"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 7, ശനിയാഴ്‌ച

പുസ്തകം: ദ്രമിളം; പുലയഭാഷ ഒരു പഠനം - പി കെ കുട്ടപ്പന്‍ കുലയറ്റിക്കര


പ്രസാധകര്‍; കറന്റ് ബുക്‌സ്
വില; 60 രൂപ

' ദ്രമിളം ' എന്റെ ഭാഷയാണ്. 'പെലപ്പേച്ച്' എന്നാണ് സമൂഹം ഇതിനെ വിളിച്ചിരുന്നത്. ഉല്പത്തി ശബ്ദധ്വനി മൊഴിയും, ശൈലിയുമുള്ള ദ്രാവിഡ ഗോത്രഭാഷ. എന്റെ മാതാ പിതാക്കളുടേയും കൂടെപ്പിറപ്പുകളുടേയും സമുദായത്തിന്റേയും നാവിന്‍ തുമ്പില്‍ നിന്നും എന്റെ കര്‍ണങ്ങള്‍ ഒപ്പിയെടുത്ത് മനസ്സിന്റെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കുന്ന അമൂല്യ നിധിയാണത്. ഗോത്രവര്‍ഗ പരമ്പരകളെന്ന നിലയില്‍ തലമുറകളില്‍ നിന്നു തലമുറകളിലേക്കു വാമൊഴിയായി പകര്‍ന്നു പോന്നതാണെന്റെ ഭാഷ. മലയാളഭാഷാ വായ്‌മൊഴിയിലെ അനിഷേധ്യ ഘടകമാണത്. വര്‍ഗത്തിന്റേയും ഭാഷയുടേയും പേരിന് അടിസ്ഥാനം 'പുലം' എന്ന പദമാണ്., 'പുല'യല്ല. ഇങ്ങനെയാണ് പുലത്തില്‍ അധിവസിച്ചിരുന്നവര്‍ പുലയരും അവരുടെ ഭാഷ 'പുലപ്പേച്ചു'മായത്.

എന്റെ ഭാഷ ഏതെന്ന് വിവിധ കോണുകളില്‍ നിന്നും വിവിധ കാലങ്ങളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളുമുണ്ടായിട്ടുണ്ട്. ഇതിന് ഉത്തരം നല്‍കുവാന്‍ എനിക്ക് ഭാഷ കൈമാറിയ അഭിവന്ദ്യ പിതാക്കന്മാര്‍ക്കു കഴിഞ്ഞില്ല. എന്റെ ഭാഷയുടെ ഉറവിടം തേടി ഇറങ്ങേണ്ടി വന്ന സാഹചര്യങ്ങളില്‍ ഒന്നാണിത്.

ഒരു ഗവേഷകന്‍ തന്റെ കേട്ടറിവിലോ, സങ്കല്പങ്ങളിലോ, അല്പാനുഭവ ത്തിലോ പ്രേരിതമായി, ഉദ്ദിഷ്ട വിഷയത്തില്‍ കൈക്കൊള്ളുന്ന ഗവേഷണങ്ങള്‍ക്കിടയില്‍ ലക്ഷ്യത്തെക്കുറിച്ച് ലഭിക്കുന്ന സൂചനകളില്‍ നിന്നും രൂപപ്പെടുത്തുന്ന നിഗമനങ്ങളുടെ വസ്തുനിഷ്ഠമായ അന്തിമ വിശകലനത്തില്‍ ഉരുത്തിരിയുന്ന വസ്തുതകള്‍ ലക്ഷ്യത്തെ പ്രദാനം ചെയ്യുന്നു. ദ്രമിള ഭാഷാന്വേഷണത്തില്‍ സംഭവിച്ചതും അതുതന്നെ.

