കു നയിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം തന്നെ തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. പാര്‍ട്ടിയുമായി അകന്ന ഘട്ടത്തില്‍ സമുദായ പ്രവര്‍ത്തനം തന്റെ പ്രവര്‍ത്തന മേഖലയായി പൊക്കുടന്‍ സ്വീകരിച്ചത് പാര്‍ട്ടിയുടെ കീഴാള വര്‍ഗ്ഗത്തോടുള്ള അവഗണനയോടുള്ള പ്രതിഷേധമെന്ന നിലയിലാണ്. തന്റെ ജീവിതത്തിന്റെ മൂന്നാംഘട്ടത്തില്‍ കണ്ടല്‍ വളര്‍ത്തല്‍ എന്ന വലിയ പ്രതീകാത്മക പ്രവൃത്തിയിലൂടെ പ്രകൃതിയുടെ പുനര്‍നിര്‍മ്മിതിക്കായി പൊക്കുടന്‍ ജീവിതം സമര്‍പ്പിക്കുമ്പോള്‍ സമുദായക്കാരും പിന്തുണച്ചില്ല എന്നദ്ദേഹം പറയുന്നുണ്ട്. അവര്‍ക്കും പൊക്കുടന്‍ പ്‌രാന്തന്‍ കണ്ടല്‍ തന്നെയായിരുന്നു. തന്റെ വീടിനു മുന്നില്‍ കണ്ടല്‍പൊക്കുടന്‍ എന്ന വലിയ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് കണ്ടലിന്റെ ജൈവസ്വത്വം സ്വീകരിച്ച പൊക്കുടന്‍ നിരാകരിച്ചത് തനിക്കുമേല്‍ ചിലര്‍ ചാര്‍ത്തിയ 'കമ്മ്യൂണിസ്റ്റു പൊക്കുടന്‍' 'ദളിത്‌പൊക്കുടന്‍' എന്നീ ലേബലുകളാണ്. പരിസ്ഥിതി രാഷ്ട്രീയത്തെ എന്നപോലെ സ്വത്വബോധത്തിന്റെ രാഷ്ട്രീയത്തെയും സ്വാംശീകരിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല എന്നത് തീര്‍ച്ചയായും വലിയ പോരായ്മയാണ്. അതില്‍ പ്രതിഷേധിച്ച് ദളിതരും ആദിവാസികളും സ്വത്വരാഷ്ട്രീയത്തില്‍ അഭയം തേടുന്നത് സ്വാഭാവികമാകാം. തന്നെയുമല്ല, അവര്‍ തന്നെയാണ് പരിസ്ഥിതിനാശത്തിന്റെ പ്രധാന ഇരകളും. പൊക്കുടനെ വെറും ദളിത് സ്വത്വമായി വായിച്ചെടുത്ത് പരിമിതപ്പെടുത്തു ന്നത് പടിക്കുപുറത്ത് ഇലയിട്ടു വിളമ്പുന്ന സവര്‍ണ്ണന്റെ അയിത്തത്തിനു സമാനമാകും. അത് നിര്‍ദ്ദോഷമായിട്ടാണെങ്കിലും ഫലത്തില്‍ വെട്ടിച്ചുരു ക്കലും ഒതുക്കി നിര്‍ത്തലും ആയിത്തീരാം. പൊക്കുടന്റെ വ്യക്തിത്വത്തെ ഉത്തുംഗമായ ഒരു പാരിസ്ഥിതിക സ്വത്വം (Ecological Self) എന്ന നിലയില്‍ വിലയിരുത്താനാണ് എനിക്കിഷ്ടം. മറ്റെന്തും വലിയ ന്യൂനീകരണമാകും. 

