"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 4, ബുധനാഴ്‌ച

വിദ്വേഷത്തിന്റെ വിളവെടുപ്പ് - സ്വാമി അഗ്നിവേശ്, വത്സന്‍ തമ്പു. പരിഭാഷ: കെ എ ഷാജി


സ്വാമി അഗ്നിവേശ്,വത്സന്‍ തമ്പു 
പുസ്തകം: വിദ്വേഷത്തിന്റെ വിളവെടുപ്പ്
സ്വാമി അഗ്നിവേശ്, വത്സന്‍ തമ്പു. പരിഭാഷ: കെ എ ഷാജി
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്.
വില: 70 രൂപ.
www.mathrubhumibooks.com

വംശഹത്യയിലൂടെ കുപ്രസിദ്ധമായ ഗുജറാത്തില്‍ മോഡി വീണ്ടും അധികാരത്തിലെത്തിയിരിക്കെയാണ് ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങുന്നത്. ഇതിനിടയില്‍ മതേതര ചേരിയിലുണ്ടായ ദുര്‍ബലത മുതലാക്കിയാണ് നരേന്ദ്രമോഡി വീണ്ടും അവിടെ അധികാരത്തിലെത്തിയത്. 

വലിയൊരു കൊടുങ്കാറ്റിനു മുമ്പുള്ള അസ്വസ്ഥത ജനിപ്പിക്കുന്ന ശാന്തതക്ക് സമാനമായ ഒരു അന്തരീക്ഷം ഗുജറാത്തില്‍ ഇപ്പോഴും നിലനില്ക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതേത്തുടര്‍ന്നുണ്ടായ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പുകളിലും വര്‍ഗീയ ശക്തികള്‍ക്കേറ്റ കടുത്ത പ്രഹരമാണ് ഗുജറാത്തിലെ അവരുടെ സാമുദായിക അജണ്ടയുടെ ശിഷ്ടഭാഗം നടപ്പാക്കുന്നതിന് ഇപ്പോള്‍ താല്കാലികമായെങ്കിലും തടസ്സമായിരിക്കുന്നത്. 2002 ഫെബ്രുവരി 27 നായിരുന്നു ഗോധ്രയിലെ തീവണ്ടി ദുരന്തം. അവിടെ 58 യാത്രക്കാര്‍ വെന്തുമരിച്ചതാണ് തുടര്‍ന്നു നടന്ന നരമേധത്തിന്റെ ന്യായീകരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ബോഗിക്ക് തീപിടിച്ചത് കേവലം ഒരു അപകടമായിരുന്നുവെന്നും യാത്രക്കാരായിരുന്ന കര്‍സേവകന്മാര്‍ക്കെതിരായി പ്രദേശത്തെ ന്യൂനപക്ഷക്കാര്‍ നടത്തിയ ആസൂത്രിതമായ ആക്രമണമായിരുന്നില്ലെന്നും വെളിപ്പെടുത്തുന്ന നിരവധിയായ അന്വേഷണ റിപ്പോര്‍ട്ടുകളും വിദഗ്ധാഭിപ്രായങ്ങളും പുറത്തുവരുന്ന സമയത്താണ് ഈ പുസ്തകം മലയാളി വായനക്കാരെ തേടിയെത്തുന്നത്.

മതവര്‍ഗീയതക്കെതിരായ രണ്ട് വിഖ്യാത ആത്മീയ നേതാക്കളുടെ ധീരവും നിശിതവുമായ നിലപാടുകളെന്ന നിലയില്‍ ഇതിലെ വാദഗതികള്‍ക്ക് സാര്‍വലൗകീക പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. മതേതരത്വത്തിനെ തിരായ വെല്ലുവിളികളെ നേരിടേണ്ടുന്ന ഉത്തരവാദിത്വം മതനിരപേക്ഷരുടേയും മതരഹിതരുടേയും മാത്രമല്ലെന്നും മതാതീത ആത്മീയതയുടെ വക്താക്കള്‍ക്കും അതിലൊരു പങ്ക് നിര്‍വഹിക്കാനുണ്ടെന്നും നമ്മെ ബോധ്യപ്പെടുത്തുക യാണ് ഇതിലെ ലേഖനങ്ങള്‍.

