"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 5, വ്യാഴാഴ്‌ച

ഘര്‍വാപസിയിലൂടെ സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്? - കെ ഇ എന്‍ കുഞ്ഞഹമ്മദ്


'ഘര്‍വാപസിയും ഭാരതരത്‌നവും!' എന്ന ലേഖനത്തിന്റെ മൂന്നാം ഭാഗമാണ് ഇത്. 
(ഒന്നും രണ്ടും ഭാഗങ്ങള്‍ ഇവിടെ വായിക്കുക.)

ഘര്‍വാപസി ആഭ്യന്തര അധിനിവേശശക്തികള്‍, ഇന്ത്യന്‍ മതേതരത്വത്തിനെതിരേ ഒരുക്കിയ മുങ്ങിക്കപ്പലാണ്. സാസ്‌കാരിക ഉത്പാദനത്തെയാകെ പിടിച്ചെടുക്കുന്ന ഒരു നിരന്തര പ്രക്രിയയാണ്, സാംസ്‌കാരിക രാഷ്ട്രീയം എന്നുള്ളതുകൊണ്ട് വിവക്ഷിക്കുന്നത്. മേല്‍ക്കോയ്മാ പിടിച്ചെടുക്കല്‍ (Hegenomic appropriation) എന്നോ വെട്ടി നിരത്തല്‍ എന്നോ പറയാവുന്ന, സാംസ്‌കാരിക മര്‍ദനം നിര്‍വഹിക്കാന്‍ കഴിയുന്ന ഒരാഭ്യന്തര അധിനിവേശശക്തിയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനമാണ് സംഘപരിവാര്‍ ശക്തികള്‍ എന്ന പരമാര്‍ഥമാണ്, കേവല രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്നും ചോര്‍ന്നുപോകുന്നത്. ഭഗത്സിങ്ങും അംബേഡ്കറും ഗാന്ധിയും ശ്രീനാരായണഗുരുവും അയ്യന്‍കാളിയും ഉള്‍പ്പെടെയുള്ളവരുടെ മേല്‍പോലും സ്വന്തം മുദ്രപതിപ്പിക്കാനവര്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഇന്ത്യ ഞങ്ങളുടേത് മാത്രം, നിങ്ങള്‍ക്കൊക്കെ അതിലെന്ത് കാര്യം, ഞങ്ങള്‍ക്ക് കീഴൊതുങ്ങി കഴിയണമെങ്കില്‍ ഇവിടെ കഴിഞ്ഞോ എന്നൊരൗദ്ധത്യമാണ്, സാംസ്‌കാരിക ജീവിതത്തിലാകെ ഇപ്പോള്‍ സംഘനേതൃത്വത്തില്‍ കൊമ്പുകുലുക്കുന്നത്. ഇതിനെ തെരഞ്ഞെടുപ്പ് വിജയ - പരാജയ യുക്തിയിലേക്ക് മാത്രമായി ചുരുക്കാന്‍ കഴിയില്ല.

ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ ആഘോഷ വിധേയമാവുന്ന ഘര്‍വാപസി വീട്ടിലേക്കുള്ള തിരിച്ചുവിളിയല്ല, നാട്ടില്‍നിന്നും ഒരു വലിയവിഭാഗം ജനതയെ സാംസ്‌കാരിക മായെങ്കിലും പുറംതള്ളാനുള്ള ശ്രമമാണ്. മതത്തെ മറയാക്കി സംഘപരിവാര്‍ ഇന്ത്യന്‍ ജനതക്കെതിരേ നിര്‍വഹിക്കുന്ന സാംസ്‌കാരിക യുദ്ധമെന്ന അര്‍ത്ഥത്തിലാണത് തിരിച്ചറിയപ്പെടേണ്ടത്. ഗുജറാത്ത് വംശഹത്യാനന്തര പശ്ചാത്തലത്തില്‍ കടമ്മനിട്ട് എഴുതിയ 'ക്യാ' എന്ന മലയാള കവിതയോടാണ് ഘര്‍വാപസിയും ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കുന്നത്. 2002 ഫെബ്രുവരി മാസത്തിനു മുമ്പ് 'ക്യാ' എന്നത്, എന്ത് എന്ന് എന്ന് അര്‍ത്ഥമുള്ള ഒരു പാവം ഹിന്ദിവാക്കായിരുന്നു. എന്നാല്‍ വംശഹത്യാനന്തരം ആ വാക്ക് നാനാര്‍ത്ഥങ്ങളുടെ നിറപ്പകിട്ടുകളൊക്കെ ഉപേക്ഷിച്ച് കൊല്ല് എന്നൊരൊറ്റ അര്‍ത്ഥമായി ചുരുങ്ങുകയാണുണ്ടായത്. ഘര്‍വാപസിയും അങ്ങനെ ഫാസിസ്റ്റ് സ്പര്‍ശത്തില്‍ ചുരുണ്ടുപോയൊരു വാക്കാണ്. വീട്ടിലേക്കുള്ള മടക്കം എന്നല്ല; നാട്ടിലാകെ കുഴപ്പമുണ്ടാക്കാന്‍ എന്നൊരൊറ്റ അര്‍ത്ഥത്തിലേക്കാണ് ഇപ്പോഴത് ഒടിഞ്ഞു മടങ്ങി മറിഞ്ഞു വീണിരിക്കുന്നത്! ഘര്‍വാപസി ഇന്നൊരു വാക്കല്ല - ഒരലര്‍ച്ചയാണ്!

