"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 1, ഞായറാഴ്‌ച

മഹാത്മാ ജോണ്‍ജോസഫ് : ജീവിതവും ദര്‍ശനങ്ങളും - ഒ ജെ ജോണ്‍


പുസ്തകം: മഹാത്മാ ജോണ്‍ ജോസഫ്; ജീവിതവും ദര്‍ശനങ്ങളും
ഒ ജെ ജോണ്‍
പ്രസാധകര്‍; ആഗമം ബുക്‌സ്, മണര്‍കാട്, കോട്ടയം
വിതരണം; വിന്‍വേവ് ബുക്‌സ്, പാമ്പാടി.
വില; 120 രൂപ.

അടിസ്ഥാന ജനതയുടെ ഉദ്ധാരണത്തിനുള്ള മുറവിളിക്ക് സാര്‍വത്രികമായ അംഗീകാരം ലഭിച്ചുകൊണ്ടിരുന്ന കാലഘട്ടമാണിത്. അമേരിക്കയിലെ കറുത്ത വംശജരുടെ മുന്നണിപ്പോരാളികളായിരുന്ന ബുക്കര്‍ ടി വാഷിങ്ടണ്‍, മാര്‍ട്ടില്‍ ലൂഥര്‍ കിങ് തുടങ്ങിയവര്‍ക്കുശേഷം ജനറല്‍ പവല്‍, കോണ്ടലീസ റൈസ് എന്നിവര്‍ അമേരിക്കയുടെ ഭരണ സിരാകേന്ദ്രത്തില്‍ അവരോധിക്ക പ്പെട്ടതിനെ തുടര്‍ന്ന് ഒബാമ പ്രസിഡണ്ടായത്; ഗ്വാത്തിമാലയിലെ പൗരാവകാശ പ്രവര്‍ത്തകയും അടിസ്ഥാന വംശജയുമായ റിഗോബര്‍ത്തോ മെഞ്ചുവിന് നോബേല്‍ സമ്മാനം ലഭിച്ചത്; ബിഷപ് ഡെസ്മണ്ട് ടുട്ടു, നെല്‍സണ്‍ മണ്ടേല എന്നിവരുടെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്കയിലെ വെള്ളക്കാരുടെ ആധിപത്യത്തിന് അറുതി വരുത്തിയത് - ഇങ്ങനെ നിരവധി സംഭവവികാസങ്ങള്‍ അധഃസ്ഥിതരുടെ ഐതിഹാസിക ജൈത്രയാത്രയുടെ സമകാലിക മുന്നേറ്റങ്ങളായി വിലയിരുത്താവുന്നതാണ്.

ഇന്ത്യയിലാണെങ്കില്‍, ദലിതര്‍ തങ്ങളുടെ ശൈഥില്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഒരൊറ്റ ജനതയായി ഉദ്ഗ്രഥിക്കപ്പെടുന്നതിന് ബൗദ്ധികവും സാമൂഹികവുമായ സമരം നടത്തിയ ഡോ. ബാബാ സാഹേബ് അംബേഡ്കര്‍ ദലിത് വിമോചനത്തിന്റെ പ്രതീക്ഷയായി തീര്‍ന്നിരിക്കുന്നു. എന്നാല്‍, ഇന്ത്യയുടെ പല ഭാഗങ്ങളില്‍, അദ്ദേഹത്തിനു മുമ്പും പിന്‍പും, ഈ സമരം ഏറ്റെടുത്ത് നയിച്ച നിരവധി നേതാക്കന്മാരുണ്ട്. പ്രാദേശിക പരിമിതികള്‍ നിമിത്തം അവരില്‍ പലര്‍ക്കും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ ദലിതരുടെ ഇടയില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവ് അയ്യന്‍കാളി ഗുരുവാണ്. അദ്ദേഹത്തോടൊപ്പം ആദരിക്കപ്പെടേണ്ട മഹാത്മാ ജോണ്‍ ജോസഫിനെ സവര്‍ണ സാഹിത്യ - സാമൂഹിക നായകന്മാരോടൊപ്പം, ദലിത് ബുദ്ധിജീവികളും, അവഗണിക്കുകയായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്ന നേതാക്കന്മാരില്‍ ബുദ്ധിയുടെ കാര്യത്തില്‍ അദ്വിതീയനെന്നു ചരിത്രകാരനായ ചെന്താരശ്ശേരി വിശേഷിപ്പിച്ചിരിക്കുന്ന മഹാനായ ജോണ്‍ ജോസഫിന്റെ അപാദാനങ്ങള്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു, സംശയമില്ല. അതിനാലാണ് അദ്ദേഹം ചെയ്ത സംഭാവനകളും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ഉപജീവിച്ചൊരു പുസ്തകം രചിക്കുവാന്‍ ഈ ലേഖകന്‍ ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് സമഗ്രവും ആധികാരികമായ അറിവോ അനുഭവജ്ഞാനമോ ഉണ്ടെന്ന ഭാവത്തിലല്ല; പ്രത്യുത, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ അനാവരണം ചെയ്യുന്നതിന് ധിഷണാശാലികള്‍ മുന്നോട്ടു വരാതിരിക്കുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു സാഹസത്തിന് സന്നദ്ധനാകുകയായിരുന്നു എന്നു മാത്രം.

