"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 21, ശനിയാഴ്‌ച

ഹിന്ദുത്വ ശക്തികള്‍ക്കുവേണ്ടി ചരിത്രം തിരുത്തയെഴുതുന്നു - പ്രഗ്യ തിവാരി


പ്രഗ്യ തിവാരി
ഒക്ടോബര്‍ 5 ന് ഉച്ച തിരിഞ്ഞ നേരം. ഡെല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരിക്കയായിരുന്നു. ഓഡിറ്റോറിയ ത്തിലെ സ്റ്റാന്റിങ് റൂമില്‍ പോലും സ്ഥലം കാലിയില്ല. അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന (എബിഐഎസ്‌വൈ) മധ്യകാല യുഗത്തിലെ രാജാവായിരുന്ന ഹെമ്യുവിനെ അനുസ്മരിക്കാന്‍ സംഘടിച്ച യോഗമായിരുന്നു അത്. ആര്‍എസ്എസ്‌ ന്റെ ചരിത്ര ഗവേഷണ ശാഖയാണ് എബിഐ എസ്‌വൈ. ഡെല്‍ഹിയിലെ ഝണ്ടേവാലന്‍ ഓഫീസിന്റെ ഭാഗമാണ് ഈ സ്ഥാപനം. 

എബിഐഎസ്‌വൈയുടെ പ്രസിഡന്റായ സതീഷ് ചന്ദ്ര മിത്തല്‍, എബിഐഎസ് വൈയുടെ ജനറല്‍ സെക്രട്ടറിയായ ബാല്‍ മുകുന്ദ് പാണ്ഡെ, ബിജെപി നേതാവായ ഡോ.സുബ്രഹ്മണ്യ സ്വാമി, വിഎച്ച്പിയുടെ ജോയിന്റ് സെക്രട്ടറിയായ വിനായക് റാവു ദേശ്പാണ്ഡെ, ജെഎന്‍യുവിലെ സംസ്‌കൃത പഠന കേന്ദ്രത്തിന്റെ അസോസിയേറ്റ് പ്രൊഫസറായ ഡോക്ടര്‍ സന്തോഷ് കുമാര്‍ ശുക്ല, എബിഐഎസ്‌വൈയുടെ അംഗവും ഹിന്ദു ധര്‍മ ഔര്‍ ദേവ്‌ലോക് എന്നതിന്റെ രചയിതാവും ആയ ഡോ. ഹാരിഷ് ചന്ദ്ര വര്‍മ എന്നിവര്‍ ചേര്‍ന്നതായിരുന്നു പാനല്‍. സാംസ്‌കാരിക വകുപ്പ് മന്ത്രിയായ ശ്രീപദ് നായിക് ഗോവയില്‍ അടിയന്തിരമായി പോകേണ്ട കാര്യം പറഞ്ഞ് പങ്കെടുക്കുന്നതില്‍ നിന്ന് മാറി.

കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസറും 40 പുസ്തകങ്ങളും 400 ലേഖനങ്ങളും എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ സതീഷ് മിത്തല്‍ ഈ പരിപാടിയുടെ ഉദ്ദേശ്യം എന്നോട് വിവരിച്ചു: 

പാശ്ചാത്യ, മുസ്ലീം, കമ്മ്യൂണിസ്റ്റ് മതേതര ചരിത്രകാരന്മാര്‍ നമ്മുടെ ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണ്. പാശ്ചാത്യ ചരിത്രകാരന്മാര്‍ ക്രിസ്തീയത പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. അതിലൂടെ ഇംഗ്ലണ്ടിന് നമ്മെ ഭരിക്കാന്‍ എളുപ്പമാകുമെന്നന്നവര്‍ കണക്കുകൂട്ടി. മുസ്ലീങ്ങള്‍ ഇസ്ലാം മതം പ്രചരിപ്പിക്കാനാ ഗ്രഹിച്ചു. കമ്മ്യൂണിസ്റ്റു കാരാകട്ടെ ഇവിടെ മാവോ ഭരിക്കണമെന്നും നിരീശ്വര ഭരണകൂടം സ്ഥാപിക്കണമെന്നും ലക്ഷ്യമിട്ടു. മതേതര വാദികള്‍ക്കെന്താണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ മേല്‍പറഞ്ഞവര്‍ അധികാരത്തിനും സ്വത്തിനും സമ്പത്തിനും വേണ്ടി വ്യാജ രേഖകള്‍ ചമക്കുന്ന കൂലിക്കാരാണ് എന്നദ്ദേഹം ആക്ഷേപിച്ചു. ഇന്ത്യക്കുവേണ്ടി പോരാടിയ ദേശാഭിമാനികളുടെ യഥാര്‍ത്ഥ കഥകള്‍ തമസ്‌കരിക്കപ്പെട്ടു. ഇതിന്റെ ഫലമായി നമുക്ക് അഭിമാനിക്കാനാവുന്ന പല പൈതൃകങ്ങളും നഷ്ടപ്പെട്ടു. ഈ ദേശാഭിമാനികളെ നാം സ്മരിക്കുകയും പുതിയ തലമുറയുടെ ബോധം ഉണര്‍ത്തിവിടാന്‍ വേണ്ടി ഇത് ഉപയോഗപ്പെടുത്തുകയും വേണം.

