"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 25, ബുധനാഴ്‌ച

ഇങ്ങനെയൊക്കെയാണ് ഞാന്‍ കണ്ടല്‍ പൊക്കുടനായത് - കല്ലേന്‍ പൊക്കുടന്‍


ഞാന്‍ ഒരു ദൈവ വിശ്വാസി യാണ്. പ്രകൃതി യാണ് എന്റെ ദൈവം. ജനങ്ങളും. എനിക്ക് പത്തെഴു പത്തിയഞ്ച് വയസ്സായി. ഇക്കാല മത്രയും ഈ ദുരിതങ്ങ ളിലത്രയും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് പ്രൃതിയിലുള്ള എന്റെ വിശ്വാസം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. പാര്‍ട്ടിയുമായി അകന്നപ്പോള്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു പോയതായി തോന്നി. പാര്‍ട്ടിയിലും ഞാന്‍ ഒറ്റയ്ക്കു തന്നെയായിരുന്നു. കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ ഒറ്റപ്പെടല്‍ ഇല്ലാതാക്കി എന്നു പറയാം. കണ്ടല്‍ നട്ടു വളര്‍ത്തുമ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം വളരെയാണ്. ഇന്നെനിക്ക് കേരളത്തിലും പുറത്തും നല്ല സുഹൃത്തുക്കള്‍ ഉണ്ട്. എന്റെ കുടുംബം ഞാന്‍ ചെയ്ത എളിയ കാര്യം കരുതലോടെ തിരിച്ചറിയുന്നു. ഏറെക്കുറെ നാട്ടുകാരും. ചെറുതും വലുതുമായി അറുപതില്‍ അധികം അംഗീകാരങ്ങള്‍ കിട്ടി. ആത്മകഥയേയും പ്രവര്‍ത്തനങ്ങളേയും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ ഇതൊന്നും എന്നെ അത്രയൊന്നും സന്തോഷിപ്പിക്കുന്നില്ല. കാരണം കണ്ടലുകളുടേയും നീര്‍ത്തടങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുജനബോധം കൂടുന്നതിനേക്കാള്‍ വേഗത്തില്‍ അവയുടെ നാശവും സംഭവിക്കുന്നു. പുതിയ ഒരു സൂത്രം കൃഷി ചെയ്യാനാണെന്ന കാര്യം പറഞ്ഞ് ഏക്രകളോളം കണ്ടല്‍ വനം വെട്ടി നശിപ്പിക്കുക എന്നതാണ്. കൃഷി നടക്കുമോ എന്ന് പിന്നീട് പോയി നോക്കിയാലറിയാം. അഞ്ഞൂറിലധികം സ്‌ക്കൂളുകളില്‍ ഞാന്‍ പോയിട്ടുണ്ട്. നീര്‍ത്തടങ്ങളെ ക്കുറിച്ചും മീനുകളെക്കുറിച്ചും കണ്ടല്‍ ഇനങ്ങളെക്കുറിച്ചും കുട്ടികളോട് എന്റെ അനുഭവം പറഞ്ഞിട്ടുണ്ട്. പുഴ, നീര്‍ത്തടം, പുഴജീവികള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ട്. പാഠപുസ്തകങ്ങളില്‍ ഈ കാര്യങ്ങള്‍ ഇനിയും വേണ്ടത്ര വന്നിട്ടില്ല എന്നു തോന്നുന്നു. കുട്ടികളിലും അധ്യാപകരിലുമാണ് എന്റെ പ്രതീക്ഷ.

