"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 23, തിങ്കളാഴ്‌ച

ചാര്‍വാക ദര്‍ശനം - ഡോ എന്‍ വി പി ഉണിത്തിരി


ഉണിത്തിരി
ലോകായതം എന്ന് പ്രസിദ്ധമായ ചാര്‍വാക ദര്‍ശനത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. ബൃഹസ്പതിയാണ് ഈ ദര്‍ശനത്തിന്റെ ഉപജ്ഞാതാവെന്ന് 
വിശ്വസിക്ക പ്പെടുന്നു. അദ്ദേഹം രചിച്ച ബാര്‍ഹസ്പത്യ സൂത്രങ്ങളായിരിക്കാം ഈ ദര്‍ശനത്തിന്റെ സ്ഥാപകകൃതി. തികഞ്ഞ ഭൗതികവാദികളായിരുന്ന ചാര്‍വാകരുടെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അസഹിഷ്ണുക്കളായ എതിരിാളികള്‍ ചുട്ടുകരിച്ചിരിക്കാമെന്ന് ഊഹിക്കപ്പെടുന്നു. ഖണ്ഡനത്തിനുവേണ്ടി പ്രതിയോഗികള്‍ ഉദ്ധരിച്ചു ചേര്‍ത്ത വാക്യങ്ങളും സംഗ്രഹിച്ചു നല്‍കിയ വിവരണങ്ങളും മാത്രമേ ചാര്‍വാക ദര്‍ശനത്തെപ്പറ്റി നമുക്കെന്തെങ്കിലും അറിവ് തരുന്നതിന് അവശേഷിക്കുന്നുള്ളൂ. മാധവാചാര്യന്‍ (എ ഡി 14 ആം ശതകം) സര്‍വദര്‍ശന സംഗ്രഹത്തില്‍ നല്‍കുന്ന ലഘുവിവരണം എടുത്തു പറയത്തക്കതാണ്. സ്വഭാവവാദത്തിന്റെ ആദ്യകാല പ്രതിനിധികളായ ചാര്‍വാകന്മാര്‍ സ്വതന്ത്ര ചിന്താഗതിക്കാരായിരുന്നു. കറകളഞ്ഞ ഭൗതികവാദം, അദൃഷ്ടത്തിലുള്ള അവിശ്വാസം, പ്രത്യക്ഷമൊഴിച്ച് മറ്റ് പ്രമാണങ്ങളൊന്നും അംഗീകരിക്കായ്ക, തികഞ്ഞ യുക്തിവാദം എന്നിവ അവരുടെ സഹജ ലക്ഷണങ്ങളത്രേ.

സൃഷ്ടി സ്ഥിതി സംഹാര കര്‍ത്താവായ ഈശ്വരനെ ചാര്‍വാകന്മാര്‍ അംഗീകരിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ ഭൂമി, ജലം, തേജസ്, വായു എന്നീ നാല് ഭൂതങ്ങള്‍ (അമൂര്‍ത്തമായ ആകാശത്തെ ചാര്‍വാക ദര്‍ശനം ഭൂതമായി കണക്കാക്കുന്നില്ല) പ്രത്യേകാനുപാതത്തില്‍ കൂടിച്ചേര്‍ന്ന് ശരീരം ഉണ്ടാകുന്നു. ചില ധാന്യങ്ങള്‍ പുളിപ്പിക്കുമ്പോള്‍ ലഹരി ഉണ്ടാകുന്നതു പോലെ, ഇവയുടെ സംയോഗത്തില്‍ ശരീരത്തില്‍ ജീവ ചൈതന്യം ആവിര്‍ഭവിക്കുന്നു. ചതുര്‍ഭൂതങ്ങള്‍ ശിഥിലമാകുമ്പോള്‍ ശരീരം നശിക്കുന്നു; ചൈതന്യം സ്വയമേവ നഷ്ടമാകുന്നു. സര്‍വദര്‍ശന സംഗ്രഹത്തില്‍ ഈ കാര്യം ചുരുക്കിപ്പറയുന്നത് ഉദ്ധരിക്കാം :

'തത്ര പൃഥിവ്യാദീനി ഭൂതാനി ചത്വാരി തത്വാനി തേഭ്യ ഏവ
ദേഹാകാരപരിണതേഭ്യഃ കിണ്വാദിഭ്യോ മദശക്തിവത്
ചൈതന്യമുപജായതേ; തേഷ്ഠവിനഷ്ടേഷു സ്വയം വിനശ്യതി'

പ്രപഞ്ച സൃഷ്ടിക്ക് ഈശ്വരന്‍ ആവശ്യമില്ലെന്നര്‍ത്ഥം.

