"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 22, ഞായറാഴ്‌ച

ഒരു വിയോജനക്കുറിപ്പിന്റെ ദലിത് മാനം - ഉണ്ണി പൂണിത്തുറ


ഉണ്ണിപൂണിത്തുറ
'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ 886 ആം ലക്കത്തിലെ 'പെണ്‍പുത്തനായ പോതി; ജി അജയന്‍ സംവിധാനം ചെയ്ത 'ബോധി' എന്ന സിനിമയെപ്പറ്റിവ ഡോ. അജയ്‌ശേഖര്‍ എഴുതിയ ലേഖനം വായിച്ചതിനോടുള്ള വിയോജിപ്പാണ് ഈ കുറിപ്പ് എഴുതാന്‍ കാരണം.

ഇതിനു മുമ്പും അജയ്‌ശേഖറിന്റെ മറ്റൊരു ലേഖനത്തിലും കീഴാള രാഷ്ട്രീയത്തിന്റെ സ്വാഭാവിക ഉയിര്‍ത്തെഴുനേല്‍പ്പുകളെ ആവിഷ്‌കരിക്കുവാന്‍ കഴിയാതെ വന്നിട്ടുണ്ട്. മാധ്യമം പത്രത്തിന്റെ നിലപാട് പേജില്‍ വന്ന ആ ലേഖനത്തെപ്പറ്റി ഈ കുറിപ്പ് എഴുതുന്നയാള്‍ അജയ്‌ശേഖറിനോട് നേരിട്ട് അക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ അതിനുള്ള സാവകാശവും മര്യാദയും നഷ്ടമായതുകൊണ്ട് അഭിപ്രായം അക്ഷരരൂപത്തില്‍ ആയിക്കളയാമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രസ്തുത ലേഖനത്തിന്റെ തുടക്കഭാഗത്തു തന്നെ നാരായണഗുരുവിനേയും ശിഷ്യരേയും ബൗദ്ധഗുരുവിന്റെ ആദര്‍ശങ്ങളോടും പ്രവൃത്തികളോടും താരതമ്യം ചെയ്യാന്‍ മുതിരുന്നത് അസംബന്ധമാണ്. കാരണം നാരായണഗുരു ഹിന്ദുവിശ്വാസിയും ഹൈന്ദവ ആചാര്യനുമാകുന്ന ഈ വേളയില്‍ ആ പാരസ്പര്യം ഇരുകൂട്ടര്‍ക്കും പ്രത്യേകിച്ച്, അജയ്‌ശേഖറിനും സിദ്ധാന്തപരമായി യൊതൊരു ഫലവുൂം കിട്ടുകയില്ല, മറിച്ച് നാണുഗുരുവിന്റെ പ്രവര്‍ത്തനകാലത്ത് വിഗ്രഹ പ്രതിഷ്ഠ നടത്തുന്ന സ്വാമിയായും വിഗ്രഹ നിപഞ്ചകനുമായ ബുദ്ധനുമായി ഒരിടത്തും യോജിക്കില്ല. ശിഷ്യനായ ആനന്ദന്‍ തികച്ചും ബുദ്ധമാര്‍ഗത്തില്‍ ജീവിച്ച ഭിക്ഷുവാണ്. ഈ വിധ വൈരുധ്യങ്ങളെയെല്ലാം അജയ്‌ശേഖറിന് അറിയാവുന്നതുകൊണ്ട് അദ്ദേഹം കൂട്ടുപിടിക്കുന്നത് സഹോദരനേയും, മിതവാദിയേയും ആണ്. ആ യുക്തി അജയ്‌ശേഖര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് 'സഹോദരന്‍, മൂലൂര്‍ പത്മനാഭ പണിക്കരോട് ബുദ്ധ ധമ്മപദം പാലിയില്‍ നിന്നും വിവര്‍ത്തനം ചെയ്യുവാന്‍ ആവശ്യപ്പെട്ടു. മൂലൂര്‍ അതുപ്രകാരം നിര്‍വഹിക്കുകയും ചെയ്തു '. ആ വിവര്‍ത്തനപാഠം സഹോദരനും മിതവാദിയും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു എന്നാണ് അവകാശവാദം. എങ്കില്‍ ആ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഫലം എന്താണ്? ആര്‍ക്കൊക്കെയാണ് ഉപകരിച്ചത്? എന്ന് ചൂണ്ടിക്കാണിക്കുവാന്‍ തീര്‍ച്ചയായും അജയ്‌ശേഖറിന് ബാധ്യതയുണ്ട്. അല്ലെങ്കില്‍ താന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ നാരായണീയര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതുപറഞ്ഞാല്‍ കൊള്ളാമായിരുന്നു. ആകെ എടുത്തു പറയാന്‍ സഹോദരന്റെ മിശ്രഭോജനമല്ലാതെ വേറെന്തുണ്ട്? അതാകട്ടെ സഹോദരന്‍ ഈഴവരാല്‍ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്തു. കൂടാതെ 1912 ല്‍ ഈഴവവിരോധം അവസാനിപ്പിക്കുവാന്‍ അയ്യന്‍കാളിക്ക് നാരായണഗുരുവിനെ നേരില്‍ കാണേണ്ടിവന്നു. വൈക്കം സത്യാഗ്രഹ ത്തില്‍ നിന്നും ദലിത് നേതൃത്വത്തെ മാറ്റിനിര്‍ത്തിയപ്പോള്‍ എവിടെയായിരുന്നു ഈ ബുദ്ധമത ആദര്‍ശധീരത. വാമൊഴി കഥകളില്‍ ദലിതര്‍ക്ക് ഈഴവര്‍ ചെയ്ത ദ്രോഹമല്ലാതെ വേറൊന്നും പറയാനില്ല. ഇത്തരം സാഹചര്യം വിലയിരുത്തപ്പെടുമ്പോള്‍ ഈ ആദര്‍ശ മേല്‍ക്കോയ്മക്ക് ഒട്ടും പ്രസക്തിയില്ലെന്ന് മനസിലാക്കാം. ഇതുകൊ ണ്ടൊക്കെ ഈഴവര്‍ക്ക് വല്ല നേട്ടവും ഉണ്ടായിട്ടുണ്ടോ? എന്നു നോക്കിയാല്‍ അതുമില്ല, കാരണം അവര്‍ കള്ളുചെത്ത് കൊടുക്കല്‍ വ്യാപാരത്തിലേക്കും കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് നേതൃത്വങ്ങളിലേക്ക് വ്യാപരിക്കുകയും ഇവര്‍ ഭൂപരിഷ്‌കരണനിയമം, വിദ്യാഭ്യാസബില്ല്, മുതലായവ കൊണ്ടുവന്നു. ദലിതരെ ശ്വാസം മുട്ടിച്ച ചരിത്രമുള്ള ഇവരെ എന്തിനാണ് ബുദ്ധമതത്തിന്റെ മഹത്വം ഏല്‍പ്പിക്കുന്നത്? ഇവര്‍ക്ക് വിമര്‍ശനവും തെറ്റുതിരുത്തുവാനുള്ള അവസരവുമാണ് വേണ്ടത്.