'നമ്മ്യിന്ന് പ്രകൃതീന സ്‌നേഹിക്ക്ന്നില്ല. പ്രകൃതിന സ്‌നേഹിച്ചിറ്റേങ്കില് മനുഷ്യനീം സ്‌നേഹിക്കാമ്പറ്റില്ല''2 എന്ന് പൊക്കുടന്‍ പറയുമ്പോള്‍ മനുഷ്യസ്‌നേഹവും പ്രകൃതിസ്‌നേഹവും തമ്മിലുള്ള പരസ്പര ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അതൊടൊപ്പം മനുഷ്യനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പ്രകൃതി സ്‌നേഹത്തിന്റെ അപകടവും അടിവരയിടുന്നുണ്ട്. പ്രകൃതി സ്‌നേഹവും ജന്തുസ്‌നേഹവും സസ്യാഹാരശീലവും പ്രചരിപ്പിച്ചിരുന്ന ഹിറ്റലര്‍ക്കും കൂട്ടാളികള്‍ക്കും 60ലക്ഷം ജൂതന്മാരെ വിഷവാതക ചേംബറുകളില്‍ കൂട്ടക്കൊല ചെയ്യാന്‍ കഴിഞ്ഞു. നാസികളുടെ പ്രകൃതിസ്‌നേഹം മനുഷ്യവിരുദ്ധമായിരുന്നു. ജൂതവിരുദ്ധതയില്‍ അന്ധമായ ദേശീയതയും ആര്യന്റെ വംശീയമേന്മ യിലുള്ള വിശ്വാസത്തിന്റെ സ്വത്വബോധവു മുണ്ടായിരുന്നു. അതാണ് ഇക്കോ-ഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ച് കുറച്ച് മുമ്പ് സൂചിപ്പിച്ചത്. പൊക്കുടന്റേത് അരാഷ്ട്രീയമായ പരിസ്ഥിതിബോധമല്ല, പുതിയൊരു രാഷ്ട്രീയമാണ്. ചുവപ്പും പച്ചയും കറുപ്പും സംഗമിക്കു ന്നൊരു രാഷ്ട്രീയം. നേരിന്റെയും നീതിയുടെയും പുതിയൊരു ലോകക്രമം സൃഷ്ടിക്കാനുള്ള രാഷ്ട്രീയം. അതൊരു യുട്ടോപ്പിയ അല്ല, ഭാവിയുടെ വലിയ സാധ്യതയാണ്.

സൈലന്റ്‌വാലി പ്രതിരോധത്തിന്റെ മൂന്നുദശകങ്ങള്‍ക്കുശേഷവും മലയാളിയുടെ പരിസ്ഥിതിബോധ്യങ്ങളും സംവാദങ്ങളും ഇപ്പോഴും പരിമിതമായിരിക്കുന്നുവെന്ന് പറയാതെവയ്യ. നമ്മുടെ സര്‍വകലാശാലകള്‍ ഇപ്പോഴും യുവതലമുറയെ പഠിപ്പിക്കുന്നത് ഭൂമിയിലെ അമൂല്യവും പകരം വയ്ക്കാനാവാത്തതുമായ വിഭവങ്ങള്‍ നിയമപരമായി അതിവേഗം ചൂഷണം ചെയ്ത് പുരോഗതി എങ്ങനെ വരുത്താമെന്ന അറിവാണ്. അതിനുശേഷം അവരെ പ്രകൃതിയെ അറിയാന്‍ വനങ്ങളിലേക്കും പൊക്കുടന്റെ കണ്ടലുകളിലേക്കും യാത്ര അയക്കുന്നു. പരിസ്ഥിതിയെക്കുറിച്ചുള്ള വന്‍ചര്‍ച്ചകള്‍ക്കും പ്രബന്ധങ്ങള്‍ക്കുമിടയില്‍ പുരോഗതി എന്ന സങ്കല്പത്തെ പുനര്‍നിര്‍ണ്ണയിക്കാനും പുതിയദിശകള്‍ തേടാനും ഒരു സമൂഹമെന്ന നിലയില്‍ മലയാളികള്‍ പരാജയപ്പെട്ടിരി ക്കുന്നു. അതാണ് ഒരിടത്ത് പൊക്കുടന്‍ കണ്ടല്‍ വളര്‍ത്തുന്നതിനെ പ്രകീര്‍ത്തിക്കുമ്പോള്‍ മറ്റിടങ്ങളില്‍ കണ്ടല്‍കൊത്തുന്നതിനും പ്രകൃതിധ്വംസനത്തിനും കൂട്ടുനില്‍ക്കുന്നത് നാം ശീലമാക്കിയിരിക്കുന്നത്. കക്ഷി-പ്രത്യയശാസ്ത്രഭേദമെന്യേ ഈ പ്രഹസനം തകര്‍ത്താടുകയും