ഹെമ്യു അഥവാ ഹേമചന്ദ്ര വിക്രമാദിത്യന്റെ ജീവിത കഥാവതരണം ഇനിപ്പറയുന്ന തരത്തില്‍ സംഗ്രഹിക്കാന്‍ കഴിയും. വളരെ ലളിതമായ തുടക്കമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും പില്‍ക്കാലത്ത് അഫ്ഗാന്‍ ഭരണാധികാരിയുടെ ഭാഗമായി അദ്ദേഹം മാറുകയും ഒടുവില്‍ ഡെല്‍ഹിയുടെ അധികാരത്തിലേക്ക് 1556 ഒക്ടോബര്‍ 5 ന് എത്തുകയും തുടര്‍ന്ന് 100 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 29 ദിവസം നീണ്ടുനിന്ന ഭരണം ഉജ്വലമായ ഒന്നായിരുന്നു. അദ്ദേഹം ഗോവധം നിരോധിക്കുകയും അത് ചെയ്യുന്നവരുടെ കഴുത്തു വെട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹം അഴിമതിക്കാരുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുകയും ചെയ്തു. ഹെമ്യുവിന്റെ ഭരണം വ്യാപാര വ്യവഹാരങ്ങളോട് കൂടുതല്‍ സൗഹൃദം കാണിക്കുകയും പുതിയ ഇടപാടുകള്‍ ആരംഭിക്കുകയും ചെയ്തു.

ഹെമ്യുവിന്റെ ജീവിത കഥ അവതരിപ്പിക്കുന്നത് മധ്യകാലത്തെ നരേന്ദ്രമോദിയെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ്. എബിഐഎസ്‌വൈക്ക് പുറത്തു നില്‍ക്കുന്ന മധ്യകാല ചരിത്രകാരന്മാരോട് അന്വേഷിച്ചപ്പോള്‍ ഹെമ്യുവിനെ കാര്യമായി ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്.

ഹെമ്യു ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതിനോ ഗോവധ നിരോധന നിയമം നടപ്പാക്കിയതിനോ യാതൊരു തെളിവും ലഭ്യമല്ലെന്ന് മേല്‍പ്പറഞ്ഞ ചരിത്രകാരന്മാര്‍ വാദിക്കുന്നു. മധ്യകാലത്ത് ഹെമ്യു നടപ്പാക്കിയ നിയമങ്ങളെ ഘോഷണ പത്രങ്ങളെന്നാണ് എബിഐഎസ്‌വൈ പറഞ്ഞതെങ്കിലും അക്കാലത്ത് ഘോഷണ പത്രങ്ങള്‍ ഇല്ലെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. അത്തരത്തിലൊന്നുണ്ടായിരുന്നെങ്കില്‍ ആ നിയമങ്ങളെ പുറത്തു കൊണ്ടുവരട്ടെയെന്നും അത് മധ്യകാലത്തെ കുറിച്ചുള്ള വിവരങ്ങളെ പാടേ മാറ്റിമറിക്കുമെന്നും ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മധ്യകാല ചരിത്ര പ്രൊഫസര്‍ ആയ സുനില്‍ കുമാര്‍ പറഞ്ഞു. മധ്യകാലത്തെ രേഖകളെ ഘോഷണ പത്രങ്ങള്‍ എന്നല്ല പറഞ്ഞതെന്നും ഇത്രത്തിലുള്ള അവകാശ വാദങ്ങളെ അസാധാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ അസുഖകരമായ ഭരണ നിര്‍വഹണത്തിനുള്ള ഒരു പദ്ധതി അക്കാലത്ത് ഒരു രാജാവും പെട്ടെന്ന പുറത്തെടുക്കില്ലെന്നും ഇങ്ങനെയുള്ള ശാക്തീകരണ പരിപാടി സാവധാനം ആണ് നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിംപോസിയത്തില്‍ ഘോഷണ പത്രങ്ങളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നി ല്ലെങ്കിലും ഇതിനെ പിന്‍തുണക്കുന്ന ഒരു ഡോക്യുമെന്ററി അവര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടയി. 2008 ല്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ ജോധാ അക്ബറിലെ നിരവധി സീനുകള്‍ ഇതില്‍ പ്രദര്‍ശിപ്പി്ചു എന്നത് കൗതുകകരമായ കാര്യമാണ്. ഈ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന രജപുത് വിഭാഗങ്ങളുടെ ആക്ഷേപത്തെ തുടര്‍ന്ന് ചില സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രദര്‍ശനം ആരംഭത്തില്‍ നിരോധിക്കുകയും റിലീസ് ചെയ്യാതിരിക്കുകയും ഒക്കെ ചെയ്തിരുന്നതാണ്.

