"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 24, ചൊവ്വാഴ്ച

സാക്ഷ്യപ്പെടുത്തലിന്റെ ആഖ്യാനങ്ങളും ധാര്‍മിക പ്രശ്‌നങ്ങളും - ഇ.വി. രാമകൃഷ്ണന്‍


വര: പി വി ബീന 
നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് എന്തൊ ക്കെയോ തകരാറുണ്ടെന്ന തോന്നല്‍ ശക്തമായി. മനസ്സ് വല്ലാതെ മടുത്തു. ഒരു ഇടതുപക്ഷക്കാരനായ പുലയനെ ഉള്‍ക്കൊള്ളാനൊന്നും പുലയസമുദായം അന്ന് വളര്‍ന്നിട്ടില്ലായിരുന്നു. അവരെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം ഇന്നും വളര്‍ന്നിട്ടില്ലെന്നും തോന്നുന്നു. സമുദായവും പാര്‍ട്ടിയും ഇഷ്ടപ്പെട്ട രണ്ട് വിഭാഗവും എനിക്ക് അന്യമായി തോന്നി. കുറച്ചുകാലം ഒന്നും ചെയ്തില്ല. എന്തു പറഞ്ഞാലും ജാതിയുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. ഒന്നും ചെയ്യാതിരുന്നാല്‍ നേരം പോകില്ല എന്ന ചിന്ത ബലപ്പെട്ടു. പലേകാലത്തായി ആറായിരത്തിലധികം ചെടികള്‍ നട്ടു. ഏറെ പരീക്ഷണങ്ങള്‍ നടത്തി. ഒട്ടുമിക്കതും വിജയമായിരുന്നു.

പൊക്കുടന്റെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗമാണിത്. കല്ലേന്‍ പൊക്കുടന്‍ എന്ന വ്യക്തിയുടെ ആത്മകഥാഖ്യാനം മാത്രമല്ല ഈ കൃതി. സമകാലീന സമൂഹത്തിന്റെ നൈതികതയെ ഇത്രയും ഗഹനമായി ചോദ്യംചെയ്യുന്ന കൃതി മലയാളത്തില്‍ അടുത്തകാലത്തൊ ന്നുമുണ്ടായിട്ടില്ല. ഇത് പറയുമ്പോള്‍ സി.കെ. ജാനുവിന്റെ ആത്മകഥയും വിനയയുടെ എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര എന്നീ കൃതികളും ഇതേ ധര്‍മം അനുഷ്ഠിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. മുഖ്യധാരയിലെ സാഹിത്യകൃതികള്‍ക്കവകാശപ്പെടാന്‍ കഴിയാത്ത പ്രാമാണികതയും സത്യാവിഷ്‌ക്കാരശേഷിയും ഈ കൃതികള്‍ മൗലികവും ദൂരവ്യാപകവുമായ ചില ആശയസംഘര്‍ഷങ്ങളുടെ തുടക്കങ്ങളാണെന്ന് സൂചിപ്പിക്കുന്നു. ഈ കൃതികളെ സാക്ഷ്യപ്പെടുത്തലിന്റെ ആഖ്യാന ങ്ങളായി (Testimonial) കാണുമ്പോള്‍ മറ്റു പല സമൂഹങ്ങളിലും ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ പുതിയൊരു ആഖ്യാനരൂപമായി ഇവയെ തിരിച്ചറിയാന്‍ കഴിയും. ആത്മകഥ, നോവല്‍, ചരിത്രം എന്നീ രൂപങ്ങളുമായി ചില സമാനതകളുണ്ടെങ്കിലും അവയില്‍നിന്ന് മൗലികമായും വ്യത്യസ്തമാണ് ഇത്തരം കൃതികള്‍. സമകാലിക സമൂഹത്തിലെ നേരുകളെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങളെ ഈ കൃതികള്‍ ചോദ്യം ചെയ്യുന്നു. അവ ഇടപെടുന്നത് സത്യത്തിന്റെ രാഷ്ട്രീയമെന്ന് വിവരിക്കാവുന്ന സ്ഥാപനങ്ങളും സമൂഹങ്ങളും തമ്മിലുള്ള അധികാരബന്ധങ്ങളുടെ സങ്കീര്‍ണ മേഖലയിലാണ്. ഇത്തരം കൃതികളെ തെറ്റായി വായിക്കാനെളുപ്പമായിതനാല്‍ അവ നിറവേറ്റുന്ന പ്രതിരോധങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. 

