"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 7, ശനിയാഴ്‌ച

ആര്യന്മാരുടെ പരസ്യമായ ലൈംഗിക വേഴ്ചകളും മാംസാഹാരവും - ഡോ ബി ആര്‍ അംബേഡ്കര്‍


പരിഭാഷ: ഇഗ്നേഷ്യസ് കാക്കനാടന്‍
പുസ്തകം: അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍ . വാല്യം 7
പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിട്ടൂട്ട്.
പേജുകള്‍; 10, 11, 12. 

തുറസ്സായ സ്ഥലത്തുവെച്ചും മറ്റു ജനങ്ങള്‍ കാണ്‍കെയും സ്ത്രീകളുമായി വേഷ്ച നടത്തുവാന്‍ ആര്യന്മാര്‍ക്ക് കൂസലില്ലായിരുന്നു. ഋഷിമാര്‍ വന്ദേവ്യവ്രതം എന്നറിയപ്പെടുന്ന മതപരമായ ചടങ്ങുകള്‍ നടത്താറുണ്ടായിരുന്നു. യജ്ഞഭൂമിയില്‍ വെച്ചാണ് ഇത് നടത്തിയിരുന്നത്. ഏതെങ്കിലും ഒരു സ്ത്രീ അവിടെ ചെന്ന് ലേംഗിക വേഴ്ചക്കുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അത് നിറവേറ്റണമെന്ന് മുനിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്താല്‍ മുനി തല്‍ക്ഷണം തുറസ്സായ ആ യജ്ഞഭൂയില്‍ വെച്ച് പരസ്യമായി അവളുമായി വേഴ്ച നടത്തുമായിരുന്നു. ഇതിന് പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. സത്യവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പരാശര മഹര്‍ഷിയുടെ കഥയും ദീര്‍ഘതമസ്സിന്റെ കഥയും ഇക്കൂട്ടത്തില്‍ പെടുന്നു. ഈ ആചാരം സാധാരണമായിരുന്നു എന്നതിന് തെളിവാണ് അയോനി എന്ന വാക്ക്. അയോനി എന്ന വാക്കിന്റെ അര്‍ത്ഥം അമലോത്ഭവം എന്നാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. പക്ഷെ, ആ വാക്കിന്റെ അര്‍ത്ഥം അതല്ല. യോനി എന്ന വാക്കിന് ആദ്യമുണ്ടായിരുന്ന അര്‍ത്ഥം വീട് എന്നാണ്. അയോനി എന്നാല്‍ വീട്ടിനു പുറത്തുവെച്ച്, അതായത്, വെളിമ്പ്രദേശത്തു വെച്ച് ഉണ്ടായ ഗര്‍ഭധാരണം എന്നാണര്‍ത്ഥം. ഈ ആചാരത്തില്‍ എന്തെങ്കിലും തെറ്റുള്ളതായി കരുതപ്പെട്ടിരുന്നില്ല; സീതയും ദ്രൗപദിയും അയോനിജകളാണെന്ന വസ്തുതയില്‍ നിന്ന് ഇത് വ്യക്തമാകുന്നു. അതുപോലെതന്നെ, ഇതുവളരെ സാധാരണവുമായിരുന്നു; ഇതിനെതിരായി മതപരമായ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നുവെന്ന വസ്തുതയില്‍ നിന്ന് ഇക്കാര്യം വ്യക്തമാകുന്നു (മഹാഭാരതം - ആദിപര്‍വം, അധ്യായം 106 - 193)

സ്വന്തം സ്ത്രീകളെ കുറച്ചുകാലത്തേക്ക് മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുന്ന സമ്പ്രദായം ആര്യന്മാരുടെ ഇടയിലുണ്ടായിരുന്നു. മാധവിയുടെ കഥ ഇതിനുദാഹരണമായി എടുത്തുകാട്ടാം. (മഹാഭാരതം - ഉദ്യോഗപര്‍വം, അധ്യായം 106 - 123) യയാതി മഹാരാജാവ് തന്റെ പുത്രിയായ മാധവിയെ ഒരു നിശ്ചിത കാലത്തേക്കായി മൂന്ന് രാജാക്കന്മാര്‍ക്ക് മാറി മാറി വാടകക്ക് കൊടുത്തു. അതിനുശേഷം ഗാലവന്‍ മാധവിയെ വിശ്വാമിത്രന് വിവാഹം ചെയ്തുകൊടുത്തു. ഒരു കുട്ടി ജനിക്കുന്നതുവരെ മാധവി വിശ്വാമിത്രനോടൊപ്പം താമസിച്ചു. പിന്നീട് ഗാലവന്‍ വന്ന് മാധവിയെ കൂട്ടിക്കൊണ്ടുപോയി അവളുടെ പിതാവായ യയാതിക്ക് തിരികെ കൊടുത്തു.