പ്രത്യക്ഷ പ്രണാണത്തെ മാത്രമേ ലോകായതന്മാര്‍ അംഗീകരിക്കുന്നുള്ളൂ എന്ന പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ അനുമാനമാത്ര ലഭ്യമായ അദൃഷ്ടത്തേയും മറ്റും അവര്‍ നിരാകരികരിക്കുന്നു. അദൃഷ്ടനാണല്ലോ ഈശ്വരനും. അദൃഷ്ടത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ വൈവിധ്യപൂര്‍ണവും വൈചിത്ര്യ യുക്തവുമായ ലോകതത്തിന്റെ സൃഷ്ടിസ്ഥിതികള്‍ ആകസ്മികമാവുമല്ലോ (യദൃച്ഛാവാദം) എന്ന ചോദ്യത്തിന് ചാര്‍വാക ദര്‍ശനം നല്‍കുന്ന മറുപടി സ്വഭാവവാദത്തിന്റെ അടിസ്ഥാനത്തില്‍ അവയെ വിശദീകരിക്കാമെന്നാണ്.

നോക്കുക:

'അഗ്നിരുഷ്‌ണോ ജലം ശീതം
സമസ്പര്‍ശസ്തഥാനിലഃ
കേനേദം ചിത്രിതം തസ്മാത്
സ്വഭാവാത് തത് വ്യവസ്ഥിതിഃ'

തീ ചൂടുള്ളതാണ്; വെള്ളം തണുത്തും വായും ചൂടും തണുപ്പുമില്ലാത്തതു മാണ്. ആരാണ് ഈ വൈചിത്ര്യമെല്ലാം ഉണ്ടാക്കിയത്? സ്വഭാവം കൊണ്ടാണ് അവയെല്ലാം അങ്ങനെയായത്.

ബൃഹസ്പദിയുടെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഏതാനും ശ്ലോകങ്ങള്‍ താഴെ കൊടുക്കുന്നു. അവ അന്ധവിശ്വാസങ്ങളോടും അനാചാരാനുഷ്ഠാ നങ്ങളോടുമുള്ള ലോകായതന്മാരുടെ സന്ധിയില്ലാ സമരത്തിന്റെ കരുത്ത് വെളിപ്പെടുത്തും.

ന സ്വര്‍ഗോ നാപവര്‍ഗോ വാ
നൈവാത്മാ പരലൗകികാഃ
നൈവ വര്‍ണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാഃ

സ്വര്‍ഗമില്ല; മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. പലപ്രദേശങ്ങളെന്നു വെച്ചിട്ടുള്ള വര്‍ണാശ്രാമദി ധര്‍മ കര്‍മങ്ങളും ഇല്ലതന്നെ.

അഗ്നിഹോത്രം ത്രയോ വേദാഃ
ത്രിദണ്ഡം ഭസ്മഗുണ്ഡനം 
ബുദ്ധിപൊരുഷഹീനാനാം
ജീവികാ ധാതൃതിര്‍മിതാ

അഗ്നിഹോത്രം, മൂന്ന് വേദങ്ങള്‍, സന്യാസം ഭസ്മം പൂശല്‍ ഇവയൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വയറ്റുപ്പിഴപ്പിനു വേണ്ടി പടച്ചുണ്ടാക്കിയ ഏര്‍പ്പാടുകള്‍ മാത്രമാണ്.

പശുശ്ചേന്നിഹതഃ സ്വര്‍ഗം 
ജ്യോതിഷ്ടോമേ ഗമിഷ്യതി
സ്വപിതാ യജമാനേന
തത്ര കസ്മാന്ന ഹിംസ്യതേ?

ജ്യോതിഷ്ടോമ (സോമയാഗത്തില്‍ കൊല്ലപ്പെടുന്ന മൃഗത്തിന്) സ്വര്‍ഗം കിട്ടുമെങ്കില്‍ യജമാനന്‍ ( യാഗം ചെയ്യിക്കുന്നവന്‍) സ്വന്തം അച്ഛനെത്തന്നെ യാഗവേദിയില്‍ എന്തുകൊണ്ട് ഹനിക്കുന്നില്ല? എങ്കില്‍ അദ്ദേഹത്തിനും സ്വര്‍ഗം കിട്ടുമല്ലോ എന്ന് പരിഹാസം.