ദലിത് പ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ വേദികളില്‍ ദൈലതിക വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും, ആനുഷംഗികമായി ഈ ചേരമ കുലഗുരുവിനെക്കുറിച്ച് പരാമര്‍ശിക്കാ നല്ലാതെ, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ വിസ്തരിച്ച് വിലയിരുത്തുവാന്‍ സാധിച്ചിട്ടില്ല. ഈയൊരു വിടവു നികത്തുവാന്‍ ഒരു പരിധിവരെയെങ്കിലും ഈ ഗ്രന്ഥരചനയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒ ജെ ജോണ്‍ 
അടിസ്ഥാന ജനതയുടെ മോചനം, ഭാരതത്തെ സംബന്ധിച്ചിടത്തോളം, ഒരു മരീചികയായി ഇന്നും അവശേഷിക്കുന്നതാണ് ഖേദകരം. ഈയൊരു സ്വപ്‌ന സാക്ഷാത്കാരത്തിന് പീഢനങ്ങളും യാതനകളും സഹിച്ചവര്‍ നിരവധിയാണ്; രക്തസാക്ഷികളായി ത്തീര്‍ന്നവരും ധാരളമുണ്ട്. അവരില്‍ മിക്കവരുടേയും ചരിത്രം ആധുനിക തലമുറയില്‍ പെട്ടവര്‍ക്ക് അറിഞ്ഞുകൂടാ. ഈ പശ്ചാത്തലത്തില്‍ അവഗണിക്ക പ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനതയുടെ സമ്പന്നമായ ഗതകാലാനുഭവത്തോടൊപ്പം, അവര്‍ നേരിടുന്ന കഠിനമായ കഷ്ടപ്പാടുകളേയും വെളിപ്പെടുത്തി ഒരു സാംസ്‌കാരിക വിപ്ലവത്തിന് ഈര്‍ജവും ഉന്മേഷവും പകരുക എന്നത് ഈ ഗ്രന്ഥരചനയുടെ ചേതോവികാരത്തിന്റെ ഭാഗമാണ്.

ഈ ഗ്രന്ഥ രചനയില്‍ പലരോടും വിവരണാതീതമായ കടപ്പാടുണ്ട്. അവരില്‍ കഥാപുരുഷന്റെ കുടുംബക്കാരോടൊപ്പം ശ്രീ ഡേവിഡ് മത്തായി, വിന്‍വേവ് ബുക്‌സിലെ ടി പി ജോര്‍ജുകുട്ടി എന്നിവരുടെ പേരുകളും ചെന്താരശ്ശേരി എഴുതിയ ജോണ്‍ ജോസഫിന്റെ ജീവചരിത്രവും ഏറെ പ്രയോജനപ്പെട്ടുവെന്ന് നന്ദിപൂര്‍വം സ്മരിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ അഭ്യുന്നതിയില്‍ ഉത്സുകരായവര്‍ക്ക്, വിശേഷാല്‍ യുവജനങ്ങള്‍ക്ക്, അറിവും ആത്മാഭിമാനവും പ്രദാനം ചെയ്യുവാന്‍ ഈ കൃതി ഉപകരിക്കുമെങ്കില്‍ ഞങ്ങളുടെ ഉദ്യമം സഫലമായെന്നു കരുതാം.