"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 11, ബുധനാഴ്‌ച

പുസ്തകം: 'ഭാരതരത്‌നം' വാജ്‌പേയ് ക്വിറ്റിന്ത്യാ സമരത്തില്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്? പരഞ്‌ജോയ് ഗുഹ ഥാക്കൂര്‍ത്ത, ശങ്കര്‍ രഘുരാമന്‍


പരഞ്‌ജോയ് ഗുഹ ഥാക്കൂര്‍ത്തയും ശങ്കര്‍ രഘുരാമനും ചേര്‍ന്ന് എഴുതിയ Dided we stand: Indian a time of Coalition എന്ന ഗ്രന്ഥത്തില്‍ നിന്ന്. 2007 ല്‍ Sage Publication ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കളില്‍ വിവാദങ്ങളി ലൊന്നും ചെന്നു പെട്ടിട്ടില്ലാത്ത ഒരാളാണ് അടല്‍ ബിഹാരി വാജ്‌പേയ് എന്നു കരുതുന്ന ഒട്ടേറെ ആളുകളുണ്ട്. ആ പാര്‍ട്ടിയുടെ ആദ്യ അവതാരമായ ഭാരതീയ ജനസംഘത്തിലും അദ്ദേഹം ഉണ്ടായിരുന്നു. എങ്കിലും 1930 കളുടെ അവസാനം ഒരു വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ, രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിര്‍ന്ന നേതാവായിരുന്ന ബാലാസാഹബ് ദേവരസ് നേരിട്ടു പൊതു ജീവിതത്തിലേക്ക് കൊണ്ടുവന്ന വാജ്‌പേയ് വിവാദങ്ങളിലൊന്നും പെട്ടിട്ടില്ലെന്നു പറഞ്ഞാല്‍ അത് സത്യമായിരിക്കുകയില്ല.

വിവാദാത്മകമായ ഒരു സംഭവം ഏതാണ്ട് രണ്ട് ദശകത്തിലേറെക്കാലം ഈ മുന്‍ പ്രധാനമന്ത്രിയെ വേട്ടയാടിക്കൊണ്ടിരുന്നു എന്ന കാര്യം വളരെ ആളുകള്‍ക്കൊന്നും അറിവില്ലെന്നതാണ് വാസ്തവം. ഇന്ത്യ ഭരിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ ക്കെതിരായിരുന്ന പങ്കിനെ സംബന്ധിച്ചതാണ് മേല്‍പ്പറഞ്ഞ വിവാദം. സംഘപരിവാരവും ബിജെപിയും തയ്യാറാക്കിയിട്ടുള്ള ജീവചരിത്ര കുറിപ്പില്‍ വാജ്‌പേയ് ക്വിറ്റിന്ത്യാ സമരകാലത്ത് ജയില്‍വാസം അനുഭവിച്ചതായി പരാമര്‍ശിച്ചു പോകുന്നുണ്ട്. വിശദ വിവരങ്ങളൊന്നും അവര്‍ നല്‍കുന്നില്ല. 

'സംഘമാണ് എന്റെ ആത്മാവ്' (Sangh is my soul) എന്ന പേരില്‍ വാജ്‌പേയ് തന്നെ എഴുതിയിട്ടുള്ള ലേഖനത്തിലും ഈ സംഭവത്തെ ക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ ലേഖനത്തിന്റെ മൂന്നാം ഖണ്ഡിക അവസാനിക്കുന്നത് ഇങ്ങനെയാണ് '1942 ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഞാനും ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഞാന്‍ അന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷക്ക് പഠിക്കുകയായിരുന്നു. ആഗ്ര ജില്ലയിലെ എന്റെ ജന്മഗ്രാമമായ ബടേശ്വറില്‍ നിന്നാണ് എന്നെ അറസ്റ്റ് ചെയ്തത്. അന്നെനിക്ക് 15 വയസ്സാണ് പ്രായം' 


