"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 15, ഞായറാഴ്‌ച

ഹാരപ്പന്‍ ജനതയും ആര്യന്മാരും സരസ്വതി എന്ന നിഗൂഢതയും - കുങ്കും റോയ്


കുങ്കും റോയ്
പുസ്തകം: വേദങ്ങള്‍ ഹിന്ദുദര്‍ശനം ഹിന്ദുത്വം
കുങ്കും റോയ്, കുനാല്‍ ചക്രബര്‍ത്തി, തനികാ സര്‍ക്കാര്‍
പരിഭാഷ: പി പി സത്യന്‍
പ്രസാധനം: ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം.
www.chinthapublishers.com
e-mail:chinthapublishers@gmail.com
വില;65 രൂപ.

ഹാരപ്പന്‍ സാഗരികതയും ആര്യന്മാരും

1920 കളില്‍ നടന്ന ഭൂഗര്‍ഭ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് സൈന്ധവ നാഗരികതയെക്കുറിച്ചിട്ടുള്ള വിലപ്പെട്ട വിവരങ്ങള്‍ ലോകത്തിന് ലഭ്യമാകുന്നത്. ഹാരപ്പ, മോഹന്‍ജദാരോ (രണ്ടു പ്രദേശങ്ങളും ഇന്ന് പാകിസ്ഥാനിലാണ്) തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ഗവേഷണ ഫലമായി ലഭിച്ച പുതിയ അറിവ് അഭ്യസ്തവിദ്യരായ യുവ തലമുറയുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അന്നുവരെ കരുതപ്പെട്ടത് ആര്യന്മാരുടെ സംസ്‌കൃതിയാണ് ഇന്ത്യയിലെ ഏറ്റവും പ്രാക്തനമായത് എന്നായിരുന്നു. ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ ഈ ധാരണയെ കീഴ്‌മേല്‍ മറിച്ചു. പിപുലമായ പ്രദേശങ്ങളില്‍ നിറഞ്ഞു നിന്ന പരിഷ്‌കൃതമായ ഒരു ജീവിത സംസ്‌കാരമായിരുന്നു ഹാരപ്പന്‍ സംസ്‌കാരം. ആധുനിക നഗര ഘടനയോട് സാദൃശ്യമുള്ള ചിട്ടയും അച്ചടക്കവുമുള്ള ശാസ്ത്രീയമായി കെട്ടിപ്പടുത്ത നഗരമായിരുന്നു ഇവരുടേത്. അഴുക്കുചാല്‍ പദ്ധതികളും നഗര ആസൂത്രണവും ഹാരപ്പന്‍ നാഗരികതയുടെ സവിശേഷതയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സാക്ഷര സമൂഹമായിരുന്നു, ഹാരപ്പന്‍ സമൂഹം. തൂക്കക്കട്ടികളുടേയും ഇതര സമാന വസ്തുക്കളുടേയും മേല്‍ ഹാരപ്പന്‍ ജനത ആലേഖനം ചെയ്ത രീതികള്‍ ഇന്നും വിസ്മയകരമാണ്.

വിദൂര സംസ്‌കാരങ്ങളുമായി വാണിജ്യ ബന്ധങ്ങള്‍ അവര്‍ നിലനിര്‍ത്തിയിരുന്നു. ലോഹങ്ങള്‍, അമൂല്യശിലകള്‍, കൗതുകവസ്തുക്കള്‍, എന്നിവ അവര്‍ ഉപയോഗിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ഗംഗാതടം, യമുനാതീരം, കാശ്മീര്‍, ബലൂചിസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ വിസ്തൃതമായ ഭൂമേഖലകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഹാരപ്പന്‍ നാഗരികത. മെസോപ്പൊട്ടോമിയ (ഇന്നത്തെ ഇറാഖ്) തുടങ്ങിയ സമാന ലോക നാഗരികതകളുമായി ഹൃദയ ബന്ധം സ്ഥാപിച്ച സംസ്‌കാര മായിരുന്നു ഇത്. സുഘടിതവും അനുപമ വ്യക്തിത്വമാര്‍ന്നതുമായ ഈ നാഗരികതയെക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ ചരിത്ര പഠനത്തെത്തന്നെ മാറ്റിമറിക്കുന്നതായിരുന്നു.

ഹാരപ്പന്‍ നാഗരികതയെ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിയതിന്റെ ഫലമായി നൂതനമായ അറിവ് ചരിത്ര ലോകത്തിന് ലഭിച്ചു. അതിലൊന്നാണിത്; വേദകാല സംസ്‌കാരത്തിന് മുമ്പുള്ള ഒന്നായിരുന്നു ഹാരപ്പന്‍ നാഗരികത. ഹാരപ്പന്‍ ചരിത്രാവശിഷ്ടങ്ങളെ ശാസ്ത്രീയമായ രീതിയില്‍ കാലഗണനം ചെയ്തതിന്റെ ഫലമായിട്ടാണ് ഈ അറിവ് ചരിത്ര ലോകത്തിന് ലഭിച്ചത്. എന്നാല്‍ സമീപകാലത്തായി പുതിയൊരു പ്രവണത കടന്നു വന്നിരിക്കുന്നു. സൈന്ധവ സംസ്‌കാരം എന്നത് ആര്യന്‍ സംസ്‌കാരം തന്നെയാണെന്നും ആര്യന്മാരാണ് അതിന്റെ സൃഷ്ടാക്കളും എന്നതാണ് ഈ കൃത്രിമമായ വാദഗതി. വിശേഷിച്ചും ഹിന്ദുത്വ വാദികളാണ് ഈ വാദമുഖമുയര്‍ത്തുന്നത്. ഹാരപ്പന്‍ നാഗരികതയും ആര്യന്‍ സംസ്‌കാരവും സദൃശമാണെന്നും ആവ രണ്ടും വികസിച്ചത് ഒരേ ഭൂസ്ഥലിയിലാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്. ഇവരുടെ വാദഗതികളൊന്നൊന്നായി നമുക്ക് പരിശോധനാ വിധേയമാക്കാം.

സരസ്വതിയെന്ന നിഗൂഢത

അടുത്ത കാലത്തായി ഉയര്‍ന്നുവന്നിരിക്കുന്ന ഒരു വാദഗതിയാണ്. സൈന്ധവ നാഗരികതയെ പുനര്‍നാമകരണം ചെയ്യണം. സരസ്വതി സംസ്‌കാരം അഥവാ സൈന്ധവ - സരസ്വതി സംസ്‌കാരം എന്ന് അതിനെ പുനര്‍ നാമകരണം ചെയ്യണമെന്നതാണ് ഈ അവകാശവാദം. ഇതിന് ചരിത്ര ലോകത്തിലെ ഒരു പരിമിത വൃത്തത്തില്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇത്തരമൊരു അവകാശവാദമുന്നയിക്കുന്നതിന്റെ പൊരുള്‍ മസിലാക്കേണ്ടത് ശാസ്ത്ര - ചരിത്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിട ത്തോളം വളരെ പ്രസക്തമാണ്.

ഹൈന്ദവ ആത്മീയ പ്രപഞ്ചത്തിലെ വളരെ സുപ്രസിദ്ധമായ ഒരു നാമമാണ് സരസ്വതി എന്നത്. യവന സംസ്‌കൃതിയില്‍ അഥീന ദേവതക്കു തുല്യമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടേയും ഐശ്വര്യത്തിന്റേയും ദേവതയാണ് സരസ്വതി. എന്നാല്‍ വൈദിക സംസ്‌കാരത്തില്‍ വിശേഷിച്ചും ഋഗ്വേദത്തില്‍ ഒരു നദിയുടെ നാമമാണ് സരസ്വതി. ഋഗ്വേദത്തില്‍ മൂന്നു സൂക്തങ്ങള്‍ സരസ്വതി നദിയെ പ്രകീര്‍ത്തിക്കാനായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. സിന്ധുവും അവളുടെ പോഷക നദിയുമുള്‍പ്പെട്ട സപ്ത സിന്ധു പ്രദേശമാണ് ഹാരപ്പന്‍ സംസ്‌കാര ത്തിന്റെ കളിത്തൊട്ടില്‍ എന്ന് മുമ്പ് പ്രസ്താവിച്ചത് ഓര്‍ക്കുമല്ലോ. വൈദിക സ്‌തോത്ര സൃഷ്ടാക്കളുടെ കണ്ണില്‍ വളരെ പ്രാധാന്യമുള്ള ഒരു നദിയാണ് സരസ്വതി. രാജസൂയ വേളയില്‍ രാജാവിന്റെ 'അഭിഷേക'ച്ചട ങ്ങില്‍ പുണ്യതീര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നത് സരസ്വതി നദിയിലെ ജലമാണ്.

എങ്ങനെയാണ് ഈ നദിയെ ഹാരപ്പന്‍ നാഗരികതയുമായി ചിലര്‍ ബന്ധിപ്പിക്കുന്നത്? ഘഗ്ഗാര്‍ഹക്ര താഴ്‌വര പ്രദേശമുള്‍ക്കൊള്ളുന്നതാണ് ഹാരപ്പന്‍ നാഗരികത. ഘഗ്ഗാര്‍ഹക്ര എന്നത് ഒരു നദീതട പ്രദേശമാണ്. ഘഗ്ഗാര്‍ഹക്ര നദി സരസ്വതി തന്നെയാണ് എന്നാണ് ഇത്തരമൊരു വാദഗതിയുടെ ഉള്ളടക്കം. അതുകൊണ്ടുതന്നെ ഹാരപ്പന്‍ നാഗരികതയെ സരസ്വതിനാഗരികതയെന്ന് വിളിക്കണമെന്നാണ് ഈ അവകാശവാദ മുന്നയിക്കുന്നവരുടെ താത്പര്യം.

കുതിരയുമായി ബന്ധപ്പെട്ട അവകാശവാദം

ഹാരപ്പന്‍ നാഗരികതെ വൈദിക സംസ്‌കാരത്തിലേക്ക് ആവാഹിക്കാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ ചരിത്രകാരന്മാരില്‍ ചിലര്‍, ഇന്ന് വ്യാപൃതരായിരിക്കുന്നത്. അതിന്റെ ഭാഗമായി ഇവര്‍ കുതിരയെ എഴുന്നെള്ളിക്കുന്ന കാഴ്ച ചരിത്ര രംഗത്ത് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നു. എന്താണ് ഇവര്‍ കുതിരക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കാനുള്ള കാരണം? കുതിരകള്‍ക്കും കന്നുകാലികള്‍ക്കും ഋഗ്വേദത്തില്‍ വളരെ പ്രാധാന്യം നല്‍കി കാണുന്നുണ്ട്. ഋഗ്വേദത്തിലെ ആരാധനാ മൂര്‍ത്തികളില്‍ പലതും അശ്വങ്ങളുമായി സാദൃശ്യമുള്ളവയാണ്. അശ്വങ്ങളുമായി സമീകരിക്കുന്ന കാഴ്ചയും കാണാം. ദേവീ - ദേവന്മാര്‍ അശ്വരഥത്തില്‍ യാഗസ്ഥലിയിലേക്ക് എഴുന്നെള്ളുന്ന ദൃശ്യം ഒരു ഉദാഹരണം മാത്രം. ഈശ്വരനോട് ധനലബ്ധിക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ ആ ധനത്തില്‍ അശ്വങ്ങളും ഉള്‍പ്പെടുന്നതായി കാണാം. മാത്രമല്ല ഉത്തരവൈദിക കാലഘട്ടത്തില്‍ അശ്വമേധയാഗത്തിന് കൈവന്ന പ്രാധാന്യവും ഇവിടെ സ്മരണീയമാണ്. ആര്യന്മാരുടെ യാഗകര്‍മ്മങ്ങളില്‍ പ്രമുഖ സ്ഥാനമാണ് അശ്വമേധ യാഗത്തിന് നല്‍കിക്കാണുന്നത്. ആര്യന്മാരുടെ ആത്മീയ ജീവിതത്തിന്റെ അഭേദ്യ ഭാഗമാണ് അശ്വങ്ങള്‍ എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഹാരപ്പന്‍ നാഗരികതയുടെ സ്രഷ്ടാക്കള്‍ ആര്യന്മാരാണെന്ന് സ്ഥാപിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഹിന്ദുത്വ ചരിത്രകാരന്മാര്‍ അശ്വത്തെ ഉപയോഗപ്പെടുത്തുന്നു. ഹാരപ്പന്‍ ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട മൃഗമുദ്രകള്‍ അശ്വങ്ങളുടേതാണ് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണിവിടെ തെളിഞ്ഞു കാണുന്നത്.

ഹാരപ്പന്‍ നാഗരികതയുമായി ബന്ധപ്പെട്ട ഭൂഗര്‍ഭ ഗവേഷണത്തില്‍ നിന്നും ഹാരപ്പന്‍ ജനതക്ക് ചില സമിശേഷ മൃഗങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കാവുന്നതാണ്. ഹാരപ്പ, മോഹന്‍ജദാരോ തുടങ്ങിയ പ്രദേശങ്ങലില്‍ നിന്നും നിരവധി മൃഗങ്ങളുടെ അസ്തികൂടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അന്ന് ജീവിച്ചിരുന്ന സൈന്ധവ ജനതക്ക് ചിരപരിചിതമായിരുന്ന മൃഗങ്ങളുടേയാണ് അവയെന്നതിന് സംശയമില്ല. മാത്രമല്ല ഇത്രയും മൃഗങ്ങളില്‍ പലതിനേയും അവര്‍ മരുക്കി വളര്‍ത്തിയിരുന്നതായും അനുമാനിക്കാവുന്നതാണ്. കന്നുകാലികളുടേയും മറ്റും അസ്തികൂടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടു ണ്ടെങ്കിലും കുതിരകളുടേത് ലഭ്യമായിട്ടില്ല. ഹാരപ്പന്‍ ജനതക്ക് കുതിരകളെ പരിചയമില്ലായിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിച്ച് തങ്ങള്‍ക്കനുസൃതമായ ചരിത്രം രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ ചരിത്രകാരന്മാര്‍. കുതിരകളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യക്ഷമായ തെളിവുകളില്ലെ ന്നിരിക്കെ, പരോക്ഷമായ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. കൊത്തുവേലകളിലും മുദ്രകളിലും കുതിരകളുടെ പ്രാതിനിധ്യം കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെ ചരിത്ര ഉപാദാനങ്ങളെ വളച്ചൊടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഒരു ചരിത്ര ഗവേഷകന്‍ വാദിക്കുന്നത് ഹാരപ്പന്‍ ആവശിഷ്ടങ്ങളില്‍ താന്‍ കുതിരകളുടെ രൂപങ്ങള്‍ കണ്ടെത്തിയെന്നാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചെടുത്ത തെളിവായിരുന്നു ഇത്. ഹാരപ്പന്‍ ശേഷിപ്പുകളില്‍ ചിലത് കുതിരകളോട് സാരൂപ്യം ഉള്ളവയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ കുതിരകളുടേതല്ല എന്നത് സ്പഷ്ടമാണ്. ഹാരപ്പന്‍ കാഘട്ടത്തില്‍ ഇനി കുതിരകള്‍ ഉണ്ടായിരുന്നാല്‍ പോലും വൈദിക കാലഘട്ടത്തിലേതു പോലെ അവക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്.

(കുങ്കും റോയിയുടെ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് മേല്‍ കൊടുത്തിട്ടുള്ളത്. അവതാരിക റോമില ഥാപ്പറുടേതാണ്)