സ്ത്രീകളെ താല്‍ക്കാലികമായി മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുന്ന സമ്പ്രദായത്തിന് പുറമേ, തങ്ങളുടെ ഇടയിലുള്ള ഉത്തമന്മരെക്കൊണ്ട് അവര്‍ക്ക് സന്തത്യുല്‍പ്പാദനം നടത്തിക്കുകയെന്ന മറ്റൊരു സമ്പ്രദായവും ആര്യന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നു. കുടുംബം വളര്‍ത്തുന്ന കാര്യം സസ്യ പ്രജനനത്തെ പോലെയോ, വളര്‍ത്തു മൃഗങ്ങള്‍ക്ക് വംശമേന്മ വരുത്തുന്നതു പോലെയോ ആണ് ആവര്‍ കണക്കാക്കിയിരുന്നത്. ആര്യന്മാരുടെ ഇടയില്‍ ദേവന്മാര്‍ എന്നൊരുകൂട്ടം ആളുകളുണ്ടായിരുന്നു; അവര്‍ ആര്യന്മാര്‍ തന്നെ ആയിരുന്നുവെങ്കിലും അവര്‍ക്ക് കൂടുതല്‍ അന്തസ്സും പൗരുഷവുമുണ്ടായിരുന്നു. ദേവവര്‍ഗത്തില്‍ പെട്ട ആരുമായും ലൈംഗിക വേഴ്ച നടത്താന്‍ ആര്യന്മാര്‍ അവരുടെ സ്ത്രീകളെ അനുവദിച്ചിരുന്നു; നല്ല കുട്ടികള്‍ ജനിക്കട്ടെ എന്ന താത്പ്ര്യമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഈ സമ്പ്രദായം വളരെയേറെ വ്യാപകമായിരുന്നു. തല്‍ഫലമായി ആര്യസ്ത്രീകളെ ആദ്യം അനുഭവിക്കുക എന്നത് തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള അവകാശമാണെന്ന് ദേവന്മാര്‍ കരുതിവന്നു. ഈ അവകാശത്തില്‍ നിന്ന് വീണ്ടെടുത്ത് ദേവന്മാരുടെ നിയന്ത്രണത്തില്‍ നിന്ന് വിമോചിച്ചിട്ടല്ലാതെ ആര്യ സ്ത്രീയുടെ വിവാഹം നടത്താന്‍ കഴിയുമായിരുന്നില്ല. ഇതിനുവേണ്ടി ദേവന്മാരെ പ്രസാദിപ്പിക്കാന്‍ അവദാനം എന്നറിയപ്പെടുന്ന കര്‍മ്മം അനുഷ്ഠിക്കണമായിരുന്നു. ഹിന്ദുക്കള്‍ എല്ലാ വിവാഹങ്ങളിലും നടത്താറുള്ള ലാജാഹോമം (ഇതിന്റെ വിശദവിവരങ്ങള്‍ 'അശ്വലായനഗൃഹസൂത്ര'ത്തിലുണ്ട്) ആര്യസ്ത്രീയെ ദേവന്മാരുടെ അവകാശത്തില്‍ നിന്ന് വീണ്ടെടുക്കുന്ന ഈ നടപടിയുടെ അവശിഷ്ടമാണ്. ലാജാഹോമത്തിലെ അവദാനം വധുവിന്റെ മേല്‍ ദേവന്മാര്‍ക്കുള്ള അവകാശം ഇല്ലാതാക്കാന്‍ നല്‍കുന്ന കൈക്കൂലിയല്ലാതെ മറ്റൊന്നുമല്ല. എല്ലാ ഹിന്ദു വിവാഹങ്ങളിലും സപ്തപദി എന്നൊരു ചടങ്ങുണ്ടല്ലോ; അത്യന്താപേക്ഷിതമായ ചടങ്ങായിട്ടാണ് ഇതിനെ കണക്കാക്കുന്നത്; സപ്തപദിയില്ലാതെ നിയമാനുസൃത വിവാഹമില്ല; ഈ ചടങ്ങിന് ദേവന്മാരുടെ അവകാശവുമായി അവിഭാജ്യ ബന്ധമുണ്ട്. സപ്തപദി എന്നാല്‍ വരന്‍ വധുവിനോടൊത്ത് ഏഴ് ചുവട് നടക്കുക എന്നര്‍ത്ഥം. എന്തുകൊണ്ടാണ് ഇത് അത്യന്താപേക്ഷമായിരിക്കുന്നത്? അതിന്റെ ഉത്തരം ഇതാണ്; ദേവന്മാര്‍ തങ്ങള്‍ക്ക് കിട്ടിയ നഷ്ടപരിഹാരം കൊണ്ട് സംതൃപ്തരായിട്ടില്ലെങ്കില്‍ ഏഴാമത്തെ ചുവടു വെക്കുന്നതിനു മുമ്പ് വഅവര്‍ക്ക് വധുവിനെ അവകാശപ്പെടാം. ഏഴാമത്തെ ചുവട് വെച്ചുകഴിഞ്ഞാല്‍ അവരുടെ അവകാശം ഇല്ലാതാകും; അപ്പോള്‍ വരന് വധുവിനെ കൂട്ടിക്കൊണ്ടുപോയി ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാം; ദേവന്മാര്‍ അതിന് പ്രതിബന്ധമുണ്ടാക്കുകയോ, അവരെ ഉപദ്രവിക്കുകയോ ചെയ്യുകയില്ല.