ദലിതരുടെ സാമൂഹ്യ ജീവിതം അടയാളപ്പെടുത്തിയ സമരങ്ങളും കലഹങ്ങളും സഹനങ്ങള്‍ക്കും ചരിത്രപരമായ വെല്ലുവിളികളുടേയും ബ്രിട്ടീഷ് പരിഷ്‌കാരങ്ങളുടെയും ഭൗതിക അടിത്തറയല്ലാതെ നാരായണ പ്രസ്ഥാനത്തിന്റെ യാതൊരു സ്വാധീനവും ആകര്‍ഷിക്കപ്പെട്ടിട്ടില്ലെന്നത് ചരിത്ര സത്യമാണ്.

അവര്‍ അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തുമ്പോള്‍ ദലിതര്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി സമരം നടത്തുകയായിരുന്നു. അവര്‍ ഗാന്ധിയുടെ പിന്നാലെ ക്ഷേത്രപ്രവേശനത്തിനും ക്ഷേത്ര തൊഴിലുകള്‍ക്കുമായി അപേക്ഷിച്ചു നടക്കുമ്പോള്‍ ദലിതര്‍, അക്ഷര സ്വാതന്ത്ര്യത്തിനും സമരം ചെയ്യുകയായിരുന്നു. അങ്ങിനെ ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച രണ്ടുസ്വത്വങ്ങളായി ദലിതരും ഈഴവരും പ്രവര്‍ത്തിച്ചു പോന്നതല്ലാതെ ആരും ആരുടേയും മുകളില്‍ സ്ഥാപിക്കുവാനോ ഇകഴ്ത്താനോ പാടുള്ളതല്ല. കാരണം അത് ജനാധിപത്യ വിരുദ്ധമാണ്. അജയ്‌ശേഖര്‍ ഈ ലേഖനത്തില്‍ ദലിതരുടെ അവസാനത്തെ അഭയകേന്ദ്രം ബുദ്ധമതമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ദലിത് രാഷ്ട്രീയത്തിന്റെ ആദര്‍ശ അടിത്തറ അജയ്‌ശേഖര്‍ വിചാരിക്കുംപോലെ മതപരതയല്ല. മറിച്ച് അതിന്റെ ആദര്‍ശ സംഹിത ജനാധിപത്യമാണ്. അതുകൊണ്ടാണ് ദലിതര്‍ 'ഒരു ചരിത്രം ഒരു സംസ്‌കാരം ഒരു ജനതയെന്നത്' ആഹ്വാനം ചെയ്തത്. 

