"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 18, ബുധനാഴ്‌ച

ഗുരുദേവനെതിരേ പൊലീസ് ....! 'ചരിത്ര കൗതുകങ്ങളുടെ പുസ്തകം.' - ഡി ദയാനന്ദന്‍


പുസ്തകം: ചരിത്ര കൗതുകം
ഡി ദയാനന്ദന്‍
പ്രസാധനം: മെലിണ്ട ബുക്‌സ്, തിരുവനന്തപുരം.
ഫോണ്‍: 0471 2721155
വില: 90 രൂപ.

ഡി ദയാനന്ദന്റെ 'കേരളത്തിലെ അവര്‍ണ രാജാക്കന്മാര്‍' എന്ന പുസ്തകം ഈ ബ്ലോഗിലൂടെ പരിചയപ്പെടുത്തി യിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമാണ് 'ചരിത്ര കൗതുകം'. അതില്‍ നിന്നും ശരീനാരായണഗുരു വിനെതിരെയുണ്ടായ പൊലീസ് കേസിനെ സംബന്ധിച്ച വിരരങ്ങളാണ് ഇവിടെ കുറിക്കുന്നത്. രണ്ടു പുസ്തകവും പ്രസിദ്ധീകരിച്ചത് മെലിന്‍ഡ ബുക്‌സാണ്.

ഗുരുദേവനെതിരേ പൊലീസ്

കേരളത്തിലെ സാമൂഹിക മണ്ഡലത്തില്‍ ശ്രീനാരായണ ഗുരു വിതച്ച മാറ്റത്തിന്റെ വിത്തുകളെപ്പറ്റി കേരളീയര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. നിശബ്ദമായ സാമൂഹിക വിപ്ലവമാണ് ഗുരു നടത്തിയത്. ആ വിപ്ലവത്തില്‍ പഴകിത്തുരുമ്പിച്ച മാമൂലുകളുടെ നൂലുകള്‍ പലതും പൊട്ടിപ്പോയി. ഈഴവര്‍ ദൈവത്തെ പ്രതിഷ്ഠിച്ചാലും പ്രതിഷ്ഠായാകു മെന്ന് അദ്ദേഹം കാണിച്ചുതന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉദ്‌ബോധിപ്പിച്ച ഗുരു വിദ്യാഭ്യാസത്തിലൂടെയുള്ള സമൂഹിക മാറ്റം മനസില്‍ കണ്ട ക്രാന്തദര്‍ശിയായിരുന്നു. പക്ഷേ, ഋഷിവര്യനായ അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളില്‍ പലതും അന്നത്തെ ഭരണവര്‍ഗത്തെ ചൊടിപ്പിച്ചിരുന്നു. 2000 വര്‍ഷം മുമ്പ് യേശുക്രിസ്തുവിന്റെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ പരീശന്മാരും ശാസ്ത്രിമാരും മെനക്കെട്ടിരുന്നതു പോലെ ശ്രീനാരായണ ഗുരുവില്‍ കുറ്റം കണ്ടുപിടിക്കാന്‍ അന്നത്തെ പൊലീസും ശ്രമിച്ചിരുന്നു.

അങ്ങനെയിരിക്കെയാണ് 1921 മെയ് 15 ന് വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറത്തുവെച്ചു കൂടിയ യോഗത്തില്‍ ഗുരു അധ്യക്ഷനായിരുന്നത്. സഹോദര സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു യോഗം. ആ യോഗത്തില്‍ വെച്ച് ഗുരു ചില കാര്യങ്ങള്‍ പറഞ്ഞു. മനുഷ്യരാശി മുഴുവന്‍ ഒരു ജാതിയായതുകൊണ്ട് മിശ്ര ഭോജനത്തിലും മിശ്ര വിവാഹത്തിലും യൈതൊരു വൈരുധ്യവുമില്ലെന്നായിരുന്നു അതില്‍ പ്രധാനം. പക്ഷെ, അന്നത്തെ സാമൂഹിക നീതിയുടെ വെളിച്ചത്തില്‍ അത്തരമൊരു പ്രഖ്യാപനം സങ്കല്‍ല്പിക്കാന്‍ പോലും പ്രയാസമായി രുന്നു. ആ പ്രഖ്യാപനം ഗുരുവിന്റെ ഒപ്പോടു കൂടി യോഗത്തില്‍ വിതരണം ചെയ്യുകയുണ്ടായി. ഗുരുവിന്റെ ചിത്രത്തോടു കൂടിയ ലഘുലേഖയും വിതരണം ചെയ്യപ്പെട്ടു. പക്ഷ്, ആ പ്രവൃത്തികള്‍ ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതി രാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഹൈന്ദവ സാമൂഹിക ക്രമത്തിനെതിരേ ഈഴവര്‍ സംഘടിതമായി സമര രംഗത്തിറങ്ങാന്‍ പോകുന്നു എന്നും അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് പൊലീസ് കമ്മീഷണറെ ധരിപ്പിച്ചു. 