ചെയ്യുന്നു. ''നമ്മുടെ കാലത്ത് പ്രകൃതി പ്രകീര്‍ത്തനവും പ്രകൃതി ഹനനവും ഒരേസമയം തികച്ചും വൈരുദ്ധ്യമില്ലാതെ നടത്തികൊണ്ടു പോകാന്‍ നമുക്ക് കഴിയുന്നുവെന്നു അമേരിക്കല്‍ പാരിസ്ഥിതിക നോവലിസ്റ്റായ വാലസ് സ്റ്റൈഗ്നര്‍ പറയുന്നത് മലയാളിയെക്കുറിച്ചും പ്രസക്തമാണ്. പുരോഗതിയെ പുനര്‍നിര്‍ണ്ണയിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

അത്തരമൊരു ബൗദ്ധിക പുനര്‍നിര്‍മ്മതിക്കു വേണ്ട പശ്ചാത്തലം പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ തന്നെ ലഭ്യമായിരുന്നു. എന്നാല്‍ മുതലാളിത്ത വികസനം വളരുന്തോറും വികസനം ജനങ്ങളുടെ മയക്കുമരുന്നായി മാറി. മാര്‍ക്‌സിന്റെ സ്വപ്നത്തിനു വിരുദ്ധമായി മുതലാളിത്തം ഉച്ചസ്ഥായില്‍ എത്തിയ സമൂഹങ്ങളില്‍ സോഷ്യലിസം വന്നില്ല. സംഘടിത തൊഴിലാളിവര്‍ഗ്ഗം വിപ്ലവത്തിന്റെ മുന്നണിപ്പോരാളി കളായില്ല എന്നു മാത്രമല്ല, മുതലാളിത്തവികസനത്തിന്റെ ഒറ്റുകാരായി മാറുകയും ചെയ്തു. അതിന്റെ ഗുണഫലങ്ങളുടെ വിഹിതം പിടിച്ചു വാങ്ങി അവര്‍ സസുഖം വാഴുന്നു. മുതലാളിത്ത വികസനത്തിന്റെ പ്രയോക്താക്കളായ എല്ലാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും അകന്ന് ജീവിതത്തിന്റെ തകരുന്ന അടിത്തറകള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന സമരങ്ങളിലാണ് ഇന്ന് യഥാര്‍ത്ഥ രാഷ്ട്രീയമുളളത്. അതില്‍ സ്വാഭാവികമായും അടിസ്ഥാനവര്‍ഗ്ഗ രാഷ്ട്രീയവും പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവരുടെ രാഷ്ട്രീയവുമുണ്ട്. കാരണം അവരാണ് ഏറെയും അനിയന്ത്രിത വികസനത്തിന്റെ വികലതകളുടെ ഇരകള്‍. കൂട്ടം തെറ്റിമേയുന്ന ഈ ജനമുമന്നേറ്റങ്ങളുടെ ആഴക്കടലില്‍ നിന്ന് പുതിയൊരു രാഷ്ട്രീയവും പുരോഗതി യെക്കുറിച്ചുള്ള പുതിയ സങ്കല്പങ്ങളും ഉരുത്തിരിയുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. യാഥാര്‍ത്ഥ്യം മാറിയിരിക്കുന്നു. മാര്‍ക്‌സിന്റെ കാലത്തെ യാഥാര്‍ത്ഥ്യമല്ല ഇന്നുള്ളത്. ഇന്നത്തെ അവസ്ഥ മുന്‍കുട്ടി കാണുവാന്‍ മാര്‍ക്‌സിനു കഴിയുമായി രുന്നില്ല. പുതിയ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ അവയെ ഉള്‍കൊണ്ട് മാര്‍ക്‌സിസത്തെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അതിലൂടെ പുരോഗതി യെക്കുറിച്ചും സംസ്‌ക്കാരത്തിന്റെ ഭാവിയെക്കുറിച്ചും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി തിരുത്തലുകള്‍ നിലവില്‍വരണം.

