"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 4, ബുധനാഴ്‌ച

പി.സി.ചാഞ്ചന്‍ എം.എല്‍.സി - ഒര്‍ണ കൃഷ്ണന്‍കുട്ടി


പി സി ചാഞ്ചന്‍ 
എറണാകുളം പട്ടണത്തിന്റെ വടക്ക് ഭാഗത്ത് മുളവ്കാട് തുരുത്തില്‍ പെരുമ്പിള്ളി വീട്ടില്‍ ചാത്തന്റെ മകനായി ജനിച്ച ചാഞ്ചന്‍ ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തവിധം കരയില്‍ സമ്മേളിക്കാന്‍ സാമൂഹ്യ വ്യവസ്ഥിതി അനുവദിക്കാതിരുന്ന ഒരു ജനതയുടെ സംഘടനാ സമ്മേളനം കായലില്‍ വള്ളങ്ങല്‍ കൂട്ടിക്കെട്ടി അതിന് മുകളില്‍ പ്ലാറ്റ്‌ഫോമുണ്ടാക്കി നടത്തി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി കായലില്‍ സമസ്ത കൊച്ചി പുലയര്‍ മഹാസഭയുടെ അന്നത്തെ രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ചാഞ്ചന്റെ സംഘടനാപാടവം ഈ ഒറ്റ സംഭവം കൊണ്ട് ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ പറ്റാത്തവിധം അത്ഭുതമായിരിക്കുന്നു. കായലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു തുരുത്തായ മുളവുകാട്ടില്‍ കടല്‍ഭിത്തി കരിങ്കല്ലുകൊണ്ട് കെട്ടുന്നതിനായി അന്യ നാടുകളില്‍ നിന്നും വന്ന് ജോലി ചെയ്തുകൊണ്ടിരുന്ന പുലയരാണ് അവിടെ പിന്നീട് സ്ഥിരതാമസമാക്കിയത്. തുരുത്ത് മുഴുവന്‍ കൃഷിയിട മായിരുന്നു. ചാഞ്ചനും 100 പറയ്ക്ക് നിലം സ്വന്തമാക്കിയിരുന്നു. സമീപത്തുള്ള പുലയരെല്ലാം രാത്രികാലങ്ങളില്‍ ഒത്തുകൂടിയിരുന്നത് ചാഞ്ചന്റെ നെടിയ പന്തല്‍ പോലുള്ള വീട്ടിലായിരുന്നു. എങ്ങനെയോ 4 ാം ക്ലാസ്സ് വരെ വിദ്യാഭ്യാസം നേടിയഅദ്ദേഹം തുരുത്തിലും സമീപപ്രദേശങ്ങളിലും സവര്‍ണ്ണ ജന്മിമാരും സര്‍ക്കാരും പുലയരായ ജനങ്ങളോടു കാണിക്കുന്ന ക്രൂരതയില്‍ മനംനൊന്ത് അവരെ സംഘടിപ്പിക്കുന്നതിനും മൗലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി നിരന്തരം പോരാടി. അക്കാലത്ത് പുലയര്‍ക്ക് അധികാരസ്ഥാനങ്ങളി ലൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല. അങ്ങനെ വന്നപ്പോള്‍ ചാഞ്ചന്റെ ഉത്സാഹത്താല്‍ പുലയരുടേതായ ഒരു സംഘടന സ്ഥാപിച്ചു. മുളവുകാട് പുലയസമാജം എന്ന പേരില്‍ ആരംഭിച്ച പ്രസ്തുത സംഘടനാ തിരുകൊച്ചി പുലയര്‍ മഹാസഭയുടെ ആദ്യകാല രൂപമായിരുന്നു. 

