"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 9, തിങ്കളാഴ്‌ച

ആരുടെ വീട്ടിലേക്ക് മടങ്ങണം? - രാജേഷ് ചിറപ്പാട്, രാജേഷ് കെ എരുമേലി


'ഞാനൊരു ഹിന്ദുവായി മരിക്കില്ല' എന്ന അംബേഡ്കറിന്റെ വാക്കുകള്‍ ഘര്‍വാപസിയുടെ ഈ കാലത്ത് നമ്മള്‍ മറക്കാന്‍ പാടില്ലാത്തതാകുന്നു. കാരണം ഇത് ഇന്ത്യയിലെ ദലിത് കീഴാള സമൂഹത്തേയും ന്യൂനപക്ഷ ജനതയേയും അടിച്ചമര്‍ത്താനുള്ള സവര്‍ണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടയാണ്. ഇവിടെ നഷ്ടപ്പെടുന്നത് ദലിതരുടെ ആത്മാഭിമാനമാണ്. ഏതൊന്നാണോ തങ്ങളെ അടിച്ചമര്‍ത്തുകയും അടിമത്തത്തില്‍ തളച്ചിടുകയും ചെയ്തത് അതില്‍ നിന്നുള്ള മോചനമായിരുന്ന ദലിതരെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം. എന്നാല്‍ വീണ്ടും അതിലേക്ക് തിരിച്ചു പോകുമ്പോള്‍ അടിമ സ്വന്തം ചങ്ങലയെ ആഭരണമായി അണിയുന്നതിന് തുല്യമാണ്.

'വീട്ടിലേക്ക് മടങ്ങുക' എന്ന് ദലിതരോടും ആദിവാസികളോടും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ ആരുടെ വീട്ടിലേക്ക്, ഏതു വീട്ടിലേക്ക് മടങ്ങണമെന്ന് വ്യക്തമാക്കുന്നില്ല. ഇപ്പോള്‍ നടക്കുന്നത് മത പരിവര്‍ത്തനമല്ലെന്നും സംസ്‌കാരത്തിലേക്കുള്ള തിരിച്ചു പോക്കാണെന്നുമാണ് ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിക്കുന്നത്. ബ്രാഹ്മണ മേധാവിത്വത്തിന്റേയും ജാതിവ്യവസ്ഥയുടേയും സംസ്‌കാരമാണ് ഇവര്‍ പറയുന്നത്. അതില്‍ ദലിതന് എവിടെയാണ് സ്ഥാനം. നൂറ്റാണ്ടുകളായി വഴിനടക്കാനോ മനുഷ്യരെ പോലെ ജീവിക്കാനോ സ്വാതന്ത്ര്യം കൊടുക്കാതിരുന്ന ഹിന്ദുത്വ സംസ്‌കാരത്തിലേക്ക് ആത്മാഭിമാനമുള്ള ഒരു ദലിതനും തിരിച്ചു പോകില്ല. പക്ഷെ ഘര്‍വാപസി എന്ന പേരില്‍ ദലിത് സമൂഹത്തെ അപമാനിക്കുകയും അവരുടെ ആതാമഭിമാനത്തിനും സ്വത്വത്തിനും വില പറയുവാനും വിശ്വഹിന്ദു പരിഷത്തും മറ്റ് സവര്‍ണ ഫാസിസ്റ്റ് സംഘടനകളും രംഗത്തിറങ്ങിയിരിക്കുകയാണ്.

ഒരു കാലത്തും ദലിതരും ആദിവാസികളും ഹിന്ദുക്കളായിരുന്നില്ല. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രം പരിശോധിച്ചാല്‍ സാംഖ്യ - ചാര്‍വാക - ജൈന - ബുദ്ധ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ദലിത് ആദിവാസി സമൂഹം പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ ഈ പാരമ്പര്യങ്ങളുടെ നാവറുത്തുകൊണ്ടാണ് ഹിന്ദുത്വം നിലയുറപ്പിച്ചിട്ടു ള്ളത്. ചാര്‍വാകനെ തീയിലെറിഞ്ഞു കൊന്നു, നിരവധി ബുദ്ധ - ജൈന ഭിക്ഷുക്കളേയും അനുയായികളേയും നിര്‍ദ്ദയം അരിഞ്ഞു തള്ളി. അവരുടെ വിലപ്പെട്ട ദര്‍ശനങ്ങള്‍ ചുട്ടെരിച്ചു. എന്നിട്ട് അവര്‍ പറയുന്നു, വീട്ടിലേക്ക് മടങ്ങാന്‍.

