"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 20, വെള്ളിയാഴ്‌ച

ദലിത് വിമോചനവും ഉപജാതി താത്പര്യങ്ങളും - ഏകലവ്യന്‍ ബോധി


ഏകലവ്യന്‍ ബോധി
ലോകത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് രണ്ട് മാര്‍ഗങ്ങള്‍ ചരിത്രത്തില്‍ അവലംബിച്ചുകാണുന്നുണ്ട്. ഒന്നാമത്തേത് ഫിലോസഫിയാണ്. അത് ലോകത്തെ നിര്‍വചിക്കു കയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് പ്രായോഗികതയുടെ ദര്‍ശനമാണ്. അത് ലോകത്തെ മാറ്റിമറിക്കുന്ന തത്വശാസ്ത്രമാണ്. ഇതില്‍ പ്രായോഗിക ദര്‍ശനത്തിന്റെ നായകരായിരുന്നു അയ്യന്‍കാളിയും അംബേഡ്കറും.

പരസ്പരം കാണാത്തവരും എന്നാല്‍ ഹൃദയംകൊണ്ട് പരസ്പരം കണ്ടറിഞ്ഞവരായിരുന്നു അംബേഡ്കറം അയ്യന്‍കാളിയും. ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണ് ഈ ഉജ്വലരായ സാമൂഹ്യ വിപ്ലവകാരികള്‍. ഇവര്‍ ദലിതരുടെ വിമോചന നായകരാണ്; ഐക്കണുകളാണ്. ആധുനിക ജനാധിപത്യത്തിന്റെ ശില്പികളാണ്.

പട്ടികജാതി സമുദായങ്ങള്‍ (ഉപജാതി), ദലിത് പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ ഈ മഹാന്മാരായ നേതാക്കളെ ഉപജാതിയുടെ അടയാളമായി ചുരുക്കിക്കളയുന്നു. അയ്യന്‍കാളിയെ പുലയരുടെ നേതാവായി കാണുകയും അംബേഡ്കറെ സാംബവരുടെ (പറയരുടെ) നേതാവാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കാവാരിക്കുളം കണ്ഠന്‍കുമാരനൊപ്പമാണ് അംബേഡ്കറേയും പൊയ്കയില്‍ അപ്പച്ചനേയും വായിക്കുന്നത്.

നവോത്ഥാന കേരളം നിര്‍മ്മിച്ചെടുത്ത ജനാധിപത്യ മൂല്യാവബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്താണ് ജാതീയമായ ഇത്തരം വര്‍ഗീകരണങ്ങള്‍ - വിഭജനങ്ങള്‍. അതുണ്ടാക്കുന്ന സാമൂഹികമായ തിരിച്ചടികളെ ക്കുറിച്ച് എത്രമാത്രം അലംഭാവമാണ് ഈ ദലിത് സമൂഹങ്ങള്‍ കാണിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു.

കേരളത്തിലെ ആദ്യത്തെ കീഴാളപ്രസ്ഥാനം 'സാധുജന പരിപാലന സംഘമാണ്'. ആദ്യത്തെ ജനാധിപത്യ പ്രസ്ഥാനമായിരുന്നു അത്. വിവിധ ഉപജാതികളുടെ കൂട്ടമായിരുന്നു സംഘം. 19 ആം നൂറ്റാണ്ടില്‍ അത്തരമൊരു പ്രസ്ഥാനമുണ്ടാകുക എന്നത് അതിശയകരമായ കാര്യമാണ്. അന്നത് സാധ്യമായി. ആ സംഘത്തിന്റെ നേതാവ് അയ്യന്‍കാളിയായി രുന്നു. അദ്ദേഹം പുലയ സമുദായക്കാരനായിരുന്നു എന്നത് സംഘത്തിനകത്ത് പ്രശ്‌നമായിരുന്നില്ല. അന്ന് തിരുവിതാംകൂറിലെ മുഴുവന്‍ അധഃസ്ഥിതരേയും പ്രജാസഭയില്‍ 'പുലയര്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

പ്രജാസഭ കണ്ട ഇന്ത്യയിലെ ആദ്യത്തെ അധഃസ്ഥിത നേതാവ് അയ്യന്‍കാളിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു കേരള നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങള്‍ നടന്നത്.

അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ നവോത്ഥാന പോരാട്ടത്തിന്റെ അനുരണനങ്ങള്‍ തിരുകൊച്ചിയിലും ഉണ്ടായി. തിരുവിതാംകൂര്‍ - കൊച്ചി ദേശത്തെല്ലാം ധാരാളം ധീരന്മാരായ പോരാളികള്‍ ഉണ്ടായി. അവരെല്ലാം വിവിധ ഉപജാതികളില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. തിരുവിതാംകൂര്‍ പ്രജാസഭയില്‍ നേതാക്കന്മാരെ നോമിനേറ്റ് ചെയ്യുന്നതിന് അയ്യന്‍കാളിയുടെ സര്‍വാത്മനായുള്ള പിന്‍തുണയുണ്ടായിരുന്നു, ശുപാര്‍ശയുണ്ടായിരുന്നു. അദ്ദേഹം ഉപജാതി വികാരത്തിന് അടിമയായിരുന്നില്ല. ഉന്നതമായ ആ കാഴ്ചപ്പാടാണ് നവോത്ഥാന മുന്നേറ്റത്തിന്റെ കരുത്തായിരുന്നത്.

എന്നാല്‍ ചരിത്രത്തിലെ വിപരീതമാകാം ഉപജാതി നേതാക്കള്‍ ഓരോരോ ഉപജാതി സംഘടനകള്‍ സൃഷ്ടിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്യുന്നത്. ഇത് സവര്‍ണ വര്‍ഗ താത്പര്യങ്ങള്‍ക്ക് അനുസൃതമായിരുന്നു എന്നു മാത്രമല്ല, ജനാധിപത്യ പ്രസ്ഥാന മായിരുന്ന സാധുജന പരിപാലന സംഘത്തിന്റെ ശക്തി ചോര്‍ത്തിക്കള യുന്നതിനും ഇടയാക്കി.

നവോത്ഥാന സമരകാലത്ത് അധഃസ്ഥിതര്‍ തമ്മില്‍ തമ്മില്‍ ശത്രുക്കളായി രുന്നില്ല. അവരില്‍ നിക്ഷേപിക്കപ്പെട്ട, സ്വാംശീകരിക്കപ്പെട്ട ഉപജാതി ബോധമായിരുന്നു അന്നുണ്ടായിരുന്നത്. മറിച്ച്, ഇന്ന് ദലിതരിലെ ഉപജാതികള്‍ തമ്മില്‍ ശത്രുക്കളായാണ് പരസ്പരം കരുതുന്നത്. ഇതൊരു വലിയ ദുരന്തമാണ്. ഇന്ന് ദലിതര്‍ക്കിടയിലുള്ള വൈരുധ്യങ്ങളും അകല്‍ച്ചയും വര്‍ധിച്ചു വരുന്നുണ്ട്. അത് നിര്‍വഹിക്കുന്നത് ഉപജാതി സമുദായ നേതൃത്വങ്ങളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയുടേയും അപക്വമായ സാമൂഹിക ബോധത്തിന്റേയും ചരിത്രപരമായ അജ്ഞതയുടേയും ഫലമാണ് അത്. ഈ ശത്രുതയുടെ തെളിവാണ് അയ്യന്‍കാളിയെ തിരസ്‌കരിക്കുന്നതിലൂടെയും അംബേഡ്കറെ പറയനാക്കുന്നതിലൂടെയും ചെയ്യുന്നത്.

