"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 2, തിങ്കളാഴ്‌ച

ഘര്‍വാപസിയും ഭാരതരത്‌നവും - കെ ഇ എന്‍ കുഞ്ഞഹമ്മദ്


കെ ഇ എന്‍ 
അംഹംഭാവത്തിന്റെ ആത്മഹത്യയാണ് സന്യാസം എന്നെവിടെയോ വായിച്ചതോര്‍മ്മയുണ്ട്. ഒരു സന്യാസിക്ക് ഒരു മതത്തിലും പെടാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത് വിവേകാനന്ദ സ്വാമികളാണ്. സ്വര്‍ണത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു സന്യാസി ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കാമക്രോധ മദമോഹലോഭ മത്സ്യര്യാദികളുടെ ലോകത്തോട് വിട ചോദിക്കാതെ സന്യാസിയോ സന്യാസിനിയോ ആവുക ആസാധ്യമാണെന്ന്, ആധ്യാത്മികതയുടെ ഒന്നാംക്ലാസില്‍ പോലും ചേരാതെതന്നെ ആരും പഠിക്കേണ്ട ഒരു പാഠമാണ്. എന്നാല്‍ ഇതൊന്നും സ്വാധ്വി റിത്വബരക്കും ഉമാഭാരതിക്കും ഇപ്പോള്‍ സ്വാധ്വി നിരഞ്ജന്‍ ജ്യോതിക്കും ബാധകമല്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ പാവം സന്യാസികളല്ല, മറിച്ച് സാക്ഷാല്‍ ഉഗ്ര സംഘപരിവാര്‍ സന്യാസിനികളാണ്. വെറുപ്പ് ആളിക്കത്തുന്നിടത്തുപോലും സ്‌നേഹ ത്തിന്റെ ഒരുതുള്ളി കണ്ണീര്‍ പോലും ഇറ്റിക്കാന്‍ അവര്‍ക്കാവാതെ പോകുന്നത് അതുകൊണ്ടാണ്.

ക്രൂരനായ അംഗുലീമാലനെ മോക്ഷത്തിലേക്ക് നയിച്ച ബുദ്ധന്റെ കൂടി നാടാണ് ഇന്ത്യ എന്നോര്‍ക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. 'അംഗുലീമാലനു പോലും ആര്‍ഹത പദമേകിയ / തുംഗമാം കരുണയെ നീ വിശ്വസിച്ചാലും' എന്ന ആശാന്റെ വരികളിലെ വെളിച്ചത്തോടല്ല, വെറുപ്പിന്റെ ചലമൊഴുകുന്ന അഴുക്കു ചാലുകളോടാണ് അവര്‍ക്ക് അടുപ്പം, അതുകൊണ്ടാണ് അവര്‍ ഇടക്കിടക്ക് വിഷം തുപ്പുന്നത്. നിരപരാധികളെ തമ്മിലടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അല്‍പ്പത്തരങ്ങള്‍ ആക്രോശിക്കുന്നത്. തത്വചിന്തകര്‍ ഭരണാധികാരികളാകുന്നതോടെ കാര്യങ്ങളെല്ലാം ഏറെ മെച്ചപ്പെടുമെന്ന് മുമ്പ് തത്വചിന്തകന്മാര്‍ കരുതിയിരുന്നെങ്കില്‍, സംഘസന്യാസിനി മന്ത്രിയാകുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഭാരതം ഇപ്പോള്‍ അനുഭവിച്ചറിയുകയാണ്. വായില്‍ തോന്നിയത് ജ്യാതിക്ക് പാട്ട് എന്ന് പറഞ്ഞ് പഴയ കോതയെ അപമാനിക്കുന്നത് അനുചിതമാവും. എന്തുകൊണ്ടെന്നാല്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ കോതമാര്‍ക്ക്, അങ്ങിനെ മാത്രമേ അന്ന് പാടാന്‍ കഴിയുമായിരുന്നുള്ളൂ. അല്ലെങ്കില്‍ കോതമാര്‍ അന്ന് നന്നായി 
പാടിയ തിനെ അധികാരികള്‍ക്ക് അങ്ങനെയേ തിരിച്ചറിയാന്‍ കഴിയുമായിരുന്നുള്ളൂ!

