"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 23, തിങ്കളാഴ്‌ച

കല്ലേന്‍ പൊക്കുടന്‍ പച്ചയുടെയും കറുപ്പിന്റെയും രാഷ്ട്രീയം - സനല്‍ മോഹന്‍


സനല്‍ മോഹന്‍ 
കേരളത്തിന്റെ പൊതുമണ്ഡലം എണ്‍പതുകളിലും തൊണ്ണൂറുകളിലും പച്ചയുടെയും ചുവപ്പിന്റെയും രാഷ്ട്രീയ സംവാദം കൊണ്ട് ചൂട്പിടിച്ചിരുന്നു. പരിസ്ഥിതി പലപ്പോഴും സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ പ്രശ്‌നമണ്ഡലത്തിനു പുറത്തായിരുന്നു. എങ്കിലും ഇത് ഇന്ന് അവഗണിക്കാവുന്ന ഒന്നല്ല എന്ന ധാരണയിലേക്ക് അവര്‍ സമീപകാലത്ത് എത്തിയിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതിവാദികളായ ഇടതുപക്ഷാഭിമുഖ്യമുളളവരും ശാസ്ത്രസാഹിത്യ പരിഷത്തടക്കമുള്ള പ്രസ്ഥാനങ്ങളും ഇടതുരാഷ്ട്രീയത്തിന്റെയും പരിസ്ഥിതി കാഴ്ചപ്പാടിന്റെയും കൂടിച്ചേരലിനെ സമഗ്രതയില്‍ കാണാനുള്ള ശ്രമവുമുണ്ട്. പരിസ്ഥിതിവാദികള്‍ പലരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരല്ല. പരിസ്ഥിതിയും രാഷ്ട്രീയവും സംബന്ധിച്ച് നിലനില്‍ക്കുന്ന ചിന്താധാരകള്‍ക്കു പകരമായി ഇന്ന് പച്ചയുടെയും കറുപ്പിന്റെയും രാഷ്ട്രീയം കേരളത്തില്‍ ഉയര്‍ന്ന് വരു ന്നുണ്ട്. ഈ ഒരു പരിപ്രേക്ഷ്യത്തിനു കാരണമായി തീരുന്നത് ശ്രീ. ക ല്ലേന്‍ പൊക്കുടന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയ ചോദ്യ ങ്ങളാണെന്ന് കാണാം. കല്ലേന്‍ പൊക്കുടന്‍ കറുപ്പ്/ചുവപ്പ്/പച്ച എന്ന പുസ്തകം 2002ല്‍ പ്രസിദ്ധീകരിച്ച കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം 2010 ല്‍ വെളിച്ചം കണ്ട എന്റെ ജീവിതം എന്നീ പുസ്ത കങ്ങള്‍ ഉയര്‍ത്തിവിട്ട ചര്‍ച്ചകളുടെയും പഠനങ്ങളുടെയും സമാഹരണ മാണ്. ഈ സമാഹാരത്തിന്റെ പേര് തന്നെ കേരളത്തില്‍ ഉയര്‍ന്നു വരേ ണ്ടുന്ന പച്ചയുടേയും കറുപ്പിന്റെയും രാഷ്ട്രീയ ദിശാബോധത്തെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ ബൗദ്ധിക രാഷ്ട്രീയ മണ്ഡലത്തില്‍ വേഗത്തില്‍ ഇടം കിട്ടുന്ന ഒന്നല്ല ഇത്. ഈ പ്രശ്‌നത്തിലേക്ക് വരും മുമ്പ് ഈ പുസ്തകത്തെക്കുറിച്ച് ചിലത് പറയട്ടെ പൊക്കുടന്റെ രണ്ട് ആത്മ കഥകളെക്കുറിച്ചുള്ള പത്തൊന്‍പത് ശ്രദ്ധേയമായ വിമര്‍ശന പഠനങ്ങ ളാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്തുള്ളത്. സാഹിത്യ വിമര്‍ശം, സാമൂ ഹികാപഗ്രഥനം, സാസ്‌കാരിക വിമര്‍ശനം എന്നിങ്ങനെ ഇവയെ വ്യവച്ഛേദിക്കുവാന്‍ കഴിയും.

പൊക്കുടന്റെ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുന്നതില്‍ വളരെ നിര്‍ണായകമായിരുന്നു, ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ഫീച്ചറുകള്‍. അവയില്‍ ശ്രദ്ധേയമായവയെ പുസ്തകത്തിന്റെ രണ്ടാം ഭാഗം ഉള്‍ക്കൊള്ളുന്നു. കറുപ്പും പച്ചയും ഒരു പക്ഷേ ഒരുമിച്ചു ചേരാന്‍ മടിക്കാത്ത പരിപ്രേക്ഷ്യങ്ങളാണ് എന്ന് പൊക്കുടന്റെ സാമൂഹ്യ കാഴ്ചപ്പാട് നമ്മെ ധരിപ്പിക്കുന്നു. എന്താണ് ഇവിടെ കറുപ്പ്? കേരളത്തിന്റെ സാമൂഹ്യാനുഭവത്തില്‍ കറുപ്പ് പൊതുവെ അംഗീകാരമുള്ള നിറമല്ല. മാത്രമല്ല തിന്മയുടെ സൂചകമായി കറുപ്പ് നിറം ഉപയോഗിക്കാറുമുണ്ട്. എന്നതു മാത്രമല്ല; കേരളത്തെ കുറിച്ചുള്ള കൊളോണിയല്‍ വിവരങ്ങളില്‍ കറുത്ത നിറമുള്ള അസ്പര്‍ശ്യ ജാതികളെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ കാണാന്‍ കഴിയും. പൗരാണിക അനാര്യന്മാരെക്കുറിച്ചുള്ള വിവരണങ്ങളിലും ശരീരത്തിന്റെ നിറവും ജാതിയും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടാകാനിടയില്ല. ശരീരത്തിന്റെ നിറത്തെ സംബന്ധിച്ച കേരളീയ ആശങ്കകളറിയാന്‍ നമ്മുടെ വിവാഹ പരസ്യങ്ങളുടെ കോളം മാത്രം കണ്ടാല്‍ മതിയാകും. ഇത്രയേറെ വംശീയമായി ചിന്തിക്കുന്ന ഒരു ജനവിഭാഗം ലോകത്ത് വേറെ കാണാന്‍ പ്രയാസമായിരിക്കും. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളും വ്യത്യസ്തമാകാന്‍ ഇടയില്ല. (ഇക്കാര്യത്തില്‍ പല ദളിതരും വ്യത്യസ്തരല്ല) പുലയ പറയ ജാതിയില്‍പ്പെടുന്നവര്‍ കറുത്ത നിറത്താല്‍ അടയാളപ്പെടുത്തപ്പെട്ടവരാണ്. അതിനര്‍ത്ഥം എല്ലാ പുലയരും പറയറും കറുത്തവരാണെന്നല്ല. അതുപോലെ മറ്റ് ജാതി സമുദായങ്ങളില്‍ കറുത്ത നിറമുള്ളവരില്ലെന്നുമല്ല. കറുപ്പ് ഒരു സാമൂഹ്യ വിഭാഗത്തിന്റെ നിറമായി മാറുന്നത്, ചില ആദിവാസി സമൂഹങ്ങളൊഴിച്ചാല്‍ പുലയരും പറയരും ഉള്‍പ്പെടുന്ന ദലിത് വിഭാഗത്തിലാണെന്നു കാണാം. കറുപ്പും പച്ചയും ആലങ്കാരിക ഭാഷയില്‍ ദലിത് പരിസ്ഥിതി പരിപ്രേക്ഷ്യങ്ങളുടെ കൂടിച്ചേരലിനെ സൂചിപ്പിക്കുന്നു. ഇവിടെ കറുപ്പ് വംശീയതയുടേയും ദലിത് പരിപ്രേക്ഷ്യത്തില്‍ നിന്നുളള ജാതിയുടേയും സൂചനകള്‍ ഉള്‍ക്കൊള്ളുന്നതായി മാറുന്നു. 

കേരളീയ സാഹചര്യത്തില്‍ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിലനില്‍ക്കുന്നതായി അംഗീകരിക്കാന്‍ പലര്‍ക്കും മടിയായിരിക്കാം. അത്തരം വിവേചനം നിലനില്‍ക്കുന്നിടത്താണ് കറുപ്പിനെ പ്രതിരോധത്തിന്റേയും വിമര്‍ശാവബോധത്തിന്റേയും നിറം എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍ തിരിച്ചറിയുന്നത്. അതാകട്ടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വംശീയതയ്‌ക്കെതിരെ കറുത്തവര്‍ വളര്‍ത്തിയെടുത്ത വിമര്‍ശാവബോധത്തിന്റെ സ്വാധീനം സൂചിപ്പിക്കുകയും ചെയ്യുന്നു. കേരളീയ പൊതു മണ്ഡലത്തില്‍ ദലിത് അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കറുപ്പിന്റെ വിമര്‍ശാവബോധം വളരുന്നതും വികസിക്കുന്നതുമെന്നു ഈ പുസ്തകം സൂചിപ്പിക്കുന്നു.