തന്റെ രചനകളിലുടെ അത്തരമൊരു പുനര്‍വ്യാഖ്യാനത്തിനു ശ്രമിച്ച ഡി.എച്ച്. ലോറന്‍സ് ഒരിടത്ത് ഇങ്ങനെ പറയുന്നുണ്ട്: ''നമ്മുടെ തെറ്റായ, അജൈവമായ ബന്ധങ്ങളെ പ്രത്യേകിച്ചും ധനവുമായുള്ളവയെ - നശിപ്പിക്കുകയും ബ്രഹ്മാണ്ഡവും ഭൂമിയും സൂര്യനുമായും ദേശവും കുടുംബവുമായും നമുക്കുള്ള ജൈവബന്ധങ്ങള്‍ പുനസ്ഥാപിക്കുകയുമാണ് നാം ചെയ്യേണ്ടത്. സൂര്യനുമായുള്ള ബന്ധം പുന:സ്ഥാപിക്കുന്നതില്‍ തുടങ്ങുക. പിന്നെയുള്ളതൊക്കെ പതുക്കെ, പതുക്കെ സംഭവിച്ചുകൊള്ളും.'' വളരെ ഗഹനവും സാരവത്തുമായ നിരീക്ഷണമാണ് ജീവന്റെ അടിത്തറയെന്നത് ഇന്നു നാം മറന്ന സത്യമാണ്. നമ്മുടെ ഭക്ഷണവും, ജലവും വായുവും കാറ്റും മഴയും എല്ലാം എല്ലാം സൂര്യന്റെ ദാനമാണ്. മനുഷ്യചരിത്രത്തില്‍ ഏറെയും ഈ സൗരോര്‍ജ്ജത്തിന്റെ നൈസര്‍ഗ്ഗീക രൂപങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് നാം ജീവിച്ചത്. എന്നാല്‍ സൂര്യന്റെ മിച്ചമൂല്യം ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ ഭൂമിക്കടിയില്‍ മറ്റൊരു രൂപത്തില്‍ ശേഖരിച്ചിരുന്നു. അശ്മക ഇന്ധനങ്ങളായി. കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നീ രൂപങ്ങളില്‍ അവ കണ്ടെത്തുകയും ഖനനം ചെയ്യുകയും കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലായുള്ള അവയുടെ വമ്പിച്ച ഉപയോഗത്തിലൂടെയുമാണ് ഇന്നത്തെ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച സാധ്യമാക്കായിത്. അവയുടെ ജ്വലനത്തിന്റെ ജഠരാഗ്നിയില്‍ പ്രകൃതിയും പ്രകൃതിവിഭവങ്ങളും ജലവും വായുവും എല്ലാം നാം ഹോമിച്ചു. അങ്ങനെയാണ് മുതലാളിത്ത വികസനം രാക്ഷസീയ രൂപം പ്രാപിച്ചത്. അതിന്റെ പാര്‍ശ്വഫലങ്ങളാണ് ഇന്നും നാം നേരിടുന്ന നാനാവിധമായ പരിസ്ഥിതി പ്രതിസന്ധികള്‍. ആഗോളതാപനം അതിന്റെ ഏറ്റവും മൂര്‍ത്ത രൂപമാണ്. വാസയോഗ്യമല്ലാതായി മാറുന്ന ഭൂമിയില്‍ അശ്മക ഇന്ധനങ്ങള്‍ കരിന്തിരി കത്തുന്നു. വരുന്ന മൂന്നോ നാലോ ദശകങ്ങള്‍ക്കുള്ളില്‍ അവ എരിഞ്ഞുതീരും. ആധുനിക സാംസ്‌കാരം നേരിടുന്ന ഈ ദ്വിമുഖപ്രതിസന്ധിയെ- പരിസ്ഥിതി നാശത്തിന്റെയും ഊര്‍ജ്ജക്ഷാമത്തിന്റെയും-മറികടക്കാന്‍ സൂര്യനില്‍ നിന്ന് ഉദ്ഭവിക്കുന്ന നൈസര്‍ഗ്ഗിക ഊര്‍ജ്ജസ്രോതസ്സുകളിലേക്കു മടങ്ങാനുള്ള പ്രയത്‌നം ഇന്ന് ലോകമെമ്പാടും നടക്കുന്നു. അതൊടൊപ്പം നാശോന്മുഖമായ ജീവല്‍സ്രോതസ്സുകള്‍-ജലം, മണ്ണ്, വായു, കാടുകള്‍ തുടങ്ങിയവ-പുനര്‍നിര്‍മ്മിക്കാനുള്ള യന്ത്രങ്ങളും അനിവാര്യമാണ്.