ഇത് ഒരേസമയം മതാതീതവും മതപരവുമായിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ മതപ്രശ്‌നം വിലയിരുത്തുമ്പോള്‍, ദലിതര്‍ ബുദ്ധമതത്തില്‍ കണ്ടെത്തുന്നത് ഹൈന്ദവ ബദല്‍ ആണ്. മറ്റൊന്ന്, മനുഷ്യന്‍ ഒന്നാണെന്നുള്ള മാനവികതയുമാണ്.

ബുദ്ധമത കാലഘട്ടം സിനിമക്ക് വിഷയമാകുന്നതുതന്നെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. കാരണം അവിടെയാണല്ലോ, ആര്യന്മാര്‍ അവരുടെ കിരാതവാഴ്ചക്കും അന്ധവിശ്വാസത്തിനും തുടക്കം കുറിച്ചത്. ഈ കാലഘട്ടങ്ങളെ സിനിമ ഒരു വിധത്തിലും വ്യക്തമാക്കുന്നില്ല. ബുദ്ധന്റെ ജീവിതകാലത്ത് ആര്യന്മാര്‍ അവരുടെ അസാന്മാര്‍ഗിക ജീവിതത്തിലും സാമൂഹിക വിഭാഗങ്ങളില്‍ നിന്നും സ്വയം വേര്‍പെട്ട ശ്രേഷ്ഠന്മാര്‍ ആണെന്നും മന്ത്രപൂജകളില്‍ മുഴുകിയും തൊഴില്‍ വിരോധവും വെച്ചുപുലര്‍ത്തി സമൂഹത്തെ ആകമാനം ഇരുട്ടിലാഴ്ത്തിയ പശ്ചാത്തലത്തിലാണ് ബുദ്ധന്‍ രംഗപ്രവേശനം ചെയ്യുന്നത്.

തുടര്‍ന്നിങ്ങോട്ട് അശോകന്റെ കാലഘട്ടത്തില്‍ എത്തിയപ്പോഴേക്കും അശോകന്‍ ബുദ്ധമതം സ്വീകരിക്കുകയും ബുദ്ധമതത്തെ ദേശീയമതമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ആര്യന്മാരുടെ കപടമേധാവിത്വത്തിനും അനാചാരങ്ങള്‍ക്കും ജനങ്ങള്‍ വിലകല്പിക്കാതായതോടെ, നൂറ്റാണ്ടുക ളായി വെച്ചു പുലര്‍ത്തിയ പൗരോഹിത്യത്തിനു മങ്ങലേറ്റതോടെ അവര്‍ തിരിച്ചടിയുടെ പാതയിലായിരുന്നു. അതിന്റെ അവസാനത്തെ അതിക്രമത്തിന്റെ ഫലമായി ബി സി 185 ല്‍ ബ്രഹദ്രഥരാജാവ് സ്വന്തം സേനാപതിയായ പുഷ്യമിത്രസുംഗന്‍ എന്ന ബ്രാഹ്മണനാല്‍ വധിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് മനുസ്മൃതിയും ആര്യാധിനിവേശവും സ്ഥാപിതമായി.

ഈ ചരിത്രസംഭവങ്ങള്‍ ഒന്നുംതന്നെ സിനിമക്ക് വിഷയമായില്ല എന്നുമാത്രമല്ല ഈ ചലച്ചിത്രത്തിന്റെ കാലഘട്ടം ഏതാണെന്നുപോലും വ്യക്തമാക്കാന്‍ കഴിയാതെ വന്നതോടെ ബുദ്ധകാലം മെരുക്കിയെടുത്ത ജനസംസ്‌കൃതി, പ്രത്യേകിച്ച് അശോകന്റെ കാലത്തെ സമൂഹ്യജീവിതം വളരെ മെച്ചപ്പെട്ടതായിരുന്നെന്ന് പാണിനിയുടേയും മെഗസ്തനീസിന്റേയും രേഖകള്‍ സക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ സിനിമ കാണുമ്പോള്‍ പുരോഗതിയും അന്തസുകൊക്കെ നഷ്ടപ്പെട്ട, സവര്‍ണാധികാരത്തിനു ശേഷമുള്ള വ്യവസ്ഥയിലെ മനുഷ്യര്‍ക്ക് തുല്യമാണ് ഈ സിനിമയിലെ ബുദ്ധകാല മനുഷ്യര്‍. അങ്ങിനെയെങ്കില്‍ എന്തിനാണ് നാം ബുദ്ധകാല ത്തെപ്പറ്റി വിലപിക്കുന്നത്? അങ്ങിനെയാവാന്‍ തരമില്ല എന്നാണല്ലോ, ബുദ്ധമത ചിന്തകന്മാര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതൊന്നും വകവെക്കാതെ എടുത്ത സംരംഭമായതുകൊണ്ടാണ് ഈ സിനിമ സമകാലിക ജീവിത വ്യവഹാരങ്ങളെ കിടിലംകൊള്ളിക്കാതെ കടന്നുപോകാന്‍ കാരണമായത്.

ഉണ്ണി പൂണിത്തുറ
തറവാതുക്കല്‍
കൊച്ചി 38
9744495994