സാക്ഷ്യപ്പെടുത്തലിന്റെ ആഖ്യാനങ്ങള്‍ ശക്തിയായ ഗദ്യശാഖയായി വികസിച്ചത് ലാറ്റിനമേരിക്കന്‍ സമൂഹത്തിലാണ്. ബൊളീവിയന്‍ ഖനികളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ പ്രതിനിധിയെന്ന നിലയില്‍ ദൊമീതില-(Domitila)യുടെ ഞാന്‍ പറയട്ടെ (1978), ഗ്വോട്ടിമാലയിലെ മായന്‍ വംശജരായ തദ്ദേശവാസികളുടെ പ്രതിനിധിയായ റിഗോബേര്‍ട്ട മെഞ്ചു (Rigoberta Menchu)വിന്റെ ഞാന്‍ റിഗോബേര്‍ട്ട മെഞ്ചു (1984), നിക്കരാഗ്വയിലെ വനിതാ വിപ്ലവകാരികളുടെ വാമൊഴികളായ സന്തിനോയുടെ പെണ്‍മക്കള്‍ (1984) എന്നീ കൃതികള്‍ സാക്ഷ്യപ്പെടു ത്തലിന്റെ ആഖ്യാനങ്ങളുടെ സാമാന്യ സ്വഭാവങ്ങളെ നിര്‍വചിക്കുന്നുണ്ട്. ഈ കൃതികളുടെ സ്വാധീനം തെലുങ്കാനാ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകള്‍ സമാഹരിച്ച ഞങ്ങള്‍ ചരിത്രമുണ്ടാ ക്കുകയായിരുന്നു (1989) എന്ന കൃതിയില്‍ പ്രകടമാണ്. നക്‌സലൈറ്റ് സമരകാലത്തെ ജയിലനുഭവങ്ങളുടെ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ ബംഗാളിയില്‍ ജയാ മിത്രയും മീനാക്ഷി സെന്നും പുറത്തിറക്കിയിട്ടുണ്ട്. ഉര്‍വശി ബൂട്ടാലിയയുടെ മൗനത്തിന്റെ മറുപുറം ഇന്ത്യ-പാക് വിഭജനകാലത്ത് വിവരണാതീതമായ ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായ സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകളാണ്. മലയാളികള്‍ക്കിന്ന് പരിചിതമായ പാമ, ലക്ഷ്മണന്‍ ഗെയ്ക്ക്വാഡ്, ശരണ്‍കുമാര്‍ ലിംബാലെ, ഓംപ്രകാശ് വാല്മീകി മുതലായവരുടെ ആത്മകഥകള്‍ സാക്ഷ്യപ്പെടുത്തലിന്റെ ആഖ്യാനങ്ങളായും വായിക്കപ്പെടേണ്ട കൃതികളാണ്.

മുകളില്‍ പേരെടുത്ത് പറഞ്ഞ മിക്ക കൃതികളിലും സംസാരിക്കുന്നത് അക്ഷരാഭ്യാസമില്ലാത്ത, അടിച്ചമര്‍ത്തപ്പെട്ട, പീഡനത്തിന്റെ നീണ്ടകാലത്തെ കൂട്ടായ്മകൊണ്ടുമാത്രം അതിജീവിച്ച സാധാരണക്കാരാണ്. അവരുടെ ആഖ്യാനങ്ങള്‍ നമ്മളിലെത്തുന്നത് ഈ സംഘര്‍ഷങ്ങളോട് സഹതാപമുള്ള മധ്യവര്‍ഗ ബുദ്ധിജീവികളുടെ മാധ്യസ്ഥ്യത്തിലൂടെയാണെന്നതും പ്രധാനമാണ്. പക്ഷേ മാനകഭാഷയില്‍ നിന്നുള്ള അകലം ഈ കൃതികളില്‍ പ്രകടമാണ്. പൗരസമൂഹത്തെ മുഴുവനുമായും അഭിസംബോധന ചെയ്യുന്ന ഈ കൃതികള്‍ ഭാഷാവ്യവഹാരങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. പൊക്കുടന്‍ അന്‍പതിലധികം പുഴമീനുകളുടേയും പതിനാറിലധികം കടല്‍ മീനുകളുടേയും പേരുകള്‍ പറയുമ്പോള്‍ അനുഭവസത്യങ്ങളുടെ വലിയൊരു ലോകം തെളിഞ്ഞുവരുന്നു. ഇത് പുതിയൊരു ഭാഷണമാണ്. വാര്‍പ്പു രൂപങ്ങളില്‍ നിന്ന് ആഖ്യാനം വഴിമാറുമ്പോള്‍ ഇതുവരെ ഭാഷയ്ക്ക് അപ്രാപ്യമായിരുന്ന സ്ഥലങ്ങള്‍ വാക്കുകളിലൂടെ തെളിയുന്നു. ജാനു പറയുന്നു: ''നമ്മളെ പ്രദേശത്തെ പ്രധാന മരങ്ങളും