സാക്ഷ്യപ്പെടുത്തലിന്റെ ആഖ്യാനങ്ങളും ധാര്‍മികപ്രശ്‌നങ്ങളുമെന്ന ശ്രദ്ധേയമായ ആദ്യ ലേഖനത്തില്‍ ഇ.വി. രാമകൃഷ്ണന്‍ പൊക്കുടന്റെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്ന പുസ്തകം സമകാലീന സമൂഹത്തിന്റെ നൈതികതയെ ഇത്രയും ഗഹനമായി ചോദ്യം ചെയ്യുന്ന കൃതി മലയാളത്തില്‍ അടുത്ത കാലെത്തെങ്ങുമുണ്ടാ യിട്ടില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു. കേരളീയര്‍ പൊതുവെ പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കാത്ത, ജാതിയുണ്ടാക്കിയ ദുരിതങ്ങളെക്കുറിച്ചുള്ള പൊക്കുടന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ലേഖകനെ ഈ നിരീക്ഷണത്തിലേക്ക് നയിച്ചത്. ഇടതുപക്ഷക്കാരനായ പുലയന്‍ ഇടത് രാഷ്ട്രീയത്തിലും സമൂഹത്തിലും നേരിട്ട അന്യവല്‍ക്കരണത്തിന്റെ അനുഭവപാഠങ്ങളെ മറ്റു പാഠങ്ങളുമായി തുലനം ചെയ്യുന്നു, ലേഖകന്‍ . ഈ പാഠങ്ങള്‍ രൂപപ്പെടുത്തുന്ന സത്യസന്ധതയും രാഷ്ട്രീയ സാധ്യതകളും കേരളീയ സമൂഹത്തില്‍ വരാനിരിക്കുന്ന ഘടനാപരമായ മാറ്റത്തിന്റെ ദിശാസൂചിയായി പൊക്കുടന്റെ ജാതി വിമര്‍ശത്തെ അദ്ദേഹം വിലയിരുത്തുന്നു.

എന്നാല്‍ പച്ചയും കറുപ്പും കലരുന്നത് അത്ര സ്വീകാര്യമല്ലാത്ത ഒരു മാനസികാവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന് നിസ്സംശയം വെളിവാക്കുന്നതാണ് കണ്ടല്‍ക്കാടുകള്‍ അറുകൊലക്കണ്ടങ്ങള്‍ ദളിത് സാഹിത്യത്തിന്റെ വഴികള്‍ എന്ന ഡോ. പി.കെ രാജശേഖരന്റെ ലേഖനം. അദ്ദേഹം എഴുതുന്നു ''പൊക്കുടന്‍ തുടങ്ങി വയ്ക്കുന്നത് മറ്റൊരു വഴിയാണ്. ആധുനികതയ്ക്കു ശേഷമുള്ള ദളിതെഴുത്തിന്റെ മാര്‍ഗ്ഗമാണത് മാര്‍ഗിക്കുപകരം ദേശി, വ്രണിത ബന്ധമോ ഇര മനോഭാവമോസ്പര്‍ധയോ ഇല്ലാത്ത ദളിത് സാഹിത്യം . ദളിതത്വത്തിന്റെ ശാശ്വതീകരണം അതിന്റെ ലക്ഷ്യമല്ല. മലയാളത്തില്‍ തുടര്‍ന്നു വരുന്ന ദളിതവാദം മറ്റേതോ അടിമ അനുഭവങ്ങളെ ആ അനുഭവമില്ലാത്ത കേരളീയ ദളിത ജീവിതത്തിനുമേല്‍ ഇറക്കുമതി ചെയ്ത് അടിച്ചേല്‍പ്പിച്ച് സിദ്ധാന്തത്തിന്റെ പരദേശി മാതൃകയില്‍ ദളിതത്വത്തെ ശാശ്വതീകരിക്കുന്ന ദളിത സാഹിത്യം മലയാളത്തിലും സൃഷ്ടിക്കാനാണ് അതിന്റെ ശ്രമം.''

ദളിതത്വത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഡോ. രാജശേഖരന്റെ ലേഖനം പണിപ്പെട്ട് വെളിവാക്കിത്തരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചരിത്രത്തില്‍ ഒരു ജനത നേരിട്ട നിഷ്ഠൂരമായ ദുരവസ്ഥയുടെ പേരാണ് ദളിതത്വം. കേരള ചരിത്രത്തെക്കുറിച്ചും ദളിതരുടെ ചരിത്രാനുഭവങ്ങളെ ക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവില്ലായ്മയോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്ന മനോഭാവമോ ആണ് ഈ ലേഖനത്തിന്റെ മുഖമുദ്ര. ഉദാഹരണമായി അദ്ദേഹം പറയുന്നു. ''അടിമ എന്ന വാക്കും അടിമത്തത്തിന്റെ അനുഭവവും ഓര്‍മ്മയില്‍ പോലും കടന്നു വന്നിട്ടില്ലാത്ത ഒരു പരിഷ്‌കൃത തലമുറയെ ഭൂതകാലത്തിന്റെ ക്ലോണ്‍ പതിപ്പുകള്‍ തന്നെയെന്നു സ്ഥാപിക്കാനുള്ള സൈദ്ധാന്തിക ശ്രമങ്ങള്‍ തിരസ്‌ക്കരിക്കപ്പെടേണ്ടതുണ്ട്.'' അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം ജാതി നിലനില്‍ക്കുന്നുവെങ്കിലും ദളിതത്വം എന്ന അവസ്ഥ ഇന്ന് കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ല. ''കേരളീയ നവോത്ഥാനം എല്ലാതരം വിഭാഗീയതകളെയും അവസാനിപ്പിച്ചിട്ട് സംവത്സരങ്ങളായി എന്നാല്‍ നവോത്ഥാന പൂര്‍വ്വ ഘട്ടത്തില്‍ അത്തരം കാഴ്ചകള്‍ ഉണ്ടായിരുന്നു. അന്ന് ജനിച്ചു വളര്‍ന്ന് ഇന്ന് ജീവിതത്തിന്റെ സായന്തനത്തിലെത്തിയവരെ സംബന്ധിച്ചാകട്ടെ അത് തീവ്രമായ ഓര്‍മ്മയാണ് താനും എന്നാല്‍ നവോത്ഥാനാന്തരം കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും വികാസവും നൈതിക സങ്കല്പവും ആ ഓര്‍മ്മ അടുത്ത തലമുറയിലേക്ക് സംക്രമിക്കുന്നതില്‍ നിന്നും തടഞ്ഞു. പീഢനത്തിന്റെയും തീണ്ടലിന്റെയും അസപൃശ്യതയുടെയും ഓര്‍മ്മ നഷ്ടപ്പെട്ട ഇന്നത്തെ തലമുറയെ ദളിതത്വം എന്ന ദുരവസ്ഥയില്‍ തന്നെയാണ് ഞങ്ങള്‍ എന്ന് വിശ്വസിപ്പിക്കാനുളള ശ്രമങ്ങളാണ് പല ദളിത് സൈദ്ധാന്തികരും നടത്തുന്നത്.'' വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ പൊക്കുടന്റെ പ്രധാന രണ്ടു പുസ്തകങ്ങളിലും മുന്‍പ് സൂചിപ്പിച്ച നവോത്ഥാന ഘട്ടത്തിലും അതിന് മുമ്പുളള ദളിത് അനുഭവങ്ങളുടെ വിശകലനമുണ്ടെന്ന് മനസ്സിലാവും.

ദളിതത്വം എന്നത് ദളിത് പീഢനങ്ങളുടെ കഥയല്ല. അത്തരം ചരിത്രാനുഭവങ്ങളെ വിമര്‍ശവിധേയമായി നോക്കികാണുന്ന വിമര്‍ശസംജ്ഞയാണ്. അതു ജാതിയല്ല. എന്നാല്‍ അത് ജാതി രൂപപ്പെടുത്തിയ സാമൂഹികാനുഭവങ്ങളുമായി വിമര്‍ശനപരമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഈ വിമര്‍ശാവബോധമാണ് യഥാര്‍ത്ഥത്തില്‍ കേരള ചരിത്രത്തെയും, നവോത്ഥാനമെന്നു വിളിക്കുന്ന ജാതി പരിഷ്‌ക്കരണത്തെയും വിമര്‍ശിക്കുന്നതിനു ദളിതവാദികളെ പ്രാപ്തരാക്കുന്നത്- എന്താണ് കേരളത്തിലെ ദലിതരുടെ ചരിത്രാനുഭവം ? ആധുനിക കേരളീയ ചരിത്രകാരന്മാര്‍ പറയുന്നില്ലെങ്കിലും അടിമത്തം കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രാനുഭവമാണ്. ഈ ഓര്‍മ്മ തടയുന്ന ദ്രോഹമാണ് സാമൂഹിക നവോത്ഥാനം ദലിതര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ അതിനെ ഭേദിക്കാന്‍ ശ്രമിച്ച് വിജയം വരിച്ച അനുഭവങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. ഉദാഹരണമായി പി.ആര്‍.ഡി.എസ് വ്യവഹാരങ്ങളില്‍ അടിമ അനുഭവം ആവര്‍ത്തിച്ചു വരുന്നതു ശ്രദ്ധിക്കുക.

