"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 1, ഞായറാഴ്‌ച

പുസ്തകം: അയ്യന്‍കാളി ജീവചരിത്രം കാവ്യരൂപത്തില്‍ - മാന്നാര്‍ വിജയന്‍


'ചേരരാജകുലപതി ശ്രീ അയ്യന്‍കാളി മാഹാത്മ്യം മഹാകാവ്യം'
മാന്നാര്‍ വിജയന്‍
പ്രസാധകര്‍;അംബേഡ്കര്‍ സ്റ്റഡി സര്‍ക്കിള്‍, കരിക്കകം, തിരുവനന്തപുരം - 695 021
ഫോണ്‍:8891177662, 9495501052

കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയായ മഹാത്മാ അയ്യന്‍കാളിയുടെ ജീവചരിത്രത്തെക്കുറിച്ചുള്ള അറിവ് നമ്മുടെ ഇടയില്‍ കുറഞ്ഞിരിക്കുന്നുവെന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അയ്യന്‍കാളി ജന്മദിനത്തിലും പൊതുയോഗങ്ങളിലും ജീവചരിത്ര പോരാട്ടങ്ങളെ കുറിച്ച് വിവരിക്കുമ്പോള്‍ അതില്‍ നിന്ന് ഐക്യവും ശക്തിയുമാര്‍ജിച്ച് മുന്നോട്ടു പോകണമെന്നുള്ള ആഹ്വാനങ്ങളെ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് അറിവിനായി അയ്യന്‍കാളിയുടെ ജീവചരിത്ര പുസ്തകങ്ങള്‍ നമ്മുടെ വീടുകളില്‍ ഇല്ലാതെ വന്നിരിക്കുന്നത്.

എന്റെ ദ്രാവിഡ ചരിത്ര പഠനത്തില്‍ മഹാത്മാ അയ്യന്‍കാളി തിരുമേനിയുടെ ജീവിതം പഠനവിഷയമാക്കിയിരിക്കെ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ഇഞ്ചിക്കാല അജയപ്പന്‍; നമ്മുടെ സമുദായക്കാര്‍ ഒന്നിച്ചു കൂടുമ്പോള്‍ അയ്യന്‍കാളിയെ കുറിച്ച് പാടുവാനുള്ള ഒരു കാവ്യം രചിക്കാനാവുമോ എന്ന് ചോദിക്കുകയുണ്ടായി. ഈ വിഷയം എന്റെ മനസ്സില്‍ എന്നും തെളിഞ്ഞുനിന്നു. അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങന്നൂരില്‍ 2004 ല്‍ സന്ദര്‍ശിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ആ മഹദ്ഗുരുവിന്റെ അനുഗ്രഹത്താല്‍ ആ ജീവിതകഥയെ ആസ്പദമാക്കി അയ്യന്‍കാളീ മാഹാത്മ്യം കാവ്യരൂപത്തില്‍ രചിക്കുവാന്‍ എനിക്ക് പ്രേരണയുണ്ടാവുകയും ഒന്നരവര്‍ഷത്തെ ശ്രമഫലമായി 2006 ല്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു.

തേനില്‍ കല്‍ക്കണ്ടം അലിയിച്ചപോലെ അയ്യന്‍കാളീ ചരിത്രത്തെ സംസ്‌കാരവുമായി ലയിപ്പിച്ച് കാവ്യമായി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാന്‍ മഹാത്മാവിന്റെ അനുഗ്രഹത്താല്‍ ശ്രമിക്കുകയാണ്. കാവ്യത്തിന് കൊഴുപ്പ് ലഭിക്കുവാന്‍ പര്യായപദങ്ങളും അവതാരത്തെപ്പോലെ കണ്ട് പ്രസക്തിയിലേക്ക് ഉയര്‍ത്തിക്കാണിക്കുവാന്‍ എനിക്ക് കഴിയുമെന്നുള്ള ബോധത്തില്‍ നിന്നാണ് ഈ രീതിയില്‍ കാവ്യരചന നടത്തിയത്.

ഈ രചനയില്‍ പ്രോത്സാഹനം തന്ന ആനന്ദരാജ്, സജീന്ദ്രന്‍, കുമാരന്‍ ചേട്ടന്‍, ഗോപിസാര്‍, സന്തോഷ് കാലായിത്തറ, കെ മുത്തുസ്വാമി, ദേവേന്ദ്രമല്ലൂര്‍ മുതലായവര്‍ക്ക് നന്ദിയും എല്ലാ കാര്യങ്ങളിലും ഒത്താശകള്‍ വാഗ്ദാനം ചെയ്ത മഹാത്മാ അയ്യന്‍കാളി തിരുമേനിയുടെ ചെറുമകന്‍ റിട്ടേര്‍ഡ് പൊലീസ് ഡിഐജി പി ശശിധരന്‍ ഐപിഎസ് സാറിനോടും അവതാരിക എഴുതുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത സാഹിത്യകാരന്‍ സി ഗോവിന്ദന്‍ ഐഎഎസ് നോടും നന്ദിയും കടപ്പാടും വെങ്ങാനൂര്‍ കെപിഎംഎസ് ശാഖാ സെക്രട്ടറി മുരളീധരന് പ്രത്യേക നന്ദിയും രേഖപ്പെടുത്തിക്കൊണ്ട് ചേരരാജ കുലപതി ശ്രീ അയ്യന്‍കാളീ മാഹാത്മ്യം മഹാകാവ്യം അഭിമാനപൂര്‍വം സഹൃദയ സമക്ഷം സമര്‍പ്പിക്കുന്നു.