"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 19, വ്യാഴാഴ്‌ച

ഇത് ഗാന്ധി നിന്ദയാണോ? - ഒര്‍ണ കൃഷ്ണന്‍കുട്ടി


ഒര്‍ണ
ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുമഹാ സഭയുടെ വര്‍ക്കിംങ് പ്രസിഡന്റ് കമലേഷ് തിവാരി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയ വാര്‍ത്ത മാതൃഭൂമിയില്‍ (ജനു.6) വായിച്ചു. മാത്രമല്ല കോളേജ്-സ്‌കൂളുകളില്‍ മഹാത്മജിയെ രാഷ്ട്രപിതാവ് എന്ന് പഠിപ്പിക്കുന്നത് നിറുത്തണമെന്നും, സര്‍ക്കാര്‍ രേഖകളില്‍ ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് ഔദ്ദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ഹിന്ദുമഹാ സഭയുടെ നേതാവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗാന്ധിജി മടങ്ങി വന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ഇങ്ങനെയൊരു പ്രസ്താവന ചെയ്തത് എന്തുകൊണ്ടും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സമിതി 2010 ഒക്‌ടോബറില്‍ യോഗം ചേര്‍ന്ന് ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധി ചിത്രം ആലേഖനം ചെയ്താല്‍ മതിയെന്നും ഇന്ത്യയുടെ വികാരം പ്രതിഫലിപ്പിക്കുന്നതില്‍ ഗാന്ധിജിയെക്കാള്‍ മികച്ച വ്യക്തിത്വങ്ങള്‍ ഇല്ലായെന്നും അന്നത്തെ കേന്ദ്രധനകാര്യ മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. അങ്ങനെ റിപ്പോര്‍ട്ട് നല്‍കിയവര്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന മോദിക്കു മുമ്പാകെ ഹിന്ദുമഹാ സഭ നടത്തിയ കത്തിടപാടുകളെ കുറിച്ച് മൗനം പാലിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസിന്റെ മാധ്യമ വക്താക്കളും പ്രതികരിച്ചു കണ്ടില്ല.

ഗാന്ധിജിയുടെ രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ വീക്ഷണങ്ങളിലും ഉണ്ടായിട്ടുളള ഇരട്ടത്താപ്പുകളെ സത്യസന്ധമായി പഠനം നടത്തിയിട്ടുളള സമകാലീക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൗശലക്കാരനായ, അന്തരിച്ച കാന്‍ഷിറാം വൈക്കം സത്യാഗ്രഹത്തിന്റെ പ്ലാറ്റിനം ജൂബിലി യോടനു ബന്ധിച്ച് ബി.എസ്.പി വൈക്കത്ത് നടത്തിയ ഗാന്ധി വിമര്‍ശനത്തി നെതിരെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ വായനക്കാര്‍ മറന്നിരിക്കാന്‍ ഇടയില്ല. കാന്‍ഷിറാമിനെ കേരളം വിടാന്‍ അനുവദിക്കില്ലെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് ഗാന്ധി വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസുകാരും ചില സവര്‍ണ ചരിത്രകാരന്മാരും രംഗത്ത് വന്നത്. കഴിഞ്ഞ 2014 ജൂലൈ 15-ന് കേരള യൂണിവേഴ്‌സിറ്റിയിലെ അയ്യന്‍കാളി ചെയര്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സാഹിത്യകാരി അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തില്‍ ജാതി വ്യവസ്ഥയെ അനുകൂലിക്കുന്ന ഗാന്ധിജി മഹാത്മാവല്ലെന്നും ജാതിക്കെതിരെ പോരാടിയ മഹാത്മ അയ്യന്‍കാളിയെ പോലെയുളളവരെയാണ് മഹാത്മാവായി ആദരിക്കേണ്ടതാണെന്നും അവര്‍ നടത്തിയ പ്രസംഗത്തിനെതിരെ കേരളത്തില്‍ നടന്ന കോലാഹലങ്ങളും നാം കണ്ടതാണ്. ഈ പ്രസ്താവനകളിലെല്ലാം പ്രതിഷേധവുമായി രംഗത്തു വന്നവര്‍ ഹിന്ദുമഹാസഭയുടെ നേതാവിന്റെ കത്തിനെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും കൂടി നാം ചിന്തിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ സ്വകാര്യ ജീവിതത്തെ പരാമര്‍ശിക്കുന്ന ജോസഫ് ലെലി വെല്‍സിന്റെ ഒരു ചരിത്രപുസ്തകത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആ പുസ്തകം നിരോധിച്ച ഏക സംസ്ഥാനം ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിയുടെ ഗുജറാത്തായിരുന്നു. രാജ്യം ഭരിക്കുമ്പോള്‍ ഗാന്ധി നിന്ദ ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന് നിയമനിര്‍മ്മാണം നടത്തുവാന്‍ തീരുമാനിച്ച യു.പി.എ സര്‍ക്കാര്‍ ഇന്ന് ഹിന്ദുമഹാസഭ പ്രധാന മന്ത്രിക്കയച്ച കത്തിനെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തീട്ടുളളത്.