പ്രധാന കല്ലും ഒക്കെ പൂജവെക്കാനുള്ളതാണ്. തൃശ്ശിേലരി ചേക്കോട്ടെ താമസസ്ഥലത്ത് ഒരു വലിയ ഒറ്റമരമുണ്ടായിരുന്നു. ആണ്ടിലൊരിക്കലാണ് അവരെ പൂജിക്കല്.'' ഭൂമിയുടെ ഉടമസ്ഥത കേന്ദ്രസംഘര്‍ഷമായി വളരുന്ന അവരുടെ ആഖ്യാനത്തില്‍ അവര്‍ സാക്ഷ്യപ്പെടുത്തുന്നത് മണ്ണുമായി ആദിവാസി സമൂഹത്തിനുള്ള സവിശേഷ ബന്ധങ്ങളാണ്. ''നമ്മളെ സമുദായത്തില് പെണ്ണുങ്ങള്‍ തമ്മില്‍ വലിയ അടുപ്പത്തിലാണ്. നമ്മളെ എടേലെ എല്ലാ കാര്യത്തിലും ഒത്തൊരുമ ഉണ്ടാകുന്നതുതന്നെ പെണ്ണുങ്ങളിലൂടെയാണ്.'' മുതലായ വാക്യങ്ങള്‍ക്ക് പിറകില്‍ സംഘടിതമായ മുന്നേറ്റങ്ങളായി പിന്നെ വികസിച്ച കൂട്ടായ്മയുടെ വേരുകള്‍ എവിടെയാണെന്നതിന്റെ സൂചനകളുണ്ട്.ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച പൊക്കുടന്റെ വരികളില്‍ തന്റെ അന്യത്വത്തെപ്പറ്റി, അതില്‍നിന്ന് പുറത്തേക്കു കടക്കാന്‍ കണ്ടല്‍ നടാന്‍ തുടങ്ങിയതിനെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്. ജാനുവിന്റെ ആഖ്യാനവും സമാനമായൊരു സന്ദര്‍ഭത്തെ സാക്ഷ്യപ്പെടുത്തുന്നു. ''അങ്ങനത്തെ കുറെ സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. പാര്‍ട്ടി അധികാരവും പണവുമായി ബന്ധപ്പെട്ടു തന്നെ നിന്നു. ഭൂമിയില്‍ പണിയെടുക്കുന്നവരുടെ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വെലയില്ലാണ്ടായി. പാര്‍ട്ടിയില്‍ നിന്നിട്ട് ഒന്നും നമ്മുടെ സമുദായത്തിന് സത്യസന്ധമായി ചെയ്യാന്‍ കഴിയില്ലെന്ന തോന്നലുണ്ടായി. നമ്മളെ എടേല് നിന്നുതന്നെ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് നല്ലതെന്നു തോന്നി.'' ഗോട്ടിമാലയിലെ മായന്‍ വംശജരുടെ നേതൃത്വനിരയിലേക്കുള്ള മെഞ്ചുവിന്റെ യാത്രയുടെ തുടക്കം തന്റെ സുഹൃത്തിന്റെ വിഷബാധയേറ്റുള്ള മരണമാണ്. തന്റെ സമുദായക്കാരുടെ നിസ്സഹായത മനസ്സിലാക്കുന്ന മെഞ്ചു സ്പാനിഷ് പഠിക്കാനും പുതിയൊരു ജീവിതം തുടങ്ങാനുമായി തലസ്ഥാനനഗരിയിലേക്ക് യാത്ര തിരിക്കുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആവശ്യം അവര്‍ക്ക് ബോധ്യപ്പെടുന്ന നിമിഷമാണത്. വിനയയുടെ സാക്ഷ്യപ്പെടുത്തലില്‍ ലിംഗവിവേചനത്തിന്റെ അനുഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്നു. ''ജോണി എന്ന അധ്യാപകനെ അനുസരിച്ചില്ല എന്നതിനേക്കാള്‍ ജോണി എന്ന പുരുഷനെ അനുസരിച്ചില്ല എന്നതായിരുന്നു എന്റെ വലിയ കുറ്റമായി ടീച്ചര്‍ കണ്ടത്.'' എന്നവര്‍ എഴുതുമ്പോള്‍ പുതിയൊരു സ്വത്വത്തിലേക്കുള്ള ഉണര്‍വിന്റെ സുചനയുണ്ട്. പാമയുടെ കഥയിലുമുണ്ട് താന്‍ ഒരു ദലിത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുന്ന സ്‌കൂളിലെ ഒരു സന്ദര്‍ഭം.