കണ്ടലുകളെ കണ്ടത്

ഏഴോം പഞ്ചായത്തിലെ വലിയ മുതലാളിയാണ് ചപ്പന്‍ മമ്മദ് എന്ന ആള്‍. അയാളുടെ വിശ്വസ്തനായ പണിക്കാരനായിരുന്നു എന്റെ അച്ഛന്‍. ചപ്പന്‍ മമ്മദ് മുതലാളിക്ക് ഏഴോത്ത് വലിയ രണ്ട് ചെമ്മീന്‍ കെട്ടുണ്ടായിരുന്നു. നെരങ്ങിന്റെ മാട് എന്ന സ്ഥലത്തും കണിയാന്റയം എന്ന സ്ഥലത്തും. അഴിമുഖത്തോട് ചേര്‍ന്ന് പുഴയുടെ തീരത്ത് കടല്‍ കൊണ്ടിടുന്ന വിസ്തൃതമായ എക്കലുകളില്‍ ചിലത് പുഴ തന്നെ തിരിച്ചെടുക്കുന്നു. തിരിച്ചെടുക്കാതെ അവ നിലനിറുത്തിയാല്‍ ഈ എക്കല്‍ ഭാഗത്ത് പോട്ടച്ചെടികളും ഓര്‍ക്കറുകയും മുളച്ചു പൊന്തും. ചെടികള്‍ക്കു നടുവിലായി ചെറുതും വലുതുമായ നീര്‍ക്കെട്ടുകള്‍ രൂപപ്പെടും. ഈ നീര്‍ക്കെട്ടുകള്‍ പുഴയുടെ ഒഴുക്കില്‍ നിന്നും മാറി നില്‍ക്കുന്ന ഒരിടമാണ്. പല തരത്തിലുള്ള ചെമ്മീനുകളും പുഴമീനുകളും മുട്ടയിട്ട് പെരുകുന്നത് ഈ നീര്‍ത്തടങ്ങളിലാണ്. കണ്ടല്‍ വേരുകള്‍ മീന്‍ കുഞ്ഞുങ്ങളേയും ചെമ്മീന്‍ കുഞ്ഞുങ്ങളേയും ഒഴുക്കില്‍ നിന്നും കാത്തുവെച്ച് വളര്‍ത്തുന്നു. പഴുത്ത് വീഴുന്ന കനമുള്ള കണ്ടല്‍ ഇലകളും കണ്ടല്‍ ചില്ലകളില്‍ പാര്‍ക്കുന്ന പക്ഷികളുടെ വിസര്‍ജ്ജ്യവും മീന്‍ കുഞ്ഞുങ്ങളുടെ ആഹാരമായി തീരുന്നു. ഈ എക്കല്‍ മാടുകള്‍ വിസ്തൃതമാണ്. വളക്കൂറുള്ള ഈ പ്രദേശങ്ങളെ ബണ്ടുകെട്ടി പുഴയുടെ ഒഴുക്കില്‍ നിന്നും സംരക്ഷിക്കുക എന്നത് ചിറക്കല്‍ തമ്പുരാന്റെ തീരുമാനമായിരുന്നു. കൃഷിയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് രാഷ്ട്രശ്രദ്ധ പിടിച്ചു പറ്റിയ കൈപ്പാട് കൃഷി ഉണ്ടാകുന്നത്. ഓര്‍ക്കറുകയും പോട്ടച്ചെടികളും അരിഞ്ഞെടുത്ത് ഉപ്പൂറ്റിയുടെ ചില്ലയും ഇട്ട് ചേറ് മറിച്ച് ഒഴുക്കിനെതിരെ കെട്ടിയുണ്ടാക്കുന്ന ഈ ബണ്ടുകളെ ശക്തമായ തിരമാലകള്‍ തകര്‍ത്തു കളയും. ഈ ബണ്ടുകളെ തിരമാലകളില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയാണ് അച്ഛനടക്കമുള്ള പൂര്‍വ്വികര്‍ പുഴയുടെ തീരത്ത് കണ്ടല്‍ നട്ടുപിടിപ്പിച്ചത്. പ്രാന്തന്‍ കണ്ടലടക്കമുള്ള ചെടിയുടെ വേരുകള്‍ക്ക് തിരമാലകളെ തടുക്കാനുള്ള കരുത്തുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് അവരുടെ ഈ കാഴ്ചപ്പാടുകളിലൂടെയാണ് അന്നു തൊട്ടു തന്നെ ഈ ചെടികളെ സാധാരണയില്‍ കവിഞ്ഞ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചപ്പന്‍ മമ്മദിന്റെ ചെമ്മീന്‍ ബണ്ടില്‍ നിന്നാണ് ഞാന്‍ കണ്ടലിനെ കണ്ടതും അറിയാന്‍ ശ്രമിച്ചു തുടങ്ങിയതും. ആഴമുള്ള തോടുകളും വലിയ ചെമ്മീന്‍ മഞ്ചകളും നോക്കെത്താത്ത കൈപ്പാടുപാടങ്ങളും ഇന്നില്ല.