ഘര്‍വാപസി ബഹുസ്രോതസ്സുകളില്‍ നിന്നും സംഘപരിവാര്‍ നയിക്കുന്ന സാംസ്‌കാരിക അധിനിവേശത്തിന്റെ, സംഗമകേന്ദ്രമായി മാറിക്കഴിഞ്ഞി രിക്കുന്നു എന്ന വസ്തുതയാണിതില്‍ നിന്നും വ്യക്തമാകുന്നത്. ദ്വിജ സാഹിത്യത്തില്‍ അംബേഡ്കര്‍ ഉള്‍പ്പെടുത്തിയ ഭഗവത്ഗീതയെ ദേശീയ ഗ്രന്ഥമെന്ന് വിശേഷിപ്പിക്കല്‍, ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ ഭക്ഷണംകൂടിയായ ഗോവധ നിരോധന ത്തിനുള്ള ഒരുക്കങ്ങള്‍, ഹിന്ദി, സംസ്‌കൃതം എന്നിവയുടെ മേല്‍കോയ്മ അടിച്ചേല്‍പ്പിക്കാനുള്ള ചുവടുവെപ്പുകള്‍, ന്യൂനപക്ഷ കമ്മീഷനെ അപ്രസക്തമാ ക്കാനുള്ള നീക്കങ്ങള്‍, രാമക്ഷേത്ര നിര്‍മ്മാണ സന്നാഹങ്ങള്‍, ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനാവുമോ എന്ന അന്വേഷണങ്ങള്‍, 730 ആം വകുപ്പ് സംബന്ധിച്ച വിവാദങ്ങള്‍, താജ്മഹല്‍ തേജോമഹല്‍ ആയിരുന്നെന്ന കണ്ടെത്തല്‍, പഴയ ലോകങ്ങളില്‍ നിന്ന് പാതാളക്കരണ്ടി ഉപയോഗിച്ച് ദീനനാഥ് ബത്രയെപ്പോലുള്ളവരെ പൊക്കിയെടുക്കല്‍, തൊഗാഡിയ, ഗിരിരാജ് സിങ്, അമിത് ഷാ, സാധ്വി നിരഞ്ജന്‍ ജ്യോതി തുടങ്ങിയവരുടെ വിദ്വേഷ പ്രഭാഷണങ്ങള്‍, ഗോഡ്‌സെയെ മഹത്വപ്പെടുത്തല്‍, പലയിടത്തായി വ്യാപിച്ചുക കൊണ്ടിരിക്കുന്ന വര്‍ഗീയ കലാപങ്ങള്‍, ക്രിസ്മസ് ദിനത്തെ സദ്ഭരണ ദിനമാക്കി ചുരുക്കല്‍ തുടങ്ങി സംഘപരിവാര്‍ അധികാരത്തില്‍ വന്നശേഷം ശക്തമായി ആരംഭിച്ച സര്‍വ വിധ്വംസക പ്രവര്‍ത്തനങ്ങളും കൃത്യമായി കണ്ണി ചേര്‍ക്കപ്പെട്ട ഒരു സിദ്ധാന്ത പ്രയോഗ ഭീകര സംയുക്തം എന്ന നിലയിലാണ് ഘര്‍വാപസി വിശകലന വിധേയമാക്ക പ്പെടേണ്ടത്. അതിനു പകരം ഇതിനെ ഒരു മതപരിവര്‍ത്തന സംരംഭം മാത്രമായി ചുരുക്കുന്നത് സംഘപരിവാര്‍ സമീപനങ്ങളെ സഹായിക്കലും, യഥാര്‍ത്ഥത്തില്‍ എന്താണവര്‍ ഇതുവഴി ലക്ഷ്യം വെക്കുന്നത് എന്നതിനെ സ്വയമറിയാതെയാണെങ്കിലും മറച്ചു പിടിക്കലുമാവും. ഘര്‍വാപസിയെ പരിചയപ്പെടുത്തുകയാണെന്ന വിധത്തില്‍, ഇത് സ്വധര്‍മ്മത്തില്‍ നിന്നും പല കാരണങ്ങളാല്‍ അകന്നു പോയവര്‍, അതേ ധര്‍മ്മത്തിലേക്ക് തിരിച്ചു വരുന്ന ഒരു സാധാരണ സംഭവം മാത്രമാണെന്ന്, വിശദീകരിക്കുന്നത്, വസ്തുതകളെ വളച്ചൊടിക്കല്‍ മാത്രമല്ല, സംഘ വിധ്വംസതകള്‍ക്ക് വളം വെച്ചുകൊടുക്കല്‍ കൂടിയാവും.