പരഞ്‌ജോയ് ഗുഹ
വാജ്‌പേയിയുടെ ജയില്‍ വാസത്തെ സംബന്ധിച്ച് ഈ പരാമര്‍ശങ്ങളിലൊക്കെ സ്പഷ്ടമായി പറഞ്ഞിട്ടില്ലെങ്കിലും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ അദ്ദേഹം ധീരമായൊരു പങ്കു വഹിച്ചിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനാണ്. ദീര്‍ഘ കാലമായി വാജ്‌പേയിയുടെ സഹകാരികളാ യിരുന്ന രണ്ടുപേര്‍ (അവരിലൊരാള്‍ കേന്ദ്ര മന്ത്രിയായിരുന്നു) എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പില്‍ ബടേശ്വര്‍ സംഭവത്തെക്കുറിച്ചോ മുന്‍ പ്രധാന മന്ത്രിക്ക് ഈ പ്രസ്ഥാന ത്തിലുണ്ടായിരുന്ന പങ്കിനെക്കുറിച്ചോ ഒരക്ഷരവും പറയുന്നില്ലെന്നത് പക്ഷെ, കൗതുകകരമാണ്.

സി പി ഠാക്കൂറും ദേവേന്ദ്ര പി ശര്‍മ്മയും ചേര്‍ന്നെഴുതിയ 'ഇന്ത്യ അണ്ടര്‍ അടല്‍ ബിഹാരി വാജ് പേയ്: ദി ബി ജെ പി ഇറ' (India under Adal Behari Vajpei The BJP Era- UBS Publishers 1999) എന്ന പുസ്തകത്തില്‍ വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പറയാന്‍ ഒരധ്യായം മുഴുവനായി മാറ്റിവെച്ചിട്ടുണ്ട്. 'ഗ്വാളിയോറില്‍ നിന്നും ന്യൂഡെല്‍ഹിയിലേക്ക്: ചെറിയ ദൂരം എന്നാല്‍ നീണ്ട യാത്ര' എന്ന ശീര്‍ഷകത്തിലുള്ള അധ്യായത്തില്‍ വാജ്‌പേയിയുടെ ബാല്യത്തേയും കുടുംബ പശ്ചാത്തലത്തേയും വിദ്യാഭ്യാസത്തേയും സംഘപരിവാറിലും ബിജെപിയിലും അദ്ദേഹത്തിനുണ്ടായ ഉയര്‍ച്ചകളേയും പറ്റിയൊക്കെ വിശദമായിത്തന്നെ പ്രതിപാദിക്കു ന്നുണ്ട്. ഏതെങ്കിലും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ബന്ധപ്പെട്ടിരുന്നുവോ എന്ന കാര്യത്തില്‍ ഗ്രന്ഥകര്‍ത്താക്കള്‍ ശ്രദ്ധിക്കാവുന്ന വിധം മൗനം പാലിക്കുകയാണ്.

എന്നാല്‍, ഉത്തരപ്രദേശിലെ ആഗ്രക്കടുത്ത് തന്റെ ജന്മഗ്രാമമായ ബടേശ്വറില്‍ ഒരു മജിസ്‌ട്രേറ്റിനു മുമ്പില്‍ 1942 സെപ്തംബര്‍ 1ന് വാജ്‌പേയി നല്‍കിയ സത്യവാങ്മൂല ത്തിന്റെ അടിസ്ഥാനത്തില്‍ ലീലാധര്‍ വാജ്‌പൈ എന്ന ഒരു 'സ്വാതന്ത്ര്യ സമര പോരാളി'യെങ്കിലും അഞ്ചു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെടുക യുണ്ടായെന്ന് 1974 മുതല്‍ ഇടക്കിടക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ ആരോപണ മുന്നയിച്ചുകൊണ്ടിരുന്നു.