മൃതാനാമപി ജന്തൂനാം
ശ്രാദ്ധം ചേത് തൃപ്തികാരണം
ഗച്ഛതാമിഹ ജന്തൂനാം
വ്യര്‍ഥം പാഥേയ കല്പനം.

മരിച്ച ആളുകള്‍ക്ക് ശ്രാദ്ധം തൃപ്തിക്ക് കാരണമാകുമെങ്കില്‍ ലോകത്തില്‍ യാത്രചെയ്യുന്ന ആളുകള്‍ പൊതിച്ചോറ് കയ്യില്‍ കരുതുന്നത് വെറുതെയാണ്. യാത്രചെയ്യുന്നവരുടെ ബന്ധുക്കള്‍ വീട്ടില്‍വെച്ച് ശ്രാദ്ധമൂട്ടുന്നതുപോലെ ചെയ്താല്‍ പോരെ എന്ന് രൂക്ഷ പരിഹാസ ഗര്‍ഭമായ ആക്ഷേപം.

യാവജ്ജീവം സുഖം ജീവേത്
ഋണം കൃത്വാ ഘൃതം പിബേത്;
ഭസ്മീഭൂതസ്യ ദേവസ്യ
പുനരാഗമനം കുതഃ?

യദി ഗച്ഛേത് പരം ലോകം
ദേഹാദേഷ വിനിര്‍ഗതഃ
കസ്മാത് ഭൂയോ നചായാതി
ബന്ധുസ്‌നേഹസമാകുലഃ?

ജീവിക്കുന്നിടത്തോളം കാലം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യു കഴിക്കണം. ശരീരം ചുട്ടു ചാമ്പലായാല്‍പ്പിന്നെ തിരിച്ചു വരുന്നതെങ്ങനെ? മരിച്ചയാള്‍ ശരീരം വെടിഞ്ഞാല്‍ പരലോകം പ്രാപിക്കുമെങ്കില്‍ എന്തുകൊണ്ടാണ് അയാള്‍ ബന്ധുസ്‌നേഹ പരവശനായി വീണ്ടും അവരെ കാണാന്‍ വരാത്തത്? പുര്‍ജന്മം കേവലം അന്ധവിശ്വാസ മാണ്. അതിനാല്‍ ഭൗതിക ജീവിതം സുഖസമൃദ്ധമാക്കാന്‍ ശ്രമിക്കുകയാണ് നമ്മുടെ കടമ എന്നര്‍ത്ഥം.

തതശ്ച ജീവനോപായോ
ബ്രാഹ്മണൈര്‍വിഹിതാസ്ത്വിഹ
മൃതാനാം പ്രേതകാര്യാണി
ന ത്വന്യത് വിദ്യതേ ക്വചിത്

അതുകൊണ്ട് ബ്രാഹ്മണര്‍ മരിച്ചവര്‍ക്ക് ശേഷക്രിയകള്‍ വിധിച്ചത് തങ്ങള്‍ക്ക് ഉപജീവനമാര്‍ഗ മുണ്ടാക്കാന്‍ വേണ്ടി മാത്രമാണ്: മറ്റൊന്നും ഒരിടത്തുമില്ല.

ഇപ്രകാരം അര്‍ത്ഥശങ്കക്കിട നല്‍കാത്ത വിധത്തില്‍ ഈശ്വരനെന്ന അന്ധവിശ്വാസത്തെ മാത്രമല്ല, അതോടനുബന്ധിച്ചുള്ള മറ്റന്ധവിശ്വാസ ങ്ങളേയും ചാര്‍വാകന്മാര്‍ യുക്തിയുക്തം നിരാകരിക്കുകയുണ്ടായി. അതിനാല്‍ ആധുനിക ഭൗതികവാദ പ്രസ്ഥാനങ്ങള്‍ക്ക് ആവേശ ജനകമാണ് ചാര്‍വാക ദര്‍ശനത്തിന്റെ നിഷ്‌കൃഷ്ട പഠനം.

കേരള ശാസ്തസാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച ഡോ. എന്‍ വി പി ഉണിത്തിരിയുടെ 'ഭാരതീയ ദര്‍ശങ്ങളിലെ അറിയപ്പെടാത്ത മുഖം' ന്നെ പുസ്തകത്തില്‍ നിന്നും. ഫോട്ടോ ഇന്റര്‍നെറ്റില്‍ നിന്നും.