തന്റെ കൂട്ടത്തിനും ചുറ്റുവട്ടത്തുള്ളവര്‍ക്കും ഇടയില്‍ യാഥാസ്ഥിതിക സമൂഹത്തില്‍ ഒരു ലിബറലായിരുന്നു അയ്യന്‍കാളി. ആ റിബലിയമാണ് അയ്യന്‍കാളിപ്പട. ആ സംഘമാണ് യാഥാസ്ഥിതിക സമൂഹത്തിനുബദല്‍ നിര്‍മ്മിക്കുന്നത്. അയ്യന്‍കാളിയുടെ ബദല്‍ ഒരു നവ രാഷ്ട്രീയ - സാമൂഹിക ക്രമത്തെ നിര്‍മ്മിച്ചടുക്കുന്നതിനു കാരണമാകുകയും ചെയ്തു. ഈ ബദലായിരുന്ന നവോത്ഥാന നമുന്നേറ്റം അതിലൂടെ രൂപപ്പെട്ടതാണ.് ഒരു ജനാധിപത്യ നൈതിക മൂല്യാവബോധധാരയാണ അത്. ആധുനിക കേരളത്തിന്റെ സൃഷ്ടിയുടെ അടിത്തറ അവിടെയാണ് ശിലപാകുന്നത്. ഇത് തകര്‍ക്കപ്പെടേണ്ടത് സവര്‍ണ താത്പര്യമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിമോചന സമരം ഉണ്ടാകുന്നത്. നവോത്ഥാന ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യുക എന്ന സവര്‍ണ - താത്പര്യമായിരുന്നു വിമോചന സമരം. സാധുജന പരിപാലന സംഘത്തിന്റെ അഭാവവും ഉപജാതികളുടെ വരവും നിഷ്‌ക്രിയത്വവും അയ്യന്‍കാളി പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന സകലതിനേയും തകര്‍ത്തുകളഞ്ഞു. ഇന്നും ഇത് മനസിലാകാതെ പോകുന്നത് കേരളത്തിലെ കീഴാള സമുദായങ്ങള്‍ക്കാണ്.

അയ്യന്‍കാളി ഉയര്‍ത്തിക്കൊണ്ടുവന്ന ബദലിലെ ജനാധിപത്യാവബോധത്തെ തകര്‍ക്കുവാന്‍ സാധുജന പരിപാലന സംഘത്തെ തകര്‍ക്കേണ്ടതുണ്ടാ യിരുന്നു. അതിന് ഉപജാതി നേതാക്കന്മാരെ സംഘടനകള്‍ ഉണ്ടാക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് സവര്‍ണര്‍ ചെയ്തത്. അതിന്റെ ഭാഗമായിട്ടാണ് ഗാന്ധി - അയ്യന്‍കാളി കൂടിക്കാഴ്ചതന്നെ സാധ്യമാക്കിയത്. അന്ന് ഗാന്ധി അയ്യന്‍കാളിയെ 'പുലയ രാജാവേ' എന്നാണ് സംബോധന ചെയ്തത്. അയ്യന്‍കാളി പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള അവസാനത്തെ ആണിയടിക്കുന്നതിന് മേല്‍ സൂചിപ്പിച്ച പ്രയോഗം കാരണമായിട്ടുണ്ട് എന്ന ആരോപണം ഇന്ന് പല ദിക്കില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഈ സംബോധന യിലൂടെ നവോത്ഥാന മുന്നേറ്റം സൃഷ്ടിച്ച സകല നേട്ടങ്ങളേയും തകര്‍ക്കുകയും അയ്യന്‍കാളി നിര്‍മ്മിച്ച ബദലിനെ ബലഹീനപ്പെടുത്തുകയുമായിരുന്നു. സവര്‍ണ ഹിന്ദുത്വവും - ഗാന്ധിയും ഇത്തരത്തിലാണ് ദലിതരുടെ കര്‍തൃത്വത്തെ അപ്രസക്തമാക്കിയതെങ്കില്‍ സവര്‍ണാഭിമുഖ്യമുള്ള വ്യവസ്ഥാപിത ഇടതുപക്ഷ രാഷ്ട്രീയം ഉത്പാദിപ്പിച്ച സോഷ്യലിസ്റ്റ് ബോധം ആധുനിക കാലത്ത് ദലിതരെ ഷണ്ഡീകരിക്കുകയാണ് ചെയ്തത്.

ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നവോത്ഥാന നേതാക്കളെ താരതമ്യം ചെയ്യുകയും ഉപജാതികളെ തമ്മില്‍ ശത്രുക്കളാക്കി ദലിത് കര്‍തൃത്വങ്ങളെ അപ്രസക്തമാക്കി ക്കളയുന്നതിനിടയാക്കുകയും ചെയ്യുന്നത്.

നവോത്ഥാനം നിര്‍മ്മിച്ചെടുത്ത ജനാധിപത്യ നൈതിക - മൂല്യബോധ ധാരയെ പിന്നോട്ടടിക്കുന്നതിനു സവര്‍ണ - പിന്നോക്ക - ന്യൂനപക്ഷ ബദലുകള്‍ ഉയര്‍ന്നു വരുകയുണ്ടായി. ഇന്ന് ജനാധിപത്യ ബോധത്തെ തളര്‍ത്തുന്നത് ഈ ബദലുകളാണ്. ഈ ബദലുകളെ നവോത്ഥാന മൂല്യങ്ങള്‍ എന്ന് വിലയിരുത്തുമ്പോള്‍ തന്നെ - നിവര്‍ത്തന പ്രക്ഷോഭം മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ തുടങ്ങിയവ അയ്യന്‍കാളി നേതൃത്വം കൊടുത്ത ജനാധിപത്യ - ജനകീയ മുന്നേറ്റത്തിന്റെ ബദലായിരുന്നു എന്ന വസ്തുത ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടര്‍ന്നു വന്ന 1957 ലുണ്ടായ വിമോചന സമരം നവോത്ഥാനത്തെ അട്ടിമറിക്കുക യും ഇടതും വലതും ഒന്നായി അട്ടിമറിക്ക് പരോക്ഷമായും പ്രത്യക്ഷമായും കൂടെ നില്‍ക്കുകയാണ് ചെയ്തത്. ഇത് തിരിച്ചറിയാതെ യാണ് ഉപജാതി സംഘങ്ങള്‍, ചെറിയ ആള്‍ക്കൂട്ടങ്ങളുണ്ടാക്കി നേതാവായി, ഒരു പോരാട്ട പാരമ്പര്യമുള്ള ജനതയുടെ നിലനില്‍പ്പിനെ തകിടം മറിക്കുന്ന ഉപജാതി മഹത്വമെന്ന അരാജകത്വത്തെ കൊണ്ടാടുന്നത്. ഈ അരാജക വാദികളാണ് അംബേഡ്കറേയും അയ്യന്‍കാളിയേയും ഉപജാതിയുടെ കണ്ണികളില്‍ പെടുത്തിയും കളിക്കുന്നത്.

രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക രംഗത്ത് ഇന്ന് വരേണ്യതയുടെ അധിനിവേശവും സവര്‍ണതകളുടെ അധികാരവുമാണുള്ളത്. ദലിത - ആദിവാസി, പാര്‍ശ്വവത്കൃത - ദരിദ്ര ജനവിഭാഗങ്ങള്‍, സാമൂഹിക ക്രമത്തിനു പുറത്താണ്. ഒരു നവ ജനാധിപത്യ മുന്നേറ്റത്തിന്, വര്‍ത്തമാന കാലത്ത്, ജനാധിപത്യ ബോധമുള്ള ഒരു ജനസമൂഹമായി പരിവര്‍ത്തനപ്പെട്ടുകൊണ്ട് രണ്ടാം നവോത്ഥാന മുന്നേറ്റത്തില്‍ ദലിത് സമുദായങ്ങള്‍ തങ്ങളെ സ്വയം പരിഷ്‌കരിക്കേണ്ടതുണ്ട്. 

കടപ്പാട്: 'സഖാവ്' മാസിക 2014 ഡിസംബര്‍ ലക്കം.