ക്ലാസ് മുറിയും കൈപ്പാടും 

അഞ്ച് വര്‍ഷം ഞാന്‍ സ്‌ക്കൂളില്‍ പോയിട്ടുണ്ട്. ഏഴോത്തെ ഹരിജന്‍ വെല്‍വേര്‍ സ്‌ക്കൂളില്‍. പഠിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പല്ലുതേപ്പിനും കുളിക്കുമൊക്കെ ഒരു സമയക്രമം ഉണ്ടായത് സ്‌ക്കൂളില്‍ വെച്ചാണ്. പഠിക്കാന്‍ പോകണ്ട എന്ന് മുതലാളി ശാസന പുറപ്പെടുവിച്ചു. അച്ഛന്‍ മുതലാളിയെ പിന്തുണച്ചു. എന്റെ പഠിത്തം മുടങ്ങിയതിന്റെ ആദ്യകാരണം മുതലാളിയാണ്. പിന്നെ അച്ഛനും. കുട്ടിക്കാലത്തു തന്നെ എന്തും സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അഞ്ച് വര്‍ഷം പഠിച്ചിട്ടും മാഷന്മാര് എനിക്ക് ക്ലാസ് കയറ്റം തന്നില്ല. ഒന്നാം ക്ലാസില്‍ നിന്നും രണ്ടാം ക്ലാസിലേക്കും രണ്ടാം ക്ലാസില്‍ നിന്നും ഒന്നാം ക്ലാസിലേക്ക് തിരിച്ചും എന്നെ മാറ്റി മാറ്റി ഇരുത്തി. അക്ഷരം പോലും പഠിക്കാതെ സ്‌ക്കൂള്‍ വിട്ടു. ഇന്ന് എഴുതുന്നതും വായിക്കുന്നതും ഞാന്‍ പാര്‍ട്ടി പത്രത്തില്‍ നിന്ന് പഠിച്ച അക്ഷരബോധം കൊണ്ടാണ്. ക്ലാസില്‍ പഠിക്കാന്‍ കഴിയാതെ പോയത് കൈപ്പാട്ടില്‍ നിന്നും പഠിക്കുകയാ യിരുന്നു. ചെടികളുടെ വേര്, ഇല, പൂവ്, കായ, വിത്ത്, വിത്ത് വിതരണം, കണ്ടലുകള്‍ക്കിടയിലെ മരുന്ന് ചെടികള്‍, കന്നുകാലികള്‍ തിന്നുന്നവ, തിന്നാത്തവ, വളമായ് ഉപയോഗിക്കാവുന്നവ, ഉപയോഗിക്കാന്‍ കഴിയാത്തവ , നട്ടുപിടിപ്പിക്കാന്‍ കഴിയുന്നവ, അല്ലാത്തവ, പൂമ്പാറ്റകള്‍ക്ക് ഇഷ്ടമായവ, പക്ഷികള്‍ക്ക് ഇഷ്ടമായവ ,മനുഷ്യന്‍ തിന്നുന്നവ എന്നിങ്ങനെ ഞാന്‍ അവയെ നോക്കിയും പഠിച്ചും തരംതിരിച്ചും നിന്ന കാലമാണത്. നൂറുകണക്കിന് മീനുകളെയും പുഴ ജീവികളെയും അടുത്ത് നിന്നും പിടിച്ചും തിന്നും പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ചെടിയും ഓരോ പുഴജീവിയും ഞങ്ങളുടെ ജീവിതവുമായി അത്രകണ്ട് അടുത്തിരുന്നു. ഭക്ഷണം, വിറക്, പായ, കുരിയ, തൊഴില്‍ ചികിത്സ , കാലിത്തീറ്റ, അങ്ങനെ നീര്‍ത്തടവും കണ്ടലും ജീവിതവുമായി മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിധം ചേര്‍ന്നു നിന്നു. അതുകൊണ്ടാവാം ഇത് നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചുപോയത്.


