"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 19, വ്യാഴാഴ്‌ച

നാടുവാഴിത്തം ഇന്ത്യയില്‍ - രാഹുല്‍ സാംസ്‌കൃത്യായന്‍


സാംസ്‌കൃത്യായന്‍
ഹിന്ദുഭാരതത്തിന്റെ നാടുവാഴിത്ത കാലത്തിലേക്ക് ഒന്നെത്തി നോക്കുക. അവിടെയും ഇതേ ചിത്രം കാണാം. മനുവും മറ്റ് ധര്‍മ്മശാസ്ത്രകാരന്മാരും രാജാവിന്റെയും പ്രജയുടെയും കര്‍ത്തവ്യത്തെക്കുറിച്ച് ധാരാളം എഴുതിത്തള്ളിയിട്ടുണ്ട്. അതില്‍ ഒന്നു മനസിരുത്തുന്ന പക്ഷം ഇവിടെ നാടുവാഴി വര്‍ഗത്തിന്റെ പട്ടവും പരിവട്ടങ്ങളും സുരക്ഷിതമാ ക്കാന്‍ വേണ്ടി അധ്വാനത്തിന്റെയും ജീവിതത്തിന്റെയും ഒരു സിംഹഭാഗം നീക്കിവെക്കേണ്ടത് ജനതയുടെ കര്‍ത്തവ്യങ്ങളില്‍ പ്രധാനമാണെന്നു കാണാം. അവരുടെ അധികാര ലിസ്റ്റില്‍ പുനര്‍ജന്മത്തിലും പരലോകത്തിലും കാണപ്പെടുന്ന വസ്തുക്കളാണ് കൂടുതല്‍. സമുദായത്തിലുള്ള അസമത്വ ങ്ങളില്‍ വെണ്‍കളിയടിച്ചും രൂപഭദ്രതയോടെ വ്യാഖ്യാനിച്ചും പൊത്തിവെക്കാന്‍ പ്രയന്തിച്ചിട്ടുണ്ട്. സമുദായം ശരീരമാണെന്നും വിഭിന്ന വര്‍ഗങ്ങള്‍ അതിന്റെ അംഗങ്ങളാണെന്നും പറഞ്ഞ് ഈ വര്‍ഗവിദ്വേഷം തെല്ലൊന്ന് മയപ്പെടുത്താനുള്ള യത്‌നത്തിന്റെ ഫലം മാത്രമാണ് വൈദിക - പുരുഷ - സൂക്തം എഴുതപ്പെട്ടത് 'ബ്രാഹ്മണന്‍ (പുരോഹിതന്‍) ഈ സമുദായ ശരീരത്തിന്റെ മുഖമാണ്, രാജന്യന്‍ (രാജാവ് അല്ലെങ്കില്‍ നാടുവാഴി വര്‍ഗം) കൈകളും, വൈശ്യന്‍ (വ്യാപാരി) തുടകളും, ശൂദ്രന്‍ കാലുകളും.' ഗീത പോലുള്ള പിന്‍വഴി ഗ്രന്ഥങ്ങള്‍ 'സ്വധര്‍മ്മത്തില്‍ മരിക്കുന്നതാണ് ശ്രേയസ്' എന്ന് വ്യാഖ്യാനിച്ച് അത്തരം ചട്ടക്കൂടുകളെ ആണിവെച്ചുറപ്പിച്ചു. (സ്വധര്‍മ്മേ നിധനം ശ്രേയഃ പരധര്‍മ്മോ ഭയാവഹഃ)