ഒരു ഹിന്ദു ക്ഷേത്രത്തിലും ദലിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. നവോത്ഥാന നായകരും പുരോഗമന കാരികളുമായ നിരവധി മനുഷ്യരുടെ പോരാട്ടങ്ങള്‍ കൊണ്ടാണ് ക്ഷേത്ര പ്രവേശനം പോലും ലഭിച്ചത്. അന്ന് ദലിതരെ പൊതു വഴിയില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും വീടിന്റെ പരിസരങ്ങളില്‍ നിന്നും ആട്ടിയോടിച്ചവര്‍ ഇന്ന് വീട്ടിലേക്ക് വിളിക്കുന്നതിന്റെ പൊള്ളത്തരം തിരിച്ചറിയേണ്ടത് ദലിത് ആദിവാസി സമൂഹം തന്നെയാണ്. ബ്രാഹ്മണ ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം നടത്തിയവരെന്ന് അവകാശപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികളോട് എന്തുകൊണ്ടാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടാത്തത്? യഥാര്‍ത്ഥത്തില്‍ ആദ്യം മടങ്ങേണ്ടത് അവരാണല്ലോ?

കൊളോണിയല്‍ ആധുനികതയുടെ ഭാഗമായി കേരളത്തില്‍ ദലിതര്‍ ക്രിസ്തുമതം സ്വീകരിച്ചതിനു പിന്നില്‍ ഹിന്ദുമതത്തിന്റെ ഭാഗമായ ജാതിവ്യവസ്ഥയുടെ ക്രൂരതയില്‍ നിന്നുള്ള വിമോചനമായിരുന്നു. കേരളത്തിലെത്തിയ മിഷനറിമാര്‍ ഇവിടെ ജീവിക്കുന്ന ദലിത് - ആദിവാസി സമൂഹത്തിന്റെ അവസ്ഥ നേരിട്ട് കാണുകയും അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാലിലും കയ്യിലും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട മനുഷ്യരെ അവര്‍ കാണുന്നുണ്ട്. അതിന്റെ കിലുക്കങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ നീണ്ട് അടിമത്തത്തിന്റെ കഥ പറയാനുണ്ടായിരുന്നു. ഈ മിഷനറിമാര്‍ അവര്‍ക്കു വചനം മാത്രമല്ല നല്‍കിയത്. അന്നവും വസ്ത്രവും അക്ഷരവും നല്‍കി. ദലിതരെ സംബന്ധിച്ച് യേശുവിന്റെ വചനത്തേക്കാള്‍ ഭൗതിക സാഹചര്യങ്ങളാ യിരുന്നു ആവശ്യം. അത് അവര്‍ സ്വീകരിച്ചു. ഇത് ചരിത്രമാണ്. സവര്‍ണ ഹിന്ദുത്വത്തിനെതിരേ കേരളത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും ദലിതരെ മനുഷ്യരാക്കി. ഈ ഘട്ടങ്ങളിലെല്ലാം സവര്‍ണ ഹിന്ദുത്വം അടിസ്ഥാന മനുഷ്യരെ അടിമകളായി മാത്രമാണ് കണ്ടത്. അവരാണ് 'സനാതന ധര്‍മ്മ'ത്തിലേക്ക് അധഃസ്ഥിതനെ വിളിക്കുന്നത്.

ഘര്‍വാപസി, ലൗജിഹാദ്, ദുരഭിമാനക്കൊല തുടങ്ങി പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്റെ കഴുത്തിനു മേല്‍ കത്തിവെക്കുന്നതു വരെയുള്ള പുതിയ സംഭവങ്ങള്‍ ആര്‍എസ്എസ്‌നും മോഡിക്കും ലഭിച്ച അധികാരത്തിന്റെ ഫാസിസ്റ്റ് പ്രയോഗങ്ങളാണ്.

കെഇഎന്‍ എഴുതുന്നു 'ഒരു മതപരിവര്‍ത്തനം സംരംഭം മാത്രമായി ഘര്‍വാപസിയെ ചുരുക്കുന്നത് സംഘപരിവാര്‍ സമീപനങ്ങളെ സഹായിക്കലും യഥാര്‍ത്ഥത്തില്‍ എന്താണവര്‍ ഇതുവഴി ലക്ഷ്യം വെക്കുന്നതിനെ സ്വയം അറിയാതെയാണെങ്കിലും മറച്ചു പിടിക്കലുമാകും. ഘര്‍വാപസി പലരും കരുതുന്നതുപോലെ ഒരു വെറും വാക്കല്ല. മതനിരപേക്ഷതയുടെ നെഞ്ചിനു നേരെ നിറയൊഴിക്കാന്‍ പാകത്തില്‍ ലോഡുചെയ്ത തോക്കാണ്.' ഇന്ത്യയുടെ ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും കഴുത്തറുക്കുന്ന കശാപ്പുശാലയിലേക്കാണ് ഒരു സമൂഹത്തെ ഇപ്പോള്‍ വിളിക്കുന്നത്. ആ വീട്ടിലേക്ക് നാം കടന്നു ചെല്ലുമ്പോള്‍, നൂറ്റാണ്ടുകളായി പീഢിപ്പിക്കപ്പെട്ട അധഃസ്ഥിത ജനതയുടെ നിലവിളികള്‍ ഇന്നും കേള്‍ക്കാം. അതുകൊണ്ട് ഘര്‍വാപസി അറവുശാലയിലേക്കുള്ള വിളിയാണ്.

കടപ്പാട്: 'ഓറ' മാസിക. 2015 ഫെബ്രുവരി ലക്കം.