ആര്യ സമൂഹത്തില്‍ കന്യകമാര്‍ ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിക്കണമെന്ന നിയമം ഉണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിക്ക് വിവാഹിതയാകാതെ തന്നെ ആരുമായും െൈലഗിക ബന്ധം പുലര്‍ത്താനും അയാളില്‍ നിന്ന് സന്തതിയെ നേടാനും കഴിയുമായിരുന്നു. പെണ്‍കുട്ടി എന്ന് അര്‍ത്ഥമുള്ള കന്യക എന്ന വാക്കിന്റെ ധാത്വര്‍ത്ഥത്തില്‍ നിന്ന് ഇത് വ്യക്തമാകുന്നു. കം ധാതുവില്‍ നിന്നാണ് കന്യക എന്ന വാക്കിന്റെ ഉത്ഭവം; അതിന്റെ അര്‍ത്ഥമാകട്ടെ, ഏതൊരു പുരുഷനും തന്നെത്തന്നെ നല്‍കാന്‍ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ്. ആര്യ സമൂഹത്തിലെ കന്യകമാര്‍ വിവാഹിതരാകാതെ ഏതു പുരുഷനും അവരെത്തന്നെ നല്‍കിയിരുന്നു വെന്നും അതുവഴി സന്താനങ്ങളെ നേടിയിരുന്നുവെന്നും കുന്തിയുടേയും മത്സ്യഗന്ധിയുടേയും ഉദാഹരണങ്ങള്‍ വെളിവാക്കുന്നു. പാണ്ഡുവുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പും പിമ്പും കുന്തിക്ക് വ്യത്യസ്ത പുരുഷന്മാരില്‍ നിന്ന് കുട്ടികള്‍ ഉണ്ടായി. മത്സ്യഗന്ധി ഭീഷ്മരുടെ പിതാവായ ശന്തനുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് പരാശര മഹര്‍ഷിയുമായി ലൈംഗിക വേഴ്ച നടത്തി.

ആര്യന്മാരുടെ ഇടയില്‍ മൃഗ സ്വഭാവവും പരക്കെ ഉണ്ടായിരുന്നു. ദമന്‍ എന്ന മുനി ഒരു പെണ്മാനുമായി സംഭോഗത്തിലേര്‍പ്പെട്ട കഥ പ്രസിദ്ധ മാണല്ലോ. സൂര്യന്‍ ഒരു പെണ്‍കുതിരയുമായി ലൈംഗിക വേഴ്ച നടത്തിയത് മറ്റൊരുദാഹരണമാണ്. ഇക്കൂട്ടത്തില്‍ പരമ നികൃഷ്ടമായ ഉദാഹരണം അശ്വമേധ യജ്ഞത്തിലെ കുതിരയുമായി ഒരു സ്ത്രീ സംഭോഗത്തിലേര്‍പ്പെട്ടതാണ്.