"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 8, ഞായറാഴ്‌ച

പുസ്തകം: നാരായണഗുരുചിന്ത ഗാരി ഡേവിസ് വരെ - ഡോ പി വി ഉണ്ണികൃഷ്ണന്‍


പ്രസാധകര്‍: പ്രോഗ്രസ് പബ്ലിക്കേഷന്‍സ്, കോഴിക്കോട് 4
e-mail:progresspublication@gmail.com
വില 70 രൂപ

നാരായണഗുരുവിനെ മനസ്സിലാക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും ഉള്ള ശ്രമത്തിന്റെ ഭാഗമായി ലേഖനങ്ങളും പുസ്തകങ്ങളും ദിവസവുമെ ന്നോണം പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പഠിതാക്കളുടെ കാഴ്ചപ്പാടുകളിലെ വൈവിധ്യവും വൈരുധ്യവും വായനക്കാരെ ആശയക്കുഴപ്പത്തിലാക്കു ന്നുണ്ട്. ഗുരു 1903 ല്‍ സഥാപിച്ച ഒരു സംഘടനയാണ് എസ്എന്‍ഡിപി യോഗം. ഈ സംഘടനയില്‍കൂടി ഗുരു കുറേയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരുവിന് സംഘടനയെ തള്ളിപ്പറയേണ്ടിവന്നു. ഗുരുവിനെ മനസ്സിലാക്കാന്‍ അനുയായികള്‍ക്ക് സാധിച്ചില്ല. അവര്‍ അതിന് ശ്രമിച്ചതുമില്ല. ഭക്തിയുടെ മാര്‍ഗമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും കയറാത്ത ഇരുട്ടറകളില്‍ പ്രതിഷ്ഠിച്ച് ഗുരുവിനെ അവര്‍ ശ്വാസം മുട്ടിക്കുകയാണ്.

ഗുരു ജീവിച്ചിരിക്കുന്ന കാലത്ത് ഈഴവരോ ഹിന്ദുക്കളോ അല്ലാത്ത ഏറെ പേര്‍ എസ്എന്‍ഡിപി യോഗത്തിന്റെ അംഗങ്ങളായിരുന്നു. ഇന്ന് സംഘടന ഒരു ജാതിക്കാരുടേത് മാത്രമാണെന്നു പറയാന്‍ അതിന്റെ നേതാക്കന്മാര്‍ക്ക് മടിയില്ല. അതുപേലെതന്നെ ഒരു മതക്കാരുടെ മാത്രം സംഘടനയാണെന്നും. ശ്രീനാരായണ ധര്‍മ്മസംഘത്തിലെ സന്യാസിമാര്‍ ഹിന്ദു സന്യാസിമാരുടെ യോഗത്തില്‍ സംബന്ധിക്കുന്നതിനെ സംഘം വിലക്കിയിട്ടുണ്ട്. ആ സന്യാസിസംഘം ഇപ്പോള്‍ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗത്തെപ്പറ്റി മിണ്ടുന്നില്ല.

ഗുരുവിന്റെ പേരില്‍ രണ്ട് സന്യാസി പരമ്പരകള്‍ ആണ് ഉള്ളത്. കൂടുതല്‍ അംഗങ്ങളുള്ള പരമ്പരയാണ് ശിവഗിരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധര്‍മ്മസംഘം. അംഗസംഖ്യ കുറയുമെങ്കിലും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന സന്യാസിമാരുടെ സംഘമാണ് നാരായണഗുരുകുലം. ഇപ്പോഴത്തെ അധ്യക്ഷന്‍ ഗുരു മുനിനാരായണപ്രസാദ് ആണ്. ഗുരു നിത്യചൈതന്യ യതിയില്‍ നിന്നുമാണ് നാരായണപ്രസാദ് സ്ഥാനമേറ്റത്. യതി നടരാജഗുരുവിന്റെ ശിഷ്യനായിരുന്നു. നടരാജനെ ഉപരിപഠനത്തി നായി യൂറോപ്പിലേക്കയച്ചത് നാരായണഗുരുവാണ്. പക്ഷെ നടരാജന്‍ മടങ്ങിവരുന്നതിനു മുമ്പ് ഗുരു സമാധിയായി. ഇന്ത്യയില്‍ മടങ്ങയെത്തിയ നടരാജന്‍ ധര്‍മ്മസംഘത്തില്‍ ചേര്‍ന്നില്ല. കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും നാരായമഗുരുവിന്റെ ദര്‍ശനം പ്രചരിപ്പിക്കുക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. നടരാജഗുരുവിനേയും ഗുരു നിത്യചൈതന്യയതി യേയും മുനി നാരായണപ്രസാദിനെയും പറ്റി അവരുടെ കാഴ്ചപ്പാടിനേ യും പ്രവര്‍ത്തന ശൈലിയേയും പറ്റി അറിയാവുന്ന മലയാളികള്‍ ചുരുക്കമാണ്. അവരിലൊരാളാണ് സര്‍വകലാശാലാ തലത്തില്‍ ഫലോസഫി പഠിപ്പിക്കുന്ന പണ്ഡിതനായ പ്രൊഫ. പി വി ഉണ്ണികൃഷ്ണന്‍. 