എന്തുകൊണ്ട് മറ്റ് ദലിത് സമൂഹങ്ങള്‍ ഈ അനുഭവം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നില്ല? കേരള നവോത്ഥാനം ദലിതരുടെ ചരിത്രത്തെ തമസ്‌ക്കരിക്കുകയാണ് ചെയ്തത്. എല്ലാ ഓര്‍മ്മകളുടെ മേലും നവോത്ഥാനത്തിന്റെ 'വെളുത്ത നിഴല്‍' വീഴ്ത്തി വിലകെട്ടതാക്കി മാറ്റി. ഈ അവസരത്തില്‍ ഉയരുന്ന ചോദ്യം കേരളത്തില്‍/ ഇന്ത്യയില്‍ നവോത്ഥാനമുണ്ടായിരുന്നോ എന്നതാണ്. മറ്റു സവര്‍ണ്ണ ജാതികളും എസ്. എന്‍. ഡി. പി യും അടക്കമുളളവരുടെ നവോത്ഥാന ശ്രമങ്ങള്‍, ജാതി പരിഷ്‌ക്കരണമായി അവശേഷിക്കുക തന്നെയാണുണ്ടായത്. ജാതി വിരുദ്ധതയുടെ തീവ്ര നിമിഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ നാം കാണുന്നത് ദലിത് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ്. ഇന്ന് പ്രചരിപ്പിക്ക പ്പെടുന്ന കേരളീയ നവോത്ഥാനത്തിന്റെ ഈ പാഠങ്ങള്‍ ദലിതരെ ചരിത്രമില്ലാത്ത ജനതയായി മാറ്റുകയാണ് ചെയ്യുന്നത്. ഈ ഒരുപാഠത്തെ പ്രതിരോധിക്കുകയും ദലിതരുടെ ചരിത്രാനുഭവങ്ങളുടെ വീണ്ടെടുക്കല്‍ കൂടിയാണ് ദലിത് വാദം ലക്ഷ്യമിടുന്നത്. ലേഖനത്തിന്റെ അവസാന ഭാഗത്ത് ഡോ. രാജശേഖരന്‍ പഴയൊരു കാലത്തിന്റെ അനുഭവങ്ങള്‍ വടുക്കളായി നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മ പൊക്കുടനു സ്വന്തമാണെന്നു പറയുന്നു. ആലങ്കാരിക ഭാഷയ്ക്കപ്പുറം എന്താണ് ആ വടുക്കളെന്ന് അന്വേഷിക്കാനുളള ദൗത്യമാണ് ദളിത് വാദം എറ്റെടുക്കുന്നത്. അറുകൊലക്കണ്ടങ്ങളില്‍ അറുകൊല ചെയ്യപ്പെട്ടവരുടെ ചരിത്രങ്ങളാണ് ദളിത വാദികളായ ചരിത്രകാരന്മാര്‍ അന്വേഷിക്കുന്നത്. കൊളോണിയല്‍ മുതലാളിത്ത വ്യവസ്ഥയിന്‍ കീഴില്‍ ഇന്ത്യയില്‍ രൂപമെടുത്തിട്ടുളള സാമൂഹിക മാറ്റങ്ങളെയാണ് നവോത്ഥാനമെന്ന് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. ഈ സാമൂഹിക മാറ്റങ്ങളുടെ ഇടങ്ങളായി മതമടക്കമുളള സമസ്ത മേഖലകളും മാറി. ഇത് കൊളോണിയല്‍ ആധുനികതയായി തിരിച്ചറിയുകയും അതിന്റെ സങ്കീര്‍ണ്ണതകളെ അപഗ്രഥനം ചെയ്യുകയുമാണ് സാമൂഹ്യശാസ്ത്രവും ചരിത്രവും ഇന്ന് ചെയ്യുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഏറ്റവും അകന്ന ബന്ധുവായിപ്പോലും കേരളീയ നവോത്ഥാനമെന്നു പറയുന്ന 19-ാം നൂറ്റാണ്ടിന്റെ അവസാന ഭാഗം മുതല്‍ രൂപപ്പെടുന്ന സാമൂഹ്യ മാറ്റങ്ങളെ വിലയിരുത്താന്‍ കഴിയില്ല. എങ്കിലും ഒരു ചരിത്രപാഠ പരികല്പനയായി നവോത്ഥാനം ഇന്നും പലരും ഒരു വലിയ സംഭവമായാണ് വിലയിരുത്തുന്നത്. എന്നാല്‍ കേവലമായ ഒരു പരിഷ്‌ക്കരണ ശ്രമത്തിനപ്പുറം ഒന്നുമായിരുന്നില്ല. കേരളീയ നവോത്ഥാനം. യാഥാര്‍ത്ഥ ജാതി വിരുദ്ധ പ്രവര്‍ത്തനം ഏറ്റെടുത്തത് ദലിത് വിഭാഗങ്ങള്‍ മാത്രമായിരുന്നു എന്ന് സൂക്ഷ്മ വിശകലനത്തില്‍ മനസ്സിലാകും. ദലിതരുടെ ചരിത്രത്തെ അന്വേഷിക്കുന്ന രീതി പി. ആര്‍. ഡി. എസ് ഒഴികെ മറ്റു ദലിത് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ കാണുന്നില്ല. അവ മിക്കവാറും കൊളോണിയല്‍ സ്ഥാപനങ്ങളും സമ്പ്രദായങ്ങളും സാധ്യമാക്കിയ ആധുനികതയില്‍ അഭയം തേടി. പി. ആര്‍.ഡി. എസ് ആകട്ടെ കൊളോണിയല്‍ ആധുനികതയോടൊപ്പം ദലിത് ചരിത്രാനുഭവ ങ്ങളുടെ തീവ്രതയും ഉള്‍ച്ചേര്‍ത്തു. അതുകൊണ്ടു തന്നെ ഈ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച നൈതീകത കേരളീയ നവോത്ഥാനത്തെ ചോദ്യം ചെയ്യുന്നു. ഒപ്പം രാജശേഖരനെപ്പോലെയുളളവരുടെ ദലിത് ചരിത്രനിരാസത്തെയും.

പീഡനങ്ങള്‍ നിറഞ്ഞ ദലിത് ചരിത്രാനുഭവങ്ങളുടെ ഓര്‍മ്മ അടുത്ത തലമുറയിലേക്ക് കടക്കുന്നത് തടഞ്ഞ കേരളീയ നവോത്ഥാനം ആരുടെ നവോത്ഥാനമാണ് അല്ലെങ്കില്‍ ഉത്ഥാനമാണ് സാധ്യമാക്കുന്നത്? നവോത്ഥാനമെന്നത് ഒരു പഴയ ചരിത്ര കാലഘട്ടത്തിന്റെ പുനരുദ്ധാനമാണെങ്കില്‍, കേരളത്തില്‍ ദലിതരെ സംബന്ധിച്ച് ഉത്ഥാനം ചെയ്‌തെടുക്കേണ്ടത് അടിമത്തത്തിനു മുന്‍പുളള കാലഘട്ടമാണ്. അതിന്റെ സാംസ്‌കാരിക സവിശേഷതകളാണ്.