ആര്യാനാര്യന്മാരില്‍ ഭരണക്കാരന്‍ ആരായിരിക്കണമെന്ന് നിശ്ചയിച്ചതും പഞ്ചാബില്‍ വെച്ചുതന്നെയായിരുന്നു. ഗംഗാതടം സമീപിച്ചതോടെ അനാര്യ ജാതികള്‍ തുടര്‍ന്നുള്ള സമരം നിരര്‍ത്ഥമാണെന്നു കരുതി ആയുധം വെക്കാന്‍ തീരുമാനിക്കുകയും, ജയിച്ചവരുടെ സ്വാര്‍ത്ഥത്തിനും കല്പനക്കും കീഴടങ്ങി ജീവിക്കുന്നതിന് അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഗംഗാതടത്തിലെ സമൃദ്ധമായ ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ പങ്കാളിത്തമുണ്ടായിരുന്നില്ല. ആ ജീവിതത്തില്‍ നിന്ന് കൂടുതല്‍ മുതലെടുത്തത് ഭൗതിക ലോകം ഭരിക്കുന്ന ശാസക വര്‍ഗവും (ക്ഷത്രിയര്‍) ദൈവലോക ഭരണവര്‍ഗവും (ബ്രാഹ്മണര്‍) ആയിരുന്നു. ദൈവീകത്തിന്റെ ഭരണക്കാര്‍ അഥവാ പുരോഹിത വര്‍ഗം ഗംഗാതീരത്തെ ഫലഭൂയിഷ്ഠമായ ഭൂവിഭാഗത്തിന്റെ സന്താനമായിരുന്നു. ഇവിടെ വെച്ചായിരുന്നു ആര്യന്മാര്‍ ബ്രാഹ്മണനെന്നും ക്ഷത്രിയനെന്നും രണ്ടായി പിരിഞ്ഞതും, പരസ്പര വിരുദ്ധ സ്വാര്‍ഥമുള്‍ക്കൊള്ളുന്ന ആ രണ്ടു ശക്തികളും തമ്മില്‍ സഥിരമായ ഒരു ഒത്തുതീര്‍പ്പി ലെത്തി ച്ചേര്‍ന്നതും (3000 - 3500 വര്‍ഷത്തേക്ക്) ഭാരതീയ പുരോഹിത വര്‍ഗം (ബ്രാഹ്മണര്‍) ഭോഗരഹിതമായ ജീവിതം നയിച്ചിരുന്നു എന്നത് വെറും അബദ്ധമാണ്. വേദത്തിന്റെയോ ഉപനിഷത്തിന്റെയോ ബുദ്ധന്റെയോ കാലത്തെ ഏത് സാഹിത്യം പരിശോധിക്കുക, ഒരിടത്ത് വസിഷ്ഠനാണെ ങ്കില്‍ മറ്റൊരിടത്ത് വിശ്വാമിത്രന്‍ രാജസേവയുടെ പുരസ്‌കാരമെന്ന നിലയില്‍ വമ്പിച്ച ദക്ഷിണകള്‍ വാങ്ങുന്നതും കുടുംബ സമേതം ബൂര്‍ഷ്വാ ജീവിതം കൊണ്ടാടുന്നതും കാണാം; കൊമ്പും കുളമ്പും കനകം കെട്ടിച്ച് ജനകന്‍ ദക്ഷിണ കൊടുത്ത് ആയിരമായിരം മെച്ചപ്പെട്ട കറവപ്പശുക്കളെ തെളിച്ചുകൊണ്ടു പോകുന്നതായിട്ടാണ് യാജ്ഞവല്‍ക്യനെ കാണുന്നതെങ്കില്‍ മറ്റൊരിടത്ത് തന്റെ സമ്പത്ത് രണ്ട് ഭാര്യമാര്‍ക്കായി വീതിക്കുന്ന ബദ്ധപ്പാടിലാണ്, ബുദ്ധ സമകാലീനന്മാരായ ബ്രാഹ്മണര്‍ എത്രത്തോളം 'ഭോഗരഹിതമായി' ജീവിച്ചിരുന്നു, അറിയാന്‍ നിങ്ങള്‍ ത്രിപിടകത്തിലേക്ക് വരിക ('ബുദ്ധചര്യ' നോക്കുക. പേജ് 222,232,241 'ബ്രാഹ്മണധമ്മീയ സൂത്തം ത്ര-നിപാതം') ചംകി, സോണദണ്ഡന്‍, കുടദന്തന്‍ എന്നിവരുടെ ധനസമ്പത്തിന്റെ നേരെ ഒന്നു കണ്ണോടിക്കാം. ബ്രാഹ്മണരുടെ അക്കാലത്തെയും പണ്ടുകാലത്തെയും സ്വാര്‍ത്ഥത്തെപ്പറ്റി ബുദ്ധന്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. (ബുദ്ധചര്യ. പേജ് 365)