എന്നാല്‍ ആളും അകമ്പടിയും ആലോചിക്കാന്‍ വേണ്ടതിലേറെ സമയവുമുള്ള മന്തികൂടിയായ ഒരു സന്യാസിനിയുടെ സ്ഥിതി അതല്ല. അവര്‍ക്ക് ഒന്നും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭക്ഷണം കഴിക്കാന്‍ വേണ്ടിയല്ലാതെ, വാ തുറന്നിട്ടില്ലാത്ത ചില പാര്‍ലമെന്റം ഗങ്ങള്‍ പോലും, വെറുപ്പ് തുപ്പാന്‍ വാ തുറക്കുന്ന മന്ത്രിമാരേക്കാള്‍ മഹത്വമുള്ളവരാണ്. മുമ്പൊക്കെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍, പഞ്ചാരവാക്കുകളും മധുര മനോജ്ഞ ചിരികളും, കിലോക്കണക്കിന് വാഗ്ദാനങ്ങളും നല്‍കുകയായിരുന്നു പതിവ്. കള്ളപ്പണം കണ്ടു കെട്ടുമെന്നും, അങ്ങനെ ഓരോ ഇന്ത്യക്കാരനും മിനിമം 15 ലക്ഷം വരെ കിട്ടുമെന്നും, ഉഗ്രവാദികള്‍ പോലും മുമ്പ് പറഞ്ഞതൊന്നും ആരും മറന്നിട്ടുണ്ടാവില്ല. എന്നാല്‍ അതുകൊണ്ടൊന്നും ഇനിമുതല്‍ തെരഞ്ഞെടുപ്പ് യുദ്ധം ജയിക്കാനാവില്ലെന്നും, വെറുപ്പിനാണ് മാര്‍ക്കറ്റെന്നും തിരിച്ചറിഞ്ഞതിന്റെ തുള്ളലാണ് ഇപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്. നമ്മള്‍ ഇന്ത്യക്കാരെന്ന് പ്രതിജ്ഞ ചെയ്‌തോരു മന്ത്രിയാണ്, ഏതെങ്കിലും തിരക്കില്‍, മറ്റാരെങ്കിലുമത് മറന്നാല്‍ അവരേക്കൂടിയത് ഓര്‍മ്മിപ്പിക്കാന്‍ ബാധ്യതപ്പെട്ട ബഹുമാന്യയായൊരു അധികാരിയാണ്; സ്വന്തം രാഷ്ട്രമായ ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കും വിധം, വാക്കുകളില്‍ വിഷം പുരട്ടിയിരിക്കുന്നത്. രാമന്റെ മക്കളും ജാരസന്തതികളുമായി, സ്വാധ്വി നിരഞ്ജന്‍ ജ്യോതി ഇന്ത്യക്കാരെ രണ്ടാക്കുമ്പോള്‍; വളരെ മുമ്പുതന്നെ സംഘപരിവാര്‍ തത്വചിന്ത ഭാരതത്തെ സാംസ്‌കാരികമായി, ശ്രേഷ്ഠമായ ആര്യസ്ഥാന്‍ എന്നും ജാരസന്തതികളുടെ മ്ലേഛസ്ഥാന്‍ എന്നും രണ്ടായി തിരിച്ചുകഴിഞ്ഞിരുന്നു! സത്യത്തില്‍ സ്വാധ്വിയെ മാത്രമായി ഇപ്പോള്‍ ഈയൊരു പ്രസ്തവനയുടെ പേരില്‍ ശിക്ഷിക്കുന്നതിലും, അവര്‍ മാത്രമായി മാപ്പു പറയുന്നതുകൊണ്ട് തീരുന്നതിലുമധികം സങ്കീര്‍ണമാണ് കാര്യം എന്നത്രേ ജനാധിപത്യവാദികള്‍ ഓര്‍മ്മിക്കേണ്ടത്.