ഹെമ്യുവിന്റെ രക്തസാക്ഷിത്വം ദേശഭക്തിയുടെ പ്രതീകമാണെന്ന് ഇതിന്റെ സംഘാടകര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ചെറുപ്പമായിരുന്ന അക്ബറിന്റെ രാജ പ്രതിനിധിയായിരുന്ന ബൈരാം ഖാനിനെതിരായിട്ടാണ് രണ്ടാം പാനിപ്പത്ത് യുദ്ധത്തില്‍ ഹെമ്യൂ പടനയിക്കുന്നത്. അദ്ദേഹം യുദ്ധത്തില്‍ ജയത്തോടടുക്കുകയായിരുന്നെന്നും അതിനിടയിലാണ് അമ്പുകൊണ്ട് അദ്ദേഹം വീഴുന്നതെന്നും ഇത് ഇന്ത്യന്‍ ചരിത്ത്രെ എക്കാലത്തേക്കുമായി മാറ്റി മറിച്ചെന്നും സതീഷ് മിത്തല്‍ പറഞ്ഞു. ഹെമ്യുവിനെ കീഴടക്കുകയും കൊല്ലുകയും അദ്ദേഹത്തിന്റെ തലവെട്ടി കാബൂളില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്ന് മിത്തല്‍ കൂട്ടിച്ചേര്‍ത്തു. അക്ബറെ എന്തുകൊണ്ടാണ് ഇന്ത്യനായി കാണാന്‍ കഴിയാത്തതെന്ന് ഞാന്‍ മിത്തലിനോട് ചോദിച്ചു. രണ്ട് കാരണങ്ങളാണ് മിത്തല്‍ അതിന് പറഞ്ഞത്. അക്ബര്‍ തന്റെ പൂര്‍വികരുടെ വാസദേശമായ മധേഷ്യയെയാണ് സ്വപ്‌നം കണ്ടിരുന്നതെന്നാണ് ഒരു കാരണം. രണ്ടാമത്തെ കാരണമായി പറഞ്ഞത് ചാരായവും കറുപ്പും കൂടി മിശ്രണം ചെയ്ത മദ്യം ധാരാളം ഉപയോഗിക്കുന്ന നിരക്ഷരനായി രുന്നു അക്ബര്‍ എന്നതായിരുന്നു.

അക്ബറുടെ മത സഹിഷ്ണുതയെക്കുറിച്ചും മത സമഭാവനയെക്കുറിച്ചും ഞാന്‍ മിത്തലിനോട് സൂചിപ്പിച്ചു. അത് അക്ബറുടെ രാഷ്ട്രീയ കാപട്യമായിരുന്നെന്നും അങ്ങിനെയൊരു വിശ്വാസം അക്ബറിനില്ലായിരു ന്നെന്നും മിത്തല്‍ ഉടനെ മറുപടി പറഞ്ഞു. ഇതൊക്കെ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് മിത്തല്‍ പറയുന്നതെന്ന് അനിക്ക് മനസിലായില്ല. പക്ഷെ ബിജെപിയും കൂട്ടരും തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ രാഹുലിനേയും പ്രിയങ്കയേയും മറ്റും കൈകാര്യം ചെയ്യുന്നതു പോലെയുള്ള സമീപനമാണ് ഇക്കാര്യത്തിലും കാണുന്നത്. അക്ബറിനെ കുറിച്ച് ഒരുപാട് മദ്യം കുടിക്കുന്നവനെന്നത് പോലുള്ള ആരോപണങ്ങളുന്നയിക്കുന്നത് അതിന്റെ ഭാഗമാണ്.