യൂറോപ്യന്‍ നവോത്ഥാനം ചെയ്തത് പഴയ ഗ്രീക്കോ-റോമന്‍ പൗരാണികതയുടെ പുനരാനയിക്കലായിരുന്നുവല്ലോ. നവോത്ഥാനം എന്നത് ദലിതരെ സംബന്ധിച്ചിടത്തോളം ജാതിയുടെയും ജാതി സമൂഹത്തിന്റെയും ചരിത്രത്തെ നിരസിക്കലാണ് കേരള ചരിത്രത്തിന്റെ ദലിതത്വത്തിന്റെ ദൗത്യങ്ങളിലൊന്നും ഡോ: രാജശേഖരന്‍ മുന്നോട്ട് വെക്കുന്ന ചരിത്രബോധം അഗീകരിക്കേണ്ട യാതൊരു ബാധ്യതയും ദലിത് ചരിത്ര വീക്ഷണത്തിനില്ല. അത് പോലെ അടിസ്ഥാനപരമായ വിയോജിപ്പാണ് ദലിത് സാഹിത്യത്തിനും. കേരളം ഉത്തരേന്ത്യയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യഥാവിധം മാറിയതിനാല്‍, ദലിത് സഹിത്യമെന്ന ഇറക്കുമതിച്ചരക്ക് ചെലവാകില്ല എന്നതാണ് അദ്ദേഹത്തിന്റെ വാദം. ദലിത് പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചു ജാതി സമൂഹം നിര്‍മ്മിച്ച അപരത്വമാണ് പ്രശ്‌നം. അതിന് ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ തമിഴ്‌നാടെന്നോ വ്യത്യാസമില്ല. എന്നാല്‍ സാമൂഹ്യക്രമങ്ങളിലെ വ്യത്യാസം വിശകലനത്തില്‍ പ്രധാന്യമര്‍ഹിക്കുകയും ചെയ്യും. കേളത്തിലെ സാംസ്‌കാരിക സാഹിത്യ മണ്ഡലങ്ങളുടെ അധീശസ്വഭാവം വിലയിരുത്താതെ എന്തുകൊണ്ട് ദലിത് സാഹിത്യം ഉത്തമ ദലിത് സാഹിത്യം ഉണ്ടാവുന്നില്ല എന്നു വിശദീകരിക്കാന്‍ കഴിയില്ല. ദലിത് സിദ്ധാന്ത നിര്‍മ്മാണം ദലിതര്‍ തന്നെ നിര്‍വ്വഹിക്കുന്ന തലത്തിലേക്ക് കേരളത്തിന്റെ സാമൂഹ്യശാസ്ത്ര ചരിത്ര വിജ്ഞാന ശാഖകള്‍ നീങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തും വികസിക്കുന്ന വംശ-ലിംഗ-വര്‍ണ പ്രത്യയശാസ്ത്രങ്ങളെയും നിഷേധിക്കുന്ന വിമര്‍ശചിന്താ പദ്ധതികളുമായി ദലിത് വാദത്തിനു സമരസപ്പെടാന്‍ കഴിയും അതുകൊണ്ട് തന്നെ സ്വത്വവാദം രൂപമെടുത്തുവെന്നത് ദലിത് വിമര്‍ശാവബോധത്തിനു പ്രശ്‌നമല്ല മറിച്ച് അത് എവിടെ രൂപമെടുത്തുവെന്നതും അതിന്റെ ജ്ഞാനമണ്ഡലവുമാണ് ദലിത് പരിപ്രേക്ഷ്യത്തിന് സ്വീകാര്യം. മലയാളികള്‍ക്കു ദലിതരുടെ സ്വത്വവാദം പ്രശ്‌നമാണ്. എന്നാല്‍ കേരളത്തിലെ സവര്‍ണ്ണരുടെ സാമൂഹികാടിത്തറ യില്‍ രൂപമെടുത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സ് മുതല്‍ ഇടതുപക്ഷം വരെ ഏതെങ്കിലും ജാതി വിഭാഗങ്ങളുടെ സ്വത്വത്തില്‍ ഊന്നിയാണ് നില്‍ക്കുന്നതെന്ന് കാണാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അതു കേരളീയര്‍ക്കു പ്രശ്‌നമല്ല. ചെന്താരശ്ശേരിയെയും കവിയൂര്‍ മുരളിയെയും പോള്‍ചിറക്കരോടിനെയും ഉള്‍ക്കൊണ്ടും മറികടന്നുമാണ് ദലിത് സാമൂഹികശാസ്ത്രവും ചരിത്രശാസ്ത്രവും കേരളത്തില്‍ വികസിച്ചത്. ആരാണ് ഇവരെ തിരസ്‌ക്കരിച്ചത്? ദലിത് വാദമെന്നാല്‍ ഡോ: രാജശേഖരന്‍ കരുതുന്നതുപോലെ അന്ധസമുദായ സ്പര്‍ധയല്ല, കേവല വിരോധവുമല്ല. അതു കേരളീയ സമൂഹത്തേയും ചരിത്രത്തെയും പ്രശ്‌നവല്‍ക്കരിക്കുന്ന വിമര്‍ശാവബോധമാണ്. ഈ വിമാര്‍ശാവബോധം ഉള്‍ക്കൊണ്ട നോവലുകളും കഥകളും കവിതകളും എഴുതപ്പെടുകതന്നെ ചെയ്യും. അവ കേരളീയ അനുഭവത്തോടും ലോകത്തില്‍ എവിടെയുമുള്ള സമാനജീവിതാവസ്ഥകളോടും വിശകലനബന്ധം സ്ഥാപിക്കുകയുംചെയ്യും. ബൗദ്ധിക വ്യാപാരത്തിന്റെ കുത്തക ഏറ്റെടുത്തവര്‍ക്കു അതു ദഹിക്കണമെന്നില്ല. അനുഭവവും സിദ്ധാന്തവും തമ്മിലുള്ള ബന്ധം ഡോ:രാജശേഖരന്‍ വിശദീകരിക്കുന്നതുപോലെ ലളിതമായല്ല ഇന്ന് സാമൂഹിക ശാസ്ത്രത്തിലും സാഹിത്യ വിമര്‍ശനത്തിലും അവ നിലകൊള്ളുന്നത്. അതുകൊണ്ട് തീ തല്ലിക്കെടുത്തുന്ന മാനസികാവസ്ഥയില്‍ നിന്നും രാജശേഖരന്മാര്‍ രക്ഷപ്പെടുന്നത് നല്ലതായിരിക്കും.

കേരളത്തിന്റെ മാര്‍കിസ്റ്റ് ചരിത്രപാഠങ്ങളുടെ രീതി ശാസ്ത്രപരിമിതി കള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും എ.വി. അനില്‍കുമാറിന്റെ ഭൂമിയിലെ നികൃഷ്ടര്‍ എന്ന ലേഖനം ദലിതരുടെ ചരിത്രാനുഭവങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ലേഖനത്തിന്റെ ആദ്യഭാഗത്ത് കാണുന്ന അക്കാദമിക രീതി ശാസ്ത്രത്തോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാനം മനസ്സിലാവുന്നില്ല. അദ്ദേഹം എടുത്തു ചേര്‍ക്കുന്ന ഫ്രാന്‍സ്, ഫാനോന്‍, എറിക് ഹോബ്‌സ് മുതലായവര്‍ അക്കാദമികരീതി ശാസ്ത്രം പിന്തുടര്‍ന്ന് സമൂഹത്തെ പഠിച്ചവരാണ്. മലയാളികളുടെ, പ്രത്യേകിച്ചും ഇടതുപക്ഷത്തു നിന്നും ചിന്തിക്കുന്ന മലയാളികളുടെ ബോധത്തില്‍ അക്കാദമിക സമ്പ്രദായങ്ങള്‍ എന്തോമോശപ്പെട്ട സംഗതിയായാണ് കാണുന്നത്. കേരളത്തില്‍ നിലവാരമുള്ള അക്കാദമിക വ്യാപാരങ്ങളും കുറവാണല്ലോ. പ്രത്യേകിച്ചും സാമൂഹികശാസ്ത്ര-ചരിത്രവിജ്ഞാന മേഖലകളില്‍.

വിമോചനത്തിന്റെ വഴിയെന്നു തെറ്റിദ്ധരിപ്പിച്ച് ഹരിജനങ്ങടക്കമുള്ള വര്‍ക്ക് മുന്നില്‍ തുറന്ന് പിടിക്കുന്ന കെണികള്‍ക്കു നേരെ ഈ കൃതി വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട് എന്ന പരാമര്‍ശം ദലിത് വിഭാഗങ്ങളുടെ മതനിഷേധത്തെയും സ്വീകാര്യത്തെയും ഉപരിപ്ലവമായി മാത്രമേ അദ്ദേഹം വിലയിരുത്തുന്നുള്ളൂ എന്നതിന്റെ തെളിവാണ്. ഡോ: രാജശേഖരനെപ്പോലെ തന്നെ ശ്രീ. അനില്‍ കുമാറിനും ദളിത് ഷോവനിസവും അധ:സ്ഥിതര്‍ക്കായുള്ള കൂട്ടക്കരച്ചിലുകളും പിടിക്കുന്നില്ല. പുരോഗമനകരങ്ങളായ എല്ലാ കാര്യങ്ങളുടെയും കുത്തക ഇടതു പ്രസ്ഥാനങ്ങള്‍ക്കു മാത്രമാണെന്നു വരുന്നത് ചരിത്രപരമായി ശരിയായിരിക്കില്ല. എങ്കിലും ദലിതരുടെ കീഴാളാനുഭവങ്ങളെക്കുറിച്ച് ചരിത്രപരമായ ഒരു വീക്ഷണം മുന്നോട്ടുവെക്കാന്‍ അനില്‍കുമാറിന് കഴിയുന്നുണ്ട്.

അധ:സ്ഥിത ജാതിക്കാരനായ കമ്യൂണിസ്റ്റിന്റെ ജീവിതത്തിലെ ജാതിവിരുദ്ധ സമര സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞ് കൊണ്ട് ഡോ : പ്രദീപന്‍ പാമ്പിരികുന്ന് കല്ലേന്‍ പൊക്കുടന്റെ പാരിസ്ഥിതിക ഇടപെടലുകളുടെ അര്‍ത്ഥ തലങ്ങളെ ഇഴപിരിച്ചെടുക്കുകയാണ് ചരിത്രത്തിന്റെ ആത്മകഥകള്‍ എന്ന ലേഖനത്തില്‍. ജാതി സമൂഹത്തിന്റെ അധീശാധികാരത്തെ മറികടന്നാണ് കീഴാള ജാതിയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ പ്രവേശിക്കേണ്ടത്. ഫ്യൂഡല്‍ വിരുദ്ധ സാമൂഹിക ബോധം പൊക്കുടന്റെ ഇടപെടലുകളുടെ അടിയൊഴുക്കായി ഡോ. പാമ്പിരികുന്ന് നിരീക്ഷിച്ചെടുക്കുന്നു. പുലയരുടെയും പറയരുടെയും വിപ്ലവ സങ്കല്പത്തെ ലേഖകന്‍ സമീപിക്കുന്നത് എത്രകണ്ട് ശരിയാണെന്ന് സംശയിക്കണം. അടിയന്തിരാവശ്യങ്ങളാല്‍ മാത്രം നയിക്കപ്പെടുന്നതെന്ന് തോന്നുംവിധമുള്ള പരാമര്‍ശം തെറ്റെന്നു മാത്രമല്ല, ആ ജനതയുടെ ചരിത്രപരമായ കര്‍ത്തൃത്വത്തെ നിഷേധിക്കുന്നതിലേക്കും എത്തിച്ചേരും. കേരള ചരിത്രത്തില്‍ ആധുനിക ഘട്ടത്തിന്റെ അടരുകളോരോന്നിലും നല്ലനാളെയെ, സമത്വത്തെ പ്രഖ്യാപിച്ച എല്ലാ പ്രസ്ഥാനങ്ങളിലും പുലയ-പറയ ജനതയുടെ നിറഞ്ഞ സാന്നിദ്ധ്യം കണ്ടെടുക്കാനാകും. മിഷണറി പ്രവര്‍ത്തനം മുതല്‍ കമ്യൂണിസ്റ്റ്/ദേശീയ പ്രസ്ഥാനങ്ങള്‍ വരെ. ഇവയിലുടനീളം ഒരുപോലെ അടിയന്തിര സാമൂഹിക സാമ്പത്തിക പ്രശ്‌നപരിഹാരങ്ങളും മനുഷ്യവിമോചനവും അന്തര്‍ലീനമാണ്. കേരളത്തിലെ ജന്മിത്ത വിരുദ്ധ സമരത്തില്‍ പങ്കെടുത്ത കമ്യൂണിസ്റ്റ് കാരനും ഒരുപോലെ അടിയന്തിര പ്രശ്‌നങ്ങളും വിപ്ലവമെന്ന വിദൂര സ്വപ്നവുമുണ്ടായിരുന്നു. ദലിതുകള്‍ക്ക് വിദൂര സ്വപ്നമില്ലെന്നു ഡോ. പാമ്പിരികുന്ന് പറയുമെന്ന് കരുതുന്നില്ല. ആധുനിക സമരരൂപങ്ങളും ജാതിയും തമ്മിലുള്ള ബന്ധത്തെ കുറച്ചുകൂടി സൂക്ഷ്മമായി കാണേണ്ടതല്ലേ? ലോകത്തിലെ ഒരു വിപ്ലവത്തിലും അടിയന്തിര/അനന്ത വിദൂരസ്വപ്നങ്ങള്‍ പരസ്പര ബന്ധമില്ലാതിരുന്നിട്ടില്ല. കേരളീയ പൊതുമണ്ഡല നിര്‍മ്മിതിയെ സംബന്ധിച്ച ലിംഗ/ജാതി/വര്‍ണ്ണ/ വര്‍ഗ ജാതി ശ്രേണീ കൃതാധികാരവും അതിനെ പിന്‍പറ്റുന്ന അധീശസ്വഭാവവും ഡോ. പാമ്പിരികുന്ന് തന്റെ നിരീക്ഷണങ്ങളിലൂടെ വെളിവാക്കുന്നു. ഈ അധീശത്വത്തെ മുറിച്ചു കടക്കാന്‍ കഴിയുന്ന ലോകബോധത്തിന്റെ സൃഷ്ടിയും വ്യാപനവും സാധ്യമാണെന്ന പ്രഖ്യപനം പൊക്കുടന്റെ ജീവിത ബോധത്തിനുണ്ട്.

