"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 20, വെള്ളിയാഴ്‌ച

ചാവറയച്ചന്‍ ക്രാന്തദര്‍ശിയായ സന്യാസിവര്യന്‍ - ഫാ. മാത്യു കണ്ണിയാമ്പറമ്പില്‍. സിഎംഐ.


ആദ്യത്തെ സിഎംഐസ്കൂള്‍ 
മതസൗഹാര്‍ദ്ദത്തിനു വേണ്ടിയുള്ള ചാവറയച്ചന്റെ സംഭാവനകള്‍ വിലമതിക്കാ നാവാത്തതാണ്. ആരാധനലായങ്ങള്‍ സ്ഥാപിക്കുമ്പോള്‍ സമീപവാസികളായ ഇതര മതസ്ഥരുടെ വികാരം അദ്ദേഹം കണക്കിലടു ത്തിരുന്നു. മാന്നാനത്ത് ആശ്രമം സ്ഥാപിക്കുന്ന തിന് സമീപവാസികളായ ചില ഹിന്ദു സഹോദരങ്ങള്‍ക്ക് തടസമുണ്ടെന്ന റിഞ്ഞ അദ്ദേഹം ആശ്രമത്തിനു വേണ്ടി വേറെ സ്ഥലം അന്വേഷിച്ചു.

ഇന്ത്യയിലെ ആദ്യ ഏകദേശീയ സന്യാസ സഭയായ സിഎംഐ സഭക്ക്, പാലക്കലച്ചനോടും പോരുക്കരയച്ചനോടും ചേര്‍ന്ന് 1831 ല്‍ ചാവറയച്ചന്‍ തുടക്കമിട്ടു. കേരളത്തിലെ ആദ്യ സന്യാസി സമൂഹമായ സിഎംസിക്ക് 1866 ല്‍ ലിയോപ്പോള്‍ദ് മിഷനറിയോടു ചേര്‍ന്നു തുടക്കമിട്ടതും ചാവറയച്ചന്‍ തന്നെ. സന്യാസ സഭാ സ്ഥാപനം ചാവറയച്ചനുള്‍പ്പെടെ പലരുടേയും കൂട്ടായ പരിചിന്തനത്തിന്റെ ഫലമായിരുന്നെങ്കില്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചാവറയച്ചന്റേതു മാത്രമായ ദര്‍ശനമായിരുന്നു. സമുദായത്തെ കൈപിടിച്ചുയര്‍ത്താന്‍ ആരംഭിച്ച സന്യാസ സഭ ഏതുവേദിയില്‍ ആദ്യം കാലെടുത്തു വെക്കണമെന്ന് ചിന്തിച്ചപ്പോള്‍ വിദ്യയുടെ വേദിയാണ് അദ്ദേഹത്തിന്റെ മുമ്പില്‍ തെളിഞ്ഞത്. ആശ്രമ സ്ഥാപനം സഭയുടെ വളര്‍ച്ചക്ക് കാരണമായെങ്കില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമൂഹ പുരോഗതിക്ക് അടിത്തറ പാകി.

ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വ്യക്തികള്‍ക്കും സമൂഹത്തിനുമുള്ള ബാധ്യതയെപ്പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്നു ചാവറയച്ചന്. അഗതികള്‍ക്ക് അഭയം നല്‍കാന്‍ അദ്ദേഹം ഭവനങ്ങളുണ്ടാക്കി. കൈനകരിയിലെ അഗതിമന്ദിരത്തിനിട്ട പേര് പരസ്പര സ്‌നേഹ ധര്‍മ്മാലയ എന്നായിരുന്നു. ചാവറയച്ചന്റെ കാലത്ത് ദലിതര്‍ മുതലായവരെക്കൊണ്ട് മേല്‍ജാതിക്കാര്‍ നിര്‍ബന്ധമായി ജോലിചെയ്യിപ്പിച്ചിരുന്നു. ന്യായമായ കൂലി നല്‍കിയിരുന്നുമില്ല. ഊഴിയം എന്നായിരുന്നു ഈ പതിവിനെ വിളിച്ചിരുന്നത്. ചാവറയച്ചന്‍ ഇതിനെ എതിര്‍ത്തു. തൊഴിലാളിക്ക് ന്യായമായ കൂലി കൊടുക്കണമെന്ന് ശഠിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. 