ഈ ചരിത്രവ്യാഖ്യാനം അതിനേക്കാള്‍ തകരാറ് പിടിച്ചതാണ്. മധ്യകാലത്തെ ചരിത്രം അവതരിപ്പിക്കുന്നതിനിടയില്‍ ഉപയോഗിക്കപ്പെടുന്ന ദേശീയതാ സങ്കല്പവും മതേതരത്വവും ആധുനിക ചരിത്രത്തിന്റെ ഭാഗഭാക്കുകളാണ്. ഹെമ്യുവിനെ ദേശാഭിമാനിയാക്കാന്‍ വേണ്ടി 1556 ല്‍ ഇന്ത്യയെന്ന രാഷ്ട്രം നിലനിന്നിരുന്നു എന്ന ആശയം ധ്വനിപ്പിക്കുന്നുണ്ട്. അക്കാലത്ത് ഹിന്ദുസ്ഥാന്‍ എന്ന വിശേഷണം പലരും ഉപയോഗിച്ചിരു ന്നെങ്കിലും പല ആളുകള്‍ക്കും അത് പലതായിരുന്നു എന്ന് ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മധ്യകാല ചരിത്ര വിഭാഗം പ്രൊഫസര്‍ ഹര്‍ഹത് ഹസന്‍ വിശദീകരിക്കുന്നു. ജാതിയെയും രക്തബന്ധത്തെയും ഗ്രാമത്തെയും കേന്ദ്രീകരിക്കുന്ന സങ്കുചിത സ്വത്വ പ്രയോഗങ്ങളിലൂടെ അക്ബര്‍ ഒരു വിദേശിയും കൂടുതല്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നുമാണെന്ന ആശയമാണ് പ്രചരിക്കപ്പെടുന്നത്. ഒരു ഗ്രാമത്തിന് പുറത്തുള്ളവര്‍ വിദേശികളാണെന്ന ചിന്ത ഉണര്‍ത്തി വിടുകയാണെന്ന് ഹസന്‍ പറയുന്നു.