രാമനെ ദൈവമായി ആരാധിക്കാനുള്ള ഒരു ജനവിഭാഗത്തിന്റെ അവകാശം, എന്തിന് രാമനെ സാഹിത്യ സാന്നിധ്യമായി കാണുന്ന മറ്റൊരു ജനവിഭാഗത്തിന്റെ അവകാശവുമായി ഏറ്റുമുട്ടണം? ഭഗവത്ഗീതയെ പുണ്യഗ്രന്ഥമായി ഒരു വിഭാഗം കാണുമ്പോള്‍ തന്നെ അതിനെ ദ്വിജസാഹിത്യത്തില്‍ ഉള്‍പ്പെടുത്തിയ അംബേഡ്കറെ എന്തിന് കാണാതിരിക്കണം? യോജിക്കാനും വിയോജിക്കാനുമുള്ള ജനാധിപത്യാ വകാശങ്ങള്‍ക്ക് വിധേയമായി അന്വേഷിക്കേണ്ട കാര്യങ്ങളെ, ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമല്ലേ തിരസ്‌കരിക്കേണ്ടത്?

1920-കളിലാണ് കോട്ടയത്ത് നടന്ന എസ്എന്‍ഡിപി സമ്മേളനത്തില്‍ വെച്ച് മദന്‍മോഹന്‍ മാളവ്യ തന്റെ പ്രഭാഷണം രാമന് ജെയ് വിളിച്ച് അവസാനിപ്പിച്ചത്. അന്നത്തെ ഉത്തരേന്ത്യന്‍ സവര്‍ണ പതിവ് പിന്‍തുടര്‍ന്നു എന്നതിലപ്പുറം മാളവ്യാജി ഒരപരാധവും ചെയ്തിരുന്നില്ല. എന്നിട്ടും അന്നാ സദസ്സ് പ്രക്ഷുബ്ധമാവുകയും രാവണന് കീജെയ് വിളിക്കുകയും ചെയ്‌തെന്ന് ചരിത്രം. ശൂദ്ര സന്യാസിയായ ശംബൂകനെ കൊന്ന് രാമന് സിന്ദാബാദ് വിളിക്കാന്‍, മനസ്സില്ലെന്നാണവര്‍ അതുവഴി പ്രഖ്യാപിച്ചത്. ഒരര്‍ത്ഥത്തില്‍ 1888-ലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച് ഗുരു നടത്തിയ നമ്മുടെ ശിവന്‍ എന്ന സൂക്ഷ്മ പ്രയോഗത്തിന്റേയും നമുക്ക് സന്യാസം നല്‍കിയത് ബ്രിട്ടീഷുകാരാണ് എന്ന ഗുരുവിന്റെ ഗംഭീര പ്രയോഗത്തിന്റേയും തുടര്‍ച്ചയായിരുന്നു. രാമനെങ്ങാനും രാജ്യഭരണമുണ്ടായിരുന്നെങ്കില്‍, എനിക്കൊന്നും സന്യാസിയാകാന്‍ കഴിയുകയില്ലെ ന്നാണല്ലോ, സാക്ഷാല്‍ ശ്രീനാരായണ ഗുരു പ്രഖ്യാപിച്ചത്! മാളവ്യാജിക്ക് ഇന്ന് ഭാരതരത്‌നം ലഭിച്ചെങ്കില്‍ പ്രബുദ്ധരായ മലയാളികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇങ്ങനെയൊരു പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയിരുന്നു എന്നുള്ളത് മറ്റാരു മറന്നാലും മലയാളികളെങ്കിലും ഓര്‍മ്മിക്കണം.

കടപ്പാട്: 'അധ്യാപകലോകം' മാസികയുടെ ജനുവരി 15 ലക്കത്തില്‍ നിന്നും. ലേഖനത്തിന്റെ ഒന്നാം ഭാഗമാണ് ഇത്.

(ലേഖനത്തിന്‍റെ രണ്ടാം ഭാഗം ഇവിടെ വായിക്കുക)