'രാജാവിന്റെ സമ്പത്ത് - അണിഞ്ഞൊരുങ്ങിയ യുവതികളും, വിശേഷപ്പെട്ട കുതിരകളെ പൂട്ടിയതും പലതരം കൊത്തുപണികള്‍ നടത്തി വിചിത്രമാക്കപ്പെട്ടതുമായ രഥങ്ങളും, അനേകം മുറികളും അറകളുമുള്ള മനോഹരമായ കെട്ടിടങ്ങളും... കണ്ട് അവരുടെ (ബ്രാഹ്മണര്‍) വായില്‍ വെള്ളം നിറഞ്ഞു. അവര്‍ക്കും മോഹം തോന്നി, അനേകം പശുക്കളും യുവതികളും മനുഷ്യ സുഖങ്ങളും ധാരാളമുണ്ടായാല്‍ കൊള്ളാമെന്ന് വേദമന്ത്രങ്ങള്‍ രചിച്ചുകൊണ്ട് ഇക്ഷ്വാകു രാജന്റെ അടുത്തു ചെന്ന് 'നീ ധാരാളം ധനധാന്യമുള്ളവനാണ്, ഒടുങ്ങാത്ത വിത്തം നിനക്കുമുണ്ട്, യാഗം നടത്ത്...' രാജാവ്.... അശ്വമേധം, പുരുഷമേധം (നരബലിയുള്ള യാഗം) വാജപേയം, നിരര്‍ഗളം (സര്‍വമേധം) മുതലായ ഓരോ യാഗം നടത്തി. പുരോഹിതന്മാര്‍ക്ക് (ബ്രാഹ്മണര്‍) ധനം കൊടുത്തു. ഒന്നാംതരം കുതിരകള്‍ പൂട്ടിയ രസികന്‍.... രഥങ്ങളും, പലതരം ധനധാന്യങ്ങള്‍ നിറച്ചതും അനേകം അറകളും മുറികളും ഉള്ളതുമായ കെട്ടിടങ്ങളും ദാനം കൊടുത്തു... ബ്രാഹ്മണരുടെ ദൂരവണ്ടിക്ക് വേഗം കൂടി. അവര്‍ വീണ്ടും മന്ത്രങ്ങളെക്കൊണ്ട് ഇക്ഷ്വാകുവിനെ സമീപിച്ചു. 'ഭൂമിയും വെള്ളവും സ്വര്‍ണവും ധനവും ധാന്യങ്ങളുമെന്ന പോലെതന്നെ പശുക്കളും മനുഷ്യനു വേണ്ടിയുള്ളതാണ്, അനുഭവ വസ്തുക്കളാണ്... യാഗം നടത്ത്.' അപ്പോള്‍ ബ്രാഹ്മണരാല്‍ പ്രേരിതനായ രാജാവ് ആയിരക്കണക്കിന് പശുക്കളെ യാഗത്തില്‍ വധിച്ചു.

മറുനാടുകളിലും നാടുവാഴി വര്‍ഗം പുരോഹിത വര്‍ഗവുമായി ഒത്തുതീര്‍പ്പുണ്ടാക്കി. തങ്ങളുടെ അനുഭവവസ്തുക്കളില്‍ ഏതാനും ഭാഗം അവര്‍ക്ക് ദാനമെന്നും ദക്ഷിണയെന്നും പറഞ്ഞ് കൊടുത്തിട്ടുണ്ട്. അതെല്ലാം വാസ്തവത്തില്‍ നാടുവാഴി വര്‍ഗത്തിന്റെ നിരന്തര ചൂഷണത്തിന് പുരോഹിത വര്‍ഗം വിലങ്ങടിച്ചു നില്‍ക്കാതെ അത് ധാര്‍മ്മികമെന്ന നിലയില്‍ത്തന്നെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു കൈക്കൂലിയില്‍ കവിഞ്ഞ യാതൊന്നുമായിരുന്നില്ല. എന്നാല്‍ ഭാരതത്തിലെ അത്തരം ഒത്തുതീര്‍പ്പുകളില്‍ ഏറ്റവും ആഴമേറിയ മറ്റൊന്നുള്ളത്, ഇവിടത്തെ പുരോഹിത വര്‍ഗത്തിന്റെ സാമ്പത്തിക സ്വാര്‍ഥത്തെ അങ്ങേയറ്റം ഉയര്‍ത്തപ്പെട്ടതോടൊപ്പം രാജാക്കന്മാരടക്കമുള്ള എല്ലാ ഭരണാധികാരി വര്‍ഗങ്ങളും (ക്ഷത്രിയര്‍) ഇതരവര്‍ഗങ്ങളും തങ്ങളേക്കാള്‍ എത്രയോ മേലെക്കിടയിലാണ് പുരോഹിത വര്‍ഗമെന്ന് ഐകകണ്‌ഠേന സമ്മതിക്കുകയും അവരില്‍ സമുദായത്തിന്റെ ഭക്തിബഹുമാനങ്ങള്‍ തികച്ചും സമര്‍പ്പിക്കുകയും ചെയ്തു എന്നതാണ്.

കടപ്പാട്: ചിന്ത പബ്ലിഷേഴ്‌സേ് പ്രസിദ്ധീകരിച്ച രാഹുല്‍ സാസംസ്‌കൃത്യായന്റെ 'സാമൂഹ്യരേഖ' എന്ന കൃതിയില്‍ നിന്നും. പരിഭാഷ: കെ വി മണലിക്കര.