കൂടുതല്‍ ഗുരുതരമായ കാര്യം ഈ ആശയം ഹിന്ദു - മുസ്ലീം വൈരുധ്യത്തെ പ്രചോദിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കപ്പെട്ടത് എന്നതാണ്. വിവിധ തരത്തിലുള്ള മതപരവും സാംസ്‌കാരികവും സാമൂഹികവുമായ അസ്തിത്വങ്ങളെ മുസ്ലീം എന്ന അസ്തിത്വത്തിലേക്ക് ലയിപ്പിക്കുകയാ യിരുന്നു. ഇത് പില്‍ക്കാലത്ത് നടന്ന സംഭവവികാസമാണ്. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പുരാതന ചരിത്രവിഭാഗം പ്രൊഫസര്‍ ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു കാലത്ത് ബോധപൂര്‍വമ ല്ലാതെ തന്നെ സാസ്‌കാരികവും പരിശുദ്ധവുമായ പാരമ്പര്യങ്ങളെ ഇരു വിഭാഗങ്ങളും കൈമാറുകയുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദു മുസ്ലീം മതങ്ങളെ അടച്ചിട്ട ആശയങ്ങളായി അവതരിപ്പിക്കുന്നത് കാലത്തിന് പൊരുത്തപ്പെടാത്തതാണ്. ഹസന്‍ വിശദീകരിച്ചു. അഫ്ഗാന്‍ ഭരണാധികാരികളുടെ ആശ്രിതത്വത്തില്‍ കഴിഞ്ഞിരുന്ന എഴുത്തുകാര്‍ ആവധി ഭാഷയില്‍ രചിച്ചവ സൂഫി ചിന്തകളില്‍ ഉപയോഗിക്ക പ്പെടുകയും പൊതു സ്ഥലങ്ങളില്‍ ആലപിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം നിരവധി ഉദാഹരണങ്ങളിലൂടെ ഹസന്‍ ചൂണ്ടിക്കാണിച്ചു. മതപരമായ പുതിയ അനുഭവരൂപങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്ക യാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മതപരമായ വിഭിന്നതകള്‍ ഉയര്‍ന്നുവരുന്ന സംഭവങ്ങളുണ്ടായാലും അത് സ്വയം മതപരമായ സ്പര്‍ദ്ധകളിലേക്ക് നയിക്കില്ല. തങ്ങളുടെ വിശ്വാസസംഹിതയില്‍ നിന്ന് വ്യത്യസ്തമായവയെ വിലകല്പിക്കുന്ന തായിട്ടാണ് ഒട്ടുമിക്കപ്പോഴും തെളിഞ്ഞിട്ടുള്ളത്, ഹസന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ മണ്ഡലത്തില്‍ മത അസ്തിത്വത്തിനുള്ള പങ്ക് സങ്കീര്‍ണമാണ്. ബാബറുടെ ഫത്തേല്‍മാമ അഥവാ വിജയപ്രഖ്യാപന വിശദീകരണത്തില്‍ കാഫിര്‍മാരെന്ന് മുദ്രകുത്തി കൊല ചെയ്തവരുടെ ലിസ്റ്റില്‍ മുസ്ലീങ്ങളും പെടുന്നുണ്ട്. അതേസമയം തദ്ദേശ വിശ്വാസമുണ്ടായിരുന്ന വിജയനഗര ഭരണാധികാരികള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് ഹിന്ദു രാജാക്കന്മാര്‍ക്കിട യിലുള്ള സുല്‍ത്താന്‍ എന്നായിരുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത് പിടിച്ചെടുക്കലിന്റെ പേരില്‍ വിശേഷിപ്പിക്കപ്പെടുമ്പോള്‍ തന്നെ ഇതിന്റെ വെളിച്ചത്തില്‍ കാണുകയും ചെയ്യേണ്ടതുണ്ട്. മുസ്ലീം ഭരണാധികാരികള്‍ എത്രത്തോളം ഇത്തരത്തില്‍ നാശങ്ങള്‍ വിത ച്ചുവോ അത്രത്തോളം തന്നെ ഹിന്ദു ഭരണാധികാരികളും ചെയ്തിട്ടുണ്ടെന്ന് ഹസന്‍ പറയുന്നു. പരാജയപ്പെട്ട ഭരണാധികാരികള്‍ കൈവശം വെച്ചിരുന്ന ആരാധനാലയ ങ്ങള്‍ തകര്‍ക്കപ്പെട്ടു. സോമനാഥിലേക്കുള്ള വഴിയില്‍ ഇന്ന് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിലകൊള്ളുന്ന മന്‍സുര എന്ന സ്ഥലത്തെ മുസ്ലീം പള്ളി കൂടി മൊഹമ്മദ് ഗസ്‌നി തകര്‍ക്കുകയുണ്ടായി ട്ടുണ്ടെന്നും ഇക്കാര്യം പലപ്പോഴും കാണാതെ പോകുകയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം ചെയ്യാതിരിക്കുന്ന വേളകളില്‍ ഔറംഗസീബ് അടക്കമുള്ള മുസ്ലീം ഭരണാധികാരികള്‍ തുല്യമായ തോതിലല്ലെങ്കിലും എല്ലാ തരത്തിലുമുള്ള ആരാധനാലയങ്ങളെയും സംരക്ഷിച്ചിട്ടുണ്ട്. അഫ്ഗാന്‍കാരും മുഗളന്മാരും തമ്മില്‍ നടന്ന ദീര്‍ഘകാല യുദ്ധത്തിന്റെ ഒരു അധ്യായമാണ് ഹെമ്യുവിന്റെ ഒടുവിലത്തെ യുദ്ധം.

മുസ്ലീം സുല്‍ത്താന്മാരുമായി ചേര്‍ന്ന് ഹിന്ദു പ്രമാണിമാര്‍ പൊതു ശത്രുവിനെതിരേ പോരാടിയിട്ടുണ്ടെന്നും ജോണ്‍പൂരിലെ ഷാര്‍ഖി സുല്‍ത്താന്മാരും ഡെല്‍ഹിയിലെ ലോദിമാരും തമ്മിലുള്ള യുദ്ധത്തിന് ഇരുവശത്തും രജപുത്രന്മാര്‍ സൈന്യത്തിന് ശക്തിയാട്ടുണ്ടായിരുന്നെന്നും കുമാര്‍ പറയുന്നു.