ശങ്കര്‍ രഘുരാമന്‍ 
1989 ല്‍ വാജ്‌പേയിക്കെതിരേ ഈ ആരോപണ മുന്നയിച്ചവരില്‍ ഒരാളായ പരേതനായ പി രംഗരാജന്‍ കുമരമംഗലം പിന്നീട് ബിജെപിയിലെ ഒരു പ്രധാനിയായി ത്തീര്‍ന്നു എന്നും വാജ്‌പേയിയുടെ രണ്ടാമത്തേയും മൂന്നാമത്തേയും മന്ത്രിസഭകളില്‍ അംഗമായിരുന്നു എന്നും ഓര്‍മ്മിക്കുന്നത് കൗതുകകരമായിരിക്കും. മുമ്പ് ഒരു കോണ്‍ഗ്രസ് എം പി യായിരുന്ന കുമരമംഗലം, ക്വിറ്റിന്ത്യാ സമരത്തില്‍ 'ഹീനമായി പ്രവര്‍ത്തിച്ച' വാജ്‌പേയിയെ കുറ്റപ്പെടുത്തിക്കൊണ്ടും സ്വന്തം തടി രക്ഷിക്കാനായി ഒരു കൂട്ടം സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്ത ആളാണെന്ന് വിമര്‍ശിച്ചു കൊണ്ടും 52 പാര്‍ലമെന്റ് അംഗങ്ങള്‍ പുറപ്പെടുവിച്ച കത്തില്‍ ഒപ്പു വെച്ചിരുന്നു. 'ഒരു സംഘം സ്വാന്ത്ര്യ സമര സേനാനികളെ ദീര്‍ഘകാല തടവിന് വിധിച്ചത് വാജ്‌പേയി ഒപ്പിട്ടു നല്‍കിയ കുറ്റസമ്മത മൊഴിയുടെ മാത്രം അടിസ്ഥാനത്തിലായിരു ന്നുവെന്നു'വരെ ആ കത്തില്‍ പറഞ്ഞിരുന്നു.

1974 (ഇത് സംബന്ധിച്ച ആദ്യ ലേഖനം ബീറ്റ്‌സ് വാരികയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍) മുതല്‍ ഈ ആരോപണം ഉയര്‍ന്നുവന്ന സന്ദര്‍ഭങ്ങളിലൊക്കെ അത് അടിസ്ഥാന രഹിതമാണെന്ന് പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടും അതുന്നയിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുമാണ് വാജ്‌പേയിയും അദ്ദേഹത്തിന്‍രെ പാര്‍ട്ടിയും സംഘപരിവാരവും അവയോടു പ്രതികരിച്ചത്. എങ്കിലും വിവാദം കെട്ടണയാതെ കിടന്നു. അവസാനം 1988 ന്റെ തുടക്കത്തില്‍ 'ഫ്രണ്ട്‌ലൈന്‍' മാസികയുടെ ഒരു സംഘം ലേഖകര്‍ വിശദമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരുകയും വാജ്‌പേയി തന്നെ അത് ശരിവെക്കുകയും ചെയ്തു.