താന്‍ ഒരു പ്രാന്തന്‍ കണ്ടലാണ്. താനൊരു കറുത്ത പെണ്‍കുട്ടിയാണ്. താനൊരു ആദിവാസിയാണ്- പുതിയ സമയകാലങ്ങളിലേക്ക് വളരുന്ന ഒരു വഴിതുറക്കലാണിത്. തന്റെ ശരീരം പുതിയൊരു ദര്‍ശനത്തിന്റെ മാധ്യമമാവുന്നു. വ്യക്തി സ്വത്വം ചരിത്രത്തിന്റെ അനിവാര്യതകളെ ഉള്‍കൊണ്ട് മുഴുവന്‍ സമൂഹത്തെയും നേരിന്റെ വഴിക്ക് നയിക്കാന്‍ കെല്പുള്ള സര്‍ഗാത്മകകര്‍തൃത്വമായി രൂപാന്തരപ്പെടുന്നു. ആത്മകഥാ ഖ്യാനങ്ങളില്‍ പലപ്പോഴും കാണാറുള്ള വെളിപാടിന്റെ സ്വകാര്യ മുഹൂര്‍ത്തത്തില്‍ നിന്ന് വ്യത്യസ്തമാണിത്. തന്റെ സാമൂഹ്യനിയോഗം തിരിച്ചറിയുന്നതോടെ തന്നെ വലിയൊരു തുടര്‍ച്ചയുടെ ഭാഗമായി, സംഘസത്തയുടെ ഏകകമായി അനുഭവിക്കുന്ന സമര്‍പ്പണത്തിന്റെ സമയമാണിത്. വലിയ ഒരാശയലോകവുമായി താദാത്മ്യം പ്രാപിക്കുന്ന തോടെ തന്റെ സ്വകാര്യ സുഖദുഃഖങ്ങളെ മറികടന്നുകൊണ്ടു വളരുന്ന സ്വത്വമാണിവിടെ പ്രത്യക്ഷപ്പെടുക.

പൊക്കുടന്റെയും ജാനുവിന്റെയും സ്വരത്തില്‍ വിദ്വേഷമോ പഴിചാരലോ കാണില്ല. വിനയയുടെ ആഖ്യാനത്തില്‍ സ്വയം നീതീകരിക്കാനുള്ള ത്വര കാണാനുണ്ട്. അവരുടെ പുസ്തകത്തിന്റെ രണ്ടാം പകുതിയില്‍ പ്രത്യേകിച്ചും വൈയക്തിക ഭാവങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു. ഇത് അവരുടെ കൃതിയുടെ നൈതികമായ ദാര്‍ഢ്യത്തെ ബാധിക്കുന്നുണ്ട്. പല ദലിത് ആത്മകഥകളിലും ഈ പരിമിതി കാണാനുണ്ട്. ചൂഷണത്തിന്റെയും ഹിംസയുടെയും അനുഭവങ്ങളിലൂടെ ശരീരത്തെ സാമൂഹ്യശരീരത്തിലേക്കു പ്രക്ഷേപിക്കുന്ന സാക്ഷ്യപ്പെടുത്തലിന്റെ ആഖ്യാനം ക്രമേണ വീണ്ടും വ്യക്തി ശരീരത്തിലേക്കു ചുരുങ്ങുന്ന ഈ അവസ്ഥ ഇത്തരംകൃതികളെ സാധ്യമാക്കിയ പ്രസ്ഥാനങ്ങളുടെ പരിമിതികളിലേക്കു വിരല്‍ചൂണ്ടുന്നു. 