ഡോ. ഉണ്ണികൃഷ്ണന്റെ പുസ്തകം നാരായണ ഗുരുവിനെപ്പറ്റി നമുക്ക് പല പുതിയ അറിവുകളും തരുന്നുണ്ട്. നടരാജഗുരു മുതല്‍ നാരായണപ്രസാദ് വരെയുള്ള ഗുരുക്കന്മാരുമായുള്ള അടുത്ത പരിചയവും വ്യക്തിബന്ധവും നാരായണഗുരുവിന്റെ കൃതികള്‍ ആഴത്തില്‍ പഠിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഗുരുവിന്റെ ദാര്‍ശനിക രചനകളില്‍ ഏറ്റവും പ്രധാനമെന്നു പറയാവുന്ന ദര്‍ശനമാലയെപ്പറ്റി പറയുമ്പോള്‍ ആ കൃതി ഉണ്ടാവാനിടയായ പശ്ചാത്തലം മുതലാണ് അദ്ദേഹം തുടങ്ങുന്നത്. വിദ്യാനന്ദസ്വാമി എന്ന ശിഷ്യന്‍ ഗുരുവിനോട് ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്തി: 'അങ്ങയുടെ ദാര്‍ശനിക നിലപാടും ജീവിത ദൗത്യവും എന്തെന്ന് വരും തലമുറക്ക് മനസ്സിലാക്കാനായി ഒരു കൃതി ഉണ്ടായാല്‍ നന്നായിരുന്നു.' ദര്‍ശനമാലയിലൂടെ വേണം ഗുരുവിനെ സമീപിക്കേണ്ടത് എന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം.

നാരായണ ഗുരുകുലത്തെപ്പറ്റി ഒട്ടേറെ വിവരങ്ങള്‍ - അതിന്റെ ഉത്ഭവം, പ്രവര്‍ത്തന ശൈലി, ലക്ഷ്യങ്ങള്‍ - ഗ്രന്ഥകാരന്‍ നമുക്ക് തരുന്നുണ്ട്. ഗാരി ഡേവിസിനെപ്പറ്റിയുള്ള ലേഖനം ഹൃദയസ്പര്‍ശിയാണ്. യാത്രക്കിടയില്‍ നടരാജഗുരുവിനെ കണ്ടുമുട്ടുന്ന ഗാരി ഗുരുവിന്റെ ലോകപൗരത്വമെന്ന ആശയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും ആത്മാര്‍ത്ഥമായി അതിനുവേണ്ടി യത്‌നിക്കുന്നതും ആദര്‍ശത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്. ഈസ്രായേല്‍ പ്രധാനമന്ത്രിയും പിഎല്‍ഒ നേതാവും തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവെക്കുന്നതിന് ഇടവരുത്തിയ പത്രപ്രവര്‍ത്തകയുടെ 5 വര്‍ഷം നീണ്ട ഭഗീരഥപ്രയത്‌നം ഒരു കഥാകൃത്തിന്റെ പാടവത്തോടെ ഗ്രന്ഥകാരന്‍ വിവരിക്കുന്നു.

തെക്കേ ഇന്ത്യയിലെ ജാതിവ്യവസ്ഥയെപ്പറ്റി സ്വതന്ത്രമായ കാഴ്ചപ്പാടാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. സ്വയംഭൂക്കളായ ദേവന്മാരെന്ന് നാരായണഗുരു വിശേഷിപ്പിക്കുന്ന അവര്‍ണരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ ഹിന്ദുക്കളായി ചിത്രീകരിക്കാനിടയായ ചരിത്ര സന്ദര്‍ഭം വെളിച്ചത്തു കൊണ്ടുവരുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിട്ടുണ്ട്...

ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലത്ത് ജനിച്ചുവളര്‍ന്ന ഗുരു ആധുനിക വിദ്യാഭ്യാസം നേടിയ അനുയായികളു മായുള്ള ചര്‍ച്ചകളിലൂടെ പാശ്ചാത്യ വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും ഉണ്ടായ പുത്തന്‍ പ്രവണതകളുമായി പരിചയപ്പെട്ടു കൊണ്ടിരുന്നു എന്ന കാര്യം, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവരെ ഗുരു വായിച്ച് കേട്ടിരിക്കുന്നു എന്ന കാര്യം പലര്‍ക്കും പുത്തന്‍ അറിവ് ആയിരിക്കും. ഭിന്നാഭിപ്രായങ്ങള്‍ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളാണ് എന്ന് സോക്രട്ടീസ് അവതരിപ്പിച്ച ദര്‍ശനവും ദര്‍ശനമാലയിലൂടെ നാരായണഗുരു അവതരിപ്പിച്ച സത്യവും താരതമ്യം ചെയ്യപ്പെടുന്നുണ്ട്.

നാരായണഗുരുവിന്റെ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വിജയം വരിച്ച ഗ്രന്ഥകാരന്‍ ആ മഹാനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന ഒരു അമൂല്യ ഗ്രന്ഥമാണ് നാരായണഗുരു എന്ന ഈ ചെറുപുസ്തകം എന്നതില്‍ തര്‍ക്കമില്ല. - ഡോ. കെ സുഗതന്‍ (അവതാരികയില്‍...)