പ്രാന്തന്‍ കണ്ടല്‍
കര്‍ഷകസംഘം കണ്ടല്‍ കൃഷി

നീര്‍ത്തടങ്ങളുമായും കണ്ടല്‍ വനങ്ങളുമായും ലയിച്ചു ജീവിച്ച ഞാനടങ്ങുന്ന ഒരു വിഭാഗത്തിന് ഈ ഭൂമിക്കും വനത്തിനും മേലെ ഒരു അധികാരവും അവകാശവും ഇല്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞു. അങ്ങനെ ഉണ്ടാവണമെന്ന് ചെറുപ്പത്തില്‍ തന്നെ ആഗ്രഹിച്ചു. മുതലാളിമാര്‍ ചെമ്മീന്‍ കണ്ടിയില്‍ നിന്നും ചെമ്മീന്‍ പിടിച്ചുണ്ടാക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കര്‍ഷകര്‍ക്കും കിട്ടണമെന്ന് ആവശ്യം ഞങ്ങള്‍ ഉന്നയിച്ചു. സമരം ചെയ്തു. കര്‍ഷക സംഘത്തിന്റെ പിന്തുണ കിട്ടി. സമരം കാരണം രണ്ടോ മൂന്നോ തവണ ജയിലിലടയ്ക്കപ്പെട്ടു. നിരവധി പോലീസ് കേസില്‍ പ്രതിയായി. ഒളിവിലായി. ചെമ്മീന്‍ പണം കര്‍ഷകര്‍ക്കും കൊടുക്കാന്‍ തീരുമാനമായി പുലയരായ കര്‍ഷകര്‍ക്കൊന്നും പണം കിട്ടിയില്ല. കാരണം അവരാരും കര്‍ഷകരായിരുന്നില്ല. വെറും കര്‍ഷകത്തൊഴിലാളികള്‍ മാത്രം. സമരം തീരുമാനിച്ചവരും നയിച്ചവരും ഞങ്ങളായിരുന്നു. സമരവും ദുരിതവും ഒരു കൂട്ടര്‍ക്ക് ഗുണം വേറൊരു കൂട്ടര്‍ക്ക് . ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അന്നുമാത്രമല്ല ഇന്നും ഇതൊക്കൊ തന്നെയല്ലേ പുതിയ രൂപത്തില്‍ നടക്കുന്നത്? പാര്‍ട്ടിയില്‍ നിന്നും അകലാന്‍ ഉണ്ടായ ഒരു പാട് കാരണങ്ങളില്‍ ഈ സമരാനുഭവം പ്രധാനപ്പെട്ട ഒന്നായിരുന്നു. കഷ്ടിച്ച് ഒരു വര്‍ഷത്തിലധികം ഒരു രാഷ്ട്രീയ സംഘടനയുമായും യാതൊരു ബന്ധവും പുലര്‍ത്താതെ നിന്നു. ഈ കാലത്താണ് കണ്ടല്‍ കൃഷി എന്ന ആശയത്തിലേക്ക് മനസ്സ് നീങ്ങിയത്.