ഹിന്ദു മഹാസഭയുടെ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത് കറന്‍സി നോട്ടില്‍ ഡോ. അംബേദ്ക്കറുടെ ചിത്രം ആലേഖനം ചെയ്യണമെന്നും മഹാത്മാവായി അംബേദ്കറെ ഔദ്ദ്യോഗികമായി അംഗീകരിക്കണ മെന്നുമാണ്. സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിരന്തരം കലഹിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ രണ്ട് വ്യക്തിത്വങ്ങള്‍ മഹാത്മാഗാന്ധിയും, ഡോ. അംബേദ്കറുമായിരുന്നു. വര്‍ണ വ്യവസ്ഥയെ അംഗീകരിച്ചു പോന്ന ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും വര്‍ണ്ണ വര്‍ഗ്ഗ വ്യവസ്ഥയെ അംഗീകരിക്കാതിരുന്ന അംബേദ്ക്കറെ അംഗീകരിക്കുയും ചെയ്യുന്ന ഹിന്ദുമഹാ സഭയുടെ ഉളളിലിരിപ്പ് എന്താണെന്ന് പിടികിട്ടുന്നില്ല. അംബേദ്ക്കറെ ശക്തമായി എതിര്‍ത്തിരുന്നത് ഹിന്ദു മഹാ സഭയും, അതിന്റെ നേതാക്കളുമായിരുന്നു. ആ ഹിന്ദുമഹാ സഭയുടെ നേതാവ് ഇന്ത്യന്‍ കറന്‍സിയില്‍ അംബേദ്ക്കറുടെ ചിത്രം ആലേഖനം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദളിതര്‍ തങ്ങളുടെ കുലതൊഴില്‍ ഉപേക്ഷിക്കരുതെന്ന് നിരന്തരം ഉല്‍ഘോഷിച്ചു കൊണ്ടിരുന്ന ഗാന്ധി, ബ്രാഹ്മണനെ സേവിക്കലാണ് ശൂദ്രന്റെ ധര്‍മ്മമെന്നും ഉരുവിട്ടുകൊണ്ടിരുന്നു. ആ ഗാന്ധിജിയെ തളളി കളയാന്‍ സവര്‍ണ സമൂഹത്തിന് കഴിയുമോ? കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി സവര്‍ണ ജനത അടിമകളാക്കി വച്ചു കൊണ്ടിരിക്കുന്ന ഇവിടത്തെ ദളിതരെ തുറന്ന അംഗീകാരങ്ങള്‍ നല്‍കി അവരെ പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരാനുളള ശ്രമമായി ഇതിനെ കാണാമോ?