ഡി ദയാനന്ദന്‍ 
ഈഴവ പ്രമാണിമാരുടെ ആഹ്വാനങ്ങള്‍ നിരക്ഷരരായ സമുദായാംഗങ്ങളുടെ ഇടയില്‍ പ്രചരിക്കുമെന്നും അവരിലെ പുരുഷന്മാര്‍ ഉയര്‍ന്ന ജാതി സ്ത്രീകളെ വിവാഹം കഴിക്കുന്നത് തങ്ങളുടെ അവകാശമായി കരുതുമെന്നും അങ്ങനെയായാല്‍ അത് സവര്‍ണരും അവര്‍ണരും തമ്മിലുള്ള സംഘട്ടനത്തില്‍ കലാശിക്കുമെന്നും പൊലീസ് കരുതി. ക്ഷേത്രപ്രവേശനത്തിനുള്ള അവര്‍ണരുടെ ആവശ്യം പോലുള്ളതാണ് ഇതെന്നും ഉയര്‍ന്ന ജാതിക്കാരാകുന്ന തിനുള്ള ആഗ്രഹമാണ് അതിന് പിന്നിലുള്ളതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഈഴവര്‍ കൂടുതലായി പാര്‍ത്തുവരുന്ന ചേര്‍ത്തല, വൈക്കം എന്നീ താലൂക്കുകളില്‍ ഗുരുവിന്റെ പ്രഖ്യാപനം എന്തെല്ലാം അനര്‍ത്ഥങ്ങളാണ് വരുത്തിവെക്കുക എന്ന് പൊലീസ് ഭയപ്പെട്ടിരുന്നു. ആ താലൂക്കുകളില്‍ സവര്‍ണ ഹിന്ദുക്കള്‍ കുറവാണെന്ന കാര്യവും പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അവിടങ്ങളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതായിരുന്നു പൊലീസിന്റെ മറ്റൊരു നിഗമനം. പ്രക്ഷോഭണം തുടരുകയാണെങ്കില്‍ ഒരു മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ പൊലീസിനെ പോസറ്റ് ചെയ്യാനും പൊലീസ് സൂപ്രണ്ട് ശുപാര്‍ശ ചെയ്തിരുന്നു.

മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ ഒരു കാര്യം, അത് ഗുരുദേവനെ തിരെ മാത്രം ഉള്ളതായിരുന്നില്ല എന്നതാണ്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനങ്ങളെ എന്നും അങ്ങനെ തന്നെ തളച്ചിടുന്നതിനുള്ള ഗൂഢാലോചന യായിരുന്നു അതിനു പുറകിലുണ്ടായിരുന്നത്. മര്‍ദ്ദിത ജനതയെ അടിച്ചൊതുക്കുന്നതിനുള്ള ശ്രമങ്ങളും അതിനെതിരെയുള്ള പ്രതികരണ ങ്ങളും ലോകചരിത്രത്തില്‍ പുത്തരിയല്ല. എങ്കിലും, മനസിലാക്കേണ്ടവര്‍ അത് മനസിലാക്കുന്നില്ലെന്നുള്ളത് ചരിത്ര പഠനത്തില്‍ പലപ്പോഴും പഠിക്കാതെ പോകുന്ന കാര്യമാണ്.