മലയാള ഭാഷാ വ്യാകരണ രചനാ വേളയില്‍ മലയാളത്തിന്റെ വ്യാപന മേഖലാ നിര്‍ണയത്തിനിടയില്‍ കേരളത്തിന്റെ അതിരുകളോടു കൂടിയ ' ദ്രമിളം' എന്നൊരു പൗരാണിക രാജ്യത്തേയും അതിന്റെ അധിപതി യേയും പേരു സഹിതം പരാമര്‍ശിക്ക പ്പെടുന്നുണ്ടെങ്കിലും അവിടത്തെ ഭാഷയെ സംബന്ധിച്ച് യാതൊരു സൂചനയും നല്കുന്നില്ല. ഒരു ഭാഷയുടെ വ്യാകരണ രചനക്കിടയില്‍ മറ്റൊരു രാജ്യത്തിന്റെ പേരു കടന്നുവരണ മെങ്കില്‍ ആ രാജ്യത്തിന്റെ ഭാഷാ വ്യാകരണം പഠന വിഷയമാകുന്ന സാഹചര്യം അനിവാര്യമായിരിക്കണം. ഇവിടെ അത്തരമൊരു സാഹചര്യ മുണ്ടായില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ അതിരുകള്‍ നിര്‍ണയിച്ച ശേഷം പോരുപോലും പറയാതെ ദ്രമിള രാജ്യത്തെ ഭാഷയെ ഒഴിവാക്കുകയായിരുന്നു. ഒരു രാജ്യവും അതിനു ജനാധിപത്യവു മുണ്ടാവണമെങ്കില്‍ അവിടെ പ്രജകളും ഭാഷയും ഉണ്ടായിരിക്കണമെന്ന പ്രകൃതി നിയമത്തില്‍ ഇവിടെ പ്രാബല്യമുണ്ടെങ്കിലും ഭാഷയെ സംബന്ധിച്ച പരാമര്‍ശം ഒഴിവാക്കപ്പെടുകയായിരുന്നു. 'തമിഴ്' എന്നതിന്റെ സംസ്‌കൃതീകരണമാണ് ' ദ്രമിളം എന്നതാണ് ഒഴിവാക്കലിന് കണ്ടെത്തിയ ഒന്നാമത്തെ ന്യായം. ' ദ്രമിളം' എന്നതില്‍ രേഫാധിപത്യം കാണുന്നത് ക്രമുകം ശബ്ദത്തിലേതുപോലെ വെറുതെ വലിഞ്ഞു കയറിയതായിരിക്കാ' മെന്ന വിലയിരുത്തലില്‍ ക്രമുകവും ദ്രമിളവും ഏതോ ഭാഷാ പദങ്ങളാണെന്ന് പരോക്ഷമായി അംഗീകരിക്കുന്ന ഗവേഷകര്‍ അവ ഏതു ഭാഷയിലേതാണെന്ന് അന്വേഷിക്കാനുള്ള ചുമതല കൂടി ഏറ്റെടുക്കേണ്ട തായിരുന്നു. അതിന് അവര്‍ തയ്യാറാകാതെ ഈ പദങ്ങളെ ആട്ടിപ്പുറത്താക്കി. ഈ പ്രവൃത്തിയാണ് ക്രമുകത്തിന്റേയും ദ്രമിളത്തിന്റേയും ഭാഷയേതെന്ന് അന്വേഷിക്കുവാന്‍ പ്രേരിപ്പിച്ച രണ്ടാമത്തെ ഘടകം. മലയാള ഭാഷാ ഗവേഷകര്‍ തിരസ്‌കരിച്ച ഏതാനും പദങ്ങളെ ചുറ്റിപ്പറ്റി പുലയ സമുദായത്തിന്റെ വായ്‌മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് നിര്‍വചിക്ക പ്പെടാതിരുന്ന 'ദ്രമിളം' എന്ന ഭാഷയെ കണ്ടെത്തലിലാണ്.

കേരളീയ അധഃസ്ഥിതരില്‍ എണ്ണത്തിലും വണ്ണത്തിലും പ്രമുഖര്‍ പുലയരും പറയരുമാണ്. ഇവരില്‍ പറയരുടെ ഗോത്രഭാഷ അറിയപ്പെടുന്ന ഒന്നാണ. അല്പസ്വല്പ പ്രാദേശിക ശൈലീ വ്യത്യാസങ്ങളോടെ അത് ഇന്നും നിലവിലുണ്ട്. അതാണ് 'പാളോന്‍ ഭാഷ' . മലയാള ഭാഷാ ഉത്പത്തിക്കു മുമ്പ് ദ്രമിളം ദേശ ഭാഷയായി തീര്‍ന്നിരുന്നതിനാല്‍ പറയരും ആ ഭാഷ വലയത്തില്‍ പെടുകയാല്‍ പാളോര്‍ ഭാഷ പ്രസരണ ശേഷിയാര്‍ജിക്കാതെ സ്വന്തം സമുദായത്തിലേക്കു ഉള്‍വലിയുകയായിരുന്നു. പുലയര്‍ തമിഴ് പരമ്പരകളാണെന്നും അവരുടെ ഭാഷ തമിഴാണെന്നും അഭിപ്രായമുണ്ട്. ഇതു മുതലാക്കി പുലയഭാഷ അന്വേഷിച്ച് ഒരു ഗവേഷകന്‍ തമിഴ് ചരിത്രമത്രയും അരിച്ചു പെറുക്കി. ഭാരത - ലോക ചരിത്രമാകമാനം ചികഞ്ഞു നോക്കി. പുലയ ഭാഷയുടെ ഏതെങ്കിലുമൊരു സൂചന പോലും അവിടെയെങ്ങും കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 'ഇല്ലത്തു നിന്നു ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല' എന്ന അവസ്ഥയില്‍ പെട്ടു. ഇതിനു പരിഹാരമായി അടുത്ത കാലത്തു മാത്രം അപൂര്‍വമായി പ്രയോഗത്തില്‍ വന്ന അന്യ ഭാഷാ പദമായ 'ദലിത്' എന്ന പദത്തെ പിടുകൂടി; അതിന് ഭാഷയുടെ പരിവേഷം നല്കി. ദലിത് എന്ന പദത്തിന്റെ അര്‍ത്ഥം അകറ്റി നിര്‍ത്തപ്പെട്ടത് എന്നാണ്. അങ്ങനെ ഭാഷയെ അകറ്റി നിര്‍ത്തി, അതിന്റെ ഒരു വാചകം പോലും ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന കുമ്പസാരത്തോടെ ഒരു ഗ്രന്ഥം രൂപം പ്രാപിച്ചു. അതാണ് പരേതനായ കവിയൂര്‍ മുരളിയുടെ ഭഷയില്ലാത്ത ഭാഷാഗ്രന്ഥം 'ദലിത് ഭാഷ'.