ഷേര്‍ഷാ സൂരിയും അദില്‍ഷായും ആയി അടുത്ത സഖ്യമുണ്ടായിരുന്ന ഹെമ്യു യുദ്ധങ്ങളില്‍ അഫ്ഗാന്‍ ശക്തികളെയായിരുന്നു പ്രതിനിധീകരിച്ചി രുന്നത്. അദ്ദേഹം പാനിപ്പത്ത് യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ സൈന്യ ത്തില്‍ നിവധി അഫ്ഗാന്‍കാരുണ്ടായിരുന്നു.

ഈ സങ്കീര്‍ണതകള്‍ നിലനില്‍ക്കുമ്പോഴും മേല്‍പ്പറഞ്ഞ സിമ്പോസിയം ഹെമ്യുവിനെ ഹിന്ദുത്വവാദിയായ ദേശീയവാദിയായി ചുരുക്കിക്കാണി ക്കുകയാണ്. ഹെമ്യുവിനെ പോലെയുള്ള ആളുകളുടെ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇവിടത്തെ 80% വരുന്ന ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ കഴിയാതെ പോയതെന്നും അതിനാലാണ് തങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാകാതിരുന്ന ദൗത്യം നിറവേറ്റുന്നതിനുവേണ്ടി ഐസ്‌ഐസ് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതെന്നും സുബ്രഹ്മണ്യസ്വാമി തന്റെ വര്‍ഗീയത നിറഞ്ഞ പ്രസംഗത്തിലൂടെ നിര്‍ലജ്ജം പ്രസ്താവിക്കുക യുണ്ടായി. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ ഗൂഡോദ്ദേശ്യങ്ങളും സമാനമായ തലത്തിലുള്ളതാണ് 80% വരുന്ന ഹിന്ദുക്കളില്‍ 30% ന്റെ വോട്ടു നേടിയപ്പോള്‍ തന്നെ മറ്റു വിഭാഗങ്ങള്‍ക്കെന്തു കിട്ടിയെന്നു ശ്രദ്ധിക്കണമെന്നും അടുത്ത തവണ ഹിന്ദുക്കള്‍ കൂടുതല്‍ ഐക്യപ്പെടു കയും കൂടുതല്‍ വോട്ടുകള്‍ നേടുകയും ചെയ്യുമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു.

ഹെമ്യു അധികാരത്തില്‍ വന്നയുടനെ തന്നെ ഗോവധം നിരോധിച്ചെന്നും സ്വതന്ത്ര ഇന്ത്യയില്‍ ഗോവധം നിരോധിച്ചില്ലെന്നും അതിന് കാരണം നെഹ്‌റുവാണെന്നും മിത്തല്‍ പറഞ്ഞു.

നെഹ്‌റു എഡ്വിന മൗണ്ട്ബാറ്റന്‍ പറയുന്നത് മാത്രമേ കേട്ടിരുന്നുള്ളൂ വെന്നും അതിന്റെ ഫലമായി ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന്റെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ മാറ്റിത്തീര്‍ത്തുവെന്നും സുബ്രഹ്മണ്യസ്വാമി ആരോപിച്ചു. അനുചിതമായ വേളകളില്‍ പോലും സോണിയാ ഗാന്ധി ഇറ്റലിയില്‍ നിന്ന് വന്നളാണെന്നുള്ള ആക്ഷേപം ചൊരിയുന്നുണ്ടായിരുന്നു.

ഹെമ്യുവിന്റെ ജീവിതത്തിനപ്പുറമാണ് വര്‍ഗീയവല്‍ക്കരണം ഇക്കാര്യത്തില്‍ നടക്കുന്നത്. ഹെമ്യുവിന്റെ പാനിപ്പത്തിലെ സ്മാരക പ്രദേശത്ത് നുഴഞ്ഞുകയറ്റമുണ്ടായിരിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് സിമ്പോസിയം രോഷം പ്രകടിപ്പിച്ചു. അവിടെ മുസ്ലീങ്ങള്‍ ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നു എന്നും അത് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നും ഇത് നാണക്കേടാണെന്നും വിനായക് ദേശ്പാണ്ഡെ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി സ്വാഭാവികമായും ബാബറി മസ്ജിദിലേക്കും ( ഇത് ബാബര്‍ അതിക്രമിച്ചുണ്ടാക്കി യതാണെന്ന് സൂചിപ്പിക്കുന്ന പേരായിട്ടാണ് ഒരു സ്വാമി അവതരിപ്പിച്ചത്) മധുര ക്ഷേത്രത്തിലേക്കും ചര്‍ച്ചകള്‍ നീണ്ടു. മുസ്ലീങ്ങള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി സഹകരിക്കണമെന്നും അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് മറ്റുവഴികള്‍ നോക്കേണ്ടിവരുമെന്നും സുഹ്രഹ്മണ്യസ്വാമി പറഞ്ഞു.