പല ദലിത് ചിന്തകരുടെയും എഴുത്ത്കാരുടെയും ചരിത്രബോധം ആദ്യഭാഗത്ത് സൂചിപ്പിച്ച നവോത്ഥാന പരികല്പനയാല്‍ തളയ്ക്കപ്പെട്ടതാണ്. ശ്രീ. പൊക്കുടന്‍ നേരിട്ട സൈദ്ധാന്തിക പ്രതിസന്ധിയെ പരിശോധിക്കുമ്പോള്‍ ഡോ. പാമ്പിരികുന്ന് നവോത്ഥാനാനന്തരം സൃഷ്ടിക്കപ്പെട്ട ആധുനിക പൊതുമണ്ഡലത്തെക്കുറിച്ച് പറയുന്നു. ആധുനിക പൊതുമണ്ഡലം കേരളത്തില്‍ നവോത്ഥാനാനന്തരം സൃഷ്ടിക്കപ്പെട്ടതല്ല. കൊളോണിയല്‍ ആധുനികത എന്ന അനുഭവത്തിന്റെ പ്രക്രിയ തന്നെയാണ് ഈ പറയുന്ന പൊതു മണ്ഡലം രൂപപ്പെടുത്തിയത്. പൊതു മണ്ഡലം എന്നത് ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ മറ്റൊന്നിന്റെ ഫലമായി അന്ത്യത്തില്‍ രൂപപ്പെടുന്നതല്ല. സാമൂഹ്യ വര്‍ഗങ്ങളെ ക്കുറിച്ചുള്ള ഇടുങ്ങിയ നിരീക്ഷണങ്ങൡ ഊന്നുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാമൂഹിക വൈരുദ്ധ്യങ്ങളുടെ വൈവിധ്യങ്ങളെ വിലയിരുത്താന്‍ ശേഷിയുണ്ടാവുന്നില്ല എന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ശ്രീ. പൊക്കുടന്റെ സാമൂഹിക വീക്ഷണത്തിന്റെ വിമര്‍ശാധിഷ്ഠിത പരിപ്രേക്ഷ്യത്തെ ഡോ. പാമ്പിരികുന്നു തികഞ്ഞ സൂക്ഷ്മതയോടെ വ്യക്തമാക്കുന്നു. കല്ലേന്‍ പൊക്കുടന്‍ എന്ന വ്യക്തി മാധ്യമ വ്യാവഹാരത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടതിന്റെയും പ്രതിനിധാനം ചെയ്യപ്പെടുകയും ചെയ്തതിന്റെയും രാഷ്ട്രീയം വിശകലനം ചെയ്യുകയാണ് രണ്‍ജിത്ത് തങ്കപ്പന്‍. നിലവിലുള്ള വിമര്‍ശനപഠനങ്ങള്‍ തന്നെയാണ് രണ്‍ജിത്തിന്റെ അന്വേഷണങ്ങള്‍ക്ക് പശ്ചാത്തലമാകുന്നത്. സമകാലീന കേരളത്തിന്റെ അച്ചടി/ദൃശ്യമാധ്യമങ്ങളും അവയുടെ പ്രതിനിധാന സ്വഭാവവും അന്വേഷണ വിധേയമാക്കുമ്പോള്‍ ശ്രീ. പൊക്കുടന്റെ ആദ്യ ആത്മകഥ കേട്ടെഴുതിയ പത്രപ്രവര്‍ത്തകന്‍ താഹമാടായി മുതല്‍, കേരളത്തിലെ പ്രമുഖ എഴുത്തുകാരനായ ആനന്ദ് അടക്കമുള്ളവര്‍ മാതൃഭൂമി വാരികയിലൂടെ നടത്തിയ ദലിത് വിരുദ്ധ എഴുത്തിന്റെ വംശീയച്ചുവ കണ്ടെത്തുന്നതില്‍ വിജയിക്കുന്നുണ്ട് രണ്‍ജിത്ത്. കണ്ടല്‍ പൊക്കുടന്‍ ഒരിക്കലും അവസാനിക്കാത്ത ന്യൂസ് ഫീച്ചര്‍ എന്ന ലേഖനം കേരളത്തിന്റെ വര്‍ത്തമാന ധൈഷണിക വ്യാപാരം , വിശേഷിച്ചും സാമ്പ്രദായിക ലിബറല്‍ ഇടതുപക്ഷം അധീശത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന അടങ്ങാത്ത ആഗ്രഹം വിമര്‍ശവിധേയമാക്കുന്നുണ്ട് രണ്‍ജിത്ത്. പൊക്കുടന്റെ ഇല്ലായ്മകളെ പിന്‍പറ്റി അദ്ദേഹത്തിന് ഒന്നുമറിയില്ല എന്ന മുന്‍ധാരണയില്‍ നെയ്‌തെടുത്ത അധീശ വ്യവഹാരത്തിന്റെ നിലപാടുതറയില്‍ നിന്നാണ് പൊക്കുടനെക്കുറിച്ചുള്ള ഫീച്ചറുകള്‍ എഴുതപ്പെട്ടതെന്ന് രണ്‍ജിത്ത് വിലയിരുത്തുന്നുണ്ട്. കൊളോണിയല്‍ ആധുനികതയ്‌ക്കൊപ്പം ദേശവല്‍ക്കരിക്കപ്പെട്ട ആന്തരിക കോളനിവല്‍ക്കരണത്തിന്റെ ബ്രാഹ്മണിക വംശവെറിതന്നെയാണ് ഫീച്ചറെഴുത്തുകാരുടെ പേനയില്‍ മഷിനിറക്കുന്നതെന്ന കാഴ്ചപ്പാട് കേരളത്തിന്റെ പൊതു മണ്ഡലത്തെക്കുറിച്ചുള്ള വിമര്‍ശാപഗ്രഥനത്തില്‍ വളരെ വിലപ്പെട്ടതാണ്. 

പെണ്ണ്, ദലിത് ആത്മരചനകളുടെ സ്വത്വം എന്ന ലേഖനത്തില്‍ ഡോ. എം.ബി. മനോജ് വായ്‌മൊഴിയുടെ രീതി ശാസ്ത്രത്തിലൂടെ പൊക്കുടന്റെ സാമൂഹിക ലോകത്തിലേക്ക് കടക്കുന്നു. മറിയാമ്മച്ചേടത്തി, മാണിക്യം പെണ്ണ്, സി.കെ. ജാനു തുടങ്ങിയവരുടെ ബൗദ്ധിക വ്യാപാരങ്ങളിലേക്കും അവരുടെ ആത്മകഥാഖ്യാന സവിശേഷതകളിലേക്കും അതിന്റെ സ്ഥൂലവും സൂക്ഷ്മവുമായ രാഷ്ട്രീയ വ്യവഹാരങ്ങളെ അപഗ്രഥിക്കാനു മുള്ള ശ്രമം നടത്തുന്നുണ്ട്. പൊക്കുടനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ബലപ്പെടുത്തുന്നത് ജാതിയെയും പരിസ്ഥിതിയെയും പ്രശ്‌നവല്‍ക്കരിച്ചു കൊണ്ടാണ്. വൈയക്തികാനുഭ വങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട പൊക്കുടന്റെ അനുഭവതലത്തെ ഡോ. മനോജ് പരാമര്‍ശിക്കാന്‍ മുതിരുന്നില്ല. സ്വത്വ നിര്‍മ്മിതിയെയും സങ്കീര്‍ണതകളെയും സംബന്ധിച്ച കനമുള്ള നിരീക്ഷണങ്ങള്‍ ലേഖകന്‍ മുന്നോട്ടുവെക്കുന്നുണ്ട്. തിരിച്ചറിവിന്റെയും ഇടപെടലുകളുടെയും പൊതുവ്യവഹാരത്തിലാണ് സ്വത്വം സ്ഥിതിചെയ്യുന്നത്. ഈ പ്രക്രിയയില്‍ ഭൂതകാല വിനിമയങ്ങളും വ്യാഖ്യാനങ്ങളും വ്യാവഹാര മേഖലയില്‍ സൃഷ്ടിക്കുന്ന അര്‍ത്ഥതലങ്ങളാണ് വര്‍ത്തമാനകാല സ്വത്വനിര്‍മ്മിതി സാധ്യമാക്കുന്നത്. കറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തയില്‍ ഡോ. മനോജ് അടിവരയിടുന്നതു പ്രത്യേകമായ വ്യവഹാരങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ചൂലിന്റെ സംഗീതവും കാടിന്റെ രാഷ്ട്രീയവും പച്ചയുടെ ഗൗരവവും കൂടികലരുന്ന ആശയ മേഖലയിലാണ്.