ഈ ഗ്രന്ഥത്തില്‍ ആദ്യത്തെ നാല് അധ്യായങ്ങളിലായി ദ്രമിള വാക്യങ്ങളും വാക്കുകളും ഭാഷാ മൊഴിയും അവതരിപ്പിച്ചിട്ടുണ്ട്. ഭാഷയെ സംബന്ധിച്ച് വ്യക്തമായ തിരിച്ചറിവുണ്ടാകുന്നതിനു വേണ്ടി മൊഴിക്കു പുറമേ ശൈലിയും അവതരിപ്പിച്ചി രിക്കുന്നു. ഭാഷയുടെ വ്യാകരണ ലേശത്തിലേക്കും കടന്നു ചെന്നിട്ടുണ്ട്.

ഏതൊരു ഭാഷയുടേയും ഉത്ഭവം നിയമ നിബന്ധനകളോടു കൂടിയതല്ല. വാമൊഴിയോടു കൂടിയുള്ള ഭാഷയുടെ വളര്‍ച്ചക്കിടയില്‍ അതിന്റെ പ്രയോഗ രീതികളെ വിശകലനം ചെയ്ത് വൈയാകരണന്മാര്‍ സിദ്ധാന്തിക്കുന്നതാണ് ഭാഷാ നിയമങ്ങളും നിബന്ധനകളും. ഇതാണ് വ്യാകരണം. ആ നിലയില്‍ വാമൊഴി ഇല്ലാത്ത ദ്രമിളത്തിന് വ്യാകരണ കുറവുകളുടേയും പിഴവുകളുടേയും ശൈലിയുടേയും അടിസ്ഥാനത്തില്‍ അപരിഷ്‌കൃതം, അപഭ്രംശം, വിലക്ഷണം, പ്രാകൃതം, വര്‍ണവികാരം തുടങ്ങിയ കുറവുകള്‍ വിധിക്കാവുന്നതല്ല.

സംസ്‌കൃത ഭാഷാ സമ്പര്‍ക്കത്താല്‍ ദേശ ഭാഷയായ മലയാളമായി പുനര്‍ജനിച്ച ദ്രമിളത്തിന്റെ ആധികാരികതയും തെളിവും ജീവിച്ചിരി ക്കുന്ന ആതിന്റെ പരമ്പരാഗത ഉടമകളാണെന്ന് പ്രസ്താവിക്കുന്നതിന് അതീവ സന്തോഷമുണ്ട്.

ദ്രമിളത്തിന്റെ കണ്ടെത്തലോടെ അപ്രതീക്ഷിതമായി ചെന്നെത്തിയത് അന്വേഷണ വിഷയത്തിന്റെ ഘടകമേ അല്ലാതിരുന്ന മലയാള ഭാഷാ ഉത്പത്തി വിവരങ്ങളിലാണ്. മലയാള ഭാഷാ ഉത്പത്തി സംബന്ധിച്ച് നിലവിലുള്ള സന്ദിഗ്ധ സിദ്ധാന്തങ്ങള്‍ സത്യമായി മാറുന്ന അനുഭവമാണ് ഗവേഷകനുണ്ടായത്. മലയാള ഭാഷാ വാമൊഴി ഇതിന് പേരരണയും നല്കുന്നു. ഇങ്ങനെ ദ്രമിള ഭാഷാന്വേഷണം ദ്വിമുഖ നേട്ടമാണ് കൈവരിച്ച തെന്ന് പ്രസ്താവിക്കുന്നതില്‍ അതീവ സന്തോഷവും സംസതൃപ്തിയുമുണ്ട്. - പി കെ കുട്ടപ്പന്‍ കുലയറ്റിക്കര.