ഹെമ്യുവിന്റെ കഥയുടെ സങ്കീര്‍ണതകള്‍ മാറ്റിവെച്ചാല്‍ തന്നെ ചരിത്രത്തെ തെറ്റായ രീതിയില്‍ വിഭാവന ചെയ്യുകയും അതിന്റെ പേരില്‍ വ്യാജവും വര്‍ഗീയ ഭ്രാന്തവുമായ അന്തരീക്ഷം സൃഷ്ടിക്ക പ്പെടുകയും ചെയ്യുകയാണ് എന്നതാണ് ഇതിന്റെ ഗുരുരമായ ഫലം. ഹെമ്യു 24 യുദ്ധങ്ങള്‍ നയിക്കുകയും അില്‍ 22 എണ്ണം ജയിക്കുകയും ചെയ്തുവെന്നും അതിനാല്‍ ഗുരു ഗോവിന്ദ് സിങ്ങിനേക്കാളും മുന്നിട്ടു നില്‍ക്കുന്നുവെന്നും മിത്തല്‍ പറയുന്നു. സമ്പുഷ്ടവും മഹത്തരവുമായ ചരിത്രം കേവലം നായകന്മാരുടേയും വില്ലന്മാരുടേയും കഥകളാക്കിച്ചുരു ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ചരിത്ര രേഖകളില്‍ വ്യക്തമല്ലാത്ത മേഖലകളെ വര്‍ത്തമാനകാല സാഹചര്യങ്ങളോട് പൊരുത്തപ്പെടു ത്തിക്കൊണ്ട് കഥകള്‍ ചമക്കുകയാണ് കുമാര്‍ ചെയ്യുന്നത്.

ഇര വിഭാഗങ്ങള്‍ക്ക് നേരേ നടത്തുന്ന വൃത്തികെട്ട പരാമര്‍ശങ്ങളെ ഭാരത് മാതാ കീ ജയ് എന്നാക്രോശിച്ചുകൊണ്ട് കയ്യടിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു സിമ്പോസിയം നടന്ന ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന്. ഇത്തരമൊരു അന്തരീക്ഷത്തില്‍ ചരിത്ര പഠനത്തിന്റെ ഭാഗമായി ചോദ്യങ്ങളുയര്‍ത്താനും സംവാദം നടത്താനുമുള്ള സാഹചര്യം തീര്‍ത്തും ഇല്ല. ഹര്‍ഷോന്മാദ പുളകിരായിരിക്കുന്ന ജനാവിലിയോട് സുബ്രഹ്മണ്യസ്വാമി പറയുന്നത് രാമസേതു കെട്ടിയത് രാമനാണ് എന്ന ആശയത്തെ പരിഹസിച്ച കരുണാനിധിക്ക് രാമന്റെ പേര് ഉച്ചരിച്ച ഉടനേന്നെ അസുഖം പിടിപെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കു കയും ചെയ്തതുവെന്നാണ്. നിലവാരമുള്ള ചര്‍ചച്ചകള്‍ക്ക് ഒരു സാധ്യതയും അവിടെ ഉണ്ടായിരുന്നില്ല എന്ന കാര്യത്തെ ഈ സംഭവം അടിവരയിടുന്നുണ്ട്. ചര്‍ച്ചകളില്‍ എപ്പോഴെങ്കിലും ദൈവനിന്ദാപരമായ ചോദ്യങ്ങളുയര്‍ത്തിയാല്‍ ശാപം കിട്ടുമെന്ന ഭീഷണിയാണ് സ്വാമി ഇതിലൂടെ ഉയര്‍ത്തിയത്. ഇത്തരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ വേദികളെ വികസിപ്പിക്കാനാണ് വേദിയിലുണ്ടായിരുന്ന പാര്‍ട്ടികള്‍ തീരുമാനിച്ചെന്ന് ഗൗരവമായി കാണേണ്ടതുണ്ട്. എന്‍സിഇആര്‍ടി പുസ്‌കങ്ങളില്‍ മഹാറാണാ പ്രതാപിനെക്കുറിച്ച് 6-12 വരികളും ശിവജിയെ കുറിച്ച് ഒന്നര വരികളും മാത്രമേയുള്ളൂ എന്നതും പരിഷ്‌കരിക്കേണ്ടതുണ്ടെന്നും മിത്തല്‍ പറയുന്നു. സ്വാമിയാകട്ടെ ഒരു പടികൂടി മുന്നില്‍ കടന്നു. നെഹ്‌റൂവിയന്‍ ചരിത്രത്തെക്കുറിച്ച് റൊമീല ഥാപറും ബിപിന്‍ ചന്ദ്രപാലും ഒക്കെ എഴുതിയ പുസ്തകങ്ങള്‍ തീകൂട്ടി കത്തിക്കണമെന്ന് സ്വാമി അഭിപ്രായ പ്പെട്ടു. വന്‍ കയ്യടിയായിരുന്നു അപ്പോള്‍. ഹിറ്റ്‌ലറുടെ ജര്‍മനി തന്ന പാഠങ്ങളെ അനുസ്മരിപ്പിക്കുന്ന വംശീയ വിദ്വേഷം സൃഷ്ടിക്കുകയായി രുന്നു ഈ അള്‍ക്കൂട്ടം.