കണ്ടലും കണ്ണീരും

1989 നു മുമ്പു തന്നെ വിത്തിന്റെ തിരഞ്ഞെടുപ്പും സ്ഥലം കണ്ടെത്തലുമൊക്കെയായി ഒന്നു രണ്ടു വര്‍ഷം കടന്നുപോയി. ഇരുപത്തിയഞ്ചു ചെടികള്‍ ആദ്യം നട്ടു. നട്ട സമയം, ആഴം, സ്ഥലം ഇങ്ങനെ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അടുത്തഘട്ടം നൂറോളം ചെടികള്‍ അത് ഏറെക്കുറെ വിജയം എന്നുപറയാവുന്ന തരത്തിലായിരുന്നു. ആയിരത്തിലും പതിനായിരത്തിലുമെത്തുമ്പോള്‍ ചെടികള്‍ ഞാന്‍ കരുതയതിനെക്കാള്‍ വേഗത്തിലും നന്നായും വളര്‍ന്നു. ഈ ചെടികള്‍ കാണാന്‍ നിരവധി പേരെത്തി. രാഷ്ട്രീയ പ്രവര്‍ത്തന ത്തിലും സമൂദായ പ്രവര്‍ത്തനത്തിലും അനുഭവിച്ച സങ്കടങ്ങള്‍, ഒറ്റപ്പെടലുകള്‍ ഇല്ലാതായി. ധാരാളം അധ്യാപകരും പരിസ്ഥിതിക്കാരും ഗവേഷകരും വന്നു. വിദേശത്തു നിന്നു പ്രശസ്തരെത്തി. മലയാളത്തിലും ഇംഗ്ലീഷിലും പത്രങ്ങള്‍ എഴുതി. അംഗീകാരങ്ങള്‍ വന്നു. ധാരാളം വേദികളില്‍ലേക്ക് ക്ഷണിക്കപ്പെട്ടു.

സമമായി ശത്രുക്കളും പെരുകി. പാര്‍ട്ടിയെക്കാള്‍ അപകടകരമായ അവസ്ഥകള്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിലുമുണ്ടായി. ആറുവര്‍ഷം പ്രായമായ പതിനായിരത്തില്‍പ്പരം ചെടികള്‍ ഒറ്റ പകലുകൊണ്ട് നാട്ടുകാരില്‍ ചില ഗ്രൂപ്പുകള്‍ വെട്ടിനശിപ്പിച്ചു. എല്ലാവരും നിശബ്ദമായി നോക്കി നിന്നു. പലരും അതിന് പിന്തുണ നല്‍കിയിരുന്നു എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. മനസ്സിനു അത് താങ്ങാന്‍ കഴിഞ്ഞില്ല. ചികിത്സ തേടേണ്ടിവന്നു. ആ ചെടികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ലോകത്തിനു തന്നെ മാതൃകയാകുമായിരുന്നു. എന്റെ ജാതി, വിദ്യാഭ്യാസം, ആദ്യകാല രാഷ്ട്രീയം ഇതൊക്കെ പരിസ്ഥിതി പ്രവര്‍ത്തനത്തിലും പ്രശ്‌നമായി തുടങ്ങി. രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടുണ്ടായ അനുഭവം ഇടപെടുന്നവരെയും അവരുടെ താല്‍പര്യങ്ങളെയും വേഗത്തില്‍ തിരിച്ചറിയാന്‍ എന്നെ സഹായിച്ചു.

അടുത്തു നിന്നവരും മാറിനിന്നവരും പലതും പറഞ്ഞു. ഭ്രാന്തന്‍, പണമുണ്ടാക്കുന്നവന്‍ പ്രശസ്തിക്കു പിന്നാലെ പോകുന്നവര്‍ രാഷ്ട്രീയമില്ലാത്തയാള്‍ അങ്ങനെ പലതും. ഒരു ഘട്ടം കുടുംബം പോലും ഇങ്ങനെയൊക്കെ ചിന്തിക്കുകയും പറയുകയും ചെയ്തു. ഇന്ന് വലിയ വിഭാഗം എന്നെ തിരിച്ചറിയുന്നു. കുടുംബം എന്നെ മനസ്സിലാക്കുന്നു വെന്ന് മാത്രമല്ല എന്റെ പ്രവര്‍ത്തനങ്ങളെ പലതരത്തിലും സഹായിക്കുന്നു. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ അതാണ് എന്റ വലിയ സന്തോഷങ്ങളിലൊന്ന്.

