"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 21, ശനിയാഴ്‌ച

കലോല്‍സവങ്ങളില്‍ ആദിവാസി ഗോത്രകലകള്‍ക്ക് അയിത്തം - എന്‍ ആര്‍ സന്തോഷ്


എന്‍ ആര്‍ സന്തോഷ്‌ 
സ്‌കൂള്‍ കലോല്‍സവത്തിന് അമ്പത്തഞ്ച് വയസ്സായിട്ടും ഇന്നും ആദിവാസി ഗോത്രകലക ളോടുളള അവഗണന സര്‍ക്കാര്‍ തുടരുന്നു. കലോല്‍സവ വേദികളില്‍ അവതരിപ്പിക്കപ്പെടുന്ന കലാരൂപങ്ങള്‍ മുഖ്യധാരാ വിഭാഗങ്ങളുടേതോ, സമുദായങ്ങളുടേതോ അണെന്നതാണ് യാഥാര്‍ത്യം. പ്രോല്‍സാഹനവും സംരക്ഷണവും കിട്ടുന്നതും അവയ്ക്കു തന്നെ. സ്‌കൂള്‍-കോളേജ് തലങ്ങളിലെ കലോല്‍സവങ്ങളിലും ഇതാണ് സ്ഥിതി. ആദിവാസി ഗോത്രകലാവിഷ്‌കാരങ്ങള്‍ക്ക് ആ ഉല്‍സവ വേദികളില്‍ ഇടമില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരി ക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവമാണ് പ്രത്യക്ഷോദാഹരണം. സാമുദായികവും മതപരവുമായ ഒട്ടേറെ കലാരൂപങ്ങള്‍ കലോല്‍സവ വേദികളില്‍ മല്‍സരയിനങ്ങളാണ്. എന്നാല്‍, ആദിവാസി ഗോത്ര കലകളിലൊന്നു പോലും ഇവിടെയില്ല. അമ്പത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന സംസ്ഥന സ്‌കൂള്‍ കലോല്‍സവത്തില്‍ പല കാലങ്ങളായി പല തരം താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും വഴി ഒട്ടേറെ മല്‍സരയിനങ്ങള്‍ കടന്നു വന്നിട്ടുണ്ട്. ഭാഷാന്യൂനപക്ഷങ്ങളുടെ കലാരൂപങ്ങളും ആവിഷ്‌കാരങ്ങളും ഉള്‍പ്പെടെ 232 ഇനങ്ങളിലാണ് സ്‌കൂള്‍ കലോല്‍സവത്തില്‍ മല്‍സരങ്ങള്‍ നടക്കുന്നത്. പക്ഷേ, കേരളീയ കലാപൈതൃകത്തിന്റെ ആദിമ രൂപങ്ങളായ ആദിവാസി ഗോത്രകലകള്‍ ഒന്നുപോലും അക്കൂട്ടത്തിലില്ല. അതുകൊണ്ട് തന്നെ, ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മുഖ്യധാരയുടെ ഈ ഉല്‍വവേദിയില്‍ കാഴ്ചക്കാരുടെ സ്ഥാനമാണ് കിട്ടിയിരിക്കുന്നത്. യക്ഷഗാനം, കന്നഡ പദ്യംചൊല്ലല്‍, തമിഴ് പദ്യംചൊല്ലല്‍, അറബിഭാഷാ കലോല്‍സവം, സംസ്‌കൃതോല്‍വം തുടങ്ങിയവയ്‌ക്കെല്ലാം സ്ഥാനമുണ്ടായിട്ടും സ്‌കൂള്‍ കലോല്‍സവത്തില്‍ കേരള സംസ്‌ക്കാരത്തിന്റെ മൂലരൂപമായ ആദിവാസി ഗേത്രസംസ്‌കൃതിയുടെ കലാപ്രകാശനങ്ങള്‍ക്ക് ഇടമില്ല. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കു വേണ്ടി 'സര്‍ഗോല്‍സവം' എന്ന പേരില്‍ ഒരു കലോല്‍സവം സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. അതില്‍ ജയം നേടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ കലോല്‍സവത്തിലെ വിജയികള്‍ക്ക് ലഭിക്കുന്നതുപോലുളള ഗ്രേസ്മാര്‍ക്ക് കിട്ടുകയുമില്ല. കലോല്‍സവങ്ങളില്‍ ഗോത്രകലകള്‍ കടന്നു വന്നാല്‍ അവയില്‍ മല്‍സരിക്കാന്‍ ക്രമേണ ഗോത്രസമൂഹത്തിനു പുറത്തുളളവരും എത്തുമെന്നതില്‍ സംശയമില്ല. ഗ്രേസ്മാര്‍ക്ക് ലക്ഷ്യമിടുന്ന കലോല്‍സവ മല്‍രങ്ങള്‍ ആദിവാസി ഗോത്രകലാരൂപങ്ങളെ ഹൈജാക്ക് ചെയ്യാനുമിട യുണ്ട്. വിധി നിര്‍ണ്ണയത്തിന്റെ നിയമാവലി ശക്തമാക്കികൊണ്ട് നേരിടാവുന്ന പ്രശ്‌നമാണിത്. കലോല്‍വ വേദികള്‍ ജനാധിപത്യത്തി ന്റെയും സാമുദായിക സമത്വത്തിന്റെയും വേദികളും കലയുടെ അതിജീവന വേദികളുമാകണമെങ്കില്‍ ആദിവാസി ഗോത്രകലാരുപ ങ്ങള്‍ക്കും അതില്‍ ഒരിടം വേണം. ഗദ്ധിക, വട്ടംകളി, മുതുവന്‍കളി തുടങ്ങിയ ഒട്ടേറെ ആദിവാസി ഗോത്ര കലാരൂപങ്ങളെ സ്‌കൂള്‍ കലോല്‍സവ വേദികളില്‍ ഉള്‍പ്പെടുത്തികൊണ്ട് പ്രാചീനവും തനതുമായ ആ കലാരൂപങ്ങള്‍ക്ക് അതിജീവന സാദ്ധ്യത ഒരുക്കികൊടുക്കണം. കലോല്‍വങ്ങളില്‍ ആദിവാസി ഗോത്രകലകളോടുളള അയിത്തം അവസാനിപ്പിച്ച്, അധികാരത്തിന്റെ പുറത്ത് നില്‍ക്കുന്ന സാമുദായിക വിഭാഗങ്ങളെ കൂടി ഉള്‍ക്കൊളളുന്ന ജനാധിപത്യത്തിന്റെ, സാമുദായിക സമത്വത്തിന്റെ ഉല്‍സവപറമ്പായി കലോല്‍സവങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

എന്‍ ആര്‍ സന്തോഷ്‌ ;എഡിറ്റര്‍ 'നാഷണല്‍ വോയിസ്‌ ' വാരിക.