ഇതൊരു തുടക്കം മത്രമാണെന്ന് ദേശ്പാണ്ഡെ ചൂണ്ടിക്കാണിച്ചു. ഐസിഎച്ച്ആറിന് ഇപ്പള്‍ സര്‍ക്കാര്‍ 20 കോടി ഗ്രാന്റ് തരുന്നുണ്ടെന്നും മുമ്പ് എല്ലാ ഗ്രാന്റും അലിഗറിലേക്കും കല്‍ക്കത്തയിലേക്കും ജൈഎന്‍യു വിലേക്കും പോകുകയായിരുന്നെന്നും അതൊക്കെ ശരിയായ ഇടങ്ങളിലേക്ക് പോകേണ്ടതാണെന്നും ദേശ്പാണ്ഡെ പറഞ്ഞു. ഐസിഎച്ച്ആറില്‍ ഈയിടെ നിയമിതനായത് A-B-I-SYല്‍ നിന്നുള്ള പ്രതിനിധിയായിരുന്നു. ശരിയായ ഇടങ്ങള്‍ എന്നുള്ളതുകൊണ്ട് എന്താണ് സൂചിപ്പിച്ചതെന്നോ ഇനി ഏതൊക്കെ ചരിത്രഭാഗങ്ങളാണ് തിരുത്തി യെഴുതാന്‍ പോകുന്നതെന്നോ ഒരു പിടിയുമില്ല. ഒരു സംവാദത്തിന് സാധ്യതയില്ലാത്തതുകൊണ്ട് മേല്‍പ്പറഞ്ഞതില്‍ വിശ്വാസ്യത അര്‍പ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഈ സിമ്പോസിയം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കില്‍ അത് ഭാവിയില്‍ വിഷയങ്ങള്‍ സൃഷ്ടിക്കുകതന്നെ ചെയ്യും.

ഡെല്‍ഹി മൃഗശാലയില്‍ ഒരു കുട്ടിയെ കൊന്ന കടുവയോട് ഹിന്ദുക്കളെ സാദൃശ്യപ്പെടുത്തിക്കൊണ്ടാണ് ബാല്‍മുകുന്ദ് പാണ്ഡെ സിമ്പോസിയ ത്തിന്റെ ഒടുവില്‍ സംസാരിച്ചത്. വര്‍ഷങ്ങളോളം അവര്‍ വേട്ടയാടിയിട്ടി ല്ലായിരിക്കാമെങ്കിലും അവര്‍ വേട്ടയാടേണ്ടതെങ്ങിനെയെന്ന് മറക്കില്ല എന്നദ്ദേഹം പറഞ്ഞു. ഇരയാക്കപ്പെട്ട മുസ്ലീം ബാലന്‍ കൈകൂപ്പുകയാണ് ചെയ്തതെന്നും അല്ലാഹുവിനെ വിളിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഈയിടെ നടന്ന കാര്യം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയാണെങ്കില്‍ നിശബ്ദമായ ഭൂതകാലത്തെ എങ്ങിനെയൊക്കെ വളച്ചൊടിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണല്ലോ.

കടപ്പാട്: 'സഖാവ്' മാസികയുടെ 2014 ഡിസംബര്‍ ലക്കത്തില്‍ നിന്നും. ചിത്രം ഇന്റര്‍ നെറ്റില്‍ നിന്നും.