അയിത്തം മുതല്‍ പരിസ്ഥിതിവരെ വ്യാപിച്ചു കിടക്കുന്ന പൊക്കുടന്റെ വിശാലമായ ഇടപെടലുകള്‍ ആധുനിക ഇന്ത്യയുടെ ദേശനിര്‍മ്മാണ പ്രക്രിയയിലെ ഒരു ദളിത് ജീവിത സാന്നിദ്ധ്യമായി സി.കെ.വിശ്വനാഥ് വിലയിരുത്തുന്നു. മാര്‍ക്‌സിസ്റ്റ് സാമൂഹ്യ ദര്‍ശനത്തിന്റെ പരിമിതികളെ സൂചിപ്പിച്ചുകൊണ്ട് ഒരു പരിസ്ഥിതിക വിമര്‍ശാവബോധം രൂപപ്പെടേണ്ട തിന്റെ ആവശ്യകതയിലേക്ക് വിശ്വനാഥ് വിരല്‍ചൂണ്ടികൊണ്ട് പൊക്കുടന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റേയും പ്രാധാന്യം ഉറപ്പിക്കുന്നു. നവമാര്‍കിസ്റ്റ് ചിന്തകളുടെയും വിമര്‍ശന സാമൂഹ്യശാസ്ത്ര പാഠങ്ങളുടെയും പിന്‍ബലത്തില്‍ ക്ലാസിക്കല്‍ മാര്‍ക്‌സിസം പ്രകൃതിയോടും വിഭവത്തോടും കാണിച്ച Institutional rationality യെ അടിസ്ഥാനമാക്കിയ ചിന്തയെ വിമര്‍ശന വിധേയമാക്കുന്നു. സമകാലീന മുതലാളിത്തവും ഒപ്പം ലോകവും അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അവതരിപ്പിക്കുന്ന വിശ്വനാഥ് അതിന്റെ പ്രഭവകേന്ദ്രം പ്രകൃതി വിഭവങ്ങള്‍ക്കുമേലുള്ള അനിയന്ത്രിതമായ കൈകടത്തലുകളാ ണെന്നും നാശോന്മുഖ ഉപഭോഗമാണെന്നും നിരീക്ഷിക്കുന്നു. ഈ അവസ്ഥയുടെ വിമര്‍ശനമായി പൊക്കുടന്റെ പ്രകൃതി നിരീക്ഷണവും പ്രവര്‍ത്തനവും വിശ്വനാഥ് വിലയിരുത്തുന്നു.

കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം അതിജീവനത്തിന്റെ അടയാളങ്ങള്‍ എന്ന പഠനത്തില്‍ ഡോ: ഒ.കെ. സന്തോഷ് പൊക്കുടന്റെ ജീവിതത്തെയും പുസ്തകത്തെയും സൂക്ഷ്മായ നിരീക്ഷണത്തിന് വിധേയമാക്കുന്നു. കേട്ടെഴുതുന്ന ആത്മകഥകളുടെ രീതിശാസ്ത്രത്തെ വിമര്‍ശനപരമായി അദ്ദേഹം സമീപിക്കുന്നു. എന്നാല്‍ പഠനത്തിലെ നരവംശ ശാസ്ത്രപരവും സാമൂഹികവുമായ നീരീക്ഷണങ്ങളില്‍ അനുഭവപ്പെടുന്ന പരിമിതികളെ ഇവിടെ സൂചിപ്പിക്കട്ടെ. അദ്ദേഹം പറയുന്നു, ''ഫ്യൂഡല്‍ സാമൂഹ്യവ്യവസ്ഥ ഉല്‍പ്പാദിപ്പിച്ചതും പില്‍ക്കാലത്തു സ്ഥാപനവല്‍കൃത സ്വഭാവം കൈവരിച്ചതുമായ ഒന്നാണ് ജാതി വ്യവസ്ഥ എന്ന ചരിത്രപരമായ ഭൗതിക വ്യാഖ്യാനത്തോട് വിയോജിക്കുന്നുണ്ട് പല സന്ദര്‍ഭത്തിലും ഈ ആത്മകഥ അധികാരഘടനയുടെ ഫ്യൂഡല്‍ സ്വഭാവം മാത്രമല്ല, മതപരവും ജാതീയവുമായ മാനങ്ങളും വിശകലന വിധേയമാക്കുന്നു.'' നിലവിലുള്ള സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ ചരിത്രപരമായ ഭൗതിക വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം ഉപയോഗിക്കുന്നവര്‍ ആരും ജാതിവ്യവസ്ഥയുടെ ഉത്ഭവം ഫ്യൂഡലിസത്തിലാണെന്നു പറയുന്നില്ല. ജാതിയുടെ അധികാരഘടനയും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശകലനം ചെയ്യുന്നുമുണ്ട്. മിഷണറിമാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വളരെ പ്രാഥമികമായ ധാരണമാത്രമാണ് ഈ പഠനത്തില്‍ കാണുന്നത്. (ചിറക്കല്‍മിഷനെക്കുറിച്ചുള്ള പരാമര്‍ശം ഉദാഹരണം) എന്താണ് ഭൗതിക പ്രലോഭനം? എന്താണ് ആത്മവികാസം? ഇവയൊക്കെ വിശദമായി വിശകലനം ചെയ്യുന്ന സാമൂഹികശാസ്ത്ര വിജ്ഞാന മേഖല ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ ദലിത് സാമൂഹികാനുഭവം സങ്കരത്വത്തിന്റെതാണെന്ന് ഡോ. സന്തോഷ് പറയുന്നു. ഇത് ദലിതര്‍ക്കുമാത്രമല്ല. ഒ്യയൃശറശ്യേ മോശമായ സാംസ്‌ക്കാരികാവസ്ഥയാണോ? തീര്‍ച്ചയായും അല്ല. കൊളോണിയല്‍ ആധുനികത, ദലിതുകളും ആധുനികതയും തുടങ്ങിയ മേഖലകളെ കുറച്ചുകൂടി ആഴത്തില്‍ സന്തോഷ് സമീപിക്കേണ്ടിയിരുന്നു. പൊക്കുടന്റെ ജീവിതാഖ്യാനങ്ങളില്‍ പറയാതെപോയ ജാതിവ്യവസ്ഥയും വ്യവഹാരങ്ങളും അപമാനവീകരണവും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത് പ്രാധാന്യമര്‍ഹിക്കുന്നു.

ജാതിയുടെ പേരില്‍ അനുഭവിച്ച പീഡനങ്ങള്‍ ഏറെയുണ്ട് അതൊന്നും വിസ്തരിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നെറികെട്ടകാലം അങ്ങനെപോയി മറയട്ടെ. എന്റെ ജീവിതം പോലെയുള്ള പില്‍ക്കാല രചനയില്‍ മുന്‍പ് പറയാതെപോയ ജാതിയനുഭവങ്ങള്‍ പറയുന്നുമുണ്ട്. ജാതിവ്യവസ്ഥയുടെ അനുഭവങ്ങളില്‍ നിന്നും പ്രകൃതിയെക്കുറിച്ചുള്ള ദൈനംദിന ജീവിതാനുഭവങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നും രൂപപ്പെടുത്തി യതാണ് പൊക്കുടന്റെ പാരിസ്ഥിതിക ദര്‍ശനം എന്ന ഡോ: സന്തോഷിന്റെ നിരീക്ഷണം പച്ചയുടെയും കറുപ്പിന്റെയും രാഷ്ട്രീയദിശ നിര്‍ണ്ണയിക്കുന്നു. കറുപ്പും ചുവപ്പും പച്ചയും പ്രതിരോധത്തിന്റെ പാഠശാല എന്ന മറ്റൊരു ലേഖനത്തില്‍ ലോകമെമ്പാടും വികാസം കൊള്ളുന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയ വംശം ജാതി ലിംഗ വ്യത്യസ്തകളെ പ്രശ്‌നവല്‍ക്കരിച്ചതിന്റെ പ്രതിഫലനമായി പൊക്കുടന്റെ രാഷ്ട്രീയത്തെ ഡോ. സന്തോഷ് നോക്കികാണുന്നു.

