"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 12, വ്യാഴാഴ്‌ച

പുസ്തകം: ഉണര്‍ത്തുപാട്ടുകള്‍ - വൈക്കം ഭാസി


പ്രസാധനം യുവകലാസാഹിതി, കോട്ടയം.
വില: 50 രൂപ.

വൈക്കം ഭാസി

ജനനം കോട്ടയം ജില്ലയിലെ വൈക്കത്തിനുത്ത് തോട്ടകത്ത് കട്ടത്തറയില്‍ കുടുംബത്തില്‍. പിതാവ് കുഞ്ഞന്‍. മാതാവ് കറുമ്പി. വടക്കേ വാഴക്കാട്ടില്‍ ഗോവിന്ദന്‍ നാരായണന്‍ ആശാനില്‍ നിന്നും ആദ്യാക്ഷരം കുറിച്ചു. തുടര്‍ വിദ്യാഭ്യാസം തോട്ടകം ഗവ: എല്‍പി സ്‌കൂള്‍, വൈക്കം ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍. നന്നേ ചെറുപ്പത്തില്‍ സംഗീതം, ഹര്‍മോണിയം, തബല എന്നിവ അഭ്യസിച്ചു. പിന്നീട് നാടകകലയില്‍ ആകൃഷ്ടനായി.

അമൃതം ഗമയ, വെള്ളം, ആഹ്വാനം, ചന്ത, ദി സിവിലിയന്‍സ്, ജനുവരി ഫസ്റ്റ്, വേനല്‍പ്പക്ഷികള്‍, ഞാന്‍ ഡയോജനീസ്, അടിമകള്‍ ഉടമകള്‍, സത്രം, സഞ്ചാരി, രാപ്പാടി, വിളക്കുമാടം, ശാന്തിരേഖ, അയാള്‍ ആരായിരുന്നു?, കാതോര്‍ത്തിരുന്നവര്‍, മണ്ണിന്റെ മക്കള്‍, ഭ്രാന്താലയം, ഉദയം, സോപാനം, ദൈവം=മനുഷ്യന്‍, ലോകാ സമസ്താ, ശാന്തിമന്ത്രം, കുശവന്‍, കുര്യാല, തുടങ്ങി 75 ഓളം സാമൂഹ്യ നാടകങ്ങളും പഴശ്ശിരാജ എന്ന ചരിത്ര നാടകവും എസ്‌തേര്‍ രാജ്ഞി, ദാവീദ്, ജാക്കോബ്, അഹസ്വരൂസ് മഹാരാജാവ്, ബറാബാസ്, പീലാത്തോസ്, ദൈവപുത്രന്‍, മൊറേദാക്ക, നീതിമാന്റെ രക്തം, യോന, സോളമന്റെ നീതി തുടങ്ങിയ ബൈബിള്‍ നാടകങ്ങളും കനകതാര, രാജ്യസ്‌നേഹി, മായാമയൂഖം, ഇന്ദുലേഖ, ചിലമ്പൊലി, കൊടുങ്ങല്ലൂരമ്മ, മായാഭഗവതി, മാമലക്കാവിലമ്മ, മായാമഹേശ്വരം, ദേവസങ്കീര്‍ത്തനം, ചന്ദ്രവംശം, ശിവഗംഗ തുടങ്ങിയ നൃത്ത നാടകങ്ങളും രചിച്ചു. ഇവയെല്ലാം കേരളത്തിലെ വിവിധ അമേച്വര്‍ നാടകസംഘങ്ങളും വിവിധ കലാ സമിതികളും നിരവധി വേദികളില്‍ അവതരിപ്പിച്ചു.

സി കെ ശശിയും സതീഷ് കച്ചേരിക്കടവും ചേര്‍ന്ന് രചിച്ച മദര്‍ ഇന്ത്യ എന്ന കഥ ടി കെ ജോണിന്റെ സംവിധാനത്തില്‍ വൈക്കം മാളവികക്ക് വേണ്ടി അവതരിപ്പിക്കുന്നതിനു വേണ്ടി നാടകരൂപം നല്‍കി. ടി കെ ജോണ്‍ സംവിധാനം ചെയ്ത വൈക്കം തിരുനാള്‍ നാടകവേദി അവതരിപ്പിച്ച ബാലന്‍ അയ്യമ്പിള്ളിയുടെ യന്ത്രക്കുതിര എന്ന നാടകത്തിന്റെ പുനരാവിഷ്‌കരണത്തിനു വേണ്ടി രംഗരചന നടത്തി.

അനവധി അരങ്ങുകളില്‍ കഥാപ്രസംഗവും സംഗീത പരിപാടികളും അവതരിപ്പിച്ചു. ശാന്തിമന്ത്രം കഥാപ്രസംഗം ഡെല്‍ഹിയിലും വിദേശത്തും അവതരിപ്പിച്ചു. നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ സുവര്‍ണ ജൂബിലി, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ വിളംബര ജാഥക്കുവേണ്ടി ഗാനരചനയും സംഗീത സംവിധാനവും അവതരണവും നടത്തി. കേരള സര്‍ക്കാര്‍ നടത്തിയ നിര്‍മ്മല്‍ - 2000 ശുചിത്വ കലാജാഥക്കുവേണ്ടി കവിതാ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചു.

ടി എസ് രാധാകൃഷ്ണന്‍ സംഗീത സംവിധാനം ചെയ്ത ആലിലക്കണ്ണന്‍ എന്ന ഭക്തിഗാന കാസറ്റിന്റെ ഗാനരചനയും ആന്റണി കാപ്പുകല രചിച്ച നവജീവന്‍ എന്ന ഭക്തിഗാന കാസറ്റിന്റെ സംഗീത സംവിധാനവും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ രാഷ്ട്രീയ ഗാന കാസറ്റിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചു. സൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത സ്‌നേഹിത എന്ന സീരിയലിന്റെ സംഭാഷണ രചന നിര്‍വഹിച്ചു.

സമലോകം പത്രത്തിന്റെ മുഖ്യ പത്രാധിപര്‍, മലയാഴ്മ മാസികയുടെ പത്രാധിപര്‍, മാതൃദേശം ത്രൈമാസികയുടെ പത്രാധിപര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈക്കം മെയില്‍, കമലം എന്നീ മാസികകളുടെ പത്രാധിപരായി പ്രവര്‍ത്തിക്കുന്നു. 

1999 ലെ ഡോ. അംബേഡ്കര്‍ പുരസ്‌കാരം സ്വര്‍ണപ്പതക്കം, 1999 ലെ ദലിത് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2000 ലെ ദക്ഷിണേന്ത്യന്‍ സാഹിത്യസമിതിയുടെ പുരസ്‌കാരം, 2000 ലെ മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ പുരസ്‌കാരം, 2002 ലെ കേരള സര്‍ക്കാരിന്റെ കീര്‍ത്തിപത്രം എന്നിവ ലഭിച്ചിട്ടുണ്ട്.

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യകൃതിയാണ് പോളിയോ. രണ്ടാമത്തെ കൃതിയായി ഉണര്‍ത്തുപാട്ടുകള്‍ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്നു.

തലയാഴം ചിറ്റേത്തറയില്‍ കുടുംബാംഗവും തലയാഴം അംഗനവാടി അധ്യാപികയുമായ സരസമ്മയാണ് ഭാര്യ.

മക്കള്‍, സോമോന്‍. കെഎസ്ആര്‍ടിസി
മകള്‍, സോമോള്‍. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 'കേരളത്തിലെ നാടോടി വാദ്യോപകരണങ്ങള്‍ - ഒരു പഠനം' എന്ന വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി.

വിലാസം; വൈക്കം ഭാസി, തലയാഴം, വൈക്കം - 686 607
ഫോണ്‍; 04829-277045, 9746736336
e-mail; vaikombhasi@yahoo.com