സാക്ഷ്യപ്പെടുത്തലിന്റെ ആഖ്യാനങ്ങള്‍ സാഹിത്യമെന്ന സംവര്‍ഗത്തെ ചോദ്യം ചെയ്യുന്നുണ്ട്. വ്യവസ്ഥാപിത സാഹിത്യരൂപങ്ങള്‍ പ്രത്യേകതരം സാമൂഹ്യ ഘടനകളുടെ പ്രതിനിധാനത്തിന്റെ ദൗത്യം നിറവേറ്റുന്നതി ലൂടെയാണ് മുഖ്യധാരയില്‍ നിലയുറപ്പിക്കുന്നത്. മഹാകാവ്യത്തിന്റെ ആധികാരികത അതിന്റെ ആന്തരിക ഘടനയിലല്ല. അതിന്റെ പ്രത്യയശാസ്ത്രത്തെ സ്വീകരിക്കാന്‍ തയ്യാറുള്ള പ്രേക്ഷകരിലാണ് കുടികൊള്ളുന്നത്. വ്യക്തി കേന്ദ്രിത നോവലും ആത്മകഥാഖ്യാനങ്ങളും ചില സമൂഹങ്ങളുടെ രൂപവത്കരണത്തിന്റെ ഭാഗമായാണ് ആധികാരിക സാഹിത്യരൂപങ്ങളായി പരിണമിച്ചത്. ഇത്തരം സാഹിത്യ രൂപങ്ങളുടെ അനുഭവമൂല്യം അവ ഉപജീവിക്കുന്ന ഭാഷാ വ്യവഹാരങ്ങളുടെ ഉല്പന്നമാണ്. സത്യമെന്നത് കാലാതീതമായ സത്തയല്ലെന്നുള്ള തിരിച്ചറിവ് ഇന്ന് നമുക്കുണ്ട്. സത്യത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ സമൂഹത്തില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്. പ്രബല വിഭാഗങ്ങളുടെ ഇച്ഛാശക്തിയുടെ പ്രഭാവമാണ് അവരുടെ വ്യവഹാരങ്ങള്‍ക്ക് സത്യത്തിന്റെ പരിവേഷം ചാര്‍ത്തുന്നത്. ആണ്‍കോയ്മയുടെ ശാസനാധികാരം സ്ത്രീസ്വത്വത്തെ- പ്രത്യേകിച്ചും ആണ്‍തുണയില്ലാത്ത വിധവകളുടേതുമാതിരിയുള്ള- എങ്ങനെ മായ്ച്ചുകളയുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ വിധവകളുടെ സാക്ഷ്യപ്പെടുത്തലുകള്‍ വേണ്ടിവരുന്നു. ബംഗാളിലെ ഭദ്രാ ലോക്‌സമൂഹം വിധവകളോട് കാണിച്ച ക്രൂരതകളെപ്പറ്റിയുള്ള ലേഖനത്തില്‍ ദിപേഷ് ചക്രവര്‍ത്തി പ്രധാനമായും ആശ്രയിക്കുന്നത് ശാരദാസുന്ദരി ദേവി(1819-1907), നിസ്താരണി ദേവി(1832-1916) എന്നിവരുടെ ആത്മകഥാഖ്യാനങ്ങളും കല്യാണീദത്ത എഡിറ്റ് ചെയ്ത വൈധവ്യകഹാനി എന്ന സാക്ഷ്യപ്പെടു ത്തലുകളുടെ സമാഹാരവുമാണ്. മുടി മുറിച്ചുകളയുക, ആഭരണങ്ങള്‍ ഊരിയെടുക്കുക, ആഹാരം കുറയ്ക്കുക- ദിനചര്യകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വിധവയെ തങ്ങള്‍ക്കനുകൂലമായി ആണ്‍കോയ്മ മെരുക്കിയെടുക്കുന്നു. ഇത്തരം അധികാരഘടനകളെ പ്രതിരോധിക്കുകയാണ് തങ്ങളുടെ ശരീരങ്ങളിലെങ്ങനെ വൈധവ്യം എഴുതിച്ചേര്‍ക്കപ്പെടുന്നു എന്ന സാക്ഷ്യപ്പെടുത്തലുകള്‍ ചെയ്യുന്നത്. നേരിന്റെ പുതിയൊരു നീതിക്രമം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണിത്.
-----------------
കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ്: 2004 ഡിസംബര്‍ 26 ജനവരി 1