കണ്ണന്‍ മേലോത്ത് എഴുതിയ പുറത്താക്കുന്നതിന്റെ പാഠഭേദങ്ങള്‍ ഇന്ത്യയിലെ ദലിത് എഴുത്തിന്റെ പ്രാധ്യാന്യവും അക്കാദമികരംഗത്തുള്ള അതിന്റെ സ്വീകാര്യതയെയും വിശകലനം ചെയ്യുന്നു. കീഴാള ദലിത് അനുഭവങ്ങളുടെ സ്വീകാര്യതയെ വടക്കേ അമേരിക്കയിലും മറ്റുമുള്ള സാദൃശ്യത്തിന്റെ പേരിലാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. പൊക്കുടന്റെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്ന ആത്മകഥയെ സ്വീകാര്യമാക്കുന്നത് പരിസ്ഥിതിവാദത്തിന്റെ ചില സാമ്പ്രദായിക കാഴ്ചപ്പാടുകളെയും കാമനകളെയും പുസ്തകം തൃപ്തിപ്പെടുത്തുന്നതി നാലാണെന്ന് കണ്ണന്‍ മേലോത്ത് പറയുന്നു. ദലിത് അനുഭവങ്ങളില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തെ ആഖ്യാനതലത്തില്‍ മാറ്റുന്നതിനുള്ള ശ്രമത്തില്‍ നിന്നാണ് ഈ വായന സാധ്യമാകുന്നത് എന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആസൂത്രിതമായി ഒളിച്ചുകടത്തുന്ന ദലിത് വിരുദ്ധ പ്രവണതകളെ അദ്ദേഹം തുറന്നു കാട്ടുന്നു. പൊക്കുടന്‍ എന്ന വ്യക്തിമനസ്സിന്റെ വ്യക്തി ചരിത്ര അനുഭവ പരിസരങ്ങളും വംശീയവും സാംസ്‌ക്കാരികവുമായ ചരിത്രപരിസരവും ഉല്‍പ്പാദിപ്പിക്കുന്ന പാഠങ്ങളാണ് അദ്ദേഹത്തിന്റെ രചനകളില്‍ കാണുന്നതെന്ന നിരീക്ഷണം പങ്കുവെക്കുന്നതാണ് എ. ബാബുവിന്റെ ലേഖനം ഒപ്പം പൊക്കുടന്റെ കര്‍തൃത്വത്തെക്കുറിച്ചുള്ള വരേണ്യ ധാരണകളെ മറികടക്കേണ്ടതിന്റെ ആവശ്യകതയിലേക്കു നയിക്കുന്നതാണ് പൊക്കുടന്റെ ആത്മകഥയും ഉദാത്തവല്‍ക്കരണത്തിന്റെ രാഷ്ട്രീയവും എന്ന ലേഖനം. ദലിത് സ്വത്വത്തിന്റെയും കര്‍തൃത്വത്തിന്റെയും അതിന്റെ രൂപപ്പെടല്‍ പ്രക്രിയയും വിവിധ വശങ്ങളുമാണ് കെ.പി. രവി പൊക്കുടന്‍ പരിസ്ഥിതി രാഷ്ട്രീയവും ദലിത് കര്‍തൃത്വവും എന്ന ലേഖനത്തില്‍ മുന്നോട്ടുവെക്കുന്നത്. ചതുപ്പ്കളാലും കൈപ്പാടുകളാലും ചുറ്റപ്പെട്ട പരിസ്ഥിതിയെ തന്റെ കതൃത്വത്തിന്റെ ഭാഗമാക്കി തീര്‍ക്കുന്നതിലൂടെ ഹരിത പ്രതിരോധത്തിന്റെ കീഴാള ഭാഷ്യം സൃഷ്ടിച്ചെടുക്കുകയാണ് പൊക്കുടന്റെ ജീവിതം എന്നദ്ദേഹം നിരീക്ഷിക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും വിമര്‍ശാവബോധം സൃഷ്ടിച്ച് ജാതിയുളവാക്കുന്ന അന്യവല്‍ക്കരണത്തെ മറികടന്നു മുന്നേറാനുള്ള മാര്‍ഗമാണ് യഥാര്‍ത്ഥത്തില്‍ പൊക്കുടന്‍ നമുക്ക് കാണിച്ചു തരുന്നത് എന്ന രവിയുടെ നിരീക്ഷണം ശ്രദ്ധയര്‍ഹിക്കുന്നു. പൊക്കുടന്റെ വിമര്‍ശാവബോധം സാമ്പ്രദായിക മത-സാമൂഹിക ചിന്തകളെ മുറിച്ചുകടന്നുകൊണ്ട് പ്രകൃതിയിലേക്കും മനുഷ്യനിലേക്കും തിരിച്ചെത്തുന്നു. ഇവിടെ പ്രത്യക്ഷമാവുന്നത് കീഴാള വിമോചനാത്മകത യുടെ സാധ്യതകളാണ്. നമുക്ക് പരിചിതമായ ഭാഷയുടേയും പ്രയോഗത്തിന്റെയും പുറത്തേക്ക് അത് നമ്മെ നയിക്കുന്നു. രവി ഓര്‍മ്മിക്കുന്ന മറ്റൊന്ന് ജാതിയുടെ ബലതന്ത്രങ്ങളെ സൂക്ഷമമായി വിലയിരുത്തുന്നതില്‍ നമ്മുടെ പൊതുബോധം ഇപ്പോഴും വിജയിച്ചിട്ടില്ല എന്നതാണ്.

അപഹരിക്കപ്പെട്ട ആത്മകഥയിലെ ബാക്കി ഭാഗങ്ങള്‍ എന്ന കെ.പി.റഷീദിന്റെ ലേഖനം പൊക്കുടന്റെ രണ്ട് ആത്മകഥകളുടെയും രചനാ സാഹചര്യങ്ങളെയും പരിചയപ്പെടുത്തുന്നു. ആദ്യആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു ആഖ്യാനം എന്റെ ജീവിതം എന്ന രണ്ടാമത്തെ ആത്മകഥയില്‍ കാണുന്നു. ജാതിയുടെ പേരിലുള്ള അകറ്റി നിര്‍ത്തലുകള്‍ അടക്കമുള്ള തീവ്രമായ അനുഭവങ്ങള്‍ ആദ്യ ആത്മകഥയിലില്ല. ആത്മകഥകള്‍ സാധ്യമാകുന്ന സാമൂഹിക സാഹചര്യങ്ങളെ റഷീദ് സൂക്ഷ്മതയോടെ കണ്ടെത്തി അവതരിപ്പികുന്നു. അനുഭവങ്ങളുടെ ആഖ്യാനങ്ങളെ സംസ്‌കൃതവല്‍ക്കരിച്ചു കൊണ്ട് മാത്രമേ ആത്മകഥയെന്ന ഗണത്തില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നു റഷീദ് പറഞ്ഞു വെക്കുന്നു.കേട്ടെഴുത്തുകാരന്റെ ഭാഷയും പ്രത്യയശാസ്ത്രവും ബോധ്യങ്ങളും ആത്മകഥയുടെ ആഖ്യാനരീതികളുടെ ദിശ നിര്‍ണയിക്കുന്നു. ഈ സാഹചര്യത്തിലാണ് പൊക്കുടന് രണ്ട് ആത്മകഥകള്‍ അനിവാര്യമായതെന്ന് റഷീദ് പറയുന്നു.ആത്മകഥയിലെ അറിവും ഭാഷാവിവരണത്തിന്റെ ഘടനയും അതു സൂചിപ്പിക്കുന്ന അധികാരഘടനകളും ഇവിടെ പ്രധാനമാണ്.ഈ കാഴ്ചപ്പാടാണ് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്ന പുസ്തകത്തിന് എന്‍ പ്രഭാകരന്‍ എഴുതിയ അവതാരിക വിശകലനം ചെയ്യുന്നത്. ദലിത് രാഷ്ട്രീയത്തോട് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വെച്ചു പുലര്‍ത്തുന്ന അസഹിഷ്ണുതയില്‍ നിന്ന് ഈ അവതാരികയും മുക്തമല്ലെന്ന് റഷീദ് എടുത്തു പറയുന്നു. വര്‍ഗരാഷ്ട്രീയവും ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യഅധികാര ഘടനയെ പ്രശ്‌നവല്‍ക്കരിക്കുന്ന ദളിത് രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലേക്കാണ് ലേഖനം പ്രധാനമായും വിരല്‍ ചൂണ്ടുന്നത്.

