"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 6, വെള്ളിയാഴ്‌ച

പുസ്തകം: ഹൈന്ദവ ഫാസിസത്തിന്റെ വിപത് സൂചനകള്‍ - എഡിറ്റര്‍; സണ്ണി എം കപിക്കാട്


എഡിറ്റര്‍; സണ്ണി എം കപിക്കാട്
പ്രസാധകര്‍: ന്യൂ ഏജ് ബുക്‌സ്, കടുത്തുരുത്തി, കോട്ടയം. 686604.
വില; 50രൂപ.

'ഹിന്ദുമതം' ഇന്ന് ഇന്ത്യക്കുമേല്‍ പടര്‍ന്നിറങ്ങിയ ഫാസിസ്റ്റ് അധികാരമാണ്. അധികാരത്തിന്റെ ഉന്മത്തത ഏതൊരു ഫാസിസ്റ്റ് കക്ഷിയേയും പോലെ ബിജെപി, സംഘപരിവാര്‍ ശക്തികളേയും അന്ധരാക്കിയിരിക്കുന്നു. ഭരണാധികാരത്തിന്റെ സ്ഥൂല കേന്ദ്രങ്ങളില്‍ മാത്രമല്ല ജനജീവിതത്തിന്റെ സൂക്ഷ്മ കേന്ദ്രങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുവാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പുനരുജ്ജീവന വാദത്തില്‍ നിന്നും അധികാരത്തിലേക്കുള്ള ഹിന്ദു ഫാസിസ്റ്റുകളുടെ വഴികളില്‍ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളുടെ ചോരക്കഥകളുണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മെ അസ്വസ്ഥരാക്കാതിരിക്കില്ല. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ ഇതര കക്ഷികളേയും, അവരുടെ സിന്ധാന്തങ്ങളേയും അപ്രസക്തമാക്കുന്നതില്‍ ഹിന്ദുത്വവാദികള്‍ നേടുന്ന നിരന്തര വിജയം ഭീതിജനകമായൊര നാഥത്വമാണ് സൃഷ്ടിക്കുന്നത്.

പൊഖ്‌റാനില്‍ അണുവിസ്‌ഫോടനം നടത്തിയും, കൃത്രിമമായ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചും കപടവും അക്രമണോത്സുകവുമായ ദേശാഭിമാനം വളര്‍ത്താനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്. ആഭ്യന്തരമായി ന്യൂനപക്ഷ വിരോധം ആളിക്കത്തിച്ചും, അയല്‍ രാജ്യങ്ങളോട് ശത്രുത്വം പ്രഖ്യാപിച്ചും നടത്തുന്ന ആപത്കരമായ ഈ അധികാരപ്രമത്തതയെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നില്ല എന്നത് വളരെ ഗൗരവമേറിയ ഒരു കാര്യമാണ്. ഇന്ത്യന്‍ ജനാധിപത്യ പ്രസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്ന അവ്യക്തധാരണകളും ദുര്‍ബലമായ രാഷ്ട്രീയ ഇച്ഛാശക്തിയുമാണിത് വെളിപ്പെടുത്തുന്നത്. ഇവിടെയാണ് മുഖ്യധാരാ പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായ പഠനങ്ങള്‍ പ്രസക്തമാകുന്നത്.

സവിശേഷമായ പഠനരീതികളിലൂടെയും, നിര്‍ഭയമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും ഇന്ത്യന്‍ വൈജ്ഞാനിക രംഗത്ത് ശ്രദ്ധേയമായി ത്തീര്‍ന്ന എഴുത്തുകാരുടെ ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏകശിലാ നിര്‍മ്മിതമായ പ്രത്യയശാസ്ത്ര ഘടനയിലേക്ക് ലോകത്തെ വ്യാഖ്യാനിച്ചൊതുക്കുന്ന പഠനങ്ങള്‍ ആത്യന്തികമായി ഫാസിസത്തിന് വഴിയൊരുക്കുന്നു എന്ന തിരിച്ചറിവാണ് വ്യത്യസ്ത വീക്ഷണങ്ങളുളേയും നിലപാടുകളുളേയും സമാഹരിക്കുന്നതി ലേക്കെത്തിച്ചത്. ഹൈന്ദവ ഫാസിസം ഇന്ത്യന്‍ ജനജീവിതത്തെ എങ്ങനെ പരിവര്‍ത്തനപ്പെടുത്തുന്നു, അതിനെതിരായ പ്രസ്ഥാനത്തിന്റെ സ്വഭാവം എന്തായിരിക്കണം എന്നീ മൗലിക ചോദ്യങ്ങളാണിവിടെ അന്വേഷണ വിഷയമായിരിക്കുന്നത്. സവിശേഷമായ അന്വേഷണ മാതൃകകള്‍ പുലര്‍ത്തുന്ന ഈ പഠനങ്ങള്‍ അപൂര്‍വാ ഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ വിശകലനങ്ങള്‍ കണക്കിലെടു ക്കാത്ത ഒട്ടനവധി ഘടകങ്ങളെ പരിശോധിക്കുന്നു എന്നതാണ് ഈ പഠനങ്ങളുടെ മറ്റൊരു സവിശേഷത.

ഈ പുസ്തകത്തിലേക്ക് ലേഖനങ്ങള്‍ നല്‍കിയ എല്ലാ എഴുത്തുകാരോടും ഇംഗ്ലീഷ് ലേഖനങ്ങളുടെ പരിഭാഷ നിര്‍വഹിച്ചവരോടും വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കി സഹകരിച്ച സുഹൃത്തുക്കളോടുമുള്ള നന്ദി നിസ്സീമമാണ്.

ഹൈന്ദവഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പ് അടിസ്ഥാനപ്രാധാന്യ മര്‍ഹിക്കുന്ന കാര്യമാണ്. മഹത്തായ ആ ചരിത്ര ദൗത്യത്തില്‍ ഒരിടപെടല്‍ കൂടിയാണ് ഈ പുസ്തകം. ഹൈന്ദവ ഫാസിസത്തെ സംബന്ധിച്ച സംവാദങ്ങളില്‍ സജീവ സാന്നിധ്യമായി ഈ കൃതിയിലെ അഭിപ്രായങ്ങള്‍ മാറുമെന്ന ശുഭപ്രതീക്ഷയോടെ - എഡിറ്റര്‍

(പുസ്തകത്തിന് എഡിറ്റര്‍ കൊടുത്തിട്ടുള്ള ആമുഖം മുഴുവനായും ചേര്‍ത്തിട്ടുണ്ട്.1998 നവംബറിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്)