മിക്ക കേസുകളിലും സംഭവിക്കാറുള്ളപോലെ, കുറ്റാരോപിതനെ പിന്‍തുണക്കുന്നവരും കുറ്റം ആരോപിക്കുന്നവരും കൈക്കൊള്ളാറുള്ള അങ്ങേയറ്റത്തേയും ഇങ്ങേയറ്റത്തേയും രണ്ട് നിലപാടുകള്‍ക്കിടയിലെ വിടെയോ ആയിരുന്നു ആ സത്യം. വാജ്‌പേയിയുടെ സത്യവാങ്മൂലം കോടതിയില്‍ ഒരു തെളിവായി ഉപയോഗിക്കപ്പെട്ടിരുന്നില്ല എന്നത് സത്യമായിരുന്നു എന്നതുപോലെ തന്നെ, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തിരുന്ന ഒരു കൂട്ടം ആളുകള്‍ ബടേശ്വര്‍ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടം കേടുവരുത്തിയ സംഭവത്തില്‍ തനിക്ക് പങ്കൊന്നുമി ല്ലെന്നു പറഞ്ഞ് സ്വയം വിമുക്തനാകുന്ന ഒരു സത്യപ്രസ്താവന വാജ്‌പേയി ഒപ്പിട്ടു നല്‍കിയിരുന്നു എന്നതും സത്യമായിരുന്നു. കെട്ടിടം കേടുവരുത്തിയ ആള്‍ക്കൂട്ടത്തെ നയിച്ചിരുന്നവരില്‍ ഒരാള്‍ കാക്വ എന്ന ലീലാധര്‍ വാജ്‌പൈ ആണെന്നും വാജ്‌പേയി തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതായത് ലീലാധര്‍ വാജ്‌പൈക്ക് അഞ്ചുവര്‍ഷത്തെ കഠിന തടവു ലഭിച്ചതില്‍ വാജ്‌പേയിക്ക് നേരിട്ട് ഉത്തരവാദിത്വമില്ലായിരുന്നു എന്നത് വ്യക്തമായിരുന്നു. അതേ സമയം ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ തനിക്ക് സജീവ പങ്കാളിത്തം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം സ്വയം സമ്മതിക്കു കയും ചെയ്തു. വാജ്‌പേയി അന്ന് അറസ്റ്റ് ചെയ്യപ്പെട്ടത് അദ്ദേഹം സ്വന്തം സഹോദരനോടൊപ്പം ആള്‍കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രമായിരുന്നു. താന്‍ ലീലാധര്‍ വാജ്‌പൈയുടെ പേരു പറഞ്ഞതിനു ന്യായീകരണ മായി വാജ്‌പേയി വിശദീകരിച്ചത് തന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത് ഉര്‍ദുവിലായിരുന്നുവെന്നും അത് തനിക്ക് വായിക്കാന്‍ അറിയുമായിരു ന്നില്ലന്നും രേഖപ്പെടുത്തിയ മൊഴി തന്നെ വായിച്ചു കേല്‍പ്പിക്കുകയുണ്ടായില്ല എന്നുമായിരുന്നു.

എങ്കിലും താന്‍ ആ പ്രസ്താവനയില്‍ ഒപ്പിടുകയുണ്ടായെന്ന് (ഫ്രണ്ട്‌ലൈന്‍ പത്രാധിപര്‍ എന്‍ റാമുമായി നടത്തിയ അഭിമുഖത്തില്‍) വാജ്‌പേയി സ്ഥിരീകരിച്ചിരുന്നു. വാജ്‌പേയി ഒപ്പിട്ടുവെച്ച കുറ്റസമ്മത മൊഴി കോടതിയില്‍ തെളിവായി ഉപയോഗിച്ചി രുന്നില്ലെങ്കിലും മറ്റു ഗ്രാമീണരില്‍ നിന്നും വ്യത്യസ്തരായ വിദ്യാസമ്പന്നരായ വാജ്‌പേയി സഹോദരന്മാരുടെ സാക്ഷിമൊഴികള്‍ പൊലീസും കോടതിയും കൂടുതല്‍ വിലപ്പെട്ടതായി കരുതുമായിരുന്നു എന്നതുകൊണ്ട് തനിക്ക് ശിക്ഷ വിധിക്കുന്നതില്‍ അവരുടെ സത്യവാങ്മൂലം ഒരു പ്രധാന ഘടകമായിട്ടു ണ്ടാവുമെന്നു തന്നെ ലീലാധര്‍ വാജ്‌പൈ കരുതുന്നു. പ്രോസിക്യൂഷന്റെ കേസില്‍ വാജ്‌പേയി സഹോദരന്മാരുടെ സാക്ഷിമൊഴികള്‍ കാര്യമായി പ്രതിഫലിച്ചിരുന്നു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാജ്‌പേയിയുടെ, മറ്റുതരത്തില്‍ ഏറെ പ്രശസ്തമായ രാഷ്ട്രീയ ജീവിത്തില്‍ താരതമ്യേന അറിയപ്പെടാതെ കിടക്കുന്ന ഒരു വശമാകുന്നു ഇത്.

കടപ്പാട്: കോമ്രേഡ് മാസിക 2015 ജനുവരി ലക്കം. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും.