"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 19, വ്യാഴാഴ്‌ച

വേദകാലത്തെ ജീവിതം: ആര്യന്‍ അധിനിവേശം - റൊമീല ഥാപര്‍


റൊമീല ഥാപര്‍
ഇന്ത്യാ ചരിത്രം ആരംഭിക്കുന്നത് ആര്യന്മാരുടെ രവോടെയാണെന്നാണ് മൊഹന്‍ജോദരോയും ഹരപ്പയും കണ്ടെത്തുന്നതു വരെയും കരുതിയിരുന്നത്. എന്നാല്‍ അതിലും വളരെ പഴക്കമുള്ളതാണ് ഇന്ത്യാ ചരിത്രമെന്ന് ഇപ്പോള്‍ നമുക്കറിയാം. ആര്യന്മാര്‍ ഇന്ത്യക്ക് വെളിയില്‍ നിന്നു വന്നു. ഇത്, മിക്കവാറും വടക്കു കിഴക്കന്‍ ഇറാനില്‍ നിന്നും കാസ്പിയന്‍ കടലിനു ചുറ്റുമുള്ള പ്രദേശത്തു നിന്നും ആയിരിക്കാം. പടിഞ്ഞാറേ ഏഷ്യയിലെ പല ഭാഗങ്ങളിലേക്കും യൂറോപ്പിലേക്കും പോയ ആര്യന്മാരില്‍ നിന്നു വേര്‍തിരിച്ചറിയുന്നതിന് ഇന്ത്യയില്‍ വന്നവരെ ഇന്തോ - ആര്യന്മാര്‍ എന്നു വിളിച്ചു.

ആര്യന്മാര്‍ ആദ്യമായി പഞ്ചാബില്‍ പാര്‍പ്പുറപ്പിച്ചു. ക്രമേണ, അവര്‍ ദില്ലിക്ക് തൊട്ട് വടക്കുള്ള പ്രദേശത്തേക്കു നീങ്ങി. അന്ന് അവിടെ സരസ്വതി എന്നു വിളിച്ചു വന്ന ഒരു നദി ഒഴുകിയിരുന്നു. ഇപ്പോള്‍ അത് വരണ്ട് ഇല്ലാതായിരിക്കുകയാണ്. ഇവിടെ അവര്‍ വളരെക്കാലം താമസിച്ചു. ഇവിടെ വെച്ചാണ് വേദങ്ങള്‍ എന്ന് അറിയപ്പെടുന്ന സ്‌തോത്രഗീതങ്ങള്‍ തയാറാക്കിയത്. ഈ പ്രദേശത്തു തന്നെയാണ് പാണ്ഡവരും കൗരവരും തമ്മില്‍ നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന വലിയ യുദ്ധം നടന്ന കുരുക്ഷേത്രം സമതലം. കുറേക്കാലം കഴിഞ്ഞ് ആര്യന്മാര്‍ തങ്ങള്‍ പുതുതായി കണ്ടുപിടിച്ച ഇരുമ്പു കോടാലി ഉപയോഗിച്ച് കാടു തെളിയിച്ചുകൊണ്ട് കുറേക്കൂടി വടക്ക് ഗംഗാ താഴ് വരയിലേക്കു നീങ്ങി. അവര്‍ ഇരുമ്പിന്റെ ഉപയോഗം മനസിലാക്കുകയും ഇരുമ്പുകൊണ്ട് കുരുക്കളും ആയുധങ്ങളും നിര്‍മ്മിച്ചു തുടങ്ങുകയും ചെയ്തു. ഇവ, കാടു വെട്ടിത്തെളിക്കുന്നതിന് അവരെ കൂടുതല്‍ സഹായിച്ചു.

നാടോടികളായ ഇടയന്മാരായാണ് ആര്യന്മാര്‍ വന്നെത്തിയത്. അതായത് അവര്‍ കന്നുകാലികളെ പറ്റമായി (കൂട്ടമായി) വളര്‍ത്തിയിരുന്നു. ഇതായിരുന്നു അവരുടെ പ്രധാന ജീവിത മാര്‍ഗം. അവര്‍ ഒരു സ്ഥലത്തു സ്ഥിരമായി താമസിച്ചിരുന്നില്ല. ക്രമേണ അവര്‍ കൃഷി സ്വീകരിക്കുകയും ഗ്രാമങ്ങളില്‍ സ്ഥിരജീവിതം ആരംഭിക്കുകയും ചെയ്തു. നാടോടികളായി രുന്നതു കൊണ്ട് നഗരജീവിതം അവര്‍ക്ക് അപരിചിതമായിരുന്നു. ആര്യന്മാര്‍ക്ക് നഗരങ്ങള്‍ പടുത്തുയര്‍ത്തുവാന്‍ തുടങ്ങുന്നതിന് നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. അതിനാല്‍ ഗ്രാമങ്ങളായിരുന്നു അവരുടെ പ്രാചീന വാസസ്ഥാനങ്ങള്‍. 

ഹാരപ്പ സംസ്‌കാരത്തിന്റെ കാര്യത്തില്‍ എന്ന പോലെ വാസസ്ഥലം കുഴിച്ചെടുത്തതിനെ അടിസ്ഥാനമാക്കിയല്ല ആര്യന്മാരെ കുറിച്ചുള്ള നമ്മുടെ അറിവ്. അവര്‍ രചിച്ച സ്‌തോത്ര ഗീതങ്ങളിലും കവിതകളിലും കഥകളില്‍ നിന്നുമാണ് നാം ആര്യന്മാരെ കുറിച്ചറിയുന്നത്. ഇവ അവസാനം എഴുതി വെക്കുന്നതു വരെ, ഉരുവിട്ട് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു കൊടുത്തുകൊണ്ടിരുന്നു. നാം ഇവയെ സാഹിത്യപരമായ തെളിവ് എന്നു പറയുന്നു. അവരുടെ ചരിത്രത്തെ അറിയാന്‍ ഇവ സഹായിക്കുന്നു. എന്നാല്‍, അടുത്ത കാലത്ത് ഹസ്തിനപുരം, അത്രാന്‍ജി ഖേര (പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്) തുടങ്ങിയ ചില സ്ഥലങ്ങളിലെ ഖനനങ്ങളില്‍ നിന്നും അവരുടെ സംസ്‌കാരത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തങ്ങളാരാധിക്കുന്ന ദൈവങ്ങള്‍ക്കു സ്തുതിയായിട്ടാണ് ആര്യന്മാര്‍ സ്‌തോത്രഗീതങ്ങള്‍ രചിച്ചിട്ടുള്ളത്. അവര്‍ക്ക് മതാചാരങ്ങള്‍, ജോലി, ആരാധന എന്നിവയെ കുറിച്ച് നിയമങ്ങളുണ്ടായിരുന്നു. ഇവ നാല് വേദങ്ങളില്‍ - ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം - കാണുവാന്‍ കഴിയും. ആര്യന്മാര്‍ തങ്ങളുടെ രാജാക്കന്മാരേയും വീരന്മാരേയും അവരുടെ ധീരതയേയും അവര്‍ പൊരുതിയ യുദ്ധങ്ങളേയും എല്ലാം പറ്റി നീണ്ട ഗാനങ്ങളെഴുതി. ഇവ പിന്നീട് ശേഖരിച്ച് പുരാതന ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങളാക്കിത്തീര്‍ത്തു. ഇവയാണ് രാമായണവും മഹാഭാരതവും.

രാജാവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരും.

ആര്യന്മാര്‍ ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ ഗോത്രവും ഒരു പ്രത്യേക സ്ഥലത്ത് പാര്‍പ്പുറപ്പിച്ചു. ഗോത്രങ്ങള്‍ പലപ്പോഴും യുദ്ധം ചെയ്തിരുന്നു. കന്നുകാലി കൂട്ടങ്ങള്‍ക്ക് മേയുന്നതിന് പുല്‍പ്പാടങ്ങള്‍ ആവശ്യമായിരുന്നു. ഈ പുല്‍പ്പാടങ്ങള്‍ കൈക്കലാക്കുന്നതിനു വേണ്ടി ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തു. ഓരോ ഗോത്രത്തിനും രാജാവ് അഥവാ അധിപതി ഉണ്ടായിരുന്നു. ഇദ്ദേഹത്തെ പൊതുവെ, ശക്തിയും ധൈര്യവും നോക്കി തെരഞ്ഞടുത്തിരുന്നു. പിന്നീട് രാജത്വം പരമ്പരാഗത മായി. അതായത്, രാജാവ് മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ രാജാവായി. ഗോത്രത്തിനെ സംരക്ഷിക്കുക എന്നതായിരുന്നു രാജാവിന്റെ കടമ. ഇതില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഒരു സംഘം ഭടന്മാരുണ്ടയിരുന്നു.

രാജാവ് ഗോത്രത്തിന്റെ അഭിലാഷങ്ങള്‍ക്കനുസരിച്ച് ഭരണം നടത്തി. അദ്ദേഹത്തെ സഹായിക്കാന്‍ ധാരളം ഉദ്യേഗസ്ഥന്മാരുണ്ടായിരുന്നു. തന്റെ സൈന്യത്തിന്റെ അധിപന്‍ - സേനാനി - എപ്പോഴും തന്നോടൊപ്പ മുണ്ടായിരുന്നു. മത ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനും ഒരു പുരോഹിതനും ഉണ്ടായിരുന്നു. അയല്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന, തന്റെ ഗോത്ര ജനങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിന് ദൂതന്മാര്‍ ഉണ്ടായിരുന്നു. തന്റെ ഗോത്രത്തിലെ ഗ്രാമത്തലവന്മാരുമായി - ഗ്രാമിണിമാര്‍ - രാജാവ് കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍ വളരെ പ്രധാനമായ എന്തെങ്കിലും കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമ്പോള്‍ രാജാവ് ഗോത്രത്തിന്റെ മുഴുവന്‍ ഉപദേശം ആരാഞ്ഞിരുന്നു. ഈ അസംബ്ലികളെ സമിതി എന്നും സഭ എന്നും വിളിച്ചു. സമിതിയില്‍ ആലോചനാ വിഷയമായ പ്രശ്‌നത്തെക്കുറിച്ച് ആര്‍ക്കും തന്റെ അഭിപ്രായം പറയാം. സഭയാകട്ടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചെറിയ അസംബ്ലിയാണ് എന്നാണ് കരുതേണ്ടത്.

ഗ്രാമം

ഗോത്രം 'ഗ്രാമങ്ങള്‍' എന്നറിയപ്പെട്ടിരുന്ന ചെറിയ യൂണിറ്റുകളായി വേറിട്ടാണ് ജീവിച്ചിരുന്നത്. നാട്ടിന്‍ പുറങ്ങളില്‍ വസിക്കുന്ന കുടുംബങ്ങളടങ്ങുന്നതാണ് ഒരു ഗ്രാമം. ആര്യന്മാര്‍ നാടോടി ജീവിതമുപേക്ഷിച്ച് കൃഷി സ്വീകരിച്ചപ്പോള്‍ ഗ്രാമങ്ങള്‍ വലുതായി. ഒരു ഗോത്രത്തിലെ വളരെയധികം അംഗങ്ങള്‍ ഒരു ഗ്രാമത്തില്‍ താമസിച്ചു. ഗ്രാമങ്ങളുടെ കൂട്ടത്തെ 'വിശ്' എന്നു വിളിച്ചിരുന്നു. ഗോത്രത്തിലെ ആളുകളെ 'ജനം' എന്നും വിളിച്ചു.

ഗ്രാമത്തെ കുടുംബങ്ങളായി വിഭജിച്ചിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ച് ഒരു കൂട്ടുകുടുംബത്തെപ്പോലെ ജീവിച്ചു. പാട്രിയാര്‍ക്കല്‍ തരത്തില്‍ പെട്ടതായിരുന്നു അന്നത്തെ കുടുംബം. അതായത് കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന പുരുഷനെ കുടുംബത്തലവന്‍ എന്നു കരുതിയിരുന്നു. മിക്കവാറും അപ്പൂപ്പന്‍ ആയിരുന്നു കുടുംബത്തലവന്‍. തലവന്‍ എല്ലാ തീരുമാനങ്ങളുമെടുത്തു. അയാളുടെ തീരുമാനം എന്തായാലും മറ്റ് അംഗങ്ങള്‍ അത് അനുസരിക്കേണ്ടിയിരുന്നു. അതുകൊണ്ട് ഇത് കുടുംബത്തിലെ അധികാരമുള്ള സ്ഥാനം ആയിരുന്നു. ആണ്‍മക്കള്‍ വിവാഹം കഴിച്ചാല്‍ ഭാര്യമാരെ വീട്ടില്‍ കൊണ്ടുവന്ന് പിതാവിന്റെ കൂടെ തന്നെ താമസം തുടര്‍ന്നു. സ്ത്രീകള്‍ ബഹുമാനിക്കപ്പെട്ടിരുന്നു. പലപ്പോഴും പെണ്‍കുട്ടികളും ആണ്‍കുട്ടികള്‍ക്കൊപ്പം വിദ്യാഭ്യാസം ചെയ്തു.