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് കേരളത്തിലുണ്ടായിട്ടുള്ള സാമൂഹിക അവബോധത്തിന് എത്രമാത്രം ആഴമുണ്ടെന്നറിയില്ല. ഒളിമ്പിക്‌സിനും ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ക്കുമെല്ലാം സ്വന്തം പ്രതിനിധികളെ അയക്കാറുള്ള മലയാള മാധ്യമങ്ങള്‍ ഈ കൂട്ടക്കുരുതിയുടെ കരളലിയിക്കുന്ന വാസ്തവകഥകള്‍ തേടി പ്രത്യേക ലേഖകന്മാരെ അയച്ചില്ല. വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന വിശദാംശങ്ങളുടെ അലസമായ മൊഴിമാറ്റങ്ങള്‍ മാത്രമയിരുന്നു ശരാശരി മലയാളിക്ക് ഈ കലാപത്തെക്കുറിച്ച് ലഭ്യമായിരുന്ന അറിവുകള്‍. ഗുജറാത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. മനുഷ്യനിര്‍മ്മിതമായ ആ മഹാദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ നമ്മുടെ പാളിച്ച സംഭവിച്ച മതബോധത്തിന് നേരേ നോക്കി നിലവിളിച്ചുകൊണ്ടിരിക്കുന്നു. കലാപത്തിനുത്തരവാദിയായ മോഡിയെ കൊല്ലാന്‍ എത്തിയ ചാവേറു കളെ വെടിവെച്ചിട്ടതു സംബന്ധിച്ച പൊലീസിന്റെ വീമ്പുപറച്ചിലുകളും പ്രലോഭനങ്ങളുടേയും ഭീഷണികളുടേയും മുന്നില്‍ മൊഴികള്‍ ഇടക്കിടെ മാറ്റുന്ന സഹീറാ ഷെയ്ക്കുമാരുടെ ഗതികേടുകളും ഗുജറാത്തിന്റെ വരും നാളെകളെക്കുറിച്ച് നമുക്ക് ആശങ്കമാത്രം സമ്മാനിക്കുന്നു.

ഗാന്ധിജിയുടെ ഗുജറാത്ത്. മറ്റുള്ളവരുടെ വേദനകളെ ക്കുറിച്ച് മാത്രം എന്നും പാടിയിട്ടുള്ള കവി നര്‍സി മേത്തയുടെ ഗുജറാത്ത്. ആധുനിക ജൈനസന്യാസി രാജ്ചന്ദ്രയുടേയും പാവങ്ങളുടെ സഹോദരനായിരിക്കാ നാഗ്രഹിച്ച രവിശങ്കര്‍ മഹാരാജിന്റേയും ജുഗത്രാം ധാവെയുടേയും ഗുജറാത്ത്. ഇതേ നാട്ടിലെ ഒരജ്ഞാതനായ കവിയാണ് ഗാന്ധിജിക്ക് 'ഈശ്വര്‍ അള്ളാ തേരേനാം' സമ്മാനിച്ചത്. ഇവിടമാണ് വെറുപ്പിന്റെ ശക്തികള്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരീക്ഷണശാല യാക്കി മാറ്റിയത്. ഗുജറാത്ത് ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഒരു രാഷ്ട്രത്തെയാകെ നാണിപ്പിച്ചു. നുണകള്‍ക്കുമേല്‍ നുണകള്‍ പെറുക്കിവെച്ച് വര്‍ഗീയ ശക്തികള്‍ രൂപപ്പെടുത്തിയ ഗോധ്രയുടെ ചീട്ടുകൊട്ടാരത്തെ തകര്‍ക്കാന്‍ ഈ പുസ്തകത്തിന് കഴിയുമെന്ന ചിന്തയായിരുന്നു ഈ പുസ്തകത്തിന്റെ മൊഴിമാറ്റത്തിന് പ്രേരിപ്പിച്ചത്. ഇതിന്റെ രചയിതാക്കള്‍ സ്വപ്‌നം കാണുന്ന 'സാമുദായിക രാഷ്ട്രീയ ത്തിന്റെ സൂര്യാസ്തമനം' നേടിയെടുക്കാനുള്ള ഒരുദ്യമത്തിന്റെ എളിയഭാഗം കൂടിയായിരുന്നു അത്. അനീതികളെ ഒരിക്കലും വെച്ചു പൊറുപ്പിക്കാത്ത മലയാളി മനസ്സുകളുടെ നീതിബോധത്തിന് മുന്നില്‍ ഈ പുസ്തകത്തെ അവതരിപ്പിക്കുകയാണ്. ഗുജറാത്തിലെ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ രക്തസാക്ഷികളോട് ഒത്തുചേര്‍ന്ന് നമുക്കും പറയാം 'മാനിഷാദാ...'

മുഖക്കുറിപ്പ് - കെ എ ഷാജി