കൊച്ചി നിയമസഭയില്‍ പുലയരെ പ്രതിനിധീകരിച്ചുകൊണ്ടിരുന്നത് കെ.പി.കുറുപ്പന്‍ മാസ്റ്ററാണല്ലോ. തുടര്‍ച്ചയായി മാസ്റ്ററെതന്നെ നോമിനേറ്റ് ചെയ്തപ്പോള്‍ മാസ്റ്റര്‍തന്നെ ആവശ്യപ്പെടുകയായിരുന്നു പുലയരെ പ്രതിനിധീകരിക്കാന്‍ കഴിവും പ്രാപ്തിയും സംഘടനാമികവുമുള്ള ഒരു നേതാവുണ്ടെന്നും അത് തിരുകൊച്ചി പുലയര്‍ മഹാസഭയുടെ നേതാവ് പി.സി.ചാഞ്ചനാണെന്നും അദ്ദേഹത്തെ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യണമെന്നും. അതുപ്രകാരമാണ് 1926 ല്‍ എം.എല്‍.സി. ആയി ചാഞ്ചനെ നോമിനേറ്റ് ചെയ്തത്. ആ പദവി 1928 വരെ തുടര്‍ന്നു. പിന്നീട് ചാഞ്ചന്റെ നിര്‍ദ്ദേശപ്രകാരമാണ് കെ.പി.വള്ളോനെ എം.എല്‍. സിയായി നോമിനേറ്റ് ചെയ്തത്. വള്ളോനെ തുടര്‍ന്ന് കൃഷ്ണന്‍ എം.എല്‍.സി, കണ്ണന്‍ എം.എല്‍.സി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണന്‍ എം.എല്‍.സിയുടെ ഭാര്യ അമ്മിണിയാണ് കേരളത്തില്‍ പുലയരിലെ ആദ്യഹൈസ്‌ക്കൂള്‍ അദ്ധ്യാപിക. കണ്ണന്‍ എം.എല്‍.സി സ്വാതന്ത്ര്യ സമരസേനാനിയും വാഗണ്‍ ട്രാജഡിയില്‍പ്പെടുകയും ചെയ്ത വ്യക്തിയാണ്. 

ചാഞ്ചന് രണ്ട് ആണ്‍മക്കളാണ് ഉണ്ടായിരുന്നത്. അവിവാഹിതനായ കൊച്ചുകൃഷ്ണനും, സുകുമാരനും. സുകുമാരന്റെ മക്കളാണ് ചാഞ്ചന്‍ താമസിച്ചുകൊണ്ടിരുന്ന വീട്ടില്‍ ഇപ്പോന്‍ താമസിച്ചുപോരുന്നത്. ഇളയമകന്‍ ദേവദാസ്, ചാഞ്ചന്റെ ഭാര്യ കാളിയും നല്ലൊരു സമുദായ സ്‌നേഹിയും സ്വന്തം വീട്ടില്‍ ആ പ്രദേശത്തെ പുലയരായവര്‍ക്കൊക്കെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ചെയ്തുപോന്നിരുന്ന അമ്മ. 

കൊച്ചി രാജാവിന്റെ അടുക്കല്‍ ചാഞ്ചന്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായി അക്കാലങ്ങളില്‍ ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന പുലയര്‍ക്ക് മുളവ്കാട് പുലയസമാജത്തിന്റെ പേരില്‍ ആരാധന നടത്തുന്നതിനായി ഒരു സുബ്രഹ്മണ്യക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുകയും അവിടെ ആദ്യം ഒരു കണ്ണാടി പ്രതിഷ്ഠ നടത്തിയാണ് ആരാധന നടത്തിപോന്നിരുത്. പിന്നീട് ശൂലം ആണ് പ്രതിഷ്ഠിച്ചത്. ഇന്ന് സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം നിര്‍മ്മിച്ച് പുന:പ്രതിഷ്ഠ നടത്തി പുലയര്‍ ആരാധന നടത്തി പോരുന്നു. അന്ന് സമീപത്തുണ്ടായിരുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡി ന്റെ കീഴിലുള്ള കേരളേശ്വരം ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതുകൊണ്ടാണ് ചാഞ്ചന്റെയും മറ്റും ശ്രമഫലമായി കൊച്ചിരാജാവ് ഇങ്ങനെയൊരു അവകാശം സ്ഥാപിച്ചു കൊടുത്തത്. ദിവസവും ക്ഷേത്രത്തില്‍ വിളക്ക് വച്ചുകൊണ്ടിരുന്നത് ചാഞ്ചനാണ്. ഇന്നിപ്പോള്‍ സി.കെ.കുഞ്ഞപ്പന്‍ പ്രസിഡന്റും കെ.കെ.രാജന്‍ സെക്രട്ടറിയു മായ മുളവുകാട് പുലയസമാജമാണ് ക്ഷേത്രം നടത്തിപ്പും ആ പ്രദേശത്തെ പുലയരുടെക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചു പോരുന്നതും. കടുത്ത പ്രമേഹം ബാധിച്ച് മരിച്ച ചാഞ്ചന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായി ലഭ്യമാക്കുന്നതിന് യാതൊരു സാഹചര്യവും നമുക്ക് ഇല്ലാതെ പോയിരിക്കുന്നു.