പാരിസ്ഥിതിക പുനര്‍നിര്‍മ്മിതിയുടെ കേരളത്തിലെ മുന്‍ഗാമിയാണ് പൊക്കുടന്‍. ശ്രേഷ്ഠമായ കര്‍മ്മത്തിന്റെ വിശുദ്ധികൊണ്ട് പ്രതിരോധം സൃഷ്ടിക്കുന്ന ദൃഢപ്രജ്ഞനായ ഒരാള്‍. അങ്ങനെയുള്ള ആയിരക്കണ ക്കിനാളുകള്‍ ഇന്ന് ലോകമെമ്പാടും കര്‍ത്തവ്യനിരതരാണ്. ഇനിയും അത്തരം ലക്ഷകണക്കിനാളുകളെ ലോകത്തിന് ആവശ്യമുണ്ട്. അവര്‍ ഭൂമിയുടെ അടരുകളില്‍ നിന്ന്, വിഭ്രാന്തമായ ജീവിതത്തിന്റെ നിശ്ശബ്ദവും ശാന്തവുമായ ഇടങ്ങളില്‍ നിന്ന് ആള്‍ക്കൂട്ടത്തിന്റെ കണ്ണെത്താത്ത കോണുകളില്‍ നിന്ന് ഉയിര്‍ത്തുവരും. വരുന്നു, വരണം. ഇന്നു വരെ നാം സൃഷ്ടിച്ച അനിയന്ത്രിത സാമ്പത്തിക വളര്‍ച്ചയിലും ലാഭക്കൊതിയിലും അധിഷ്ഠിതമായ ലോകത്തെ അവര്‍ പ്രതിരോധിക്കും. കാരണം പരിധികളുള്ള ഭൂമിയില്‍ പരിധിയില്ലാത്ത വളര്‍ച്ച അയഥാര്‍ത്ഥവും നിലനില്‍ക്കാത്തതുമാണെന്ന് അവര്‍ തിരിച്ചറിയും. അനിയന്ത്രിത വളര്‍ച്ചയെ നിരാകരിക്കുന്ന, എന്നാല്‍ നിയന്ത്രിത പുരോഗതിയെ നിലനിര്‍ത്തുന്ന പുതിയൊരു സംസ്‌കാരത്തെ അവര്‍ വളര്‍ത്തിയെടുക്കും. പൊക്കുടന്‍ കണ്ടല്‍ വളര്‍ത്തുന്നതും അതിന്റെ ഭാഗമായാണ്. നിരാശയുടെ കൊടും ശൈത്യത്തിനു നടുവിലും നമുക്കു ഈ പ്രതീക്ഷ വേണം. കാരണം പ്രത്യാശയില്ലെങ്കില്‍ പിന്നെ ജീവിതമില്ല. നമുക്ക് ജീവിക്കണമല്ലോ.

1. പ്രകൃതിയാണ് എന്റെ ദൈവം- പ്രസംഗം - മെയ് 22 സമയം മാസിക
2. മക്കള്ക്ക് കൊടുക്കാന്‍ നമ്മക്ക് ഈ ഭൂമ്യല്ലേള്ളൂ- അഭിമുഖലേഖനം -
കേരളീയം സാംസ്‌കാരികപത്രം 2002 ആഗസ്ത്.

വര: പി വി ബീന