ഒരു രാഷ്ട്രത്തിന്റെ പിതാവായി ഒരാളെ അംഗീകരിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്താണെന്ന് ഇതുവരെ ഇവിടെ നിര്‍വ്വചിച്ചതായി കാണാന്‍ കഴിയുന്നില്ല. ഈ അഭിപ്രായം വഴി ഗാന്ധിജിക്കു നല്‍കിയിട്ടുളള രാഷ്ട്രപിതാവ് എന്ന ബഹുമതിയുടെ അന്ത:സത്തയെ ചോദ്യം ചെയ്യപ്പെട്ടിരിക്കയല്ലേ. ഒരു രാഷ്ട്രത്തിന്റെ ശില്‍പി എന്നു വിവക്ഷിക്കുന്നത് അതിന്റെ നിര്‍മ്മിതിക്കുടമയെയാണ്. രാഷ്ട്രം നിര്‍മ്മിക്കുന്നത് അതിന്റെ ഭരണ ഘടനാ അസ്തിത്വം കൊണ്ടാണ്. അങ്ങനെയെങ്കില്‍ അത് മഹാനായ അംബേദ്ക്കറല്ലെ? ആ അംബേദ്ക്കറെയാണ് ഇന്ത്യയുടെ പിതാവും രാഷ്ട്രശില്‍പിയുമായി അംഗീകരിക്കേണ്ടത്. ഇന്ത്യയിലൊഴിച്ച് ഒരു രാജ്യത്തും രാഷ്ട്രപിതാവെന്നും ഭരണഘടനാ ശില്‍പിയെന്നും ഉളള ഇരട്ട ബഹുമതികള്‍ നല്‍കി ആദരിക്കുന്നവരാരും ഇല്ല. ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ രാഷ്ട്രശില്‍പിയെ ഭരണഘടനാ ശില്‍പിയായി ചുരുക്കിയത് ആ ബഹുമുഖ പ്രതിഭയെ അംഗീകരിക്കുന്നതിലുളള വിമുഖതയായേ കാണാന്‍ കഴിയൂ. ഇത് തിരുത്തണമെന്ന് ഹിന്ദു മഹാസഭ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ആത്മാര്‍ത്ഥതയെ ഇന്ത്യന്‍ ജനത സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗാന്ധിജിയെപ്പോലെ അംബേദ്ക്കറെ ഒരു പൂജാ വിഗ്രഹമാക്കുന്നതിന് ദളിതര്‍ ആഗ്രഹിക്കു ന്നില്ല. എന്തുകൊണ്ടും ബഹുമുഖ പ്രതിഭയായ അംബേദ്ക്കറുടെ വ്യക്തിപ്രഭാവത്തെ ഭരണഘടനാ ശില്‍പിയെന്ന നിലയില്‍ നിന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കിയെടുത്ത ഭരണഘടനയ്ക്ക് രൂപം നല്‍കിയ വിശിഷ്ട വ്യക്തിയെന്ന നിലയില്‍ ഇന്ത്യന്‍ കറന്‍സിയില്‍ അംബേദ്ക്കര്‍ ചിത്രം ആലേഖനം ചെയ്യപ്പെടുന്നത് ഭാരതീയ സംസ്‌കാരത്തെ ലോകത്തിന്റെ മുമ്പാകെ ഒരിക്കല്‍ കൂടി ഉയര്‍ത്തി കാണിക്കുവാന്‍ സാധിക്കുമെന്ന് ആശിക്കാം. ഈ മഹത്വ പൂര്‍ണ്ണതയ്ക്ക് എല്ലാ വിഭാഗം ജനതയുടെയും അംഗീകാരവും ആശീര്‍വാദവും ഉണ്ടാകും. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യാക്കാര്‍ ഗാന്ധിജിയെ സ്വര്‍ണ്ണമാലകൊണ്ട് ഹാരാര്‍പ്പണം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ നിരാകരിച്ചുകൊണ്ട് ഗാന്ധിജി നടത്തിയ അഭിപ്രായം 'സേവനത്തിന്റെ പ്രതിഫലം സേവനം'എന്നാണ്. ആ ഗാന്ധി, അംബേദ്ക്കര്‍ക്ക് വേണ്ടി മാറി കൊടുക്കണമെന്നല്ല, ഇന്ത്യന്‍ അവസ്ഥയില്‍ അംബേദ്ക്കര്‍ക്ക് തുല്യപദവി നല്‍കണമെന്നാണ് ആഗ്രഹിക്കേണ്ടത്. തന്റെ ജീവചരിത്രകാരനായ ലൂയി ഫിഷറോട് ഗാന്ധിജി പറഞ്ഞ വാക്കുകള്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ചണ്ഡാല സ്ത്രീ ഇന്ത്യയുടെ പ്രസിഡന്റാവുക മാത്രമല്ല, ചണ്ഡാലന്‍ രാഷ്ട്രത്തിന്റെ സര്‍വ്വരാലും അംഗീകരിക്കപ്പെടേണ്ടതുമാണ്. 

ഒര്‍ണ കൃഷ്ണന്‍കുട്ടി
പെരുമ്പാവൂര്‍, പിന്‍ - 683 542
Email: ornakrishnankutty@gmail.com
8281456773