ജന്മാവകാശം എന്ന പരികല്പന തന്നെ ജനാധിപത്യ വിരുദ്ധമാണ്. എവിടെ ജനിച്ചു എങ്ങനെ ജനിച്ചു, ആര്‍ക്ക് ജനിച്ചു എന്നതിനല്ല, മറിച്ച് എപ്രകാരമാണ് നമ്മള്‍ ജീവിക്കുന്നത് എന്നുള്ളതാണ് ആധുനിക സമൂഹത്തില്‍ പ്രസക്തം. ജനാധിപത്യ പൂര്‍വ കാലത്തിന്റെ ജന്മ മഹത്വവാദ യുക്തിയെ, ജനാധിപത്യ കാലത്തിന്റെ മേല്‍ കെട്ടിവെക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഞാന്‍ രാജാവാണെന്ന് കരുതുന്ന ഒരു ഭ്രാന്തനേക്കാള്‍, ഞാന്‍ രാജാവാണെന്ന് കരുതുന്ന രാജാവാണ് ഭ്രാന്തന്‍ എന്ന പ്രയോഗത്തിന്റെ പൊരുള്‍ ഇപ്പോഴുമവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യന്‍ പൗരനായി ഉയരാതെ, പ്രജകളായി താഴ്ന്നാല്‍ പഴയകാല രാജാക്കന്മാര്‍ പുതിയ കാലത്തും രാജാവ്കളി തുടരും. അതു കണ്ടുകൊണ്ടാവണം, ഇപ്പോഴും ചിലര്‍ ഫ്യൂഡല്‍ ജന്മ മഹത്വ വാദങ്ങള്‍ക്കു മുകളില്‍ അടയിരിക്കുന്നത്. അതിന്റെ പിന്‍ബലത്തിലാവണം, സാധ്വി നിരഞ്ജന്‍ ജ്യോതി എന്ന നമ്മുടെ മന്ത്രി, ഒന്നായ ഇന്ത്യക്കാരെ, രാമന്റെ മക്കള്‍ എന്നും, ജാരമക്കള്‍ എന്നും രണ്ടായി വെട്ടിമുറിച്ചത്. എന്നാല്‍ ചീത്തയായി ജീവിക്കുന്ന രാമന്റെ മക്കളേക്കാള്‍, നന്നായി ജീവിക്കുന്ന ജാരമക്കള്‍ക്കാണ് മഹത്വമെന്നും, അക്കാരണത്താല്‍ത്തന്നെ ചീത്തയായി ജീവിക്കുന്ന ജാരന്റെ മക്കളേക്കാള്‍ മഹത്വം രാമന്റെ മക്കള്‍ക്കും ഉണ്ടാവുമെന്നുള്ളതാണ് അവര്‍ വേണ്ടവിധം ഉള്‍ക്കൊള്ളാത്തത്. ചരിത്രം വേണ്ട, പുരാണം മാത്രം പരിശോധിച്ചാല്‍ മതി, ജാരമക്കളും മഹത്വത്തില്‍ ഒട്ടുമേ മോശമായിരുന്നില്ലന്നു മനസ്സിലാക്കാന്‍! (അവസാനിച്ചു)