അച്ഛനിലേക്കുള്ള യാത്രകള്‍ എന്ന ലേഖനത്തില്‍ ശ്രീജിത്ത് പൈതലേന്‍ പൊക്കുടന്റെ സ്വഭാവ സവിശേഷതകളെ വിലയിരുത്തുന്നു. വ്യക്തി എന്ന നിലയില്‍ പൊക്കുടന്‍ സൂക്ഷിച്ചതും നിലനിര്‍ത്തിയതുമായ ഇച്ഛാശക്തിയും രാഷ്ട്രീയത്തിലേക്കായി രൂപപ്പെടുന്ന നൈതികതയും ശ്രീജിത്ത് ലേഖനത്തില്‍ ഇഴപിരിച്ചെടുക്കുന്നു. എന്റെ ജീവിതത്തിന്റെ രചനാ സാഹചര്യ ത്തിലേക്കും രാഷ്ട്രീയ പശ്ചാത്തലത്തിലേക്കും അത് കടന്നു ചെല്ലുന്നു. സുജിത്ത് കുമാറിന്റെ പൊക്കുടന്റെ പുസ്തകം മധു. കെ.വി. എഴുതിയ നിഷ്‌ക്കാസിതന്റെ വിശേഷങ്ങള്‍ പള്ളിപ്രം പ്രസന്നന്റെ ചുട്ടാച്ചി അഥവാ പുഴജീവികളുടെ ആല്‍ബം സണ്ണി. കെ. മാടായിയുടെ പുഴജീവികളെ കുറിച്ചുള്ള പൊക്കുടന്റെ ഓര്‍മ്മകള്‍ എന്നീ ലേഖനങ്ങളും കുറിപ്പുകളും ദലിത് രാഷ്ട്രീയത്തിന്റെ വിമോചനാത്മകതയെ പ്രതിഫലിപ്പിക്കുന്നു.ടോമി മാത്യു പാഠഭേദം മാസികയിലെഴുതിയ പൊക്കുടനെ വെച്ചു കളിക്കുമ്പോള്‍ എന്ന ലേഖനം പൊക്കുടന്റെ ആദ്യ ആത്മകഥയുടെ അവതാരികയില്‍ പ്രകൃതിചികിത്സയ്‌ക്കെതിരെയും പ്രകൃതിവാദികള്‍ ക്കെതിരേയും നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശന വിധേയമാക്കുന്നു. എന്നാല്‍ മാര്‍ക്‌സിസ്റ്റു രീതിയിലുള്ള അപഗ്രഥനങ്ങളുടെ പ്രശ്‌നങ്ങളിലേ ക്കൊന്നും ടോമി കടന്നു ചെല്ലുന്നില്ല. പൊക്കുടന്‍ സ്വന്തം ഗ്രാമത്തില്‍ അന്യനായി തീരുന്നതിന്റെ വൈരുദ്ധ്യവും രാഷ്ട്രീയവും ആവിഷ്‌കരിക്കുകയാണ് അസ്ലം അറക്കല്‍.

പൊക്കുടന്റെ പരിസ്ഥിതിപ്രവര്‍ത്തനത്തിന്റെ വേറിട്ട മാതൃകയെ അപഗ്രഥിച്ച് പരിചയപ്പെടുത്തുന്നവയും പൊതുതാല്‍പ്പര്യത്തെ മുന്‍നിറുത്തി എഴുതപ്പെട്ടതുമായ ഫീച്ചറുകളാണ് പുസ്തകത്തിന്റെ രണ്ടാമത്തെ വിഭാഗമായി വരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമായി ദേശീയതലത്തിലും കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഫീച്ചറുകള്‍ ഈ പുസ്തകത്തിന്റെ വായനയെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാധാകൃഷ്ണന്‍ എം.ജി, മുഹമ്മദ് നസീര്‍, റഹമാന്‍ തായലങ്ങാടി കെ.എ.ഷാജി, യാമിനി നായര്‍, വിനു എബ്രഹാം തുടങ്ങി എം.പി മുജീബ് റഹ്മാന്‍, രാഘവന്‍ കടന്നപ്പള്ളി, കെ.അനീഷ് കുമാര്‍, സി സുനില്‍ കുമാര്‍, മുരളി എന്നിവരുടെ ഫീച്ചറുകള്‍ മിക്കതും പൊക്കുടന്റെ വ്യക്തി ജീവിതത്തിലെ സവിശേഷ സന്ദര്‍ഭങ്ങളെയാണ് വിശകലനം ചെയ്യുന്നത്. എഴുത്തും മൊഴിയും എന്ന ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗം തീര്‍ത്തും വ്യത്യസ്തമായ വായനാനുഭവം തരുന്നവയാണ്. പൊക്കുടന്‍ പലപ്പോഴായി നടത്തിയ പ്രസംഗങ്ങളും പലരാലും കേട്ടെഴുതപ്പെട്ടതുമായ ചെറുകുറിപ്പുകളും ഈ ഭാഗത്ത് വരുന്നു.പ്രകൃതിയാണ് എന്റെ ദൈവം എന്ന ചെറുകുറിപ്പില്‍ പൊക്കുടന്‍ തന്റെ മതാത്മകത പ്രഖ്യപിക്കുന്നു. പ്രകൃതിയാണ് എന്റെ ദൈവം പിന്നെ മനുഷ്യരും എന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്.മക്കള്‍ക്ക് കൊടുക്കാന്‍ നമ്മക്ക് ഈ ഭ്യൂമ്യല്ലേ ഉള്ളൂ എന്ന റോബിന്‍ കേരളീയം കേട്ടെഴുതിയ കുറിപ്പ് വരും തലമുറയ്ക്ക് കൈ മാറേണ്ട സ്വത്താണ് ഭൂമിയെന്ന സത്യം അദ്ദേഹം ആവര്‍ത്തിക്കുന്നു.അത് അനുഭവം (അറിവ്), പ്രകൃതി, ജനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സത്യത്തിന്റെ ആവര്‍ത്തനവുമായി തീരുന്നു. കണ്ടല്‍ - നീര്‍ത്തട നശീകരണത്തിന്റെ വര്‍ത്തമാനകാല പ്രശ്‌നങ്ങളെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നടത്തുന്ന തുറന്നു പറച്ചിലാണ് കണ്ടല്‍ വെറുമൊരു ചെടിയല്ല എന്ന ലേഖനം കണ്ടല്‍ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും ആവാസവ്യവസ്ഥയേയും സംബന്ധിച്ചുള്ള ഏറ്റവും ആധികാരികമായ നിരീക്ഷണം ഈ കുറിപ്പിലുണ്ട്. വികസനം ദലിതന്റെ തലമണ്ടയില്‍ എന്ന കെ.എ. ഷാജിയുമായുള്ള സംഭാഷണത്തില്‍ തെളിയുന്നത് ഇരകളായി മാറുന്ന ദലിതരേയും പ്രകൃതിയേയും കുറിച്ചുള്ള ആകുലതകള്‍ തന്നെയാണ്. മൊയ്തുണ്ണി എന്ന നല്ല മാപ്ല എന്ന പേരില്‍ രാജീവ് കണ്ണാടിപ്പറമ്പ് കേട്ടെഴുതിയ അനുഭവക്കുറിപ്പും ഏറെ വ്യത്യസ്തവും ഉള്‍ക്കാഴ്ചയുള്ളതുമാണ്. മലയാളി ഏറെ അഭിമാനിക്കുന്ന ബാങ്കിംഗ് സംവിധാനത്തില്‍ കീഴാളന്റെ അനുഭവവും പ്രാദേശിക ബാങ്കുകളുടെ രാഷ്ട്രീയചായ്‌വും വായ്പാബന്ധവും പരാമര്‍ശവിധേയമാകുന്ന കുറിപ്പ് ഏറെ വിശകലന സാധ്യതയുള്ള ഒന്നാണ്. യഥാര്‍ത്ഥ പുരോഗതി രൂപപ്പെടേണ്ടത് മനസ്സിലാണെന്നും എങ്കിലേ പ്രയോഗത്തില്‍ പുരോഗമനം വരൂ എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ചെന്നു തറക്കുന്നത് പുരോഗമനത്തെ സംബന്ധിച്ച പൊതുമനസ്സിന്റെ സങ്കല്പത്തില്‍ തന്നെയാണ്. കയ്പാട് ജീവിതവും സമരവും എന്ന എന്‍. പ്രദീപ് കേട്ടെഴുതിയ ലേഖനം പുലയന്റെ ജീവിതവും സമരവും കയ്പാടാണെന്ന നിരീക്ഷണം പങ്കുവെക്കുന്നു.നാടന്‍ വിത്ത് കൃഷി ചെയ്തും മീന്‍ പിടിച്ചും ജീവിച്ച ഈ മനുഷ്യര്‍ ജന്മിത്ത ചൂഷണത്തിനെതിരെ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ പ്രതിരോധവും അതിന്റെ ജൈവശക്തിയുടെ പ്രഖ്യാപനവുമാണ് ഈ ലേഖനം. ഏഴോം സമരം പോലുള്ള സമരങ്ങള്‍ കാര്‍ഷികമെന്നതിനേക്കാള്‍ ജാതീയ വിവേചനങ്ങള്‍ക്കെതിരെയുള്ള ഒരു ജനതയുടെ സ്വാഭാവിക ചെറുത്തുനില്‍പ്പാണ്. സമരത്തിലെ പുലയ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള പരാമര്‍ശവും തിരിച്ചടികളും കേവലമായ പ്രാദേശിക യുക്തിയല്ല. ചരിത്രത്തിലെ ബോധപൂര്‍വ്വമായ 'ഒഴിച്ചിടലിന്റെയോ' തമസ്‌ക്കരണത്തിന്റെയോ പുറത്തു വരാനിരിക്കുന്ന വ്യാഖ്യാന സാധ്യതകളാണ്. സ്വാതന്ത്ര്യ പൂര്‍വ്വ കാര്‍ഷിക സമരമുഖത്ത് നിലകൊണ്ട കാഞ്ഞിരന്‍ ഏഴോത്തെ പുലയരെ ചുവപ്പിച്ച ചുവന്ന മാധവന്‍ ഇവരെയൊക്കെ ലോകം അറിയാതെ പോയതിന്റെ കാരണം ഈ കുറിപ്പ് നിശബ്ദമായി അന്വേഷിക്കുന്നുണ്ട്.

പച്ചയുടേയും കറുപ്പിന്റേയും രാഷ്ട്രീയം വരാനിരിക്കുന്ന കാലത്തിന്റേതാണ്. സ്വന്തം കാലത്തെ രാഷ്ട്രീയമായി തിരിച്ചറിയാനും ആലോചിക്കാനും ഈ പുസ്തകം ഓരോ വായനക്കാരനേയും പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.


സ്‌ക്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്
എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം
29-09-2012