കണ്ടല്‍ കുറിപ്പുകള്‍

സ്‌കൂളുകള്‍, കോളേജുകള്‍, ക്ലബ്ബുകള്‍ എന്നിങ്ങനെ ധാരാളം വേദികളില്‍ നീര്‍ത്തട-കണ്ടല്‍ കാര്യങ്ങള്‍ സംസാരിക്കേണ്ടിവന്നു. തീരസംരക്ഷണം, ശുദ്ധജല സംരക്ഷണം, മത്സ്യ സമ്പത്തിന്റെ നിലിനില്‍പ്പ് എന്നിവയില്‍ കണ്ടല്‍ വനമേഖലയ്ക്കുള്ള സ്ഥാനം എന്താണെന്ന് അറിയാത്ത അവസ്ഥ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പരിധി വരെ ജനങ്ങള്‍ക്കുമുണ്ടെന്ന് ഈ തരം കൂടികാഴ്ചകളില്‍ നിന്നും എനിക്ക് മനസ്സിലായി. കണ്ടല്‍ വനമേഖലയെക്കുറിച്ച് അറിയാന്‍ വലിയ താല്‍പര്യവും ഉത്സാഹവും അവര്‍ കാണിച്ചു. ഒരാഴ്ചയില്‍ രണ്ടും മൂന്നും ദിവസം എനിക്ക് യാത്ര ചെയ്യേണ്ടിവന്നു. കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്രകള്‍ കണ്ടല്‍ വിത്തുമായി ചെന്ന സ്ഥലങ്ങള്‍ ഈ ജില്ലകളിലൊക്കെ ധാരളമുണ്ട്. ഇത്തരം ക്ലാസ്സുകളില്‍ മറക്കാതെ പറയാന്‍ ഓരോ ചെടിയെക്കുറിച്ചും എഴുതി തയ്യാറാക്കിയ കുറിപ്പുകള്‍ മക്കള്‍ മാറ്റി എഴുതി. അങ്ങനെ മാറ്റിയെഴുതിയ കുറിപ്പുകളാണ് ചൂട്ടാച്ചി എന്ന പേരില്‍ പുസ്തകമായത്.—

ഇരുപത്തിരണ്ടിനം കണ്ടല്‍ച്ചെടികള്‍ മാത്രമാണ് കേരളത്തിലുളളത്. അവയ്ക്ക് പരിസ്ഥിതിയില്‍ വലിയ പ്രാധാന്യമുണ്ട്. പേരുണ്ട്, മനുഷ്യവംശത്തെ തന്നെ നിലനിറുത്തുന്ന വലിയ ധര്‍മ്മങ്ങളുണ്ട്. നൂറുകണക്കിന് പുഴ ജീവികള്‍ പെറ്റുപെരുകാനും വളരാനും ഇവ വേണം. ഈ ചെടികളുടെ പേരുകള്‍ വരും തലമുറ ഏറ്റു പറയണം. അതിനായിട്ടാണ് ഈ ഇരുപത്തിരണ്ട് കുറിപ്പുകള്‍ എഴുതിയത്. എന്റെ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ മാത്രമാണിത്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഈ കുറിപ്പുകള്‍ പരമ്പരയായി വന്നപ്പോള്‍ ഏറെ സന്തോഷിച്ചത് മീനാക്ഷിയാണ്. പുസ്തകം കാണാന്‍ നില്‍ക്കാതെ അവള്‍ യാത്രയായി. അടുത്ത തലമുറക്കായി എനിക്ക് കരുതിവെക്കാന്‍ ഈ കണ്ടല്‍ കുറിപ്പുകള്‍ മാത്രമേ ഉള്ളൂ. അവയുടെ സംരക്ഷണം ഏറ്റെടുക്കുന്നവര്‍ക്ക് ഇത് എന്തെങ്കിലും തരത്തില്‍ വെളിച്ചമാകുമെന്ന് ഞാന്‍ കരുതുന്നു.

കടപ്പാട് :'ചന്ദ്രിക' ആഴ്ചപ്പതിപ്പ്