ആര്യന്മാര്‍ ഗ്രാമസമുദായങ്ങളില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ പാടത്ത് കൃഷി ചെയ്യുന്നവരേക്കാള്‍ വളരെ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടുന്നതായി, ഗ്രാമ ജീവിതം. ഗ്രാമത്തില്‍ കൈത്തൊഴില്‍ക്കാരും ഉണ്ടായിരുന്നു. ചില ഗ്രാമങ്ങള്‍ പ്രത്യേക തൊഴിലുകളില്‍ വൈദഗ്ധ്യം നേടുവാന്‍ തുടങ്ങി. ഉദാഹരണത്തിന്, പാത്രമുണ്ടാക്കുവാന്‍ നല്ല കളിമണ്ണുള്ള പ്രദേശങ്ങളില്‍ ധാരാളം 'കുശവന്മാ'രുണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ മിച്ചമുള്ള പാത്രങ്ങള്‍ വേണ്ടത്ര പാത്രം ഇല്ലാത്ത അയല്‍ ഗ്രാമത്തിലേക്ക് അയച്ചു. സാധനങ്ങള്‍ കൈമാറ്റം ചെയ്ത് ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അങ്ങനെ വ്യാപാരം ആരംഭിച്ചു.

എന്നാല്‍ ഇതൊക്കെയും വളരെ ചെറിയ തോതില്‍ ആയിരുന്നു. ഒരുകൂട്ടം കൂരമേഞ്ഞ കുടിലുകള്‍ അടങ്ങുന്നതായിരുന്നു. ഗ്രാമങ്ങള്‍. ഇവക്ക് ചുറ്റും വേലിയുണ്ടായിരുന്നു. വേലിക്ക് പുറത്ത് പാടങ്ങളും. അവ ഉഴുത് കിണറില്‍ നിന്നോ കനാലില്‍ നിന്നോ ജലസേചനം നടത്തി. ഇത് ഹരപ്പന്‍ ജനതയുടെ കൃഷിരീതിയില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്. ബാര്‍ലി ധാരാളം കൃഷി ചെയ്തിരുന്നു. പിന്നീട് അവര്‍ ഗോതമ്പും നെല്ലും കൃഷിചെയ്തു. വേട്ടയാടലായിരുന്നു സാധാരണമായിരുന്ന മറ്റൊരു തൊഴില്‍. ആന, പോത്ത്, മാന്‍, കാട്ടുപന്നി എന്നിവയായിരുന്നു വേട്ടമൃഗങ്ങള്‍. നിലമുഴുന്നതിന് കാളകളെ ഉപയോഗിച്ചു. ആര്യന്മാര്‍ പശുവില്‍ നിന്നും കിട്ടുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ചു. അതുകൊണ്ട് അതിന് മൃഗങ്ങളില്‍ മാന്യമായ സ്ഥാനം കല്പിച്ചു. വാസ്തവത്തില്‍, പ്രത്യേക വിരുന്നുകള്‍ക്ക് ബഹുമാന സൂചകമായി മാട്ടിറച്ചി വിളമ്പിയിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിന്, നൂറു പശുക്കളുടേതിന് തുല്യമായ വില കല്പിച്ചിരുന്നു. ഒരാള്‍ മറ്റൊരാളെ കൊന്നാല്‍, ശിക്ഷയായി അയാള്‍ മരിച്ചയാളിന്റെ കുടുംബത്തിന് നൂറു പശുക്കള്‍ നല്‍കണമായിരുന്നു.


ആര്യന്മാരും അവന്റെ കുതിരയും

ആര്യന്മാര്‍ക്ക് കുതിരയെ വലിയ ഇഷ്ടമായിരുന്നു. അവര്‍ ഇറാനില്‍ നിന്ന് കുതിരകളെ കൂടെ കൊണ്ടു പോന്നിരുന്നു. തേരു വലിക്കുന്നതിന് കുതിരകളെ ധാരാളമായി ഉപയോഗിച്ചിരുന്നു. ആര്യന്മാരുടെ പ്രിയപ്പെട്ട വിനോദങ്ങളിലൊന്നായിരുന്നു തേരോട്ടം. തേരുണ്ടാക്കുന്നവന്‍ സമുദായത്തിലെ ബഹുമാന്യനായ അംഗം ആയിരുന്നു. സ്‌തോത്രഗീത ങ്ങളില്‍ ഇടക്കിടെ തേരിനെ വിവരിച്ചിട്ടുണ്ട്. ലഘുവായ രണ്ടു ചക്രമുള്ള തേരാണ് തേരോട്ടത്തിനും യുദ്ധത്തിനും ഏറ്റവും യോജിച്ചത്.


കടപ്പാട്: ഇന്ത്യാചരിത്രം. പ്രാചീന കാലം. പ്രൊഫ. റൊമീല ഥാപര്‍. മലയാള പരിഭാഷ: ഡി ജയദേവദാസ്. പ്രസാധനം: കരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്. പേജുകള്‍; 34,35,36,37,38.