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് ആര്‍ക്കും ആലോചിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. പക്ഷെ, ചാവറയച്ചന്‍ സ്ത്രീ വിദ്യാഭ്യാസ ത്തിന്‍റെ പ്രാധാന്യം കണ്ടറിഞ്ഞു. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ ഒരു കുടുംബം മാത്രമല്ല, അയല്‍ക്കാര്‍ കൂടി വിദ്യാഭ്യാസ ത്തിലേക്കുള്ള വഴി കണ്ടെത്തിത്തുടങ്ങുമെന്ന് ചാവറയച്ചന്‍ മനസിലാക്കി. അതിന്റെ ബലത്തിലാണ് സ്‌കൂളുകളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും കൂനമ്മാവില്‍ ബോര്‍ഡിങ് തുടങ്ങിയതും. ചരിത്രരേഖകള്‍ സൂക്ഷിക്കുന്നതിന്റേയും പ്രാധാന്യം മനസിലാക്കിയിരുന്നു ചാവറയച്ചന്‍. അദ്ദേഹം എഴുതിയ നാളാഗമങ്ങള്‍, 1829 മുതല്‍ 1870 വരെയുള്ള സഭാചരിത്രത്തിന്റെ സുപ്രധാന രേഖയാണ്.

വിദൂര ഭാവിയിലേക്ക് മാറ്റൊലിക്കൊള്ളുന്നതായിരുന്നു ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍. കാലിക പ്രസക്തിക്ക് അപ്പുറത്തുള്ള പ്രസക്തിയെക്കു റിച്ച് എപ്പോഴും അദ്ദേഹം ചിന്തിച്ചിരുന്നു. ഭാവിക്കുവേണ്ടി ചെയ്യാനും, അത് അത്യന്തം പ്രായോഗിക ബുദ്ധിയോടെയും ഉള്‍ക്കാഴ്ചയോടെയും ചെയ്യാനും, അതിനു വേണ്ടി സ്വയം സമര്‍പ്പണത്തിന്റെ ആഴങ്ങളിലേക്കു പോകാനും അദ്ദേഹം മനസുവെച്ചു. കേരളം ഇന്നു കൈവരിക്കുന്ന വിദ്യാഭ്യാസ പുരോഗതിക്കും ദലിതര്‍ കേരള സമൂഹത്തില്‍ നേടിയിരിക്കുന്ന മാന്യതക്കും ചാവറയച്ചനോട് കടപ്പെട്ടിരിക്കുന്നു.

കേരള സമൂഹത്തിന്റെ ദൂരവ്യാപകമായ ഗുണഫലങ്ങളുണ്ടാക്കിയ പരിഷ്‌കരണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഈ വൈദിക ശ്രേഷ്ഠന്‍ 1871 ജനുവരി 3 ന് കൂനമ്മാവില്‍ അന്തരിച്ചു. തലമുറകള്‍ക്കു മാര്‍ഗദീപമായി മാറിയ ഈ പുണ്യചരിതനെ 1986 ഫെബ്രുവരി 8 ന് കോട്ടയത്ത് വെച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

സ്വന്തം സമുദായത്തേയും സഭയേയും മാത്രമല്ല, ജനസമൂഹത്തെയാകെ ആശ്ലേഷിക്കുന്നതായിരുന്നു ചാവറയച്ചന്റെ സ്‌നേഹവായ്പ്. മനുഷ്യ നന്മയായിരുന്നു ആ മഹത്തായ ജീവിതത്തിന്റെ ആശയവും സന്ദേശവും. ഒരു കാലഘട്ടത്തേയും ഒരു ദേശത്തേയും പ്രഭാപൂരിതമാക്കി, സമഗ്ര മോചനത്തിലേക്കും പുരോഗതിയിലേക്കും നയിച്ച ചാവറയച്ചനെ കേരളീയര്‍ മറക്കില്ല. 

2007 ജനുവരി ലക്കം 'മൂല്യശ്രുതി'യിലാണ് ഈ ലേഖനമുള്ളത്.